ADVERTISEMENT

അശ്വതി
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ ‘പ്രാജ്ഞോ ധൃതിമാൻ ദക്ഷഃ...’ എന്ന നിയമപ്രകാരം പൊതുവേ ബുദ്ധിയുള്ളവരും ധൈര്യശാലികളും സമർഥരും ആയിരിക്കും. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കും. കുടുംബത്തിന്റെ നാഥനായിരിക്കും. അഭിമാനിയായിരിക്കും. ദ്രവരൂപഭക്ഷണത്തിൽ കൂടുതൽ തൽപരനാകും. മാന്യനുമായിരിക്കും.

ഭരണി
'ശ്രാന്താത്മാ....ചഞ്ചലചിത്തഃ....' എന്ന വചനപ്രകാരം ഭരണി നക്ഷത്രജാതർക്കു പൊതുവേ ക്ഷീണിച്ച പ്രകൃതമാകും. ഉറപ്പില്ലാത്ത മനസ്സായിരിക്കും. സഹോദരസ്നേഹമുണ്ടാകും. ബുദ്ധി, ധൈര്യം എന്നിവയുണ്ടാകും. സ്നേഹിതരെ സഹായിക്കും. ദീർഘായുസ്സുണ്ടാകും.

കാർത്തിക
'ഭ്രാതൃവിഹീനോ ബലവാൻ.....' എന്ന വചനപ്രകാരം കാർത്തിക നക്ഷത്രക്കാർക്കു സഹോദരന്മാരിൽ നിന്നുള്ള ഗുണം കുറയും. ബലവാനായിരിക്കും. അതിതേജസ്വിയും സത്യസന്ധനും ആയിരിക്കും. ഒന്നിലേറെ വീടുണ്ടാകും. ധാരാളം സംസാരിക്കും.

രോഹിണി
'ഊര്‍ധ്വാംഗരോഗബഹുലോ...' എന്ന വചനപ്രകാരം രോഹിണി നക്ഷത്രക്കാർ ഇടയ്ക്കിടെ തലവേദനയും മറ്റും അനുഭവപ്പെടുന്നവരാകും. സ്വന്തം ഗ്രൂപ്പിൽ നേതാവാകും. മുഖത്തും വശങ്ങളിലും പുറത്തും മറ്റും മറു തുടങ്ങിയ അടയാളമുണ്ടാകും. കാപട്യം അറിയും. ധനവാനായിരിക്കും.

മകയിരം
'ചപലോ വിശാലദേഹോ....' എന്ന വചനപ്രകാരം മകയിരം നക്ഷത്രക്കാർ ചാപല്യമുള്ളവരാകും. വലിയ ശരീരമായിരിക്കും. ചെറുപ്പത്തിൽ ചെറിയ തരത്തിൽ രോഗാരിഷ്ടമുണ്ടാകും. അബദ്ധങ്ങൾ പറ്റാൻ സാധ്യത കൂടുതലായിരിക്കും. ശ്രദ്ധ വേണം. ഉത്സാഹിയായിരിക്കും. ചഞ്ചലമനസ്സായിരിക്കും. ശത്രുതയുള്ളർ ഉണ്ടാകും.

തിരുവാതിര
'ചലചിത്തഃ ശഠവാക്യഃ.....' എന്ന വചനപ്രകാരം തിരുവാതിര നക്ഷത്രക്കാരുടെ മനസ്സ് അസ്ഥിരമായിരിക്കും. കർക്കശമായിരിക്കും വാക്ക്. ധാരാളം സംസാരിക്കും. അഭിമാനിയായിരിക്കും. ദീർഘായുസ്സുണ്ടാകും. അധികാരികളില്‍ നിന്നു ധനം സമ്പാദിക്കും.

പുണർതം
'ദാതാ സുഖീ സുശീലോ....' എന്ന വചനപ്രകാരം പുണർതം നക്ഷത്രക്കാർ ദാനശീലരായിരിക്കും. സുഖം, ദുർബുദ്ധി, ദാഹം എന്നിവയുണ്ടാകും. ഇടയ്ക്കിടെ രോഗാരിഷ്ടങ്ങൾ ഉണ്ടാകും. സന്തോഷമുണ്ടാകും.

