പ്രസിദ്ധമായ കുമാരനല്ലൂർ തൃക്കാർത്തിക ഡിസംബർ 13 ന്

Mail This Article
കോട്ടയം നഗരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കുമാരനല്ലൂർ. ആയിരത്തിൽപരം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കാർത്യായനീ (പാർവതി) ദേവിയാണ്. ദേവി മധുരയിൽ നിന്ന് വന്നതാണെന്ന ഐതിഹ്യമുണ്ട്. പൂജാരിയുടെ ഇല്ലപ്പേര് മധുരമന എന്നാണ്.
പഞ്ചമഹാസങ്കൽപത്തിലാണ് കുമാരനല്ലൂരെ പ്രതിഷ്ഠ. വെളുപ്പാൻ കാലത്ത് സരസ്വതിയായും രാവിലെ മഹാലക്ഷ്മിയായും പന്തീരടിപൂജയ്ക്ക് പാർവതിയായും ഉച്ചയ്ക്ക് ദുർഗയായും അത്താഴ പൂജയ്ക്ക് വനദുർഗയായും സങ്കൽപിക്കുന്നു. അഞ്ജനശിലയിലാണ് പ്രതിഷ്ഠ. പുലർച്ചെ നാലുമണിക്കാണ് നിർമാല്യദർശനം. പിന്നെ ഉഷഃപൂജ. എതൃത്ത പൂജ, പന്തീരടി നവകം, ഉച്ചപൂജ എന്നിങ്ങനെയാണ്. നിർമാല്യശേഷം അഭിഷേകവും പുണ്യാഹവും. പുരുഷസൂക്തവും ഭാഗ്യസൂക്തവും ചൊല്ലിയുള്ള അർച്ചനയാണ്. അഞ്ചു പൂജകൾ കൂടാതെ പ്രഭാത ശീവേലി, ഉച്ചശീവേലി, അത്താഴ ശീവേലി എന്നിവയും പതിവുണ്ട്.
വൃശ്ചിക മാസത്തിൽ കാർത്തിക നാൾ ഒമ്പതാം ഉത്സവമായി വരുന്ന ക്രമത്തിലാണ് ഇവിടുത്തെ ഉത്സവം. ഉത്സവനാളുകളിൽ വിശേഷാൽ പൂജയാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്, വൈക്കത്തഷ്ടമി, അമ്പലപ്പുഴ പന്ത്രണ്ടു കളഭം, ചോറ്റാനിക്കര മകം, ഏറ്റുമാനൂർ ഏഴരപ്പൊന്നാന, ഹരിപ്പാട് സേവ, കൽപാത്തി രഥോത്സവം, ആറ്റുകാൽ പൊങ്കാല എന്ന പോലെ അതിവിശിഷ്ടമാണ് കുമാരനല്ലൂർ തൃക്കാർത്തിക. ഒന്നാം ഉത്സവത്തിന് കൊടിയേറി പത്താം നാൾ ആറാട്ടാണ്. രണ്ടാം ഉത്സവം മുതൽ നിത്യേന ആറാട്ടാണ്.
തൃക്കാർത്തിക ദർശനം വെളുപ്പിന് രണ്ടു മണി മുതലുണ്ടാകും. ആറാട്ടു കടവ് പൂജ കാഞ്ഞിരക്കാട്ട് ഇല്ലത്തുള്ളവർക്കാണ്. വൈകിട്ട് ദേശവിളക്കുണ്ട്. പഞ്ചാരി മേളവും നാഗസ്വരവും വേണം. തൃക്കാർത്തികയ്ക്ക് ശ്രീകോവിലിലെ വിളക്കുകൾ കൂടാതെ ചുറ്റമ്പലത്തിലും നാലമ്പലത്തിലും കൽവിളക്കുകളിലും ദീപങ്ങൾ കൊളുത്തും. സമീപഗൃഹങ്ങളിലും സ്ഥാപനങ്ങളിലും കാർത്തിക ദീപങ്ങൾ തെളിയും. ക്ഷേത്രാങ്കണത്തിലെ വേദിയിൽ കഥകളിയും നങ്ങ്യാർ കൂത്തും തിരുവാതിരക്കളിയും ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിക്കും. തിരുവോണം നാളിൽ കൊടികയറി രോഹിണി നാളിലാണ് ആറാട്ട്. പഴയകാലത്ത് ഇരുപത്തെട്ട് ദിവസത്തെ ഉത്സവമായിരുന്നു. ആറാട്ടെഴുന്നള്ളിപ്പ് കാണാൻ തൃശ്ശിവപേരൂർ വടക്കുംനാഥൻ മതിൽക്കെട്ടിൽ ഇരിക്കുന്നു എന്നാണ് ഐതിഹ്യം. കുമാരനല്ലൂർ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ശിവക്ഷേത്രത്തിൽ പെരുമ്പായിക്കാട് എന്നാണ് പറയുന്നത്. നാലമ്പലത്തിന്റെ വടക്കു ഭാഗത്ത് ശിലാശാസനമുണ്ട്. ചുവർ ചിത്രങ്ങളുണ്ടായിരുന്നത് മിക്കവാറും കാലം മായ്ച്ചു കളഞ്ഞു.
കേരളത്തിൽ പാർവതീക്ഷേത്രങ്ങൾ അനവധിയുണ്ടെങ്കിലും കുമാരനല്ലൂരിലെ കാർത്തികയ്ക്കാണ് പ്രാധാന്യം. അത് തമിഴ്നാട് സ്വാധീനമാകാനാണ് സാധ്യത. തിരുവണ്ണാമൂല എന്ന പ്രശസ്തമായ ശിവക്ഷേത്രം തമിഴ്നാട്ടിലുണ്ട്. കാർത്തിക (വൃശ്ചിക) മാസം അവിടെയും മണ്ഡലകാലമാണ്. കാർത്തിക നാളിൽ വലിയ വിളക്ക് പ്രസ്തുത ക്ഷേത്രത്തിൽ കൊളുത്തപ്പെടും. ഏതാണ്ട് ഒരു മാസത്തോളം അത് അണയാതെ ജ്വലിച്ചുകൊണ്ടിരിക്കും. കുമാരനല്ലൂർ കാർത്യായനി മധുരമീനാക്ഷിയാണല്ലോ. അവിടെയും കാർത്തിക വിളക്കിന് പ്രസക്തിയുണ്ട്. അതുകൊണ്ടായിരിക്കാം കുമാരനല്ലൂരിൽ വൃശ്ചികമാസത്തെ കാർത്തികനാൾ സവിശേഷത ആർജിച്ചത്. ഈ വർഷത്തെ തൃക്കാർത്തിക ഡിസംബർ 13 നാണ്.
ലേഖകൻ
രാജാ ശ്രീകുമാർ വർമ
9447701836