മഹാലക്ഷ്മി അനുഗ്രഹം ചൊരിയുന്ന ദിവസം; പുണ്യം നിറഞ്ഞ അക്ഷയ തൃതീയ

Mail This Article
സ്വർണം വാങ്ങാൻ അക്ഷയ തൃതീയ ഏറ്റവും നല്ല ദിവസമായി കരുതുന്നു. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു അക്ഷയ തൃതീയ. ഈ ദിവസം ചെയ്യുന്ന സൽകർമങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ലെന്നാണ് പുരാതന കാലം മുതൽക്കേയുള്ള വിശ്വാസം. ഈദിവസം ദാനധർമങ്ങൾ നടത്തുന്നതും പുണ്യമാണ്. വിഷ്ണു അവതാരങ്ങളായ പരശുരാമൻ, ബലഭദ്രൻ എന്നിവർ ജനിച്ച ദിവസം, ഭഗവതി അന്നപൂർണേശ്വരിയുടെ അവതാര ദിവസം, മഹാലക്ഷ്മി അനുഗ്രഹം ചൊരിയുന്ന ദിവസം തുടങ്ങിയ പ്രത്യേകതകളുമുണ്ട്.
പരശുരാമ ജയന്തി, ബലഭദ്ര ജയന്തി അഥവാ കർഷകരുടെ പുണ്യ ദിവസം, സമൃദ്ധിയുടെ ദിവസം എന്നൊക്കെ പ്രാദേശികമായി പല പേരുകളിൽ ഈ ദിവസം അറിയപ്പെടാറുണ്ട്. അന്നപൂർണ ദേവിയുടെ അവതാര ദിവസം ആയതിനാൽ ഭഗവതി ക്ഷേത്രങ്ങളിൽ ഇത് വിശേഷമാണ്. പണ്ട് ഈ ദിവസം അന്തർജനങ്ങൾ പണം, കുട, വടി, ചെരിപ്പ്, വിശറി തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുമായിരുന്നുള്ളൂ.
ഗുരുവായൂർക്ഷേത്രത്തിലും ലക്ഷ്മി നാരായണ പ്രാധാന്യമുള്ള ചോറ്റാനിക്കര ക്ഷേത്രത്തിലും അന്ന് വിശേഷമാണ്. ജൈനമത വിശ്വാസികളും അക്ഷയ തൃതീയ ഒരു പുണ്യ ദിവസമായി കാണുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ പാഞ്ചാലിക്ക് അക്ഷയപാത്രം നൽകിയ ദിവസമാണിതെന്നും വിശ്വാസമുണ്ട്.