ഐശ്വര്യവും പുരോഗതിയും തടസ്സപ്പെടും; വീടിന്റെ തെക്കുപടിഞ്ഞാറേ ഭാഗം ഇങ്ങനെയാണോ?

Mail This Article
വാസ്തുപ്രകാരമുള്ള വീടുപണിയോളം പ്രാധാന്യം ചുറ്റുമതിൽ നിർമാണത്തിലും ഏറി വരികയാണ്. വീട് നിർമിക്കുന്ന സ്ഥലം വാസ്തു മണ്ഡലം എന്നറിയപ്പെടുന്നു. അഞ്ചോ പത്തോ സെന്റ് ആയിരുന്നാലും വസ്തുവിന് ചുറ്റും മതിൽ കെട്ടിത്തിരിക്കേണ്ടത് അത്യാവശ്യമാണ്. വാസ്തുവിലുള്ള ഊർജം വീടിന് അനുകൂലമായി ലഭിക്കുന്നതിനും പുറത്തുനിന്നുള്ള നെഗറ്റീവ് ഊർജത്തെ തടയുന്നതിനും ചുറ്റുമതിൽ സഹായകമാകുന്നു.
വാസ്തു പ്രകാരം വീട് പണിതാലും ചുറ്റുമതിൽ ഇല്ലെങ്കിൽ ഐശ്വര്യം നിലനിൽക്കില്ല കൂടാതെ അവിടെ വസിക്കുന്നവർക്ക് പുരോഗതിയൊന്നുമുണ്ടാവുകയുമില്ല . പണ്ടുള്ള വീടുകളിൽ ഓല കൊണ്ടും മറ്റും വേലി കെട്ടിത്തിരിച്ചിരുന്നത് ഇത് മൂലമാണ്.
ചുറ്റുമതിൽ നിർമ്മിക്കുമ്പോൾ വാസ്തുവിലെ തെക്കു പടിഞ്ഞാറേ ഭാഗം അതായത് കന്നിമൂല പ്രത്യേകം ശ്രദ്ധിക്കണം. ഈ ഭാഗത്ത് മതിലിന്റെ ഉയരം മറ്റുള്ള ദിക്കുകളേക്കാൾ അൽപം ഉയർന്നിരിക്കണം. ഗേറ്റോ കിളിവാതിലോ ഒന്നും ഈ ഭാഗത്ത് വരാൻ പാടില്ല. ചുറ്റുമതിൽ കെട്ടുമ്പോൾ കിഴക്ക് ഭാഗത്തെ മതിൽ അല്പം താഴ്ത്തി പണിയുന്നത് ഉത്തമമാണ്. പൊതുവേ മതിലുകൾക്ക് അഞ്ചടി പൊക്കമാണ് അഭികാമ്യം. വീട് മുഴുവനായും മറയത്തക്കരീതിയിൽ മതിൽ പണിയരുത്.
ചുറ്റുമതിലിൽ ഗെയ്റ്റ് സ്ഥാപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രധാന വാതിലിനു നേരേയായി ഒരിക്കലും ഗെയ്റ്റ് വരരുത് .വാസ്തു മണ്ഡലത്തിന്റെ നാല് കോണുകളിലും ഗെയ്റ്റ് വരാൻ പാടില്ല . കുടുംബാംഗങ്ങൾക്ക് ദോഷമായതിനാൽ വടക്കുകിഴക്കേ മൂല വളച്ചു കെട്ടരുതെന്നും വാസ്തുശാസ്ത്രത്തിൽ പറയുന്നു.
പ്രധാന ഗെയ്റ്റിനോടൊപ്പം ഒരു ചെറിയ ഗെയ്റ്റും വരുന്നത് നല്ലതാണ്. കിഴക്കോട്ടു ദർശനമായുള്ള വീടിന് ഗെയ്റ്റ് സ്ഥാപിക്കുമ്പോൾ കിഴക്കേ മതിലിന്റെ മധ്യത്തിൽ നിന്ന് വടക്കോട്ട് മാറ്റി വേണം നിർമിക്കാൻ . അതുപോലെ തെക്ക് ദർശനമായുള്ള വീടിന് തെക്കേ മതിലിന്റെ മധ്യത്തിൽ നിന്ന് കിഴക്കോട്ടു മാറിയും പടിഞ്ഞാറ് ദർശനമായുള്ള വീടിന് പടിഞ്ഞാറേ മതിലിന്റെ മധ്യത്തിൽ നിന്ന് വടക്കോട്ട് മാറിയും വടക്ക് ദർശനമായുള്ള വീടിന് വടക്കേ മതിലിന്റെ മധ്യത്തിൽ നിന്ന് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മാറ്റിയും ഗെയ്റ്റ് നൽകാം.