Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണ്യാൽ പുണ്യതമം അക്ഷയതൃതീയ

അക്ഷയതൃതീയ

അക്ഷയമായത് ലഭിക്കാൻ അനുഷ്ഠിക്കേണ്ട  വ്രതമാണ് അക്ഷയതൃതീയ. പത്മപുരാണത്തിൽ  അക്ഷയതൃതീയ യിലെ ദാനത്തിന്റെ മഹത്വം വിവരിക്കുന്ന ഒരു സംഭവത്തെപ്പറ്റി പറയുന്നുണ്ട്. ഒരിക്കൽ ഒരു തുള്ളി വെള്ളംപോലും ലഭിക്കാതെ സൂര്യതാപമേറ്റ്  സസ്യങ്ങളും,വൃക്ഷലദാതികളും കരിഞ്ഞു നിൽക്കുന്ന ഒരു മരു‌ഭൂമിയിൽ കൂട്ടം പിരിഞ്ഞ ഒരു കച്ചവടക്കാരൻ എത്തിച്ചേർന്നു. ജലപാനമില്ലാതെ  ഒരു ദിവസം മുഴുവനും തള്ളിനീക്കിയ കച്ചവടക്കാരന്‍റെ മുമ്പിൽ മൺകിണ്ടയിൽ ജലവുമായി ഒരു പ്രേതരൂപം പ്രത്യക്ഷപ്പെട്ട് കച്ചവടക്കാരന് ജലപാനങ്ങൾ നൽകി. കച്ചവടക്കാരന് അത്ഭുതം തോന്നിയപ്പോൾ ആ പ്രേതരൂപം തന്‍റെ കഥ പറഞ്ഞു.  ദാനധർമ്മാദികളൊന്നും ചെയ്യാതെ ജീവിച്ച ഒരു ധനികനായിരുന്ന അയാൾ ഒരിക്കൽ അക്ഷയതൃതീയ നാളിൽ തന്‍റെ സുഹൃത്തിനോടൊപ്പം ചന്ദ്രഭാഗ നദിയിൽ സ്നാനം ചെയ്യാനിടയായി. സ്നാനത്തെത്തുടർന്ന് തന്‍റെ സുഹൃത്ത്  ദാനം ചെയ്യുന്നതു കണ്ട് ഒരു മൺകിണ്ടയിൽ നിറയെ ജലവും, കുറച്ച് തൈർച്ചോറും ഒരു സാധുവിന് ദാനം ചെയ്തു. അയാൾ മറ്റു പുണ്യങ്ങളൊന്നും ചെയ്യാതെ ജീവിച്ചതു കാരണം മരണശേഷം പ്രേതാത്മാവായി അലഞ്ഞു തിരിഞ്ഞ് ഈ മരുഭൂമിയിലെത്തി. പക്ഷെ അന്ന് അക്ഷയതൃതീയ ദിവസം ചെയ്ത ദാനം അക്ഷയമായി ഇപ്പോഴും അയാൾക്ക് ലഭിക്കുന്നു. അതിനാൽ ഈ പ്രേതാവസ്ഥയിലും ഈ മരുഭൂമിയിലെത്തുന്ന എല്ലാവർക്കും അന്നപാനങ്ങൾ നൽകാൻ അയാൾക്ക് കഴിയുന്നു. ആ പ്രേതാത്മാവിന്‍റെ അപേക്ഷ പ്രകാരം കച്ചവടക്കാരൻ ഗയയിൽ ചെന്ന് ആ പ്രേതത്തിന് ശാർദ്ദകർമ്മങ്ങൾ ചെയ്ത് പാപമോചനം നൽകി. അടുത്ത അക്ഷയതൃതീയക്ക് കച്ചവടക്കാരനും നദീ സ്നാനം ചെയ്ത്  തന്‍റെ പകുതി സ്വത്തുക്കൾ സാധുക്കൾക്ക് ദാനം ചെയ്തു.

