സ്ത്രീകളുടെ ഇടതു കണ്ണും പുരുഷൻമാരുടെ വലതു കണ്ണും തുടിച്ചാൽ?

Mail This Article
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സദ് പ്രവർത്തികളും ചെയ്യുന്നവർക്ക് എപ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും എന്നും കരുതി പോരുന്നു. ജീവിതത്തിലെ വിഷമഘട്ടങ്ങളിലോ അല്ലെങ്കിൽ പരാജയം നേരിടുന്ന സമയത്തോ ഇനി എന്നാവും ഭാഗ്യം പിന്തുണയ്ക്കുക എന്ന ചിന്തിച്ചു പോകാറില്ലേ? അത് പ്രവചനാതീതമാണെങ്കിലും ഭാഗ്യം നിങ്ങൾക്ക് സമീപത്തു തന്നെയുണ്ട് എന്നതിന് പ്രകൃതി തന്നെ ചില സൂചനകൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
വരാൻ പോകുന്ന കാര്യങ്ങളുടെ ദൈവം തരുന്ന സൂചനയായാണ് നിമിത്തങ്ങളെ കണക്കാക്കുന്നത്. യാത്ര പുറപ്പെടാൻ പോകുമ്പോൾ കാണുന്ന കാഴ്ചകളും കേൾക്കുന്ന ശബ്ദങ്ങളും ഒക്കെ നിമിത്തമായി എടുക്കാറുണ്ട്. ഏതെങ്കിലും വിശേഷ കാര്യങ്ങളുടെ ആരംഭത്തില്‍ കാണപ്പെടുന്ന ശുഭമായ അല്ലെങ്കില്‍ അശുഭമായ ലക്ഷണം എന്നാണ് നിമിത്തം എന്ന വാക്കിന്റെ അർഥം. ജ്യോത്സനെ കാണാൻ വരുമ്പോൾ വരുന്നയാൾ പറയുന്ന വാക്ക് ഇരിക്കുന്ന സ്ഥലം കൈകൊണ്ട് തൊടുന്നത് എവിടെ? ആ സമയത്ത് ജ്യോത്സ്യന്റെ ശ്വാസഗതി എങ്ങനെ എന്നീ കാര്യങ്ങൾ നിമിത്തമായി എടുക്കാറുണ്ട്. നിമിത്തം കൊണ്ട് തന്നെ പല കാര്യങ്ങളും ജ്യോത്സ്യന്മാർക്കും വൈദ്യന്മാർക്കും പറയാതെതന്നെ മനസ്സിലാക്കാൻസാധിക്കും. തനിക്ക് അറിയേണ്ട കാര്യം ജ്യോത്സ്യൻ ആദ്യമേ പറയുമ്പോൾ വന്നയാൾ അദ്ഭുതപ്പെടും. മണിനാദം, ശംഖ് നാദം തുടങ്ങിയവയൊക്കെ ശുഭലക്ഷണങ്ങളാണ്. മരണവാർത്തയും മറ്റും കേൾക്കുന്നത് അശുഭമായി കണക്കാക്കുന്നു. വിവാഹ കാര്യം അന്വേഷിച്ച് സ്ത്രീയും പുരുഷനും വരുന്നത് ശുഭ ലക്ഷണമാണ്. മറിച്ചുള്ളത് നന്നല്ല.

മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ തുടിക്കാത്തവരുണ്ടാകില്ല. കണ്ണുകൾ തുടിക്കുന്നതിന് ഭാഗ്യ നിർഭാഗ്യങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട്. ഇടത്തെ കണ്ണും വലത്തേ കണ്ണും തുടിക്കുന്നതിന് വ്യത്യസ്ത ഫലങ്ങളാണ്. ഇടം കണ്ണ് തുടിക്കുന്നത് ഭാഗ്യം വരുന്നതിന്റെ സൂചനയാണെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം വലം കണ്ണാണ് തുടിക്കുന്നതെങ്കിൽ അത് അത്ര നല്ല സൂചന അല്ല. നിർഭാഗ്യങ്ങൾ തേടിയെത്തുമെന്ന് ഇതിലൂടെ മനസ്സിലാക്കാം. പൊതുവേ സ്ത്രീകൾക്ക് ഇടതുകണ്ണ് തുടിക്കുന്നത് ശുഭവും വലതുകണ്ണ് തുടിക്കുന്നത് അശുഭ ഫലങ്ങളും നൽകുന്നു. പുരുഷൻമാർക്ക് നേരെ മറിച്ചാണ്. പുരുഷന്റെ വലതുകണ്ണ് തുടിക്കുകയാണെങ്കില്‍ പ്രിയപ്പെട്ടവരെയോ പങ്കാളിയെയോ കണ്ടുമുട്ടാനാകുമെന്നാണ് വിശ്വാസം. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യം ഉടൻ നടക്കാൻ പോകുന്നതിന്റെ സൂചനയായും കരുതുന്നു. ചുരുക്കത്തിൽ നല്ല കാര്യങ്ങൾ നടക്കാൻ പോകുന്നു എന്നു സൂചന. ഇടതുകണ്ണ് തുടിക്കുകയാണെങ്കില്‍ ദുഃസൂചനയായി കരുതണം. മാത്രമല്ല പ്രശ്നങ്ങളിൽ ചെന്നുപെടാൻ സാധ്യതയുമുണ്ട്. കുറച്ചു കരുതിയിരിക്കണം എന്നു ചുരുക്കം.
പക്ഷി ശരീരത്തിൽ കാഷ്ഠിച്ചാൽ അതിനോളം അരോചകമായ കാര്യം മറ്റൊന്നും ഉണ്ടാകില്ല. തലയിലാണ് പക്ഷി കാഷ്ഠം വന്നുപതിക്കുന്നതെങ്കിൽ പറയുകയും വേണ്ട. അല്പം ദേഷ്യം തോന്നുമെങ്കിലും ഇത് ശുഭ സൂചനയായാണ് കണക്കാക്കേണ്ടത്. പല ഏഷ്യൻ രാജ്യങ്ങളിലെയും വിശ്വാസങ്ങൾ പ്രകാരം പക്ഷി കാഷ്ഠം തലയിൽ വന്നു പതിക്കുന്നത് സാമ്പത്തിക ഭാഗ്യമുണ്ടാകുമെന്നതിന്റെ സൂചനയാണ്.
ചിത്രശലഭങ്ങൾ വിരുന്നെത്തുന്നത് ഭാഗ്യവും സന്തോഷവും കുടുംബത്തിൽ നിറയും എന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. പുഴുവായും ശലഭമായും ഒരേ ജീവിതം ജീവിച്ചു തീർക്കുന്ന ചിത്രശലഭങ്ങൾ വീട്ടിലെത്തുന്നത് പുനർ ജന്മത്തിന്റെ സൂചനയായും കരുതുന്നുണ്ട്.