പൂയം
'തീവ്രക്രോധോ മതിമാൻ....' എന്ന വചനപ്രകാരം പൂയം നക്ഷത്രക്കാർക്കു പൊതുവേ കോപം കൂടും. ബുദ്ധിമാനും ധൈര്യശാലിയും വാഗ്മിയും അനേകം ശാസ്ത്രങ്ങൾ അറിയുന്നയാളും ആയിരിക്കും. ബന്ധുക്കളെ സഹായിക്കും. ധനവാനും സ്വതന്ത്രനും ആയിരിക്കും.

ആയില്യം
'ക്രൂരശ്ചപലോ വാഗ്മീ....' എന്ന വചനപ്രകാരം ആയില്യം നക്ഷത്രക്കാർ ആവശ്യമുള്ളപ്പോൾ ക്രൂരസ്വഭാവം കാണിക്കാനും മടിക്കില്ല. ചാപല്യം, വാഗ്മിത്വം എന്നിവയുണ്ടാകും. സ്വന്തം ഗ്രൂപ്പിൽ നേതാവാകും. അറിവുള്ളവനാകും. രാജധനം ലഭിക്കും. ബുദ്ധിമുട്ടുകള്‍ അറിഞ്ഞു ജീവിക്കും.

മകം
'ജ്ഞാനീ വിനീതശീലഃ....' എന്ന വചനപ്രകാരം മകം നക്ഷത്രക്കാർ അറിവുള്ളവരും വിനയശീലരും ശത്രുത മറക്കാത്തവരും ആയിരിക്കും. ജനങ്ങൾ ഇവരെ സ്തുതിക്കും. ശൗര്യം, സമ്പത്ത്, സുഖം, ഭക്തി എന്നിവയുണ്ടാകും.

പൂരം
'പ്രിയവാക് ദാതാ നീചോ...' എന്ന വചനപ്രകാരം പൂരം നക്ഷത്രക്കാർ നല്ല വാക്കു പറയുന്നവരും ദാനശീലമുള്ളവരും ആയിരിക്കും. ആവശ്യമുള്ളപ്പോൾ നീചസ്വഭാവം കാണിക്കാനും മടിക്കില്ല. ധാരാളം ചെലവു ചെയ്യും. അനുസരണയുളള ഭൃത്യന്മാരുണ്ടാകും. പ്രശസ്തനാകും. അധികാരികൾക്ക് ഇഷ്ടമുള്ളയാളാകും. പോരാട്ടത്തിനു പേടിയുണ്ടാകും.

ഉത്രം
'സ്ത്രീണാമിഷ്ടഃ സുഭഗോ....' എന്ന വചനപ്രകാരം ഉത്രം നക്ഷത്രക്കാരെ എതിർലിംഗക്കാർ ഇഷ്ടപ്പെടും. സുഭഗരായിരിക്കും. സ്വന്തം ഗ്രൂപ്പിൽ നേതാവാകും. അറിവുണ്ടായിരിക്കും. അധികാരികളിൽ നിന്നു പണം ലഭിക്കും. ഔദാര്യം, സുഖശീലം, വാചാലത എന്നിവയുമുണ്ടാകും.

അത്തം
'കാമീ കുശലോ വാഗ്മീ...' എന്ന വചനപ്രകാരം അത്തം നക്ഷത്രക്കാർ കാമിയും കൗശലമുള്ളയാളും വാഗ്മിയും ആയിരിക്കും. ധനവാനായിരിക്കും. നാടുവിട്ടു താമസിക്കും. യുദ്ധത്തിൽ താൽപര്യമുണ്ടാകും. അതിനിപുണനായിരിക്കും. ശത്രുക്കളെ ഇല്ലാതാക്കും.

ചിത്തിര
'ദുഷ്ടസ്ത്രീഷ്ടഃ പാപോ...' എന്ന വചനപ്രകാരം ചിത്തിര നക്ഷത്രക്കാർക്കു ചീത്ത വ്യക്തികളിൽ താൽപര്യം, പാപം ചെയ്യാനുള്ള പ്രവണത എന്നിവയുണ്ടാകും. പല കാര്യങ്ങളിലും ഉത്സാഹിയായിരിക്കും. വിവാദങ്ങളിൽ താൽപര്യമുണ്ടാകും. ഭംഗിയുള്ള വസ്ത്രവും ആഭരണങ്ങളും ധരിക്കും. നാടു വിട്ടു താമസിക്കും. സുഖിയായിരിക്കും.

