തൈപ്പൂയം; ആഘോഷങ്ങളിലമർന്ന് സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ, കാവടിയാടി ഭക്തർ

Mail This Article
തൈമാസത്തിലെ അഥവാ മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച് വിജയം വരിച്ച ദിവസമാണ് തൈപ്പൂയം എന്നൊരു ഐതീഹ്യമുണ്ട്. അതേസമയം സുബ്രഹ്മണ്യന്റെ വിവാഹദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ കാർത്തികയാണെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്.
മകരസംക്രമദിനമാണ് തൈമാസത്തിലെ ആദ്യ ദിവസം, ഉത്തരായണത്തിന്റെ തുടക്കം. ഇതാണ് തൈപ്പൊങ്കൽ. അതേ മാസം വരുന്ന മറ്റൊരു ആഘോഷമാണ് തൈപ്പൂയം. തമിഴ്‌നാട്ടിലെയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്. കേരളത്തിലും എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു. പഴനി, തിരുച്ചെന്തൂർ, ഹരിപ്പാട്, പയ്യന്നൂർ, പെരുന്ന, വൈറ്റില, ഇളംകുന്നപ്പുഴ, കിടങ്ങൂർ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ തൈപ്പൂയം വർണാഭമായി ആഘോഷിക്കുന്നു.
തിരുത്തണി, സ്വാമിമലൈ, പഴനി, പഴമുതിർചോലൈ, തിരുപ്പറങ്കുൻറം, തിരുച്ചെന്തൂർ എന്നിവയാണ് മുരുകന്റെ ആറു പടൈവീടുകൾ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങൾ. ഇവിടങ്ങളിലെല്ലാം കാവടിയാട്ടവും തുടർച്ചയായ അഭിഷേകങ്ങളും ഈ ദിവസം ഉണ്ടാകാറുണ്ട്. ഹിന്ദുമതവിശ്വാസപ്രകാരം മുരുകന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് കാവടി. ഹര ഹരോ ഹര ഹര എന്ന് ഉറക്കെ ഉരുവിട്ടാണ് ഭക്തർ കാവടിയാടുക.
കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി പാൽക്കാവടി, ഭസ്മക്കാവടി, അന്നക്കാവടി, കളഭക്കാവടി, പീലിക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിങ്ങനെ വിവിധ കാവടികളുണ്ട്. മുരുകനാണ് വഴിപാട് പ്രാധാന്യമെങ്കിലും മറ്റു ക്ഷേത്രങ്ങളിലും കാവടി നടത്താറുണ്ട്.