അപ്രതീക്ഷിത നേട്ടങ്ങൾ നൽകും ശനീശ്വരൻ, അറിയാം ഇക്കാര്യങ്ങൾ

Mail This Article
നവഗ്രഹങ്ങളിൽ ഈശ്വരൻ എന്ന പദം ശനിക്ക് സ്വന്തമാണ്. ശനീശ്വരൻ എന്നും മന്ദമായി സഞ്ചരിക്കുന്നതു കൊണ്ട് ശനൈശ്ചരൻ എന്നും പറയാറുണ്ടെങ്കിലും എല്ലാവർക്കും ശനിയെ ഭയമാണ്. അതിനു കാരണം കണ്ടകശ്ശനി, ഏഴരശ്ശനി, അഷ്ടമശ്ശനി കാലങ്ങളിൽ അനുഭവിച്ച ദുരിതങ്ങളാകാം. ഇത്തരം കാലഘട്ടങ്ങളിൽ തന്നെയാകും ജീവിതത്തിലെ അവിസ്മരണീയമായ ദിനങ്ങൾ എന്ന കാര്യവും വിസ്മരിക്കരുത്.
ശനിയെ പാപഗ്രഹമായിട്ടാണ് കരുതി വരുന്നത്. നവഗ്രഹങ്ങളെ ശുഭഗ്രഹമെന്നും പാപഗ്രഹമെന്നും വേർതിരിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ശുഭഗ്രഹങ്ങൾ തിന്മ തരുകയും അശുഭഗ്രഹങ്ങൾ നന്മ തരുകയും ചെയ്യാറുണ്ട്. പാപകർമങ്ങളിൽ ആകൃഷ്ടരായവർക്ക് ദുരിതഫലങ്ങൾ കൊടുക്കുന്നതും സത്കർമങ്ങൾ ചെയ്യുന്നവർക്ക് സദ്ഫലങ്ങൾ കൊടുക്കുന്നതും ഗ്രഹങ്ങളാണ്.
ഒരു ന്യായാധിപതി കുറ്റവാളിക്ക് ശിക്ഷ കൽപിക്കുന്നതു കൊണ്ട് ആ ന്യായാധിപതിയെ കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം? ആ ന്യായാധിപതി തന്നെയാണ് നിരപരാധിയെ രക്ഷിക്കുന്നതെന്ന കാര്യവും വിസ്മരിക്കരുത്. അതു തന്നെയാണ് ശനിയും ചെയ്യുന്നത്.
ശനിയെപ്പോലെ കൊടുപ്പവരുമില്ല കെടുപ്പവരുമില്ല എന്നാണ് തമിഴ് പഴമൊഴി.ഏറ്റവും വേഗം കുറഞ്ഞ ഗ്രഹമായ ശനി 'ക്ഷമയോടെ കാത്തിരിക്കേണ്ടതെങ്ങനെ' എന്നു നമ്മെ പഠിപ്പിക്കുന്നു. സർവ ഐശ്വര്യങ്ങളും പ്രദാനം ചെയ്യാനും കവർന്നെടുക്കുവാനും ശനിക്കു കഴിയും.
ആത്മസാക്ഷാത്കാരത്തിലേക്കു നമ്മെ നയിക്കുവാനും നിഷ്കാമ കർമത്തിലേക്ക് കൊണ്ടെത്തിക്കുവാനും സാധിക്കുന്നു. ശനിക്ക് ആയുസ്സ്, രോഗം, ദുഃഖം, ദാരിദ്ര്യം, അപവാദം. ഋണം, ബന്ധനം, ആലസ്യം ഇവയുടെ കാരകത്വമുണ്ട്.
ശനിയുടെ സ്വാധീനത്താൽ ഉയർന്നുവന്ന ഒട്ടേറെ ലോകപ്രശസ്തരെ ചരിത്രത്തിൽ കാണാൻ കഴിയും. അപ്രതീക്ഷിതമായി സൗഭാഗ്യങ്ങൾ നൽകുന്ന ഗ്രഹമാണ് ശനി. ശനി ഗ്രഹനിലയിൽ എവിടെ നിൽക്കുന്നു എന്ന് അറിഞ്ഞാൽ ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്.
ശനി ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ആയി കേന്ദ്രത്തിൽ നിന്നാൽ പഞ്ചമഹാപുരുഷയോഗങ്ങളിൽ ശശമഹായോഗമാണ്. ശനിയെ ഭയപ്പെടുകയല്ല വേണ്ടത്, ആദരിക്കുക. ആനുകൂല്യങ്ങൾ ലഭിക്കും. നന്മ തരും.
ലേഖകൻ
ശ്രീകുമാർ പെരിനാട്
കൃഷ്ണ കൃപ
വട്ടിയൂർക്കാവ് പി.ഒ.
തിരുവനന്തപുരം. 13.
മൊ.90375203 25
Email: Sreekmar perinad@gmail.com