വിഷു– കേരളത്തിന്റെ വസന്തോത്സവം

Mail This Article
വിഷുവും ഓണവും മലയാളികളുടെ ഹൃദയംഗമമായ രണ്ട് ഉത്സവങ്ങളാണ്. ജ്യോതിഷപ്രകാരം മേടമാസമാണ് വർഷഗണനയ്ക്ക് ആദ്യമായി സ്വീകരിച്ചിരിക്കുന്ന മാസം. ആറ് ഋതുക്കളിൽ വസന്തം കേരളത്തിൽ മേടം– ഇടവം മാസങ്ങളിലാണ് (ഏപ്രിൽ–മേയ്) ഇത് യഥാക്രമം വർഷം (മിഥുനം– കര്‍ക്കടകം, ഇംഗ്ലിഷ് ജൂൺ– ജൂലൈ), ശരത് (ചിങ്ങം– കന്നി, ഇംഗ്ലിഷ് ഓഗസ്റ്റ്– സെപ്റ്റംബർ), ഹേമന്തം (തുലാം–വൃശ്ചികം, ഇംഗ്ലിഷ് ഒക്ടോബർ–നവംബർ), ശിശിരം (ധനു–മകരം, ഇംഗ്ലിഷ് ഡിസംബർ – ജനുവരി), ഗ്രീഷ്മം (കുംഭം–മീനം, ഇംഗ്ലിഷ് ഫെബ്രുവരി– മാർച്ച്) എന്നിങ്ങനെ വരും.
വിഷുവിന് വിഷുവം അഥവാ വിഷുവത്ത് എന്നും പേരുണ്ട്. മേടത്തിലെയോ തുലാത്തിലെയോ സന്ധിക്ക് (Equinox) പറയുന്ന പേരാണിത്. ഈ അവസ്ഥയിൽ രാവും പകലും തുല്യമായിരിക്കും. സൂര്യൻ മീനരാശിയിൽ നിന്ന് മേടരാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷുസംക്രാന്തി. മീനത്തിന് മീനിന്റെ രൂപവും മേടത്തിന് (മേഷം) ആടിന്റെ ആകൃതിയുമാണ്.
കലിയുഗാരംഭം, സൂര്യന്റെ ഉച്ചപ്രവേശം, വസന്ത–ചൈത്ര കാലം, കൃഷിയുടെ ആരംഭം തുടങ്ങിയ സവിശേഷതകൾ മുൻനിർത്തി മേടവിഷുവാണ് കേരളത്തിൽ ആഘോഷിക്കുന്നത്. വിഷുവെടുക്കൽ പണ്ടുമുതലെ േകരളത്തിലുള്ള ഒരു ആചാരമാണ്. വിഷുക്കണി തലേന്നു രാത്രി ഒരുക്കിവയ്ക്കും. ഓണത്തിന് തുമ്പ പോലെ വിഷുവിന് പ്രധാനമാണ് കൊന്ന. സംസ്കൃതത്തിൽ ഇതിന് കർണികാരം എന്നു പറയും. സ്വർണവർണമായ ഇതിന്റെ പൂമ്പൊടി പൂശിയാൽ ദേഹത്തിന് നല്ല നിറം വരുമെന്ന് അർഥശാസ്ത്രത്തിൽ പറയുന്നു. ‘കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ പട്ടിണി’ എന്നൊരു പഴമൊഴിയുണ്ട്. മേടമാസത്തിൽ ജോലി ചെയ്തില്ലെങ്കിൽ തുലാത്തിൽ പട്ടിണിയാകും എന്ന് സാരം. രാമചരിതത്തിൽ ശിവനെ കൊന്നയണിന്ത ചെടയണ്ണൻ എന്ന് വിശേഷിപ്പിക്കുന്നു. ഇലകളേക്കാൾ കൊന്നമരത്തിന് അധികവും പൂക്കളാണ്.
വിഷുവിന്റെ ആഗമനം അറിയിക്കുന്നത് വിഷുപക്ഷിയാണെന്ന് ഒരു സങ്കൽപമുണ്ട്. ചാരവും തവിട്ടും വരയും കുറിയുമുള്ള പക്ഷി പറയുന്നത് ‘ചക്കയ്ക്കുപ്പുണ്ടോ? വിത്തും കൈക്കോട്ടും’ എന്നാണത്രേ. ഓട്ടുരുളിയിലാണ് കണിവെക്കുക. കൊന്നപ്പൂക്കൾ, ഉണക്കലരി, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, മാങ്ങ, തേങ്ങ, ചക്ക, വെള്ളരിക്ക, സ്വർണം എന്നിവ വെക്കണം. വിഷുദിനം വെളുപ്പാൻകാലത്ത് വിളക്കുകത്തിക്കുന്നത് ആദ്യം ഉണരുന്നയാളായിരിക്കണം. കൃഷ്ണവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കുന്നത്. സൂര്യൻ ഉദിക്കുന്നതിനു മുമ്പേ കണി കണ്ട് തൊഴണം. കണി കണ്ടുകഴിഞ്ഞാൽ എല്ലാവർക്കും വിഷുക്കൈനീട്ടം നൽകും. കുളികഴിഞ്ഞ് ക്ഷേത്രദർശനമാകാം. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യവേണം. രാത്രിയിൽ പടക്കം പൊട്ടിക്കുകയും മത്താപ്പ് കത്തിക്കുകയും ചെയ്യും. വിഷുവിന് കൊടിയേറുന്ന രണ്ടു ക്ഷേത്രങ്ങളാണ് ഹരിപ്പാട് സുബ്രഹ്മണ്യന്റെയും തിരുവാര്‍പ്പ് ശ്രീകൃഷ്ണന്റെയും. വിഷുവാഘോഷം പത്താമുദയം വരെ നീളും. ദേവീക്ഷേത്രങ്ങളിൽ കുംഭകുടവും അമ്മൻകുടവും പതിവുണ്ട്.
സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദാനശീലത്തിന്റെയും മറ്റും പ്രതീകമായ വിഷു മലയാളികൾക്കാകമാനം ആഹ്ലാദകരമാണ്. വടക്കേ ഇന്ത്യയിൽ ബിഹു എന്നും മറ്റു പേരായി ഈ ഉത്സവം സമാനകാലയളവിൽ കൊണ്ടാടാറുണ്ട്.