ADVERTISEMENT

ഏത് സദ്യയിലും  നടക്കുന്ന കാലത്തിനനുസരിച്ചും ചടങ്ങുകൾക്കനുസരിച്ചും വിഭവങ്ങളിൽ പല മാറ്റങ്ങളും വരാറുണ്ട്. മേടം, ഇടവം, മിഥുനം മാസങ്ങളിൽ നടക്കുന്ന കല്യാണസദ്യക്ക് മാമ്പഴ പുളിശ്ശേരിയും പൈനാപ്പിൾ കറിയും മറ്റുമുണ്ടാകും. ഓണസദ്യയും കല്യാണസദ്യയുമെല്ലാം ഏതാണ്ട് ഒരുപോലെ തന്നെയാണ് എന്നാൽ മരണാനന്തര ചടങ്ങുകളുടെ സദ്യകൾക്ക് വലിയ രീതിയിലുള്ള മാറ്റങ്ങൾ വിഭവങ്ങളിലുണ്ടാകും. 

ഓണസദ്യ സവിശേഷതകളുള്ള സദ്യവട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ്. പണ്ടുമുതലേ മലയാളികൾ തിരുവോണ ദിവസം ഉച്ചയ്ക്ക്  തൂശനിലയിലാണ്  സദ്യ കഴിക്കുക. ഓണസദ്യ ഒരുക്കിക്കഴിഞ്ഞാല്‍ ആദ്യം കന്നിമൂലയില്‍ നിലവിളക്ക് കൊളുത്തിവച്ച് ചന്ദനത്തിരി കത്തിച്ച് തൂശനിലയില്‍ ഗണപതിക്കും മഹാബലിക്കുമായി വിളമ്പി നല്‍കണം. സദ്യയില്‍ ആദ്യം നെയ്യ് ചേര്‍ത്ത് കഴിക്കുന്ന പരിപ്പ്, ചെറുപയര്‍ കൊണ്ടോ തുവരപരിപ്പ് കൊണ്ടോ ആണ് കറിവയ്ക്കുക. സദ്യയുടെ അവിഭാജ്യ ഘടകമാണ് സാമ്പാർ. സദ്യയുടെ ഏറ്റവും പ്രധാന വിഭവങ്ങളില്‍ ഒന്നാണ് അവിയല്‍.

സദ്യയ്ക്ക് ഇലയിടുന്നതിനും ചിട്ടയുണ്ട്. ഇലയുടെ അറ്റം ഇടതുഭാഗത്തും മുറിഞ്ഞ വീതിയുള്ള വശം ഊണ് കഴിക്കുന്ന ആളുടെ വലത് വശത്തും വരുന്ന രീതിയിൽ വേണം ഇലയിടാൻ. ഇലയുടെ അറ്റത്ത് മഹാലക്ഷ്മി വസിക്കുന്നു എന്നാണ് വിശ്വാസം. അതു പോലെ ഭക്ഷണം കഴിക്കുമ്പോൾ വരുന്ന അവശിഷ്ടങ്ങളും വലതു വശത്താണ് വയ്ക്കേണ്ടത്. ഓണസദ്യക്ക് എന്തെല്ലാം വിഭവങ്ങൾ വേണമെന്നും അത് എങ്ങനെ വിളമ്പണമെന്നും ഇന്നത്തെ തലമുറയിൽ പലർക്കും അറിയില്ല.

1) ഉപ്പേരി, 2)  ശർക്കര വരട്ടി, 3) പഴം, 4) പപ്പടം, 5) ഉപ്പ്, 6) ഇഞ്ചി, 7) നാരങ്ങ അച്ചാർ, 8) മാങ്ങ അച്ചാർ, 9) കിച്ചടി, 10) ഓലൻ, 11) പച്ചടി, 12) തീയൽ 13) കാളൻ, 14) മെഴുക്ക് പുരട്ടി, 15) തോരൻ, 16) അവിയൽ, 17) കൂട്ടുകറി, 18) ചോറ്, 19) പരിപ്പ്, 20) നെയ്യ്, 21) സാമ്പാർ, 22)  രസം, 23) ഗോതമ്പ് / പരിപ്പ് പായസം, 24) പാൽ അട പ്രഥമൻ, 25)  പുളിശ്ശേരി, 26) മോര്

സദ്യ വിളമ്പേണ്ടത് ഇങ്ങനെ?
ഇലയുടെ ഇടത് വശത്ത് താഴെയായി 1 മുതൽ 4 വരെയുള്ളവ വിളമ്പുക. ഇലയുടെ മുകളിൽ ഇടതു വശത്തു നി ന്നും തുടങ്ങി 5 മുതൽ 16 വിഭവങ്ങൾ നിരയായി വിളമ്പുക. ഇലയുടെ വലത് ഭാഗത്ത് അവിയലും അതിന് താഴെയായി കൂട്ടുകറിയും വിളമ്പാം. ഇലയുടെ നടുവിലായി ആവശ്യത്തിന് ചോറ് ഇടാം. ചോറിന് മുകളിലായി പരിപ്പും നെയ്യും ഒഴിക്കുക. പുറകെ സാമ്പാർ  ഒഴിക്കാം. അടുത്തതായി ചോറ് ഇടുകയും കൂടെ രസം ഒഴിക്കുകയും ചെയ്യാം.അതിന് ശേഷം  ഗോതമ്പ് പായസവും പിന്നെ അടപ്രഥമനും  ഇലയിൽ ഒഴിക്കുക. അവസാനം മോരും ഒഴിച്ചു ചോറ് കൊടുക്കുക. മോര് വിളമ്പിയാൽ സദ്യ അവസാനിച്ചു എന്ന് ചുരുക്കം.

തൃക്കാക്കരയിലും ഗുരവായൂരിലും മറ്റനേകം മഹാവിഷ്ണു ക്ഷേത്രങ്ങളിലും ഈ ദിവസം വരുന്നവർക്കെല്ലാം സദ്യ നൽകുന്നു. വിദേശരാജ്യങ്ങളിൽ ഓണസദ്യ പലപ്പോഴും ഓണം കഴിഞ്ഞ് ഒരു മാസം വരെ കഴിഞ്ഞാകും ചിലരെങ്കിലും ആഘോഷിക്കുക. ഉപ്പേരിയും ശർക്കരപുരട്ടിയുമൊക്കെ ഓണക്കാലത്ത് മാത്രം കഴിച്ചിരുന്ന ഒരു കാലവും മലയാളികൾക്ക് ഉണ്ടായിരുന്നു. വിദേശരാജ്യങ്ങളിൽ പലരും ഓണം ആഘോഷിക്കുന്നത് അവധി ദിവസങ്ങളിലായിരിക്കും. മലയാളി അസോസിയേഷനുകളും മറ്റും ഓണാഘോഷങ്ങൾ ഒരു മാസം കഴിഞ്ഞുവരെ കൊണ്ടാടുന്നു.

English Summary:

Sadhya: A Step-by-Step Guide to Setting the Leaf and Serving the Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com