ADVERTISEMENT

ആദി ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ഫെബ്രുവരി 2 ന് (മകരം 20) വസന്ത പഞ്ചമി ആഘോഷം നടക്കുന്നു. മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാംനാൾ പഞ്ചമിയാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. ശ്രീപഞ്ചമി എന്നും പറയപെടും. വിദ്യാദേവതയായ സരസ്വതീദേവിയെ ഭാരതം മുഴുവൻ പൂജിക്കുന്ന ദിവസമായ വസന്ത പഞ്ചമി അറിവിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതിദേവിയുടെ പിറന്നാളു കൂടിയാണ്. 

പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിൽ നാല് പ്രധാന സ്‌നാന മുഹൂർത്തങ്ങളിൽ ഒന്ന് വസന്ത പഞ്ചമി ദിവസമാണ്. സരസ്വതി ദേവിക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ആദിശങ്കരാചാര്യ സ്വാമികൾ കുംഭമേള ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതിനാൽ അന്നേദിവസം തന്ത്രി പ്രതിനിധി നാരായണമംഗലത്ത് ഇല്ലത്തു ബ്രഹ്മശ്രീ ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാസരസ്വതി പൂജയും വിശേഷാൽ അർച്ചനകളും നടക്കുന്നതായിരിക്കും.

വിദ്യയുടെ അധിദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും ഗണപതിയും സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ, നിത്യേന വിദ്യാരംഭം നടത്താൻ സാധിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ വിജയദശമി കഴിഞ്ഞാൽ വിദ്യാരംഭം കുറിക്കാനുള്ള ഒരു ശ്രേഷ്ഠദിനം കൂടിയാണ് വസന്ത പഞ്ചമി. മറ്റു സംസ്ഥാനങ്ങളിൽ വരുന്ന നൂറുകണക്കിന് കുട്ടികൾക്ക് വസന്ത പഞ്ചമി പ്രമാണിച്ചു വിദ്യാരംഭത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിദ്യാരംഭത്തിനു പുറമെ, പുതിയ സംരംഭങ്ങൾക്കും, ചോറൂണിനും ഈ ദിവസം ഉത്തമമായി കണക്കാക്കുന്നു. കുടുംബത്തിൽ സർവൈശ്വര്യം വരുന്നതിനും ദുരിതനിവാരണത്തിനുമായി വസന്ത പഞ്ചമി പൂജയും വ്രതവും അനുഷ്ഠിച്ച് സരസ്വതി ദേവി ഭക്തർ ക്ഷേത്ര ദർശനം നടത്തി വരുന്നു. പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും ചിലങ്കയും വസന്ത പഞ്ചമി ദിനം പൂജിക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

ദർശനസമയം രാവിലെ 5.00 മുതൽ 11.30 വരെയും വൈകിട്ട് 5.00 മുതൽ രാത്രി 9.00 വരെയുമാണ്. രാവിലെ 9.30 മുതൽ 11.30 വരെ വിദ്യാരംഭവും ചോറൂണും നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തന്ത്രി പ്രതിനിധി ഉൾപ്പടെ അധ്യാപകരും സംസ്‌കൃത പണ്ഡിത ശ്രേഷ്ഠരും അടങ്ങിയ ആചാര്യന്മാർ ഉണ്ടായിരിക്കും.

വിദ്യാർഥികൾക്കും കലാകാരന്മാർക്കും ഉത്തമമായ സാരസ്വതമന്ത്രം ജപിച്ച സേവിക്കാൻ സാധിക്കുന്ന ആയുർവേദനെയ് ക്ഷേത്രത്തിൽ ലഭ്യമായിരിക്കും. ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയായ നാവ്-മണി-നാരായം സമർപ്പണം ചെയ്യുവാൻ സാധിക്കും. മഹാസരസ്വതി പൂജയിൽ ഭക്തജനങ്ങൾക്ക് ഭാഗമാകാവുന്നതാണ്.

വസന്ത പഞ്ചമിയോടനുബന്ധിച്ചു നാലാമത് വസന്ത പഞ്ചമി സംഗീതോത്സവം അരങ്ങേറും. വൈകിട്ട് 5 മണിക്ക് മഹാരാജാസ് കോളേജ് മ്യുസിക്ക് വിഭാഗം ഹെഡ് ആയി റിട്ടയർ ചെയ്‌ത ഡോ. ഭുവനേശ്വരി ജി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംഗീതാരാധന നടത്തും. 5.45 ന് സപ്‌ത മാണിക്കമംഗലം അവതരിപ്പിക്കുന്ന സംഗീത സദസ്സും 6.15 ന് കളമശ്ശേരി വനമാലീ ഭജൻസ് അവതരിപ്പിക്കുന്ന ഭജന സംഗീതവും 6.45 ന് ഇടപ്പള്ളി ഭജേഹം അവതരിപ്പിക്കുന്ന സംഗീത സദസ്സും 7.15 ദേവിക്ക് ഏറെ പ്രിയപ്പെട്ട വീണാവാദനം ഭാരത്വജ്‌ ഷേണായി അവതരിപ്പിക്കും. 7.45 ന് ലതികയും ദീപയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതസദസ്സും 8.00 ന് അകപ്പറമ്പ് കലാജ്യോതി നൃത്തകളരി അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും തുടർന്ന് വിവിധ നർത്തകർ അവതരിപ്പിക്കുന്ന നൃത്താരാധനകളും അരങ്ങേറും. സംഗീതാരാധനകൾക്ക് വിനോദ് നമ്പീശൻ വയലിനും സുമേഷ് മേനോൻ മൃദംഗവും ബിജു മാണിക്കമംഗലം തബലയും ജയരാജ് ഘടവും വായിക്കും.

English Summary:

Vasantha Panchami celebrations at the Avanamcode Swayambhu Saraswati Temple, Nedumbassery, feature Maha Saraswati Puja, Vidyarambham, and a music festival. The temple, consecrated by Adi Shankaracharya, offers a unique spiritual experience for devotees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com