വൈശാഖമാസത്തിലെ ഏകാദശി വ്യാഴാഴ്ച; അനുഷ്ഠാനം ഇങ്ങനെ

Mail This Article
ഒരു വർഷത്തിൽ 24 ഏകാദശി ഉണ്ട്. ചിലപ്പോൾ 26 ഏകാദശി വരാറുണ്ട്. മേയ് 08 വ്യാഴാഴ്ച ശുക്ലപക്ഷ ഏകാദശിയായ മോഹിനി ഏകാദശിയാണ്. സൂര്യപുരാണത്തിൽ മോഹിനി ഏകാദശിവ്രതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഈ വ്രതം അനുഷ്ഠിക്കുന്നവരുടെ പാപങ്ങളെയും ദുഃഖങ്ങളെയും ഇല്ലാതാക്കി സന്തോഷവും സമാധാനവും നൽകുന്നു. ഈ ഏകാദശി വ്രതം നോൽക്കുന്ന ഭക്തർ മോഹമെന്ന മായാജാലത്തിൽ നിന്ന് മുക്തരാകുന്നു. വനവാസസമയത്ത് സീതയുടെ വിയോഗത്തിൽ ദുഃഖിച്ചിരുന്ന ശ്രീരാമൻ വസിഷ്ഠ മഹർഷിയുടെ ഉപദേശപ്രകാരം മോഹിനി ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നു. ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം യുധിഷ്ഠിരനും മോഹിനി ഏകാദശി നോറ്റിരുന്നു. മറ്റെല്ലാ ഏകാദശിയേയും പോലെ നെല്ലരി ചോറും അരി കൊണ്ടുള്ള പദാർഥങ്ങളും ഉപേക്ഷിക്കേണ്ടതാണ്.
ദശമി ദിവസം കുളിച്ച് ഒരുനേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. (പൂർണ ഉപവാസം സാധ്യമല്ലാത്തവർക്ക് പാലും പഴങ്ങളും കഴിക്കാവുന്നതാണ്) പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർഥിച്ചു വ്രതം അവസാനിപ്പിക്കാവുന്നതാണ്. മോഹിനി ഏകാദശി ദിവസം തുളസി ഇലകളാൽ വിഷ്ണു ഭഗവാന് അർച്ചന നടത്തുന്നത് വളരെ നല്ലതാണ്. ഈ ദിവസം പാവപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും ദാനം കൊടുക്കുന്നത് നല്ലതാണ്. എല്ലാ ഏകാദശിക്കും മൗനാചരണം നല്ലതാണ്. ഈ ഏകാദശി ദിനത്തിലാണ് മഹാവിഷ്ണു മോഹിനിരൂപം ധരിച്ചത്. അതിനാൽ ഈ ദിവസം മോഹിനി ഏകാദശിയായി അറിയപ്പെടുന്നു. അസുരന്മാരെ മോഹിപ്പിച്ച് മോഹിനി രൂപം ധരിച്ച് വിഷ്ണുഭഗവാൻ അമൃതകലശത്തെ തട്ടിയെടുത്ത അസുരന്മാരിൽ നിന്ന് തന്ത്രപൂർവ്വം അത് തിരികെ വാങ്ങി ദേവന്മാർക്ക് നൽകി. മോഹിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തരുടെ എല്ലാ ദുഃഖങ്ങളെയും അകറ്റി അവർക്ക് മാനസികമായ സന്തോഷവും സമാധാനവും നൽകി അവരെ അനുഗ്രഹിക്കുന്നു.
അത്യുത്തമം ഈ ഹരിവാസരസമയം
ഏകാദശീ വ്രതകാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമാണ് ഹരിവാസരസമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം. 2025 മേയ് 08 ഉദയാൽപൂർവം 5 മണി 57 മിനിറ്റ് മുതൽ രാത്രി 7 മണി 6 മിനിറ്റ് വരെയാണ് ഹരിവാസര സമയം