വീട്ടിൽ പൂജ വയ്ക്കേണ്ടതെങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Mail This Article
നവരാത്രികാലത്തെ ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്‌ക്കേണ്ടത്. ഇതനുസരിച്ചു 2024 ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് പൂജവയ്പ്പ് നടത്തണം . ഭവനത്തിലോ ക്ഷേത്രത്തിലോ പൂജവയ്ക്കാവുന്നതാണ്.
നവരാത്രി വ്രതവും പൂജയും കുട്ടികളുടെ മാത്രം അല്ല ,എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാവരും വിദ്യാർഥികൾ തന്നെയാണ് പ്രായമായവരും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടേയിരിക്കുന്നു. വിദ്യതെളിയുന്നതിനും പഠിച്ച വിദ്യകൾ ഗുണകരമായി ഫലിക്കുന്നതിനും സരസ്വതീ കടാക്ഷം അത്യാവശ്യമാണ്.
പൂജാവിധികൾ
നവരാത്രി പൂജയിലെ അവസാനത്തെ മൂന്ന് ദിവസങ്ങളാണ് പ്രധാനം. അഷ്ടമി, ദശമി, നവമി ഇതിൽ അഷ്ടമി തിഥിയിൽ വൈകുന്നേരം പൂജ വയ്ക്കുന്നതാണ് കേരളീയ രീതി. വീട്ടിൽ പൂജ വയ്ക്കുന്നവർ പൂജാമുറി വൃത്തിയാക്കി ഒരു പീഠം വെച്ച് പട്ട് വിരിച്ചു സരസ്വതി ദേവിയുടെ ചിത്രം വയ്ക്കണം. ശേഷം പട്ടോ , വെള്ള തുണിയോ വിരിച്ച് അതിനു മുകളിൽ പേന , പുരാണ ഗ്രന്ഥങ്ങൾ, വിദ്യാർഥികളുടെ പുസ്തകങ്ങൾ എന്നിവ വച്ച് വെള്ള വസ്ത്രം കൊണ്ട് മൂടണം. യഥാശക്തി പൂക്കൾ ,മാലകൾ എന്നിവ കൊണ്ട് അലങ്കരിക്കുകയും ചെയ്യണം. അതിനു മുന്നിൽ നിലവിളക്ക് ഉൾപ്പെടെ മൂന്ന് വിളക്കുകകൾ കൊളുത്തി വയ്ക്കുക. ഇടതുവശത്തെ വിളക്കിൽ ഗുരുവിനെയും വലത് വശത്തെ വിളക്കിൽ ഗണപതിയെയും സങ്കൽപ്പിച്ച് പ്രാർഥിക്കണം. ഗണപതിക്ക് സങ്കൽപ്പിച്ച് വിളക്കിന് മുമ്പിൽ അവൽ, മലർ തുടങ്ങിയ നിവേദ്യ വസ്തുക്കൾ പ്രാർഥിച്ചുകൊണ്ട് സമർപ്പിക്കണം. നടുക്കുള്ള വിളക്കിലോ ചിത്രത്തിലോ ദേവിയെയും സരസ്വതിയേയും സങ്കല്പിച്ച് പ്രാർഥിക്കണം. ഗും ഗുരുഭ്യോ നമ: എന്ന് ഗുരുവിനും ഗം ഗണപതയേ നമ: എന്ന് ഗണപതിക്കും സം സരസ്വത്യൈ നമ: എന്ന് സരസ്വതി ദേവിക്കും മന്ത്രം ജപിക്കണം. ദേവി സംബദ്ധമായ യഥാശക്തി മന്ത്രങ്ങൾ, സ്തുതികൾ എന്നിവയും ജപിക്കണം.
എല്ലാ ദിവസവും ഗണപതിക്ക് ഒരുക്ക് വയ്ക്കുക. അവൽ , മലർ, ശർക്കര, പഴം, കൽക്കണ്ടം, മുന്തിരി, തേൻ, നെയ്യ് എന്നിവയെല്ലാം നിവേദ്യമായി വയ്ക്കാം. ഗുരു, ഗണപതി,സരസ്വതി , വേദവ്യാസൻ, ദക്ഷിണാമൂർത്തി എന്നിങ്ങനെ അഞ്ച് പേർക്കും നിവേദ്യം വയ്ക്കുകയും ആവാം . വിജയദശമിക്ക് രാവിലെ കഴിയുമെങ്കിൽ പാൽ പായസം കൂടി നേദിക്കുക.