വൈശാഖമാസത്തിലെ ശുക്ലപക്ഷതൃതീയ, ഇത് സത്യയുഗത്തിലെ പ്രഥമ ദിവസമായിരുന്നു, അതുകൊണ്ട്  അന്നു ചെയ്യുന്ന ദാനധർമ്മങ്ങളുടെ ഫലം ക്ഷയിക്കുകയില്ല. നമ്മുടെ കാലഗണനയനുസരിച്ച് വർഷത്തിൽ നാലു പ്രാവശ്യം അഭിജിത്ത് എന്ന അതിശ്രേഷ്ഠ മുഹൂർത്തം വന്നണയുന്നുണ്ട്. ചൈത്രമാസത്തിലെ ശുക്ലപക്ഷപ്രതിപദത്തിനും, വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയക്കും,വിജയദശമിയുടെയും ദീപാവലിയുടെയും മുമ്പുള്ള പ്രദോഷദിവസത്തിനും ഇവയിൽ വൈശാഖമാസത്തിലെ ശുക്ലപക്ഷതൃതീയയാണ് അക്ഷയതൃതീയ എന്ന പ്രസിദ്ധമായ പുണ്യതിഥി. ഭവിഷ്യപുരാണമനുസരിച്ച് നാലുയുഗങ്ങളിൽ ആദ്യത്തെ കൃതയുഗം-സത്യയുഗം ആരംഭിച്ചത് അക്ഷയതൃതീയ തിഥിയിലാകയാൽ ഇതിനെ യുഗാദിതിഥി എന്നും  വിശേഷിപ്പിക്കാറുണ്ട്. സത്യയുഗം അഥവാ കൃതയുഗം കൃതകൃത്യതയുടെ യുഗമാണ്.

ശ്രീസ്തുതി

ശ്രീ ശങ്കരാചാര്യർ ഗുരുകുലത്തിൽ കഴിയുന്നകാലത്ത് ഒരു ദിവസം ഒരു ബ്രാഹ്മണഗൃഹത്തിൽ ഭിക്ഷക്കായി ചെന്നു. ഇല്ലത്ത് മറ്റൊന്നുമില്ലാത്തതിനാൽ,  ഭിക്ഷയുടെ സ്ഥാനത്ത് ഭരണിയിൽ ഉപ്പിലിട്ടുവെച്ചിരുന്നതിൽ നിന്നും ഒരു നെല്ലിക്ക കൊടുത്തു. അവരുടെ ദാരിര്യം കണ്ടറിഞ്ഞ ശങ്കരാചാര്യർ അവിടെവെച്ചുതന്നെ ശ്രീസ്തുതി നിർമ്മിച്ചു ചൊല്ലിയത്രേ- 

അംഗം ഹരേ പുളകഭൂഷണമാശ്രയന്തീ ഭൃംഗാഗനേവ മുകുളാഭരണം തമാലം

 

അംഗീകൃതാഖില വിഭൂതിരപാംഗലീലാ മാംഗല്യദാസതു മമ മംഗള ദേവതായാഃ എന്നു തുടങ്ങി 

 

ദദ്യാദ്ദയാനു പവനോദ്രവിണാംബുധാരാം അസ്മിന്ന കിഞ്ചന വിഹംഗശിശൗ വിഷണ്ണേ

 

ദുഷ്കർമ്മധർമ്മമപനീയ ചിരായദൂരം നാരായണ പ്രണയിനീനയനാംബുവാഹഃ

ശ്രീലക്ഷ്മീദേവിയുടെ കടാക്ഷമാകുന്ന കാർമേഘം ദുഷ്ക്കർമ്മമാകുന്ന ചൂടുനീക്കി ഈ ദരിദ്രനാകുന്ന വേഴാമ്പൽ കുഞ്ഞിൽ കരുണയാകുന്ന കാറ്റോടുകൂടി ധനമാകുന്ന വർഷധാരയെ ചിരകാലം ദാനം ചെയ്യുമാറാകട്ടെ എന്ന ഒൻപതു ശ്ലോകം ചൊല്ലിയപ്പോഴേക്കും സ്വർണ്ണനെല്ലിക്കകൾ  ആകാശത്തുനിന്നും വർഷിച്ചുവെന്നാണ് പറയപ്പെടുന്നത്.സ്വർണ്ണവർഷത്തിനു കാരണമായ-   ശ്രീസ്തുതി -  കനകധാരാ സത് വമെന്നപേരിൽ പ്രസിദ്ധമായി. ത്രിഭുവന മാതാവായ മഹാലക്ഷ്മിയെ ഈ സ്തുതിയാൽ സ്തുതിക്കുന്നവർക്ക് ധനധാന്യാദി സമ്പത്തുകൾ കൈവരുന്നു.

