ADVERTISEMENT

ഭാഗ്യപ്പെരുമഴയിൽ ഈ തീയതികളിൽ ജനിച്ചവർ; ജനനത്തീയതികളിൽ മാറിമറിയുന്ന ഭാവി
ജനന തീയതിയും മാസവും വർഷവുമെല്ലാം കൂട്ടിച്ചേർക്കുമ്പോൾ കിട്ടുന്ന സംഖ്യ ഓരോ വ്യക്തിയുടെയും ഭാവി തീരുമാനിക്കുന്നതിൽ വലിയ സ്വാധീനം  ചെലുത്തുന്നുണ്ട്. വിവാഹം, ജോലി, ആരോഗ്യം, സാമ്പത്തിക നില, പ്രശസ്തി, അധികാരം എന്നിവയെല്ലാം ജനനത്തീയതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പേരും ജനനത്തീയതിയുമായും ചേരുന്നതാവണം. അല്ലാത്തപക്ഷം അത് പല പ്രശ്നങ്ങൾക്കും കാരണമാകാമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. നക്ഷത്രം, ജനനസമയം, ഗ്രഹനില എന്നിവയൊക്കെ പോലെ ഓരോ വ്യക്തിയുടെ പേരും ജനന തീയതിയും ഭാഗ്യനിർഭാഗ്യങ്ങൾ നിർവചിക്കും. ജനിച്ച ശേഷം തീയതി മാറ്റാൻ പറ്റില്ലെങ്കിലും പേരിൽ മാറ്റം വരുത്താൻ സാധിക്കുന്നതാണ്. അത് മാത്രമാണ് പരിഹാരവും. 

1,10,19,28  തീയതികളിൽ ജനിച്ചവർ
ഒന്ന് സൂര്യനെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ്. ജന്മസംഖ്യ ഒന്ന് വരുന്നവർ പ്രഥമഗണനീയരാകും. രൂപത്തിലും ഭാവത്തിലും വ്യക്തി പ്രഭാവം ഉള്ളവരാകും. ഇവർ പ്രത്യേകം ശ്രദ്ധിക്കപ്പെടും. ആരുടെ മുന്നിലും തലകുനിക്കില്ല. ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങൾ വിജയിപ്പിക്കാതെ പിൻമാറില്ല.

2,11,20,29 തീയതികളിൽ ജനിച്ചവർ
ചന്ദ്രനെ പ്രതിനിധീകരിക്കുന്ന സംഖ്യയാണിത്. ഇവർ സൗമ്യശീലരും ആജ്ഞാശക്തിയുള്ളവരുമാകും. പൊതുജന പ്രീതി നേടുന്നവരാകും . തികഞ്ഞ ഭക്തരായിരിക്കും ഇവർ. നീതിക്കുവേണ്ടി പോരാടും. വൈരാഗ്യവും മുൻകോപവും ഈ തീയതികളിൽ ജനിച്ചവർക്ക് കൂടുതലാകും. പരോപകാരങ്ങൾ ചെയ്യുന്നതിലും മുന്നിലായിരിക്കും.

3,12, 21,30 തീയതികളിൽ ജനിച്ചവർ
വ്യാഴം അഥവാ ഗുരുവിന്റെ സംഖ്യയാണിത്. എല്ലാവരുടെയും പ്രശംസയും ആദരവും നേടും. എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയോടെ ചെയ്യുന്നതും ഇവരുടെ പ്രത്യേകതയാണ്. വിദ്യ അന്യർക്ക് പകർന്ന് കൊടുക്കുന്നവരാകും. മറ്റുള്ളവരുടെ അനുകമ്പ നേടാൻ ശ്രമിക്കില്ല. ഉറച്ച ആത്മവിശ്വാസവും ആജ്ഞാശക്തിയും ഇക്കൂട്ടരുടെ സവിശേഷതയാണ്.

4,13,22,31 തീയതികളിൽ ജനിച്ചവർ
രാഹുവിന്റെ സംഖ്യയാണിത്. എന്തിനെയും ഏതിനെയും വിമർശിക്കുന്നവരാണ് ഇക്കൂട്ടർ. സൗമ്യമായി സംസാരിക്കില്ല. ധാരാളം ശത്രുക്കളെ സമ്പാദിക്കുന്നവരാണ്. എന്തും വെട്ടി തുറന്നു പറയുന്നത് ഇവർക്ക് വിനയാകും. എന്ത് കാര്യവും പൂർണമായി ഗ്രഹിക്കാൻ കഴിവുള്ളവരാണ്. വിജയം ഉറപ്പാണെങ്കിൽ മാത്രമേ അതിനു പുറപ്പെടുകയുള്ളൂ. ഭക്ഷണ പ്രിയരായിരിക്കും ഈ തീയതികളിൽ ജനിച്ചവർ.