നവമിയിൽ ആയുധപൂജ
മഹാനവമി ദിവസം രാവിലെ ആറുമണിയോടെ പണിയായുധങ്ങളും ഉപകരണങ്ങളും പുസ്തകങ്ങൾ വച്ചിരിക്കുന്നിടത്തു തന്നെ പൂജക്ക് സമർപ്പിക്കാം. ആയുധങ്ങൾ ചന്ദനം, കുങ്കുമം, അരിപ്പൊടി എന്നിവ കൊണ്ടലങ്കരിച്ച് വിദ്യാ പൂജക്കൊപ്പം വച്ച് ആരതിയുഴിയുകയാണ് വേണ്ടത് . പേന ആയുധ പൂജയിൽ വയ്ക്കരുത്. തലേന്ന് പുസ്തകം പൂജവയ്ക്കുന്ന കൂട്ടത്തിലാണ് വയ്ക്കേണ്ടത്. മഹാനവമി ദിവസമാണ് വാഹന പൂജയും ചെയ്യേണ്ടത്. ആ ദിവസം വാഹനം ആലില, മാവില കൊണ്ടലങ്കരിച്ച് ചന്ദനം, കുങ്കുമം ചാർത്തി ജലഗന്ധം, പുഷ്പം, അക്ഷതം ഇവ കൊണ്ട് അർച്ചിക്കുക. വണ്ടിയിൽ തിലകം ചാർത്തിയിട്ട് ഇവയെല്ലാം തൊടീക്കണം. അങ്ങനെ ചെയ്ത ശേഷം വണ്ടിയെടുക്കാം. ആയുധ പൂജ കഴിഞ്ഞ് പിറ്റെന്ന് വിജയദശമി ദിവസം പുസ്തകങ്ങൾക്കൊപ്പം ആയുധങ്ങളും പൂജ എടുക്കാം.
പൂജഎടുക്കുന്നത്
വിജയദശമി ദിവസം രാവിലെയുള്ള പൂജ കഴിഞ്ഞ് പൂജ വച്ച പുരാണ പുസ്തകത്തിൽ നിന്ന് ഒന്ന് തിരഞ്ഞെടുത്ത് വായിക്കുക. അതിനു ശേഷം പൂവ് ,ഇല , എല്ലാം കൂടി ചേർത്ത് ആരാധിച്ച് കർപ്പൂരാരതി സമർപ്പിച്ച് ഒരു തളികയിൽ ഉണക്കലരിയോ പച്ചരിയോ എടുത്ത് സരസ്വതി ,ഗണപതി ദേവതകളെ വന്ദിച്ച് വിദ്യാരംഭം കുറിക്കുക. 'ഓം ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു' എന്നാണ് ആദ്യം എഴുതേണ്ടത്. തുടർന്ന് അക്ഷരമാലയും എഴുതുക . അതിനു ശേഷം അരിയിൽ തൊട്ട് വന്ദിച്ച് വിദ്യാരംഭം പൂർണമാക്കുക. പിന്നെ പുസ്തകം എടുക്കുക ആദ്യാക്ഷരം ബുക്കിൽ എഴുതുകയോ വായിക്കുകയോ ചെയ്യുക.
കുട്ടികളെ എഴുത്തിനിരുത്തേണ്ട പ്രായം
മൂന്നാമത്തെ വയസ്സാണ് ഏറ്റവും ഉത്തമം. രണ്ട് വയസ്സും ആറു മാസവും കഴിഞ്ഞ് വരുന്ന വിജയദശമി സ്വീകരിക്കാം. മൂന്ന് വയസ്സ് തികഞ്ഞേ പറ്റൂ എന്നില്ല. മൂന്നു വയസ്സ് കഴിയരുത്. മൂന്ന് വയസ്സ് തികയുന്നതിനടുത്ത് വിജയദശമി കിട്ടിയാൽ അന്ന് ചെയ്യുക. ഇല്ലെങ്കിൽ ഒരു ജോത്സ്യനെ കൊണ്ട് മുഹൂർത്തം കുറിപ്പിച്ച് വേറെ ദിവസം ചെയ്യുക.
പൂജക്ക് ഉപയോഗിക്കുന്ന പൂക്കൾ
ചുവന്ന പൂക്കൾ ദേവിക്ക് ഏറ്റവും പ്രിയങ്കരമാണ്. ഭദ്രകാളിക്ക് ചുവപ്പും ലക്ഷ്മിക്ക് മഞ്ഞയും സരസ്വതിക്ക് വെള്ളയുമാണ് കൂടുതൽ നല്ലത്. 9 ദിവസവും പൂജക്ക് ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, തുളസി, അരളി, താമര തുടങ്ങിയവ ഉപയോഗിക്കാം.
ക്ഷേത്രത്തിലാണ് പൂജവെച്ചത് എങ്കിൽ അവിടെച്ചെന്ന് രണ്ട് നേരവും പൂജ ദർശിക്കണം കഴിവതും പ്രാർഥിക്കണം. ചിലയാളുകൾ ആദ്യ ദിവസം ചെന്ന് ഒരു കെട്ട്ബുക്കുകൾ കൊടുത്തിട്ട് പോകും. പിന്നെ അങ്ങോട്ട് തിരിഞ്ഞ് നോക്കില്ല. അവസാന ദിവസം പൂജ കഴിയുമ്പോൾ ചെന്ന് ബുക്ക് എടുക്കും ഇതിന് യാതൊരു ഫലവും ഇല്ല .നമ്മുടെ പുസ്തകത്തിനല്ല അനുഗ്രഹവും ശക്തിയും കിട്ടേണ്ടത്. നമുക്ക് തന്നെയാണ് . ആ ബുക്കിലുള്ള കാര്യങ്ങൾ പഠിക്കാനുള്ള കഴിവും ശക്തിയും തരാൻ പ്രാർഥിക്കണം അതിനുള്ള ഊർജ്ജം നേടിയെടുക്കാനുള്ള സമയമാണ് ഈ ദിവസങ്ങൾ.