  ബ്രാഹ്മണഗൃഹത്തിൽ (സ്വർണ്ണത്തു മന എന്ന പേരിൽ പിന്നീട് പ്രസിദ്ധമായ ഇല്ലം) സ്വർണ്ണനെല്ലിക്ക മഴ പെയ്യിച്ച കനകധാരാസ്തവം (ശ്രീസ്തുതി) ശങ്കരാചാര്യർ  രചിച്ചതും ചൊല്ലിയതും അക്ഷയതൃതീയ ദിവസമാണെന്ന വിശ്വാസം നിലനിൽക്കുന്നു. അതിനാലായിരിക്കാം അക്ഷയതൃതീയ ദിവസം സ്വർണ്ണം വാങ്ങുന്നത്. അക്ഷയതൃതീയയുടെ മഹാത്മ്യം വാങ്ങുന്നതിലല്ല കൊടുക്കുന്നതിലാണ്. അന്നു ചെയ്യുന്ന ദാനധർമ്മങ്ങളുടെ പുണ്യഫലം അക്ഷയമായതിനാലാണ് പുരാണങ്ങളിലെല്ലാം  അക്ഷയതൃതീയ പ്രസിദ്ധമായ പുണ്യതിഥിയായി കണക്കാക്കപ്പെടുന്നത്. ഭൗതികമായ ശരീരവും മറ്റുവസ്തുക്കളും ക്ഷയങ്ങളാണെന്ന് മനസ്സിലാക്കി, പുണ്യകാര്യങ്ങൾ ചെയ്ത് അക്ഷയങ്ങളായ, അനശ്വരങ്ങളായ ദൈവീകസമ്പത്തുകൾ നേടാനാണ് അക്ഷയതൃതീയയിൽ നാം ചെയ്യേണ്ടത്. വൈശാഖമാസത്തിലെ ശുക്ലപക്ഷതൃതീയയിൽ ചെയ്യപ്പെടുന്ന സൽക്കർമ്മങ്ങളുടെ ഫലം അക്ഷയവും, നൂറുമേനിയുമാണ്. പുരാണങ്ങളിലെല്ലാം ഇതിന്‍റെ മഹാത്മ്യം വിവരിക്കുന്നുണ്ട്. ഒരിക്കൽ ഗുരുദാരഗമനമെന്ന പാപത്തിലകപ്പെട്ട ഇന്ദ്രൻ ഗുരുദാരഗമനമെന്ന പാപം ചെയ്ത കാരണം ലജ്ജിതനായി ഒരു ഗുഹയിൽ ഒളിച്ചു കഴിയേണ്ടിവന്നു. നാഥനില്ലാത്ത തക്കത്തിൽ അസുരന്മാർ ദേവന്മാരെ തോല്പിച്ച് സ്വർഗ്ഗം കയ്യടക്കി.ദേവഗുരു ബൃഹസ്പതിയുടെ ഉപദേശപ്രകാരം ശുക്ലപക്ഷത്തിലെ തൃതീയ ദിവസം സത്ക്കർമ്മങ്ങളും, വ്രതങ്ങളും ആചരിച്ച്  പാപം നീങ്ങിയെന്നുമാത്രമല്ല, അസുരന്മാരെ ‌തോല്പിച്ച് സ്വർഗ്ഗം വീണ്ടെടുക്കുകയും ചെയ്തു. നദീ സംഗമത്തിൽ സ്നാനം ചെയ്ത് ആ നദിയിലെ കുറച്ചു ജലമെടുത്ത് ഇഷ്ടദേവതയെ ധ്യാനിച്ച് ഭൂമിയോ,പശുവോ ദാനം ചെയ്യണമെന്നാണ്  പുരാണങ്ങളിൽ പറയുന്നത്.

പരശുരാമതിഥി

ചിരിജ്ജീവിയായ പരശുരാമന്‍റെ ജന്മതിഥിയാകയാൽ - ചിരിജ്ജീവിതിഥിയെന്നും,പരശുരാമതിഥിയെന്നും  അക്ഷയതൃതീയയെ   ചില പുരാണങ്ങളിൽ  വിശേഷിപ്പിച്ചു കാണുന്നു.  സൂര്യനും,ചന്ദ്രനും ഉച്ചത്തിലും, സൂര്യചന്ദ്രന്മാരുടെ പ്രകാശരശ്മികൾ ഏറ്റവും കൂടുതൽ പരശുരാമക്ഷേത്രത്തിൽ (കേരളം) പതിക്കുന്നതും ഈ അക്ഷയതൃതീയ ദിനത്തിലാണ്. 

ആകാശഗംഗ

ഭഗീരഥന്റെ തപസിൽ സന്തുഷ്ടയായി ഭൂമിയിലേക്ക് വരാൻ തയ്വയ  പരിശുദ്ധയായ ആകാശഗംഗ  പരമശിവന്റെ ശിരസിൽ നിന്നും ഭൂമിയിൽ പതിച്ചത് അക്ഷയതൃതീയ ദിവസമാണ്. അതിനാൽ ഈ ദിവസം ഗംഗാസ്നാനം പ്രാധാന്യമർഹിക്കുന്നു. വൈശാഖ കാലത്ത് പുണ്യവാഹിനിയായ ഗംഗാമാതാവ് എല്ലാ ജലാശയങ്ങളിലും  അന്തർവാഹിനിയായി എത്തിച്ചേരുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ ഏതു ജലാശയത്തിൽ കുളിച്ചാലും ഗംഗാസ്നാനത്തിനു തുല്യമായി ഭവിക്കുന്നു.

