ADVERTISEMENT

വൈശാഖമാസത്തിലെ ശുക്ലപക്ഷ ചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. ഈ വർഷം മേയ് 11 ഞായറാഴ്ചയാണ് നരസിംഹ ജയന്തി വരുന്നത്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. പേരുപോലെതന്നെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലുമാണ് ഈ അവതാരത്തിന്റെ പ്രത്യേകത. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാൻ നരസിംഹമൂർത്തിയായി അവതരിച്ചത്. കൃതയുഗത്തിലെ ഭഗവാന്റെ നാല് അവതാരങ്ങളിൽ ഏറ്റവും അവസാനത്തെയാണ് നരസിംഹാവതാരം.

ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളർന്നു നരസിംഹമൂർത്തി പ്രത്യക്ഷനായി. ഭഗവാനെ നിത്യേന ഭക്തിയോടെ സ്മരിച്ചാൽ ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം എന്നിവയാണ് ഫലങ്ങൾ. പ്രാർഥിക്കുന്നവരുടെ രക്ഷയ്ക്കെത്തുന്ന നരസിംഹമൂർത്തിയെ പൂജിക്കാൻ ലളിതമായ വഴിപാടുകൾ അനവധിയുണ്ട്.

നെയ്‌വിളക്ക്
നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങും.

തുളസിമാല
തുളസിമാല സമർപ്പണം മറ്റൊരു പ്രധാന വഴിപാടാണ്. ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തി. നിവേദ്യം പായസം.

ചോതി വഴിപാട്
പഞ്ചഭൂതങ്ങളിൽ വായുദേവന്റെ നാളായ ചോതിനക്ഷത്ര ദിനത്തിൽ ഭഗവാനെ തൊഴുതു പ്രാർഥിച്ചാൽ ആപത്തുകളിൽ നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ പതിവായി ചോതിനക്ഷത്ര ദിവസം നരസിംഹക്ഷേത്ര ദർശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂർത്തി പ്രീതികരമായ ഭജനകൾ നടത്തുകയോ ചെയ്യുക.

നരസിംഹമൂർത്തി മന്ത്രം

ഉഗ്രവീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം.

അകാരണഭയമകറ്റാനും ദുരിതമോചനത്തിനും ഈ മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചെല്ലുന്നത് ഉത്തമമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ആ സമയത്ത്‌ ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം.

English Summary:

Narasimha Jayanti, celebrated on May 11th, honors Lord Narasimha's fierce yet benevolent form. This important Hindu festival commemorates the victory of good over evil and offers devotees opportunities for prayer, offerings, and mantra recitation to receive blessings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com