5,14,23 തീയതികളിൽ ജനിച്ചവർ
ബുധന്റെ സംഖ്യയാണിത്. പാണ്ഡിത്യവും ഭാവനയുമുള്ള ഇവർ അദ്ഭുതങ്ങൾ സൃഷ്ടിക്കും. ഫലിതപ്രിയരായിരിക്കും. സൗന്ദര്യവുള്ളവരാണ്. ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകും. സ്വന്തം പ്രയത്നം കൊണ്ട് ഉന്നത പദവിയിലെത്തും. ബഹുജന സമ്പർക്കമുണ്ടാകും. നിമിഷനരം കൊണ്ട് തീരുമാനങ്ങളിലെത്താൻ കഴിയും.

6,15,24 തീയതികളിൽ ജനിച്ചവർ
ശുക്രന്റെ സംഖ്യയാണിത്. ഇവർ വളരെ ആകർഷക ശക്തിയുള്ളവരാണ്. കലാകാരന്മാരും സൗന്ദര്യാരാധകരുമാകും. പരാജയത്തിൽ തളർന്നു പോകില്ല. പേര് കിട്ടുന്ന കാര്യങ്ങള്‍ക്ക് ഇവർ ഇറങ്ങിപ്പുറപ്പെടും. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ ഇവരെ കാണാനാകൂ. വിജയം നേടുന്നതുവരെ പരിശ്രമിക്കുന്നവരാണ്.

7,16,25 തീയതികളിൽ ജനിച്ചവർ
കേതുവിന്റെ സംഖ്യയാണിത്. വിശ്വസ്തരും ശുദ്ധാത്മാക്കളുമാണ്. വൃത്തിയായി വസ്ത്രം ധരിക്കുന്നവരാകും. നല്ല ഉയരം ഇവരുടെ പ്രത്യേകതയാണ്. വാക്കുകൾ സൂക്ഷിച്ച്മാത്രം സംസാരിക്കും. എല്ലാ കാര്യത്തിനും സ്വന്തമായ അഭിപ്രായമുണ്ടാവും. വിജ്ഞാനം സമ്പാദിക്കാൻ തല്പരരാണ്. എഴുത്തുകാരോ ചിത്രകാരന്മാരോ ആകാം.

8,17,26 തീയതികളിൽ ജനിച്ചവർ
ശനിയുടെ സംഖ്യയാണിത്. നന്മയും തിന്മയും ഒരുപോലെയുള്ള ഒരു സംഖ്യയാണിത്. വലിയ വിജയങ്ങൾ നേടുന്നവരാകാം നേരെ മറിച്ചും സംഭവിക്കാം.. സർവസംഘപരിത്യാഗികളാകാനും സാധ്യതയുണ്ട്. ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. മനസ്സലിവും മറ്റുള്ളവരെ സഹായിക്കാനുള്ള താല്പര്യമുള്ളവരുമാണ് ഈ തീയതികളിൽ ജനിച്ചവർ. പണമുണ്ടെങ്കിലും ലുബ്ധരാകും.

9,18,27 തീയതികളിൽ ജനിച്ചവർ
ചൊവ്വയുടെ അഥവാ കുജന്റെ സംഖ്യയാണിത്. സ്ഥിരോൽസാഹം കൊണ്ട് വിജയം നേടുന്നവരാണ് ഇക്കൂട്ടർ. സൈനിക സേവനമനുഷ്ഠിക്കാനിടയുണ്ട്. കലഹപ്രിയരായിരിക്കും. എന്തും സഹിക്കാനുള്ള മനോബലം ഇവർക്കുണ്ടാകും. ധാരാളം പണം സമ്പാദിക്കും. ഇഷ്ടപ്പെട്ടവരെ കൈയ്യയച്ചു സഹായിക്കാനും ഈ തീയതികളിൽ ജനിച്ചവർക്ക് മടിയില്ല.

English Summary:

Birth date numerology reveals your future potential. Understanding your birth number can provide insights into your personality, strengths, and life path.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com