മഹാകുംഭമേള; ത്രിവേണീസംഗമപുണ്യം നുകരാൻ ഭക്തകോടികൾ

Mail This Article
എല്ലാവർഷവും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ചെറിയ കുംഭമേള നടക്കാറുണ്ട്. പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ നടത്താറുള്ളത്. അർധകുംഭമേള 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്‌രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമാണ് നടക്കുന്നത്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണകുംഭമേളകൾക്കു ശേഷമാണ് മഹാകുംഭമേള നടക്കുന്നത്. ഭാരതത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം ശിവഭക്തന്മാർ കുംഭമേളയിൽ പങ്കെടുക്കാനായി എത്താറുണ്ട്. വനത്തിനുള്ളിൽകഴിയുന്ന നാഗസന്യാസിമാരും അഘോരികളുമൊക്കെ ഈ കാലം കണക്കാക്കി ഇവിടെ എത്തുന്നത് വലിയ അദ്ഭുതം തന്നെയാണ്.
കാശിയിൽ വച്ച് മരിച്ചാൽ ശിവലോകത്തെത്തും എന്നാണ് വിശ്വാസം. മരിക്കാൻ വേണ്ടി പോലും ധാരാളം ആളുകൾ ഇവിടേക്കെത്താറുണ്ട്. കാശിയിൽ വരുന്നവർ ആദ്യം കാലഭൈരവ ക്ഷേത്രത്തിലാണ് ദർശനം നടത്തേണ്ടത്.കാലത്തെ നിയന്ത്രിക്കുന്നത് ഭൈരവനാണ്. കാശിലേക്ക് പുറപ്പെടുന്ന ഓരോ ഭക്തനോടൊപ്പം കാലഭൈരവൻ ഉണ്ടാകുമെന്നാണ് വിശ്വാസം. അതു കൊണ്ടുതന്നെ മടങ്ങിപ്പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും കാലഭൈരവനാണ് എന്നാണ് സങ്കല്പം.
2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ നടക്കുന്നത് മഹാകുംഭമേളയുടെ തുടർച്ചയായ ആവർത്തനമാണ്. ഈ പ്രത്യേക മഹാകുംഭമേള 12 കുംഭമേളകളുടെ പൂർത്തിയെ അടയാളപ്പെടുത്തും. അതിൽ അവസാനത്തേത് 1881-ലാണ് നടന്നത്. ഇത് 44 ദിവസം നീണ്ടുനിൽക്കും. ഇനി ഇത് നടക്കുന്നത് 144 മത്തെ വർഷമാണ്. ഇത് നടക്കുന്ന കാലത്ത് ജീവിക്കുന്നത് പോലും ഭാഗ്യമാണ്. ഒരായുസ്സിൽ അപൂർവമായി മാത്രമാണ് മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കുക. വാരാണസിയിൽ നിന്നും പ്രയാഗ്‌രാജിലേക്ക് 123 കിലോമീറ്റർ ആണ് ദൂരം.
വ്യാഴം, സൂര്യൻ, ചന്ദ്രൻ എന്നിവയുടെ ജ്യോതിഷ വിന്യാസമാണ് ഓരോ കുംഭമേളയുടെയും സ്ഥലം നിർണയിക്കുന്നത്. വ്യാഴം സൂര്യനെ ഒരു തവണ വലം വെക്കാൻ 12 വർഷം എടുക്കുന്നതുകൊണ്ടാണ് 12 വർഷത്തെ ഇടവേള വരുന്നത്. വ്യാഴം കുംഭ രാശിയിലും സൂര്യനും ചന്ദ്രനും മേടം, ധനു രാശികളിലും ആയിരിക്കുമ്പോൾ ഹരിദ്വാറിലും, വ്യാഴം ഇടവ രാശിയിലും സൂര്യനും ചന്ദ്രനും മകരം രാശിയിലും ആയിരിക്കുമ്പോൾ പ്രയാഗിലും, വ്യാഴം ചിങ്ങം രാശിയിലും സൂര്യനും ചന്ദ്രനും കർക്കടകം രാശിയിലും ആയിരിക്കുമ്പോൾ നാസിക്കിലും ത്രയംബകേശ്വറിലും കുംഭമേള നടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സമാധാനപരമായ ജനങ്ങളുടെ കൂട്ടായ്മയാണ് മഹാകുംഭമേള. ഈ ഒത്തുചേരലിൽ കോടിക്കണക്കിന് ഭക്തർ ഗംഗ, യമുന, നിഗൂഢമായ സരസ്വതി എന്നിവയിൽ സ്നാനം ചെയ്യുന്നു, ഈ ജലം വിശുദ്ധമായി കണക്കാക്കുന്നു.
2025ലെ മഹാകുംഭമേളയിൽ കോടിക്കണക്കിന് സന്ദർശകർക്കായി ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അപൂർവനിമിഷത്തിനു സാക്ഷികളാകാനും ത്രിവേണീസംഗമപുണ്യം നുകരാനും വിദേശികൾ ഉൾപ്പെടെയുള്ള തീർഥാടകരാണ് ഒഴുകിയെത്തുന്നത്. 45 നാൾ നീളുന്ന മേളയിൽ 35 കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ യുഎസ്, ഇസ്രയേൽ, ഫ്രാൻസ്, മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും സന്ദർശനത്തിനെത്തും. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ കണക്കുപ്രകാരം 2013ൽ 12,000 കോടിയും 2019ൽ 1.2 ലക്ഷം കോടിയുമായിരുന്നു കുംഭമേളയിൽ നിന്നുള്ള വരുമാനം. നാലായിരം ഹെക്ടറാണ് കുംഭമേള നടക്കുന്ന ഗംഗാ തീരത്തെ പ്രദേശത്തിന്റെ വിസ്തൃതി. ഒരു ലക്ഷത്തി അറുപതിനായിരം ടെന്റുകളുടെ താൽകാലിക നഗരമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. വാരാണസി, അയോധ്യ, മഥുര എന്നിവിടങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഇടവം രാശിയിൽ വ്യാഴം, മകരം രാശിയിൽ സൂര്യൻ, അവിടെത്തന്നെ ചന്ദ്രനും അന്ന് അമാവാസി തിഥിയും ആയിരിക്കണം. ഇങ്ങനെ വരുമ്പോഴാണ് പ്രയാഗ്‌രാജിൽ കുംഭമേള നടക്കുന്നത്. സൂര്യനും ചന്ദ്രനും വ്യാഴവും യഥാക്രമം ഗംഗ, യമുന, സരസ്വതി നദികളുമായും ബന്ധപ്പെട്ട് കിടക്കുന്നു. ആചാര്യമാർ ത്രിവേണി സംഗമത്തിൽ നിന്നും ശേഖരിക്കുന്ന ഗംഗാജലം ഭക്തർ അവരുടെ വീടുകളിലേക്ക് കൊണ്ടു പോകുന്നു. ഇവിടെ നിന്ന് ശേഖരിക്കുന്ന ഗംഗാജലം രാമേശ്വരത്ത് അഭിഷേകം ചെയ്യാനായി സമർപ്പിക്കുന്നത് ഒരു ആചാരമാണ്. കാശിയിൽ പോകുന്നവർ രാമേശ്വരത്തു കൂടി പോയാലാണ് ദർശനം പൂർണമാവുക എന്നാണ് വിശ്വാസം.