വീട്ടിൽ തുളസിത്തറ എവിടെ വേണം? പ്രധാന വാതിലിനു നേരെ വരാമോ? അറിയാം ഇക്കാര്യങ്ങൾ

Mail This Article
മിക്ക ഹൈന്ദവ ഭവനങ്ങളിലും മുറ്റത്തായി തുളസിത്തറ കാണാം. പല ഹൈന്ദവ ആചാരങ്ങൾക്കും തുളസി ഉപയോഗിക്കാറുണ്ട്. ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേർന്ന ദിവ്യസസ്യമാണ് തുളസി. തുളസത്തറയെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റ് പ്രദക്ഷിണം വയ്ക്കണമെന്നാണ് ആചാരം. സന്ധ്യയ്ക്ക് തുളസിത്തറയിൽ തിരിവച്ച് ആരാധിക്കുകയും ചെയ്യുന്നു.
ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത് ആ വീട്ടിൽ യമദൂതന്മാർ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട് പ്രാണൻ ത്യജിക്കുന്നവരെ സമീപിക്കുവാൻ യമദൂതന്മാർ ധൈര്യപ്പെടുകയില്ലെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നു. തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച് തുളസീ മാഹാത്മ്യത്തിൽ പരമശിവൻ പാർവതിയോട് വിവരിക്കുന്നുണ്ട്. തുളസീ ഭാഗവതം എന്ന് പറയുന്നതാണ് തുളസീമാഹാത്മ്യത്തിന് അടിസ്ഥാനം. അതു പഠിച്ച് അനുഷ്ഠിക്കുന്നവർ വിഷ്ണു ലോകത്തിലെത്തുമെന്നും വിശ്വസിക്കുന്നു. തുളസ്യോപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെകുറിച്ച് വ്യക്തമാക്കുന്നുണ്ട്. ‘സുഖഭോഗങ്ങൾ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങൾ ഇല്ലാതാക്കുന്നവളും കേവലം ദർശനത്താൽ പോലും പാപനാശനവും വന്ദിക്കുക മാത്രം ചെയ്താൽ പവിത്രത നൽകുന്നവളുമായും വിവരിക്കുന്നു.
ദർശനം അനുസരിച്ച് തുളസിത്തറ വീടിന്റെ മുൻഭാഗത്താണ് വരേണ്ടത്. വീടിന്റെ കിഴക്ക് വശത്തോ വടക്ക് വശത്തോ തുളസിത്തറ ആകാം. ദർശനം എങ്ങോട്ടായാലും തെക്കുവശത്തോ പടിഞ്ഞാറുവശത്തോ തുളസിത്തറ വയ്ക്കാൻ പാടില്ല. വീടിന്റെ കൃത്യം നടുക്കാണ് കണക്കാക്കേണ്ടത്. പ്രധാന വാതിലിനു നേരെയല്ല തുളസി വയ്ക്കേണ്ടത്. കിഴക്കോട്ട് ദർശനമായ വീടിന്റെ കൃത്യം നടക്കു നിന്ന് അല്പം വടക്കോട്ട് മാറിയാണ് തുളസിത്തറ വയ്ക്കേണ്ടത്. വടക്കോട്ട് ദർശനമായ വീടിന്റെ നടുക്ക് നിന്ന് അല്പം കിഴക്കോട്ട് മാറി വേണം തുളസിത്തറ വയ്ക്കാൻ. തുളസിത്തറയുടെ മൊത്തം ഉയരം വീടിന്റെ തറയെക്കാൾ കൂടാനും പാടില്ല.
തുളസിത്തറയിൽ വിളക്കു വച്ച് പ്രദക്ഷിണം വയ്ക്കാന്‍ പാകത്തില്‍ നാലുവശവും സ്ഥലസൗകര്യം ഒരുക്കേണ്ടതാണ്. കിഴക്കുവശത്തും പടിഞ്ഞാറുവശത്തും വിളക്ക് വയ്ക്കാനുള്ള സൗകര്യവും ഉണ്ടാകണം. കിഴക്കു നിന്നുള്ള വാതിലിനു നേരേ നന്നായി സൂര്യപ്രകാശം കിട്ടുന്നയിടത്ത് വേണം തുളസിത്തറ .തുളസിത്തറയില്‍ നടാൻ കൃഷ്ണ തുളസിയാണ് ഉത്തമം. തുളസിയുടെ ഇലകളും പൂക്കളുമെല്ലാം രാവിലെ മാത്രമേ നുള്ളിയെടുക്കാവൂ. സൂര്യാസ്തമയ ശേഷം ഇലകൾ നുള്ളരുത്.