ഈ രാശിക്കാരെ ധൈര്യമായി പ്രണയിച്ചോളൂ, പക്ഷേ പറ്റിക്കരുത്; ബ്രേക്കപ് താങ്ങില്ല

Mail This Article
പ്രണയഭംഗം അനുഭവിക്കാത്തവർ വിരളമായിരിക്കും. ചിലർ അതിൽനിന്നു വേഗം കരകയറും. മറ്റു ചിലർക്കാകട്ടെ അതത്ര എളുപ്പമാകണമെന്നില്ല. പ്രത്യേകിച്ചും ചില രാശിയിലുള്ള ആളുകൾക്ക് പ്രണയഭംഗത്തിൽ നിന്നുള്ള കരകയറൽ ഒരു ബാലികേറാമല തന്നെയാകുമെന്ന് ജ്യോതിഷവിദഗ്ധർ പറയാറുണ്ട്. അത്തരം രാശിക്കാരെപ്പറ്റി ചില വിവരങ്ങൾ:
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): എത്ര അടുപ്പമുള്ളവരോടു പോലും ഉള്ളിലുള്ള വിഷമം പറയില്ല മേടം രാശിക്കാർ. പ്രണയഭംഗം പോലെ കയ്പ്പുള്ള അനുഭവങ്ങൾ വന്നാലും അവർ വിഷമം കടിച്ചമർത്തും. പ്രത്യേകിച്ചും മേടം രാശിയിലുള്ള സ്ത്രീകളാണ് ഈ സ്വഭാവ സവിശേഷത കൂടുതൽ കാണിക്കുന്നതെന്ന് ചില അസ്ട്രോളജിസ്റ്റുകൾ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള വിഷമങ്ങൾ മനസ്സിനെ മഥിക്കുന്നുണ്ടെങ്കിൽ അവർ സാധാരണയിൽനിന്നു വിഭിന്നമായി കൂടുതൽ ആവേശത്തോടെയും ഉത്സാഹത്തോടെയും പെരുമാറും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പ്രണയത്തിൽ അത്ര പെട്ടെന്നൊന്നും വീഴുന്നവരല്ല ഇടവം രാശിക്കാർ. എന്നാൽ പ്രണത്തിലായാൽ അവർ 100 ശതമാനവും ആത്മാർഥത പുലർത്തും. അതുകൊണ്ടുതന്നെ പ്രണയഭംഗം ഇവർക്ക് സഹിക്കാനേ കഴിയില്ല. വല്ലാത്ത ഞെട്ടലും അലോസരവുമൊക്കെ ഇവരെ മഥിക്കും. ഒരു ദുരനുഭവമുണ്ടായ ഇവർ ചൂടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെയാകും പിന്നീട് പെരുമാറുക. പങ്കാളി വഞ്ചിച്ചതിന്റെ വിഷമത്തിൽ ഭാവിയിൽ ആരെയും വിശ്വസിക്കാൻ പറ്റാത്ത മനോനിലയിലേക്ക് അവരെത്താനും സാധ്യതയുണ്ട്.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): കർക്കടകം രാശിക്കാർക്കും പ്രണയഭംഗ കാലഘട്ടം വളരെ പ്രയാസമേറിയതാണ്. വളരെ വൈകാരികമായാണ് അവർ കാര്യങ്ങളോട് പ്രതികരിക്കുന്നത്. ആരെങ്കിലും വേദനിപ്പിച്ചാൽ അതിനെ തികച്ചും വ്യക്തിപരമായി എടുക്കുന്നത് കർക്കടകം രാശിക്കാരുടെ സ്വഭാവമാണ്. മനസ്സിനേറ്റ മുറിവിൽ നിന്ന് പൂർണമായും മുക്തരാകുന്നതുവരെ ഉൾവലിഞ്ഞ പ്രകൃതം പ്രകടിപ്പിക്കുന്ന ഇവർ ഒരു ഘട്ടത്തിൽ മനസ്സിന് ധൈര്യം സംഭരിച്ച് സത്യത്തെ ഉൾക്കൊള്ളും. അതിന് ചിലപ്പോൾ കുറേക്കാലം വേണ്ടി വന്നേക്കാം. വിഷമഘട്ടത്തിൽ ഒപ്പം നിന്നവരെയും സ്വാന്തനിപ്പിച്ചവരെയും മരണം വരെ മറക്കില്ല. ജീവിതത്തിലെ ഏതെങ്കിലുമൊരു സമയത്ത് അവർക്കെന്തെങ്കിലും വിഷമം വന്നാൽ ആദ്യം സഹായമെത്തിക്കുക കർക്കടകം രാശിക്കാരായിരിക്കും.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): വൃശ്ചിക രാശിക്കാരെ പ്രണയിച്ചു വഞ്ചിക്കാൻ അത്രയെളുപ്പമാണെന്ന് കരുതണ്ട. പ്രണയിച്ചോളൂ, പക്ഷേ ഇട്ടിട്ടു പോകുന്നതിനു മുൻപ് കൃത്യവും വിശ്വസനീയവുമായ ഒരു കാരണം അവരെ ബോധ്യപ്പെടുത്തണം. അല്ലെങ്കിൽ പ്രണയഭംഗത്തിനു ശേഷവും അവർ നിങ്ങളെ പിന്തുടർന്നുകൊണ്ടേയിരിക്കും. ഒന്നും പറയാതെ നിങ്ങൾ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചാൽ കാരണം അറിയുന്നതുവരെ അവർ നിങ്ങൾക്കു പിന്നാലെയുണ്ടാകും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): വളരെ സ്വതന്ത്ര വ്യക്തിത്വങ്ങളാണ് ധനു രാശിക്കാർ. എന്നിരുന്നാലും പ്രണയഭംഗം ഇവർക്കും തീവ്രമനോവേദനയുടെ കാലഘട്ടം കൂടിയാണ്. പക്ഷേ ജീവിതകാലം മുഴുവൻ ആ വേദനയുടെ മുകളിൽ അടയിരിക്കാൻ അവർ തയാറല്ല. അവരെ സന്തോഷിപ്പിക്കാൻ കഴിയുന്നത് അവർക്കു മാത്രമാണ്. മനസ്സിനെ നിയന്ത്രിക്കാൻ ആവശ്യമായ സമയം സ്വയം കണ്ടെത്തിയ ശേഷം പതുക്കെ അടുത്ത പ്രണയത്തിലേക്ക് അവർ ഒഴുകി നീങ്ങും. പ്രണയത്തിൽ അൽപം സാഹസികതയൊക്കെ വേണ്ടേ എന്ന പക്ഷക്കാരാണവർ.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): മീനം രാശിക്കാരുമായി ഇടപെടുമ്പോൾ കരുതൽ വേണം. വളരെ സെൻസിറ്റീവായ ഇക്കൂട്ടർ പക്ഷേ മറ്റൊരു കാര്യത്തിൽ വളരെ അനുഗൃഹീതരാണ്. വൈകാരികത സ്ഥിരത തീരെയില്ലാത്ത ഇവരെ സംരക്ഷിക്കാൻ ഇവരെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ എപ്പോഴും ചുറ്റുമുണ്ടാകും. മീനം രാശിക്കാരെ ധൈര്യമായി പ്രണയിച്ചോളൂ, പക്ഷേ പറ്റിക്കരുത്. പ്രണയ വഞ്ചന താങ്ങാനുള്ള ത്രാണി അവരുടെ പാവം ഹൃദയത്തിനില്ല.