ആണ്ടുപിറവിയുടെ വിഷുപ്പുലരി, കണികാണൽ പ്രധാനം; വിഷുക്കൈനീട്ടവും വിഷു ആഘോഷവും

Mail This Article
കൊന്നപ്പൂവും കണിവെള്ളരിയും ചക്കയും മാങ്ങയുമൊക്കെ ഐശ്വര്യം നിറഞ്ഞ പ്രകൃതിയുടെ തുടിപ്പു തന്നെ. അതിനൊപ്പം വയ്ക്കുന്ന വാൽക്കണ്ണാടിയിൽ പ്രതിഫലിക്കുന്നതു നമ്മുടെ തന്നെ ജീവാത്മാവും. അടുത്ത ഒരു കൊല്ലം മുഴുവൻ നമ്മുടെ ജീവാത്മാവിൽ നിറയേണ്ടതു പ്രകൃതിയുടെ ഈ തുടിപ്പു തന്നെയാകണം. അതിനാണു വിഷുക്കണി. വീട്ടിലുള്ളവർ മാത്രം വിഷുക്കണി കണ്ടാൽ പോരാ. തൊഴുത്തിലെ പശുവിനെയും പറമ്പിലെ മരങ്ങളെയും പാടത്തെ നെൽച്ചെടികളെയുമൊക്കെ കണി കാണിക്കും. കുളക്കരയിലെത്തി കുളത്തെപ്പോലും കണി കാണിക്കും! അത്രയേറെ ഉദാത്തമാണു വിഷുക്കണി എന്ന സങ്കൽപം.
പ്രകൃതിയുടെ തുടിപ്പ്
ആണ്ടുപിറവിയുടെ വിഷുപ്പുലരിയിൽ കണികാണലാണു പ്രധാനം. അതു കഴിഞ്ഞാൽ വിഷുക്കൈനീട്ടവും വിഷു ആഘോഷവും. വരുന്ന ഒരു കൊല്ലം മുഴുവൻ നന്മയുടേതാക്കുകയാണു വിഷുക്കണി. പൂജാമുറിയിൽ വിഷുക്കണിയായി കാണുന്നതും ഈ പ്രകൃതിയെത്തന്നെയാണ്. സൂര്യസംക്രമസമയത്തിന്റെ അടിസ്ഥാനത്തിൽ അപൂർവം ചില വർഷങ്ങളിൽ മേടം 2നു വിഷു വരാമെങ്കിലും ഇക്കൊല്ലം വിഷു മേടം ഒന്ന് ആയ ഏപ്രിൽ 14നു തന്നെ.
വിഷുക്കണിയിൽ എന്തൊക്കെ?
പ്രപഞ്ചത്തിന്റെ പ്രതീകമായ ഓട്ടുരുളിയിൽ ആദ്യം ഉണക്കലരി നിരത്തണം. തനിമയാർന്ന ധാന്യസമൃദ്ധിയിലാണു ജീവിതത്തിന്റെ നിലനിൽപ്. അന്നാദ് ഭവന്തി ഭൂതാനി... അന്നത്തിൽ നിന്നാണ് ഇക്കാണുന്നതെല്ലാം ഉണ്ടാകുന്നത് എന്നു ഭഗവദ്ഗീത. ഓട്ടുരുളിയിലെ ഉണക്കലരിയിൽ വയ്ക്കുന്നതോ- സ്വർണനിറമുള്ള കണിവെള്ളരിക്ക, കൊന്നപ്പൂക്കുല, വെറ്റില, പഴുക്കടയ്ക്ക, നാളികേരം, കസവുമുണ്ട്, അതിൽ ചാർത്തി സ്വർണമാല, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, ഗ്രന്ഥം, പിന്നെ, ചക്ക, മാങ്ങ തുടങ്ങി വീട്ടുവളപ്പിൽ വിളഞ്ഞ എല്ലാ ഫലങ്ങളും. പ്രകൃതിയുടെ സമ്പൽസമൃദ്ധിയുടെ പ്രതീകമാണ് ഇവയെല്ലാം. എല്ലാം ഒരുക്കിവച്ച ഓട്ടുരുളിക്കടുത്തു നിലവിളക്കു കൂടി കത്തിച്ചുവയ്ക്കുന്നതോടെ വിഷുക്കണി ഒരുങ്ങി. ആ ഓട്ടുരുളിക്കരികിൽ ഓടക്കൂഴലൂതി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ വിഗ്രഹം വിഷുക്കണിയിൽ ഭഗവത് ചൈതന്യവുമേകുന്നു.