കുംഭാഷ്ടമി ഫെബ്രുവരി 20ന്; ആഘോഷനിറവിൽ വൈക്കം മഹാദേവക്ഷേത്രം

Mail This Article
വൈക്കം മഹാദേവക്ഷേത്രത്തിലെ കുംഭാഷ്ടമി 20ന് ആഘോഷിക്കും. കുംഭാഷ്ടമിയെ വരവേൽക്കാൻ ഒരുങ്ങി വൈക്കം. പുലർച്ചെ 4.30നാണ് അഷ്ടമി ദർശനം. 9ന് ശ്രീബലി, 10ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഏകാദശ രുദ്രഘൃത കലശവും തുടർന്ന് പ്രാതലും നടക്കും. കുംഭാഷ്ടമി എന്ന മാശി അഷ്ടമി ഏറെ പ്രാധാന്യത്തോടെയാണ് വൈക്കത്തുകാർ ആഘോഷിച്ചു വരുന്നത്. വൈക്കം മഹാദേവ ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം, വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായി ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള കള്ളാട്ടുശേരി കൊട്ടാരം, കൂർക്കശേരി കൊട്ടാരം വാഴമന കൊട്ടാരം എന്നിവിടങ്ങളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വൃശ്ചിക മാസത്തിലെ അഷ്ടമിയാണ് ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷം. വൈക്കത്തിന് പുറത്തുള്ള ഭക്തർ കൂടുതലായി എത്തുന്നതിനാൽ ഇതിനെ വരത്തരുടെ അഷ്ടമി എന്നും കുംഭാഷ്ടമിയെ നാട്ടുകാരുടെ അഷ്ടമി എന്നുമാണ് പഴമക്കാർ പറഞ്ഞിരുന്നത്.
പുത്രനായ ഉദയനാപുരത്തപ്പനും പിതാവായ വൈക്കത്തപ്പനും ഒന്നിച്ച് വൈക്കം ക്ഷേത്രത്തിന് കിഴക്കു ഭാഗത്തുള്ള വാഴമന, കൂർക്കശേരി, കള്ളാട്ടുശേരി എന്നീ ഭാഗങ്ങളിലേക്കുള്ള എഴുന്നള്ളത്തുകളാണ് കുംഭാഷ്ടമിയുടെ പ്രത്യേകത. പഴയ കാലത്ത് ഈ ഭാഗങ്ങളിലെ ഭൂമി വൈക്കത്തപ്പന്റെ ആയിരുന്നു എന്നും വർഷത്തിലൊരിക്കൽ ഈ ഭൂമിയും ഇവിടത്തെ കൃഷികളും കാണുന്നതിനായി വൈക്കത്തപ്പൻ പുത്രനും ഒന്നിച്ച് എഴുന്നള്ളുന്നുവെന്നും വിശ്വാസം.
വൈകിട്ട് 5ന് ശേഷം ഉദയനാപുരത്തപ്പൻ എഴുന്നള്ളി വൈക്കം ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ വൈക്കത്തപ്പനും പുറത്തേക്ക് എഴുന്നള്ളും. ക്ഷേത്രത്തിന് ഒരു പ്രദക്ഷിണത്തിനു ശേഷം ഏകദേശം 6മണിയോടെ കിഴക്കേ ഗോപുരം കടന്ന് ദേശ അതിർത്തിയായ കള്ളാട്ടുശേരിയിലേക്കു എഴുന്നള്ളും. വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും ദേവസ്വം ബോർഡിന്റെ കീഴിലുള്ള വാഴമന കൊട്ടാരം, കൂർക്കശേരി കൊട്ടാരം,കള്ളാട്ടുശേരി കൊട്ടാരം എന്നിവിടങ്ങളിൽ ഇറക്കി പൂജയും നിവേദ്യവും നടത്തും.
∙ വാഴമന കൊട്ടാരത്തിൽ ഭക്തരുടെ കൂട്ടായ്മയിൽ വൈകിട്ട് 7ന് എഴുന്നള്ളിപ്പിനെ വരവേൽക്കും. രാവിലെ 6ന് പാരായണം, വൈകിട്ട് 6ന് വിളക്ക് വയ്പ്, 7ന് ചേർത്തല കാരപ്പുറം നാടൻ കലാ പഠനക്കളരിയുടെ നാടൻപാട്ടും ദൃശ്യാവിഷ്കാരവും. വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും വരവേൽപും നൽകും.
∙ വൈക്കത്തപ്പൻ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ കൂർക്കശേരി കൊട്ടാരത്തിൽ വരവേൽപ് നൽകും. രാവിലെ 6.30ന് പാരായണം, വൈകിട്ട് 6ന് ദീപക്കാഴ്ച, 7ന് തിരുവാതിര, 7.30ന് ഭക്തി ഗാനസുധ, 8.30ന് അന്നദാനം, 8.45ന് കോൽക്കളി എന്നിവ ഉണ്ടായിരിക്കും.
∙ വടയാർ കള്ളാട്ടുശേരി കൊട്ടാരത്തിൽ ജയ രഞ്ജിനി ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാത്രി 10ന് വരവേൽപ് നൽകും. വൈകിട്ട് 6.30ന് വൈക്കം ചിയേഴ്സ് അവതരിപ്പിക്കുന്ന നാടകം, 7ന് ഭക്തിഗാനാമൃതം എന്നിവ ഉണ്ടാകും.
∙ കള്ളാട്ടുശേരിയിലെ ഇറക്കിപൂജയ്ക്ക് ശേഷം തിരിച്ചെഴുന്നള്ളുന്ന വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും നിറപറയും നിറദീപവും ഒരുക്കി പ്രദേശവാസികൾ വരവേൽക്കും. വാദ്യമേളങ്ങൾ അകമ്പടിയാകും. ആറാട്ടുകുളങ്ങര, സൊസൈറ്റി ജംക്‌ഷൻ, മുരിയൻകുളങ്ങര എന്നിവിടങ്ങളിലാണ് പ്രധാനം. ആറാട്ടുകുളങ്ങര മുതൽ സ്വർണക്കുടയും വെഞ്ചാമരവും ആലവട്ടവും എഴുന്നള്ളിപ്പിന് ഉപയോഗിക്കും.
∙ ആഘോഷപൂർവം നൽകിയ വരവേൽപ് ഏറ്റുവാങ്ങി രാത്രി 2നു ശേഷം വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കും ഇതോടെ അഷ്ടമി വിളക്ക് ആരംഭിക്കും. തുടർന്ന് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നതോടെ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പാണ്. കൊടിമരച്ചുവട്ടിലും പിന്നീട് വടക്കേ ഗോപുരനടയിലും യാത്ര ചോദിച്ച് വിട പറയൽ ചടങ്ങ് പൂർത്തിയാകും. വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവർ ദു:ഖ കണ്ഠാരം രാഗത്തിൽ നാഗസ്വരം ആലപിക്കും. ഉദയനാപുരം ക്ഷേത്രത്തിൽ ഉദയനാപുരത്തപ്പൻ എത്തുന്നതോടെ കുംഭാഷ്ടമിക്കു സമാപനമാകും.