അക്ഷയതൃതീയയ ശുഭമുഹൂർത്തം

മൂന്നു വർഷത്തോളം നീണ്ട പോയ മഹാഭാരത കാവ്യം എഴുതുന്ന യജ്ഞത്തിന് തുടക്കം കുറിച്ചതും അക്ഷയതൃതീയ ദിവസമാണ്. അഞ്ചാമത്തെ വേദമെന്നു പറയപ്പെടുന്ന മഹാഭാരതം ലേഖനം ചെയ്യുന്നതിനായി ഭഗാൻ വേദവ്യാസൻ ഈരേഴുപതിനാലു ലോകങ്ങളിലുംവെച്ച് കാവ്യരചനക്ക് ഗണപതിയെ കവിഞ്ഞ് മറ്റാരുമില്ലെന്ന് ബ്രഹ്മാവിൽ നിന്നും  മനസ്സിലാക്കി. അദ്ദേഹം ഉടനെ ഗജാനനെ പ്രാർത്ഥിക്കുകും തന്‍റെ ആഗ്രഹം നിവർത്തിച്ചുതരുവാനായി അപേക്ഷിക്കുകയും ചെയ്തു. ഒരു അക്ഷയതൃതീയ ശുഭമുഹൂർത്തത്തിൽ സംരഭത്തിന് തുടക്കം കുറിച്ചു.

കുബേര ലക്ഷ്മീ പൂജ:

കുബേരൻ ശിവപുരത്തെ ശിവനെ ദീർഘകാലം തപസ്സുചെയ്ത് ശിവനിൽ നിന്നും അപാരമായ, ധനം നേടി, ധനത്തിന്‍റെ ദേവനായിത്തീർന്നത് ഒരു  അക്ഷയതൃതീയ ദിവസമാണത്രേ.  

കുബേരത്വം ധനാധീശം ഗൃഹതേ കമലസിദ്ധതാം.

ദേവം പ്രിഹയശു ത്വാം മത്ഗൃഹേ തേ നമോ നമഃ

27 20 25
22 24 26
23 28 21

കുബേര- ലക്ഷ്മീ പൂജ ചെയ്യുന്നത് വളരെ നല്ലതാണ്. അരിപ്പൊടികൊണ്ട് മരത്തിന്‍റെ പലകയിൽ ഒൻപതു കള്ളികൾ വരക്കുക അതിൽ ഈ 9 , അക്കങ്ങളും എഴുതുക. അവയ്ക്കു മുകളിൽ ഓരോ നാണയങ്ങൾ വെക്കുക. നാണയങ്ങൾക്ക് മുകളിൽ സിന്ദൂരം ,ചുവന്ന പൂക്കൾ എന്നിവ വെക്കുക .പതിനൊന്നു പ്രാവശ്യംകുബേര മന്ത്രം ചൊല്ലി യശേഷം മൂന്നു പ്രാവശ്യം  ലക്ഷ്മീ  മന്ത്രവും ചൊല്ലുക.

ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലായൈ പ്രസീദ

ഓം ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്മ്യൈ നമഃ

പൂജയ്ക്കു ശേഷം ഒൻപതു നാണയങ്ങളും പണപ്പെട്ടിയിലോ പൂജാമുറിയിലോ സൂക്ഷിക്കുക. പണസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ശമനമുണ്ടാകും. അക്ഷയതൃതീയ ദിവസത്തിലെ ഓരോ നിമിഷവും പുണ്യമായതാകയാൽ അന്ന് ഏതു കാര്യത്തിനും  മറ്റു ദിവസങ്ങളിലേതു പോലെ മുഹൂർത്തം നോക്കേണ്ടതില്ല. വസ്തുക്കൾ വാങ്ങുന്നതിനും പുതിയ വ്യാപാരം തുടങ്ങുന്നതിനും നല്ല ദിവസമാണ്. രോഹിണി ദിവസമോ തിങ്കളാഴ്ചയോ വരുന്ന അക്ഷയതൃതീയ  കൂടുതൽ നല്ലതായി കണക്കാക്കപ്പെടുന്നു. ദിവ്യമായ മൂല്യങ്ങളെ വരിക്കാനുള്ള ഒരു അവസരമാകട്ടെ ഈ  ക്ഷയിക്കാത്ത പുണ്യത്തോടുകൂടിയ ഈ തൃതീയ.

ലേഖകൻ

വി.രാജേന്ദ്രൻ നായർ 

എ.ആർ.പി.എസ്. ഷില്ലോങ്‌  

ഫോൺ: 09436114053 

Your Rating: