സാമ്പത്തിക നേട്ടം ഉടനെ ഉണ്ടാകുമോ? വരുമാനം എത്ര വയസ്സുവരെ? ധനരേഖയും ഫലങ്ങളും

Mail This Article
ഒരാളുടെ കയ്യിലെ ധനരേഖ കണ്ടാൽ തന്നെ അയാളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. ഈ രേഖയെ തന്നെ ഊർധ്വരേഖയെന്നും വിളിക്കുന്നു. ആയുർരേഖ തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിൽ നിന്നും ആരംഭിച്ച് വളഞ്ഞ് താഴോട്ടാണ് വരുന്നത്. ബുദ്ധിരേഖയും ഹൃദയരേഖയും കൈയുടെ കുറുകെയാണ് വരുന്നത്. ഇതിൽ ഏറ്റവും മുകളിൽ വരുന്ന രേഖയാണ് ഹൃദയരേഖ.
ധനരേഖ എവിടെവരെ എത്തിനിൽക്കുന്നു എന്നു നോക്കി എത്ര പ്രായം വരെ അയാൾക്ക് വരുമാനമുണ്ടാകുമെന്ന് മനസ്സിലാക്കാൻ സാധിക്കും. ഈ രേഖ ഹൃദയരേഖ വരെയേ എത്തുന്നുള്ളൂ എങ്കിൽ അയാൾക്ക് 40 വയസ്സുവരെ മാത്രമാകും വരുമാനം ഉണ്ടാകുക. ഹൃദയരേഖയിൽ നിന്നാണ് ധനരേഖ തുടങ്ങുന്നതെങ്കിൽ 40 വയസ്സ് മുതലാണ് അയാൾക്ക് വരുമാനം ഉണ്ടാവുക എന്നാണത് സൂചിപ്പിക്കുന്നത്. ധനരേഖ ഹൃദയരേഖയിൽ എത്തിനിൽക്കുന്നു എങ്കിൽ 60 വയസ്സ് വരെ വരുമാനമുണ്ടാകുമെന്ന് മനസ്സിലാക്കാം.
ഹൃദയരേഖക്ക് മുകളിലോട്ട് നടുവരലിന്റെ താഴെ വരെ ധനരേഖ എത്തുന്നുണ്ടെങ്കിൽ അയാൾക്ക് മരണം വരെ വരുമാനമുണ്ടെന്നും ദീർഘായുസ്സാണെന്നും കണക്കാക്കാം. ഒരാളുടെ കയ്യിൽ ഹൃദയരേഖയുടെ അടുത്തു നിന്നാരംഭിച്ച് നടുവിരലിന്റെ താഴെ വരെയെത്തുന്ന കുറിയ ധനരേഖയാണുള്ളതെങ്കിൽ അയാൾ 50 വയസ്സിന് മുകളിൽ സമ്പന്നനായി മാറും എന്നാണ് അത് സൂചിപ്പിക്കുന്നത്.
ധനരേഖയിൽ നിന്നും മുകളിലേക്ക് വരുന്ന പൊടി രേഖകൾ സാമ്പത്തിക അഭിവൃദ്ധിയാണ് സൂചിപ്പിക്കുന്നത്. ധനരേഖ മുറിഞ്ഞു കിടക്കുന്നതും കുറുകെ രേഖകൾ പോകുന്നതും സാമ്പത്തിക വ്യയവും ധനനഷ്ടവുമാണ് സൂചിപ്പിക്കുന്നത്. അതു കൊണ്ടുതന്നെ രേഖ നോക്കി സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതലെടുക്കാൻ സാധിക്കുന്നു. യാത്രാ രേഖയിൽ നിന്നാണ് ധനരേഖ തുടങ്ങുന്നത് എങ്കിൽ അയാൾക്ക് നാടുവിട്ട ശേഷമായിരിക്കും സാമ്പത്തിക നേട്ടം ഉണ്ടാവുക. അഥവാ ഇത്തരം ആളുകൾ വിദേശത്തും മറ്റും കഴിയുന്നവരായി മാറാനും സാധ്യതയുണ്ട്.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
Email: rajeshastro1963@gmail.com
Phone: 9846033337