ക്ഷയിക്കാത്ത ഐശ്വര്യവുമായി അക്ഷയതൃതീയ, അനുഷ്ഠാനം ഇങ്ങനെ

Mail This Article
വൈശാഖമാസത്തിലെ വിശേഷ ദിവസങ്ങളിൽ ഏറെ പ്രാധാന്യം നിറഞ്ഞ ഒന്നാണ് 'അക്ഷയതൃതീയ'. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 30 നാണ് അക്ഷയ തൃതീയ ആചരിക്കുന്നത്. അക്ഷയ തൃതീയ ദിനത്തിൽ അനുഷ്ഠിക്കുന്ന കർമ്മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയതൃതീയ എന്നു പേരുണ്ടായത്.
അക്ഷയ തൃതീയ ദിവസം എങ്ങനെയാണ് ആചരിക്കേണ്ടത്?
വിഷ്ണുധർമ്മ സൂത്രത്തിലാണ് അക്ഷയ തൃതീയയെക്കുറിച്ചുള്ള പരാമർശം കാണുന്നത്. മത്സ്യപുരാണത്തിലും നാരദീയപുരാണത്തിലും അക്ഷയ തൃതീയയെ പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും അന്നു ചെയ്യപ്പെടുന്ന ദാനം, ജപം, സ്വാധ്യായം പിതൃതർപ്പണം എന്നീ കർമ്മങ്ങൾ അക്ഷയ ഫലപ്രദമാണെന്ന് പറഞ്ഞിരിക്കുന്നു.
ദേവൻമാർക്ക് പോലും ഇതു വന്ദനീയമാണ് എന്ന് പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. അന്ന് യവം കൊണ്ട് ഹോമം നടത്തുകയും വിഷ്ണുവിന് അർച്ചിക്കുകയും ദ്വിജാദികക്ക് യവം ദാനം ചെയ്യുകയും ശിവൻ, ഭഗീരഥൻ മുതലായ വരെയും ഗംഗ, കൈലാസം എന്നിവയെയും പൂജിക്കുകയും ചെയ്യണമെന്ന് ബ്രഹ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അക്ഷയ തൃതീയ എന്ന പുണ്യ ദിനത്തിൽ പുണ്യകർമ്മങ്ങൾ നടത്തുക, പിത്യ തർപ്പണം ചെയ്യുക, പുണ്യഗ്രന്ഥങ്ങൾ വായിക്കുക, ഭാഗവത ശ്രവണം ചെയ്യുക. പൂജ, ജപം എന്നിവ നടത്തുക. മഹാലക്ഷ്മീ അഷ്ടകം ജപിക്കുക. വിശന്നു വലഞ്ഞു വരുന്നവർക്ക് ആഹാരം കൊടുക്കുക, വസ്ത്രദാനം ചെയ്യുക. അതിഥികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക. സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ കൊണ്ട് മറ്റുള്ളവരെ ആശ്വസിപ്പിക്കുക. കുലദേവതയുടെ നാമം ജപിക്കുക. കുലദേവതയോട് പ്രാർഥിക്കുക തുടങ്ങിയ സൽകർമ്മങ്ങൾ അക്ഷയ തൃതീയയിൽ അനുഷ്ഠിക്കുക.
ലക്ഷ്‌മീ ദേവിയെ പ്രസാദിപ്പിച്ച് സ്വർണ നെല്ലിക്ക വർഷിച്ച് ഒരു ഭക്തയുടെ ദാരിദ്ര്യദുഃഖം ശ്രീ ശങ്കരൻ ശമിപ്പിച്ചത്, ശ്രീകൃഷ്ണൻ വനവാസക്കാലത്ത് പാഞ്ചാലിക്ക് അക്ഷയ പാത്രം നൽകിയത്, വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയത്, കുചേലൻ കൃഷ്ണനെ കാണാൻ പോയത്, പരശുരാമൻ ജനിച്ചത്, ഭഗീരഥൻ തപസ്സു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കിറക്കിയത് എല്ലാം ഈ പുണ്യ ദിനത്തിലാണെന്ന് പറയപ്പെടുന്നു.
ഈ ദിവസം പുണ്യ കർമ്മങ്ങൾക്ക് വിഷ്ണുവിന്റെ ദർശനം ലഭിക്കുമെന്നും സർവ പാപങ്ങളിൽ നിന്നും മുക്തി പ്രാപിക്കുമെന്നും പുരാണങ്ങളിൽ പറയപ്പെടുന്നു. ഈ സുദിനത്തിൽ വ്രതാനുഷ്ഠാനങ്ങളോടെ ശ്രീകൃഷ്ണ പരമാത്മാവിനെ ധ്യാനിച്ച് പാപമോചനം പ്രാപിച്ച പലരുടെയും കഥകൾ പുരാണേതിഹാസങ്ങളിൽ വിവരിക്കുന്നു.
വിഷമഘട്ടത്തിലായിരുന്ന ദേവേന്ദ്രനോട് ബൃഹസ്പതി ഉപദേശിക്കുന്നത് ഇപ്രകാരമാണ്.'ഇന്ദ്രാ ഒട്ടും വിഷമിക്കേണ്ടതില്ല. അക്ഷയ തൃതീയയിൽ യഥാവിധി സ്നാന, ദാന, വ്രത ശുദ്ധിയോടെ ഭഗവാനെ ഭജിച്ചാൽ എല്ലാ പാപങ്ങളും നശിക്കും. ദേവദേവനായ പരമാത്മാവിന്റെ പ്രീതി ലഭിക്കും'.
ലേഖിക
ജ്യോതിഷി പ്രഭാസീന സി.പി.
ഫോ: 9961442256
Email ID: prabhaseenacp@gmail.com