ആഗ്രഹിക്കുന്നതെന്തും നൽകുന്ന ഓഗസ്റ്റിലെ ഈ ദിവസങ്ങൾ; മൂന്ന് എട്ടുകൾ ഒരുമിച്ചെത്തുന്ന അപൂർവ പ്രതിഭാസം
Mail This Article
ഭൂമിയും ചോതിനക്ഷത്രവും ഒരേ നിരയിൽ വരുന്ന സമയമാണ് ജ്യോതിശാസ്ത്രത്തിൽ ലയൺസ് ഗേറ്റ് പോർട്ടൽ എന്നറിയപ്പെടുന്നത്. എല്ലാവർഷവും ഓഗസ്റ്റ് എട്ടിനാണ് ഈ പ്രതിഭാസം നടക്കുന്നത്. ആത്മീയ ഊർജത്തിലേക്കും പരിവർത്തനത്തിലേക്കും നയിക്കുന്ന ഒരു അപൂർവ അവസരമായിട്ടാണ് ഈ പ്രതിഭാസം വിലയിരുത്തപ്പെടുന്നത്.
ഭൂമിയും ചോതി നക്ഷത്രവും ജൂലൈ 26 നും ഓഗസ്റ്റ് 12നും ഇടയിലുള്ള കാലയളവിലാണ് ഏതാണ്ട് ഒരേ നിരയിലായി എത്തുന്നത്. ഇത് ഏറ്റവും കൃത്യമായി ഒന്നുചേരുന്നതാകട്ടെ ഓഗസ്റ്റ് എട്ടിനാണ്. സംഖ്യാശാസ്ത്രം, ജ്യോതിശാസ്ത്രം, പൗരാണിക വിജ്ഞാനം എന്നിവയെല്ലാം ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. വ്യക്തിഗത വളർച്ചയ്ക്കും ഉയർച്ചയ്ക്കും ഏറ്റവും മികച്ച അവസരമായാണ് ജ്യോതിശാസ്ത്ര വിദഗ്ധർ ഈ ദിനത്തെ നോക്കിക്കാണുന്നത്. പ്രൊഫഷണൽ ജീവിതത്തിൽ സമൃദ്ധിയിലേയക്കും വളർച്ചയിലേക്കും നയിക്കുന്ന ഒരു പോർട്ടലായി ലയൺ ഗേറ്റ് അഥവാ സിംഹകവാടത്തെ വിശദീകരിക്കുന്നു.
പുരാതന സംസ്കാരങ്ങളിലടക്കം ലയൺ ഗേറ്റിന്റെ സ്വാധീനം കാണാം. പ്രത്യേകിച്ചും ഈജിപ്തിന്റെ ചരിത്രത്തിലാണ് ഈ ദിനം എടുത്തു കാണിക്കുന്നത്. ആത്മീയ സൂര്യൻ എന്നറിയപ്പെടുന്ന ചോതി നക്ഷത്രത്തിന് ഈജിപ്തുകാർ വലിയ പ്രാധാന്യം നൽകിയിരുന്നു. ഐസിസ് ദേവതയുമായി ചോതി നക്ഷത്രത്തെ ബന്ധപ്പെടുത്തിയാണ് ഇവരുടെ വിശ്വാസങ്ങൾ നിലനിന്നിരുന്നത്. ചോതി നക്ഷത്രത്തിലെ മാറ്റങ്ങൾക്കനുസരിച്ച് നൈൽ നദിയിലെ ജലനിരപ്പിൽ ഉണ്ടാകുന്ന ഉയർച്ച ആക്കാലത്ത് ഈജിപ്തുകാരുടെ കാർഷിക വൃത്തിയിലും ഉപജീവനത്തിലും വ്യക്തമായ സ്വാധീനം ചെലുത്തിയിരുന്നു. ഇതിനുപുറമെ ഗിസയിലെ ഗ്രേറ്റ് പിരമിഡും ചോതി നക്ഷത്രവും ഒരേ നിരയിൽ എത്തുന്നത് ഭൗതികതയും ആത്മീയതയും തമ്മിലുള്ള ബന്ധത്തെ പ്രതീകപ്പെടുത്തുന്നതായും ഈജിപ്തുകാർ കണക്കാക്കി.
ഈ കാലയളവിൽ സൂര്യൻ ചിങ്ങരാശിക്ക് അധിപനായിരിക്കുന്നത് മൂലമാണ് സിംഹകവാടം എന്ന പേരുണ്ടായത്. സൂര്യന്റെ അധീനതയിലുള്ള ചിങ്ങം രാശിയിൽ ശക്തി, ധൈര്യം, നേതൃത്വം എന്നീ ഗുണങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ചിങ്ങം രാശിയും സൂര്യനും കൂടിച്ചേരുന്നതിനൊപ്പം ചോതി നക്ഷത്രവുമായി ഭൂമി ഒരേനിരയിൽ എത്തുന്നതോടെ ഈ ഗുണങ്ങൾ കൂടുതൽ ശക്തമാവുകയും ആത്മീയ വളർച്ച സുഗമമാകുകയും ചെയ്യുന്നു.
സംഖ്യാ ശാസ്ത്രപ്രകാരമുള്ള പ്രാധാന്യം കണക്കാക്കിയാൽ 08 -08 എന്നിങ്ങനെ സംഖ്യകൾ ആവർത്തിച്ചു വരുന്നത് ശക്തി, സമൃദ്ധി, പരിവർത്തനം എന്നിവയ്ക്ക് ഗുണകരമാണ്. എട്ട് എന്ന സംഖ്യയുടെ ആവർത്തനം ഈ ഊർജങ്ങളുടെ സ്വാധീനം ഇരട്ടിയാക്കുന്നുണ്ട്. എന്നാൽ 2024 എത്തിയതോടെ ഈ ദിനത്തിന്റെ സംഖ്യാശാസ്ത്രപരമായ പ്രാധാന്യത്തിന് അൽപം കൂടി സവിശേഷതയുണ്ട്. 2024 എന്ന വർഷത്തിലെ അക്കങ്ങൾ തമ്മിൽ കൂട്ടിയാൽ ലഭിക്കുന്ന ഉത്തരവും എട്ടാണ്. ഇതോടെ 2024 ഓഗസ്റ്റ് 8 ശക്തിയുടെയും സമൃദ്ധിയുടെയും പര്യായമായി മാറുന്നു. ഈ ദിവസം രാവിലെയോ വൈകുന്നേരമോ 8 മണി കഴിഞ്ഞ് 8 മിനിട്ടിനുള്ളിൽ എന്താഗ്രഹിച്ചായും നടക്കുമെന്നാണ് വിശ്വാസം.