ചോതി
'ദാന്തോ സുഖീ തൃഷാലുഃ....' എന്ന വചനപ്രകാരം ചോതി നക്ഷത്രക്കാർ വിനയമുള്ളവരായിരിക്കും. സുഖിയായിരിക്കും. ദാഹം കൂടുതലായിരിക്കും. നല്ല വാക്കു പറയും. ധർമിഷ്ഠരായിരിക്കും. കടം വാങ്ങും. ബന്ധുക്കളുമായി ശത്രുതയുണ്ടാകും. ആഡംബരമില്ലാത്ത വേഷമായിരിക്കും.

വിശാഖം
'സേർഷ്യോ ബഹുപ്രലാപീ...' എന്ന വചനപ്രകാരം വിശാഖം നക്ഷത്രക്കാർക്കു കോപം കൂടും. വാചാലതയുണ്ടാകും. നല്ല ജീവിതപങ്കാളിയും മക്കളുമുണ്ടാകും. ധനമുണ്ടാകും. ബുദ്ധിയുള്ളവരാകും. ഭക്തിയുണ്ടാകും. ദാനം ചെയ്യാൻ മടിക്കും. കണ്ണിന് ഇടയ്ക്കിടെ സ്വസ്ഥതക്കുറവുണ്ടാകും.

അനിഴം
'ക്ഷുത്തൃഷ്ണാർത്തഃ ശോകീ...' എന്ന വചനപ്രകാരം അനിഴം നക്ഷത്രക്കാർ എപ്പോഴും വിശപ്പും ദാഹവുമുളളവരായിരിക്കും. ദുഃഖഭാവമുണ്ടാകും. ദയയുള്ളവരായിരിക്കും. ധർമിഷ്ഠരും സുഭഗരുമായിരിക്കും. യാത്ര കൂടുതൽ ഇഷ്ടപ്പെടും. നാടു വിട്ടു താമസം വേണ്ടിവരും.

തൃക്കേട്ട
'സന്തുഷ്ടോ ധർമപരോ...' എന്ന വചനപ്രകാരം തൃക്കേട്ട നക്ഷത്രക്കാർ പൊതുവേ സന്തുഷ്ടരും ധർമിഷ്ഠരുമായിരിക്കും. മക്കളും സുഹൃത്തുമൊത്തു കഴിയും. രോഗം അധികം ബാധിക്കില്ല. ബന്ധുക്കളിൽ നിന്ന് ഉപദ്രവം ഉണ്ടായേക്കാം. കുടുംബത്തിന്റെ നാഥനായിരിക്കും.

മൂലം
'ജ്ഞാനീ സുഖീ ധനാഢ്യോ....' എന്ന വചനപ്രകാരം മൂലം നക്ഷത്രക്കാര്‍ അറിവുള്ളവരും സുഖമനുഭവിക്കുന്നവരും ധനമുള്ളവരും ആയിരിക്കും. രോഗങ്ങൾ ഇടയ്ക്കിെട വരും. സൗഭാഗ്യം ഉണ്ടാകും. മനസ്സിന് ഏകാഗ്രത കുറയും. നേതാവാകും.

പൂരാടം
'ദൃഢസൗഹൃദോ വിനീതോ....' എന്ന വചനപ്രകാരം പൂരാടം നക്ഷത്രക്കാർ ഉറച്ച സൗഹൃദമുള്ളവരും വിനയശീലമുള്ളവരും ആയിരിക്കും. സ്വജനങ്ങളിൽ നേതൃത്വം ലഭിക്കും. ബുദ്ധിമാന്മാരായിരിക്കും. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ ലഭിക്കും. സുഖം, അധികാരികളിൽ നിന്നു ബഹുമാനം എന്നീ ഗുണങ്ങളും ഉണ്ടാകും.

ഉത്രാടം
'ഹാസ്യപ്രിയോ വിനീതോ.....' എന്ന വചനപ്രകാരം ഉത്രാടം നക്ഷത്രക്കാർ ഹാസ്യം ഇഷ്ടപ്പെടുന്നവരായിരിക്കും. വിനയമുള്ളവരാകും. ശത്രുക്കൾ ഉണ്ടാകും. ചെറിയ തോതിൽ ക്ലേശം അനുഭവിക്കും. ദേശസഞ്ചാരിയാകും. ദയാപരനുമായിരിക്കും.

