ഏഴരശ്ശനി, കണ്ടകശ്ശനി, ശനിയെ ഭയപ്പെടണോ? ഇഷ്ടഭാവത്തിലെങ്കിൽ ഇരട്ടിഭാഗ്യം

Mail This Article
ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശ എന്നു കേൾക്കുമ്പോൾ തന്നെ എന്തോ കുഴപ്പമാണെന്നാണ് പലരുടെയും ധാരണ. പക്ഷേ എല്ലാവരും ഭയപ്പെടുന്നതുപോലെ അത്ര കുഴപ്പക്കാരനൊനനുമല്ല ശനി. വളരെ നല്ല ഫലങ്ങളും ശനി നൽകും. ഏഴരശ്ശനി കാലത്തായിരിക്കാം ഒരുപക്ഷേ പഠനത്തിനായോ ഉദ്യോഗത്തിനായോ വീടുവിട്ടു പോകേണ്ടി വരിക. പലപ്പോഴും വിദേശയാത്രകളും ഏഴരശ്ശനിക്കാലത്താണ് ഉണ്ടാവുക.
ഒരു ഗ്രഹനിലയില്‍ ഇഷ്ടഭാവത്തിലാണ് ശനി നിൽക്കുന്നതെങ്കില്‍ ജീവിതത്തില്‍ ഏറ്റവുമധികം നേട്ടങ്ങൾ ഉണ്ടാകുക ശനിദശാകാലത്തായിരിക്കും. ഉച്ചക്ഷേത്രം, മൂലക്ഷേത്രം, സ്വക്ഷേത്രം എന്നിവയിലെ സ്ഥിതി ഉച്ചരാശിയില്‍ അംശിക്കുക, ശുഭഗ്രഹയോഗത്തോടുകൂടി നില്‍ക്കുക എന്നിവ ശനിയുടെ ഇഷ്‌ടഭാവസ്ഥിതിയാണ്.
12 രാശികളിലൂടെ ശനി ഒരു തവണ കടന്നു പോകാൻ ഏതാണ്ട് മുപ്പത് വര്‍ഷമായിട്ടാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. രണ്ടര വർഷമാണ് ശനി ഒരു രാശിയിലൂടെ കടന്നുപോകാനെടുക്കുന്നത്. മകരം, കുംഭം എന്നിവയാണ് ശനിയുടെ സ്വക്ഷേത്രങ്ങള്‍. തുലാം ആണ് ഉച്ച രാശി, മേടം നീചരാശിയാണ്. ജാതകത്തിൽ ഉച്ചസ്ഥാനത്താണ് ശനിയെങ്കിൽ ഗുണകരമായിരിക്കും. ലഗ്നാൽ 11ലാണ് ശനിയെങ്കിൽ ഏറ്റവും ഉത്തമമായി കണക്കാക്കുന്നു.
ശനിദശാകാലം 19 വര്‍ഷമാണ്. പൂയം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍ ജനിക്കുന്നത് ശനിദശയിലാണ്. ജ്യോതിഷത്തില്‍ ശനി മന്ദന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.ഗ്രഹനിലയില്‍ 'മ' എന്ന് രേഖപ്പെടുത്തും. ജനിച്ച കൂറിന്റെ പന്ത്രണ്ടിലും ജനിച്ചകൂറിലും ജനനക്കൂറിന്റെ രണ്ടിലും ചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ് ഏഴരശ്ശനി എന്നു പറയുന്നത്. ജന്മക്കൂറിന്റെ 4,7,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശ്ശനി എന്നു പറയുന്നു. രണ്ടരവര്‍ഷമാണ് കണ്ടകശ്ശനി.
കറുപ്പ് വസ്ത്രം ധരിക്കുക, ദാനം നൽകുക. എള്ളുതിരി ശാസ്താവിന് കത്തിക്കുക. എള്ള് പായസം നിവേദിക്കുക, ശനിയാഴ്ച വ്രതം എടുക്കുക, കാക്കയ്ക്ക് ചോറു കൊടുക്കുക ഇവയൊക്കെ ശനി ദോഷപരിഹാരമായി ചെയ്യാവുന്നതാണ്. ശനിയുടെ രത്നമായ ഇന്ദ്രനീലം ധരിക്കുന്നതും വളരെ സൂക്ഷിച്ചുവേണം.