പ്രാർഥനകൾ പെട്ടെന്ന് ഫലിക്കണോ? ജീവിതം ഐശ്വര്യപൂർണമാക്കാൻ അറിയാം ഇക്കാര്യങ്ങൾ
Mail This Article
എല്ലാവരും പ്രാർത്ഥിക്കുമെങ്കിലും ചിലരുടെ പ്രാർത്ഥന പെട്ടെന്ന് ഫലിക്കാറുണ്ട്. ചിലർ എത്ര പ്രാർഥിച്ചാലും ഫലിക്കാതെ പോകുന്നു. ആയുരാരോഗ്യ സൗഖ്യം പ്രാർഥിച്ചു കൊണ്ട് നാരായണീയം എഴുതിയ ഭട്ടതിരിയുടെ രോഗം ഗുരുവായൂരപ്പൻ മാറ്റിയ കഥ എല്ലാർക്കും അറിയാം. എന്നിട്ടും ശരിയായി പ്രാർഥിക്കാത്തത് കൊണ്ടാണ് ഫലം കിട്ടാത്തതെന്ന് പലർക്കും ഇപ്പോഴും അറിയില്ല. ഭക്തന് വിശ്വാസം ഉള്ളതിനാൽ എളുപ്പം ഫലം ലഭിക്കും. പ്രാർഥിക്കുന്ന കാര്യം നടക്കും എന്ന് ആദ്യം വിശ്വസിക്കണം. ക്രിയാത്മകമായ ദർശനവും പൊസിറ്റീവ് മെന്റൽ ആറ്റിറ്റ്യൂഡും അതാണ് പഠിപ്പിക്കുന്നത്. മെലിയാൻ ആഗ്രഹിക്കുന്നയാൾ കൃത്യമായി അതുതന്നെ മനസിൽ വിചാരിക്കണം. ഒരിക്കലും തടി കുറയണം എന്ന് പ്രാർഥിക്കരുത്. തടി, തടി എന്ന കാര്യം മനസ്സിൽ വിചാരിച്ചാൽ തടി വയ്ക്കുകയാകും ഫലം.
ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി വരം ആവശ്യപ്പെട്ട സമയത്ത് സരസ്വതീ ദേവിയാൽ കുംഭകർണന്റെ നാവ് കെട്ടിയിടപ്പെട്ടു. അതിനാൽ, ഇന്ദ്രന്റെ സിംഹാസനമായ ഇന്ദ്രാസനം ആവശ്യപ്പെടാനിരുന്ന കുംഭകർണ്ണന്റെ നാവിൽ നിന്നും നിദ്രാസനം അഥവാ അനന്തമായ ഉറക്കം എന്ന ആവശ്യമാണ് പുറത്തു വന്നത്. ഉടനെ ബ്രഹ്മാവ് ചോദിച്ച വരം തന്നെ നൽകി അനുഗ്രഹിച്ചെന്ന് രാമായണത്തിൽ പറയുന്നു. അതിനാൽ പ്രാർഥനകൾ എപ്പോഴും കൃത്യമായിരിക്കണം.
മുത്തപ്പനോടും കാലഭൈരവനോടും കോമരങ്ങളോടുമൊക്കെ നമുക്ക് നേരിട്ട് നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാം. അപ്പോൾ തന്നെ അവർ അതിന് ആശ്വാസം നൽകുകയും ചെയ്യും.പ്രാർഥനകൾ ഒരിക്കലും യാചനകളും അപേക്ഷകളുമായി മാറരുത്. ശ്രീകൃഷ്ണനെ കാണാൻ പോയ കുചേലിനെപോലെയാകണം ഏതൊരു ഭക്തനും ആരാധനാലയത്തിലേക്ക് പോകാൻ. ആഗ്രഹങ്ങൾ പലതും പറയാനുണ്ടാകാം. എന്നാൽ അതൊന്നും നേരെ പറയരുത്.
നാലമ്പലത്തിനകത്ത് കയറിയാൽ ആദ്യം ദേവനെയോ ദേവിയെയോ സ്തുതിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ നാമജപമാകാം. സഹസ്രനാമ ജപമോ കേശാദിപാദവർണനയോ ഒക്കെയാകാം. ഉള്ളിലെ വിഷമം മാറിയാലേ ഭക്തി നിറയൂ. അപ്പോൾ മാത്രമാണ് ഭഗവാൻ പ്രസാദിക്കുക. വീട്ടിലിരുന്ന് ജപിക്കുന്നതും ധ്യാനിക്കുന്നതുനെല്ലാം മനഃസുഖം നൽകുന്നതാണ് .വിശ്വാസമുണ്ടെങ്കിൽ തെറ്റായി ജപിച്ചാലും ദേവൻ പ്രത്യക്ഷപ്പെടുമെന്ന് വിഢികുശ്മാണ്ഡത്തിന്റെ കഥ നമ്മെ പഠിപ്പിക്കുന്നു. പ്രദക്ഷിണം വച്ച് ഉപദേവതമാരെ തൊഴുത ശേഷം വേണം നാലമ്പലത്തിനകത്തു കയറി പ്രാർഥിക്കാൻ.