ADVERTISEMENT

പഴയ തിരുവിതാംകൂറിലെ സപ്തമഹാക്ഷേത്രങ്ങളാണ് കന്യാകുമാരി, ശുചീന്ദ്രം, തിരുവനന്തപുരം, ഹരിപ്പാട്, അമ്പലപ്പുഴ, ഏറ്റുമാനൂർ, വൈക്കം എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങൾ. കന്യാകുമാരിയും ശുചീന്ദ്രവും ഇപ്പോൾ തമിഴ്നാട്ടിലാണ്. ശേഷം അഞ്ച് ക്ഷേത്രങ്ങളും പ്രൗഢിയോടെ നിലനിലക്കുന്നു. തിരുവനന്തപുരം പദ്മനാഭസ്വാമിയുടെ ആറാട്ടും ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിയുടെ സേവയും അമ്പലപ്പുഴയിൽ ശ്രീകൃഷ്ണസ്വാമിക്കുള്ള പന്തണ്ടുകളഭവും ഏറ്റുമാനൂരിൽ ശ്രീമഹാദേവനുള്ള ഏഴരപ്പൊന്നാന എഴുന്നെള്ളത്തും വൈക്കത്തെ ശ്രീമഹാദേവന്റെ അഷ്ടമിയുമാണ് പ്രധാന വിശേഷങ്ങളായി ഗണിച്ചുപോരുന്നത്.

ഏറ്റുമാനൂർ ഉത്സവത്തിന് ഏഴരപ്പൊന്നാന ദർശനം പുണ്യമായി കരുതുന്നു. പൊന്നാനകൾ ക്ഷേത്രത്തിന് ലഭിച്ചതിനെപ്പറ്റി ഐതിഹ്യമുണ്ട്. വേണാട് രാജ്യസ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ശ്രീപദ്മനാഭന് തൃപ്പടിദ്ദാനം നിർവഹിച്ചത് കൊല്ലവർഷം 875 (ഏ.ഡി 1750) മകരം അഞ്ചാം തീയതിയാണ്. വൈക്കം മഹാദേവക്ഷേത്രവും തിരുവിതാംകൂറിന്റെ പരിധിയിലായിരുന്നതിനാൽ അവിടെ ഏഴരപ്പൊന്നാനയെ സമർപ്പിക്കാം എന്ന് മാർത്താണ്ഡവർമ്മ കരുതി. ജനശ്രേയസ്സിനും ദോഷപരിഹാരത്തിനുമായിരുന്നു അത്. അതനുസരിച്ച് വരിക്കപ്ലാവിൽ തീർത്ത ഏഴ് ആനകളെയും ഒരു ചെറിയ ആനയെയും നിർമ്മിച്ച് സ്വർണ്ണം പൊതിഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ കാലത്ത് അത് യഥാസമയം സമർപ്പിക്കുവാൻ കഴിഞ്ഞില്ല. 1758-ൽ അദ്ദേഹം നാടുനീങ്ങി. പിന്നീട് രാജാവായ കാർത്തികതിരുനാൾ രാമവർമ്മ (ധർമരാജാ) മഹാരാജാവാണ് ആ കൃത്യം നിറവേറ്റുന്നത്. വൈക്കത്തെ അമ്പലത്തിൽ കൊടുത്തയക്കപ്പെട്ട പൊന്നാനകളിൽ ഏഴെണ്ണം രണ്ടടിയും ചെറിയത് ഒരടിയുമായിരുന്നു. അവയെ മാർഗമധ്യേ ഏറ്റുമാനൂരമ്പലത്തിൽ സൂക്ഷിച്ചു. പിറ്റേന്ന് ശേവുകക്കാർ എടുക്കാൻ ചെന്നപ്പോൾ ആനപ്പുറത്ത് സർപ്പങ്ങൾ ഇരിക്കുന്നതു കണ്ട് പിന്മാറി. പ്രശ്നവശാൽ അവ ഏറ്റുമാനൂരപ്പന് ബോധിച്ചെന്നും ആനകൾ അവിടെയിരുന്നാൽ മതിയെന്നും നിശ്ചയിച്ചു. തുടർന്നാണ് എട്ടാം ഉത്സവം മുതൽ ഭക്തദർശനത്തിനായി പൊന്നാനകളെ ആസ്ഥാനമണ്ഡപത്തിൽ വെക്കുന്നത്.

കാർത്തികതിരുനാൾ മഹാരാജാവ് കൊല്ലവർഷം 934 ഇടവം പന്ത്രണ്ടാം തീയതിയാണ് ഏഴരപ്പൊന്നാനകളെ സമർപ്പിക്കുന്നത്. അതിനു മുമ്പ് ശ്രീപദ്മനാഭക്ഷേത്രത്തിൽ അനന്തഗോപൻ എന്നൊരു കൊമ്പനാനയെ നടയ്ക്കുവെച്ചിരുന്നു. ഏഴരപ്പൊന്നാനകൾ ഐരാവതം, പുണ്ഡരീകൻ, വാമനൻ, കുമുദൻ, അഞ്ജനൻ, പുഷ്പദന്തൻ, സാർവഭൗമൻ, സുപ്രതീകൻ എന്നീ അഷ്ടദിഗ്ഗജങ്ങളെയാണ് സൂചിപ്പിക്കുന്നത്. ദീപാരാധനയ്ക്കുശേഷം തൃപ്പാദപീഠഭസ്മം വലിയ കൊട്ടാരത്തിലേക്ക് ദിവസേന അയക്കുമായിരുന്നു. വൈക്കത്തപ്പന് നേർന്നത് ഏറ്റുമാനൂരപ്പനു സിദ്ധിച്ചതിനാൽ വൈക്കം ക്ഷേത്രത്തിൽ കാർത്തികതിരുനാൾ ഒരു സഹസ്രകലശം നടത്തുകയും സ്വർണ്ണനെറ്റിപ്പട്ടം സമർപ്പിക്കുകയും ചെയ്തു. ഏറ്റുമാനൂരേയ്ക്ക് കൊണ്ടുപോയ ഏഴപ്പൊന്നാനകളെ കയറ്റിയ തോണി കരുമാടിക്കഴിഞ്ഞ് അമ്പലപ്പുഴ കടവിൽ അടുത്തപ്പോൾ അപ്രതീക്ഷിതമായി ഒരു തുരുത്ത് കാണപ്പെട്ടുവെന്നും അത് ഭഗവാൻ ശ്രീകൃഷ്ണന്റെ മായകൊണ്ടാണെന്ന് പ്രശ്നവശാൽ അറിഞ്ഞ് അമ്പലപ്പുഴക്ഷേത്രത്തിലേക്ക് കാർത്തികതിരുനാൾ മഹാരാജാവ് ഒരു രത്നപതക്കം സമർപ്പിക്കുകയുണ്ടായിയെന്നും ഒരു ഐതിഹ്യമുണ്ട്.

English Summary:

aptamahakshethrangal, seven major temples of Travancore, Kanyakumari, Suchindram, Thiruvananthapuram, Haripad, Ambalapuzha, Ettumanoor, Vaikom, Padmanabhaswamy Temple, Subramanyaswamy Temple, Sreekrishnaswamy Temple, Sreemahadeva Temple, Aarattu, Seva, Pandalukalabhavam, Ezharaponnaana, Anizham Thirunal Marthanda Varma, Karthika Thirunal Rama Varma, Kerala temples, Travancore temples, temple festivals, Malayalam temples, ക്ഷേത്രങ്ങൾ, ത്രവൻകൂർ ക്ഷേത്രങ്ങൾ, പത്മനാഭസ്വാമി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എഴുതപ്പൊന്നാന, ക്ഷേത്രോത്സവങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com