തിരുവോണം
'ശ്രുതവാൻ വിദേശവാസീ...' എന്ന വചനപ്രകാരം തിരുവോണം നക്ഷത്രക്കാർ ശാസ്ത്രജ്ഞാനമുള്ള പ്രശസ്തനാകും. വീടു വിട്ടു യാത്ര വേണ്ടിവരും. ഉത്തമരായ ജീവിതപങ്കാളിയെ ലഭിക്കും. സമ്പത്തുണ്ടാകും. ശത്രുക്കൾ ഉണ്ടാകും. ധാരാളം ചെലവു ചെയ്യും. സുഖശീലനായിരിക്കും.

അവിട്ടം
'ധനവാൻ നേതാ ശൂരോ....' എന്ന വചനപ്രകാരം അവിട്ടം നക്ഷത്രക്കാർ ധനമുള്ളവരാകും. നേതൃത്വഗുണമുണ്ടാകും. ശൗര്യമുണ്ടാകും. ജീവിതപങ്കാളിയുമായി ഇടയ്ക്ക് ഇഷ്ടക്കുറവ് ഉണ്ടാകും. വിദേശവാസത്തിൽ സന്തോഷം അനുഭവപ്പെടും. വാചാലനായിരിക്കും. നൃത്തം, പാട്ട് എന്നിവയിൽ താല്‍പര്യമുണ്ടാകും.

ചതയം
'മുഖരോ ധൂർത്തോ വശ്യോ....' എന്ന വചനപ്രകാരം ചതയം നക്ഷത്രക്കാർ വാചാലരായിരിക്കും. പണം അനാവശ്യമായി ചെലവാക്കും. ജനങ്ങൾക്ക് ഇഷ്ടപ്പെട്ടയാളായിരിക്കും. നേതാവാകും. ചപലസ്വഭാവമുണ്ടാകും. ദയ കുറയും, മായാപ്രയോഗത്തിൽ മിടുക്കരായിരിക്കും.

പൂരുരുട്ടാതി
'സ്ത്രീലോലശ്ചലവാസോ....' എന്ന വചനപ്രകാരം പൂരുരുട്ടാതി നക്ഷത്രക്കാർ സ്ഥിരമയി ഒരിടത്തു താമസിക്കാൻ ഇഷ്ടപ്പെടില്ല. സ്വഭാവം മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. സുഖഭോഗങ്ങൾ അനുഭവിക്കും. അധികാരികളിൽ നിന്നു ധനം ലഭിക്കും. നിസ്സാരകാര്യങ്ങളും ചെയ്യും. സ്വന്തം കർമം അനുഷ്ഠിക്കുന്നതിൽ നിഷ്ഠയുണ്ടാകും. ദീർഘായുസ്സുണ്ടാകും.

ഉത്തൃട്ടാതി
'വക്താ സുഖീ പ്രജാവാൻ.....' എന്ന വചനപ്രകാരം ഉത്ത‍ൃട്ടാതി നക്ഷത്രക്കാർ വാഗ്മികളും സുഖശീലരുമായിരിക്കും. ശത്രുക്കളെ ജയിക്കും. ധർമശീലരും വിനയമുള്ളവരുമായിരിക്കും. പിശുക്കുണ്ടാകും. ബലം, സമ്പത്ത് എന്നീ കാര്യങ്ങളിൽ തൽപരനായിരിക്കും.

രേവതി
'സമ്പൂർണാംഗഃ സുഭഗോ...' എന്ന വചനപ്രകാരം രേവതി നക്ഷത്രക്കാർ ശരീരവടിവുള്ളവരായിരിക്കും. സുഭഗരായിരിക്കും. അഭിമാനിയും ഗർവിഷ്ഠരുമായിരിക്കും. പ്രതാപിയാണെന്ന തോന്നലുണ്ടാകും. മത്സരശീലമുണ്ടാകും.

English Summary:

Nakshatras reveal personality traits; each of the 27 lunar mansions holds distinct characteristics influencing an individual's life. This comprehensive guide explores the attributes associated with each Nakshatra, providing insights into personality and potential.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com