Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്തരിച്ചറിയാൻ‌ അഷ്ടമംഗലപ്രശ്നം

astro-prediction-7 Representative Image

‘അഷ്ടമംഗലപ്രശ്നം’ എന്നുള്ളതു സാധാരണ ക്ഷേത്രത്തിൽ മാത്രം ചെയ്യുന്ന പ്രശ്നമാണെന്നാണു ചിലർ‌ക്കെങ്കിലുമുള്ള ധാരണ. എന്നാൽ ജ്യോതിഷത്തിൽ ഇതു കുടുംബപ്രശ്നമായും ദേവപ്രശ്നമായും പ്രതിപാദിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിനു ജ്യോതിഷിയുടെ അടുത്തുചെന്നു കവിടി വച്ചു ചെയ്യുന്നതു സാധാരണയായി ഒറ്റരാശി പ്രശ്നമെന്നും കുറച്ചുകൂടി വിസ്തരിച്ചു വിശകലനം ചെയ്യുന്നതു താംബൂലപ്രശ്നമായും വളരെ വിസ്തരിച്ചു തലമുറകൾക്കു മുൻപു മുതലുള്ള ദോഷഹേതുക്കൾ ഒന്നിൽ കൂടുതൽ ദൈവജ്ഞന്മാർ കൂടി ചർച്ച ചെയ്തു കൃത്യമായി നിർണയിച്ചു പരിഹാരങ്ങൾ നിർദേശിക്കുന്നതിന് അഷ്ടമംഗലപ്രശ്നമെന്നും പറഞ്ഞുവരുന്നു.

താംബൂലം, അക്ഷതം, ക്രമുകം, ദാരുഭാജനം, അംബരം, ദർപ്പണം, ഗ്രന്ഥം, ദീപം എന്നീ എട്ടു മംഗളസാധനങ്ങളും എട്ടു ഗ്രഹങ്ങളും എട്ടു ദിക്കുകളും എട്ടു ദേവതകളും എട്ടു പക്ഷികളും എട്ടു വൃക്ഷങ്ങളും അഷ്ടമംഗലപ്രശ്ന ഫലത്തിൽ ഉപയോഗിക്കുന്നുണ്ട്.

പാരമ്പര്യമായുള്ള രോഗങ്ങൾ, സന്താനമില്ലാതെ ചികിത്സിച്ചിട്ടും ഫലമില്ലാതെ വരിക, തുടർച്ചയായുള്ള മരണങ്ങൾ, പ്രത്യേകമായ പ്രായത്തിൽ തലമുറകളായ മരണങ്ങൾ, തലമുറകളായി ഒരേ പ്രായത്തിൽ വൈധവ്യ വിഭാര്യ അവസ്ഥ, ഒരേ രോഗങ്ങൾ പലർക്കു തുടർച്ചയായി വരിക, തുടർച്ചയായുള്ള അപകടങ്ങൾ, എന്തെല്ലാം ചെയ്തിട്ടും കുടുംബത്തിൽ പുരോഗതി കാണാതെ വരിക ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കു പലതവണ പ്രാർ‌ഥനകളും പൂജകളും നടത്തിയിട്ടും ഫലം കാണാതെ വന്നാൽ അത്തരക്കാർക്കാണ് അഷ്ടമംഗലപ്രശ്നം നടത്തുന്നത്‌.

കംപ്യൂട്ടറിൽ‌ നോക്കി പ്രശ്നം നടത്തുന്ന ഇക്കാലത്ത് ഗണിതക്രിയയ്ക്കു മാത്രമേ ഇതു ഫലപ്പെടുകയുള്ളൂ. പ്രശ്നഫല പ്രവചനത്തിനു കംപ്യൂട്ടർ‌ യഥാർ‌ഥ ഫലം തരുന്നതല്ല. കാരണം കഴിഞ്ഞുപോയ കർ‌മങ്ങളുടെ തുടർച്ചയിൽ ഏതു ഫലമാണു ദുരിതത്തെ ഉണ്ടാക്കുന്നതെന്നു പലപ്പോഴും കംപ്യൂട്ടർ‌ കാണുന്നില്ല.

“_അത്ര ജന്മാന്തരം പുംസാം ശുഭം വാ യദി വാശുഭം തത്‌‌ തസ്യ ശകുനേ പാകേ നിവേദയതി പൃച്ഛതാം_”

ശകുനങ്ങളും ശബ്ദങ്ങളും, അതായത് ദൃശ്യവും ശ്രവ്യവുമായ എല്ലാ കാര്യങ്ങളും പ്രശ്നചിന്തയിൽ ഫലത്തെ കാണിച്ചു തരുന്നതാണ്. ഇതു കംപ്യൂട്ടറിനു കഴിയില്ല. അഷ്ടമംഗലപ്രശ്നത്തിനു ജ്യോത്സ്യനെ നേരിട്ടു ക്ഷണിക്കേണ്ടതുണ്ട്. ആ സമയം ഈശ്വരനിശ്ചയത്തിൽ മാത്രമേ സാധിക്കുകയുള്ളൂ. സർ‌വചരാചരങ്ങളും ഈശ്വരനിയന്ത്രണവിധേയമാണെന്ന പൊതു തത്വമാണു പ്രശ്നശാഖയെ നിയന്ത്രിക്കുന്നത്‌ അഥവാ നിലനിർത്തുന്നത്. ഇതു ലോകത്തിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മാത്രം സ്വത്താണ്. അഷ്ടമംഗലപ്രശ്നം ആരംഭിക്കുന്നതു തന്നെ –

‘‘_സംപ്രേര്യമാണസ്ത്വവശഃ ശരീരീ പ്രസഹ്യ ദൈവേന ശുഭാശുഭേന ജ്യോതിർവിദാം സന്നിധിമേതി യസ്മാൽ പ്രശ്നോഹ്യതോ ജന്മസമഃ ഫലേഷു_’’ എന്നാണ്.

അതായത്‌, ശുഭമോ അശുഭമോ അറിയേണ്ട വ്യക്തിയുടെ മനസ്സിൽ ഈശ്വരപ്രേരണയാൽ‌ ഒരു ദൈവജ്ഞനെ കാണണമെന്ന ചിന്ത ജനിക്കുന്നു. ഇങ്ങനെയുള്ള വ്യക്തി വരുന്ന സമയം മുതലുള്ള ഒരുപാടു കാര്യങ്ങൾ മനസ്സിലിരുത്തിയാണു ഫലപ്രവചനം നടത്തുന്നത്‌. ദൈവം കാണിച്ചുതരുന്ന ഈ ഭാഷ കംപ്യൂട്ടർ‌ കാണുന്നതല്ല. ഇതു മനസ്സിലാക്കി അവരവരുടെ മതാചാരമനുസരിച്ചുള്ള പരിഹാരങ്ങൾ നിർദേശിക്കുന്നവരാണു യഥാർ‌ഥ ദൈവജ്ഞർ.

–അനിൽകുമാർ ആനിക്കാട്‌ (ഫോൺ‌: 7559088865)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.