ശനി രാശി മാറുന്നു, ദോഷത്തെ ഭയപ്പെടേണ്ട; അനുഷ്ഠിക്കേണ്ടത് അഞ്ച് ‘അ’

Mail This Article
ശനിദോഷ കാലത്ത് സാധാരണയായി നമുക്ക് പൊതുവിൽ ഒരു മന്ദത ഉണ്ടായിരിക്കും. ശനി പന്ത്രണ്ടിൽ വരുമ്പോൾ ശാരീരിക പീഡനങ്ങൾ ഉണ്ടാകുന്നു. ചിന്താശേഷി കുറയുന്നു. ഒന്നാം ഭാവത്തിൽ ശനി സഞ്ചരിച്ചാൽ വാതജന്യരോഗവും രണ്ടാം ഭാവത്തിൽ സഞ്ചരിച്ചാൽ അലസതയും നാലാംഭാവത്തിൽ സഞ്ചരിച്ചാൽ ദാമ്പത്യ ദുഃഖവും പത്താം ഭാവത്തിൽ സഞ്ചരിച്ചാൽ കർമത്തിന് തടസ്സവും ഫലം.
പരിഹാരങ്ങൾ
ശനിദോഷ കാലയളവിൽ അഞ്ച് ‘‘അ’’ അനുഷ്ഠിക്കണം എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട്. അഭ്യംഗം, അലക്കുവസ്ത്രം, അയ്യപ്പ സേവ, അരയാൽ പ്രദക്ഷിണം, അത്താഴം മുടക്ക് എന്നിവയാണവ.
1. അഭ്യംഗം – അഭ്യംഗം എന്നു പറഞ്ഞാൽ തേച്ചു കുളി. നല്ല എള്ളെണ്ണ ശരീരം മുഴുവൻ തേച്ചു കുളിക്കുക. ശനിയുടെ ഊർജപ്രസരം ശരീരത്തിലേക്ക് ഏൽക്കുന്നതിനെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ ഇതു സഹായിക്കുന്നു. ശനിക്ക് പ്രാധാന്യമുള്ള ദിവസമായ ശനിയാഴ്ച ദിവസങ്ങളില്‍ ഈ അഞ്ച് ‘‘അ’’ അനുഷ്ഠിക്കണം എന്നാണ് പറയുന്നത്.
2. അലക്കു വസ്ത്രം – ശനിദോഷ സമയങ്ങളിൽ ശനിയാഴ്ച ദിവസം അലക്കി ശുചിയായ വസ്ത്രങ്ങൾ ധരിക്കണം എന്നു പറയുന്നു.
3. അയ്യപ്പ സേവ – ഈശ്വരനായിട്ടുള്ള അയ്യപ്പനെ സേവിക്കുവാൻ പറയുന്നു. ഇതിൽ ഒരു ശാസ്ത്രീയ പ്രാധാന്യം ഉള്ളത് എന്താണെന്നാൽ അയ്യപ്പ ക്ഷേത്രത്തിൽ എപ്പോഴും നീരാഞ്ജനം കത്തിക്കും. എള്ള് കത്തുമ്പോഴുണ്ടാകുന്ന ഊർജ പ്രസരണം നമ്മുടെ ശരീരത്തിലേക്കു കടക്കുന്നു. ഇത് നമുക്കുണ്ടാകുന്ന മന്ദത മാറുന്നതിന് സഹായിക്കുന്നു.
4. അരയാൽ പ്രദക്ഷിണം – രാവിലെ 8.30 നു മുമ്പായി ആലിന്റെ ചുവട്ടിൽ വേഗത്തിൽ നടന്ന് പ്രദക്ഷിണം വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിലുള്ള പ്രതികൂല ഊർജത്തിനെ പുറന്തള്ളുകയും പ്രാണോർജം ലഭിക്കുകയും ചെയ്യുന്നു. അങ്ങനെ 9, 11 പ്രദക്ഷിണം വയ്ക്കുക.
5. അത്താഴം മുടക്ക് – മൂന്ന് നേരം ആഹാരം കഴിക്കുന്നതിൽ നിന്ന് ഒരു നേരം ആഹാരം ഒഴിവാക്കുന്നതാണ് അത്താഴം മുടക്ക്. ശാരീരികമായ ആരോഗ്യപ്രവർത്തനത്തിന് വളരെ നല്ലതാണ്. ഇവയൊക്കെയാണ് ശനിദോഷ സമയത്ത് മുഖ്യമായും അനുഷ്ഠിക്കേണ്ട ഫലവത്തായ കാര്യങ്ങൾ.
ഇത്രയും കാര്യങ്ങൾ ചെയ്താൽ ശനിദോഷ കാഠിന്യം വളരെയധികം കുറയ്ക്കാൻ സാധിക്കും. ഇത് ചെയ്യാൻ സാധിക്കാത്തവർ സ്വന്തം വീട്ടിൽ ഇരുമ്പു പാത്രത്തിൽ കറുത്ത എള്ള് കിഴി കെട്ടി എള്ളെണ്ണ ഒഴിച്ച് തിരി കത്തിച്ച് രണ്ടോ മൂന്നോ മിനിറ്റ് പ്രാർഥിച്ച് വണങ്ങുക. ആ സമയത്തുണ്ടാകുന്ന ഊർജപ്രസരണം ശ്വസിച്ചാൽ നമുക്ക് വളരെയധികം മാറ്റം ഉണ്ടാകും. ശനിയെ പ്രാർഥിക്കുക. ശനി ഒരിക്കലും ഒരു ദുഷ്ടമൂർത്തിയോ ദുർദേവതയോ ദുരിതം തരുന്ന ആളോ അല്ല, മോക്ഷം തരുന്ന ആളാണ് ശനി.