Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിന്ന് കൊണ്ടുപോയ സ്വപ്നങ്ങൾ

astro-nn2

മൂന്നു വർഷം മുമ്പ് ഗൃഹനിർമ്മാണം ആരംഭിക്കാൻ നല്ല സമയം എടുത്തുകൊണ്ടുപോയ ദമ്പതികൾ വീണ്ടുമെത്തി. ആ വിവരം പറ‍ഞ്ഞ് ദമ്പതികൾ പരിചയപ്പെടുത്തുകയും ചെയ്തു. വീടു പണിയൊക്കെ പൂർത്തിയാക്കി സന്തോഷമായി കഴിയുന്നില്ലേ എന്ന് ഞാൻ ചോദിച്ചെങ്കിലും പരസ്പരം നോക്കിയതല്ലാതെ അവർ മറുപടിയൊന്നും പറഞ്ഞില്ല. അല്പനേരത്തെ മൗനത്തിനു ശേഷമാണ് വീടുപണി പൂർത്തിയായില്ല എന്ന് അവർ പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയാകാം കാരണം എന്ന് ചിന്തിച്ച് ഞാൻ പിന്നീട് ആ സംസാരം തുടർന്നില്ല. പക്ഷേ അവർക്ക് സംഭവിച്ച വലിയ ഒരു അക്കിടിയാണ് പിന്നീട് അവർ വിവരിച്ചത്.

എന്റെ സമീപത്തു നിന്നും ശില സ്ഥാപിക്കുന്നതിനും മറ്റും സമയം എടുത്തുകൊണ്ടുപോയി അത് ആരംഭിക്കുകയും ചെയ്തു. പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലായിരുന്ന കുടുംബമായിരുന്നു ഇവരുടേത്. വീടുവെയ്ക്കാൻ യാതൊരു മാർഗ്ഗവുമില്ലാതിരുന്ന ഇവർക്ക് ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും എഴുപത്തി അയ്യായിരം രൂപ അനുവദിച്ചു കിട്ടി. അങ്ങനെയാണ് നല്ല നേരമൊക്കെ നോക്കി വീടുപണി തുടങ്ങിയത്. ഉദ്ദേശിച്ച വേഗതയിൽ പണി പുരോഗമിക്കാതെയിരുന്നതോടെ ആകെ സമാധാനക്കുറവുമായി. ഇതിനിടെ സമീപത്തുള്ള ഒരാളുടെ നിർബന്ധ പ്രകാരം അറബി ജ്യോതിഷം കൈകാര്യം ചെയ്യുന്ന ആളെ കാണാൻ പോയി.

ഇവർ വീടു വെയ്ക്കാൻ പോകുന്ന സ്ഥലത്ത് ജിന്നിന്റെ ഉപദ്രവമുണ്ടെന്ന് അയാൾ പറഞ്ഞു. കർമ്മത്തിന് ഏകദേശം ഒരു ലക്ഷം രൂപ ആകും. ജിന്നിനെ ഒഴിവാക്കിയാൽ പിന്നെ ‘വച്ചടി വച്ചടി’ കയറ്റമായിരിക്കുമെന്നും അയാൾ പറഞ്ഞൊപ്പിച്ചു. പിന്നീട് ലോട്ടറി എടുത്താൽ തന്നെ ഉറപ്പായും സമ്മാനം കിട്ടുമത്രേ. വലിയ വീടു നിർമ്മിച്ച് ആർഭാടമായി ജീവിക്കുക എന്ന മനുഷ്യന്റെ ബലഹീനതയെ അയാൾ ചൂഷണം ചെയ്യുകയായിരുന്നു. പ്രലോഭനങ്ങളിൽ ആ ദമ്പതികൾ വീണു പോയി. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കിട്ടിയ 75,000–ത്തിനൊപ്പം 25,000 കൂടി കടം വാങ്ങി ജിന്നിനെ ഒഴിപ്പിക്കാൻ നൽകി. അയാളാകട്ടെ രണ്ടു ദിവസത്തിനു ശേഷം ഒരു കർമ്മം നടത്തി ജിന്നിനെ ഒഴിപ്പിച്ചെന്ന് ഇവരെ എന്തൊക്കെയോ പറ‍ഞ്ഞ് ബോധ്യപ്പെടുത്തി. അതിനു ശേഷം കഴിഞ്ഞ മൂന്നു വർഷമായി വീടു നിർമ്മാണത്തിന് ശ്രമം തുടങ്ങി. ആയിരക്കണക്കിന് രൂപയുടെ ലോട്ടറി ടിക്കറ്റുകൾ വാങ്ങി. കാശു പോയതു മിച്ചം. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച തുക ജിന്ന് മാന്ത്രികൻ കൊണ്ടുപോവുകയും ചെയ്തു.

വീട് നിർമ്മിക്കാത്തതിനാൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പ്രശ്നങ്ങൾ തുടങ്ങി. ജിന്നിനെ ഒഴിപ്പിച്ച വിവരങ്ങൾ പറയാനാകാത്ത സ്ഥിതി. ഇവർ ആർഭാടത്തിനായി പണം ചെലവഴിച്ചു എന്നാണ് ഇപ്പോഴും എല്ലാവരും കരുതുന്നത്. നിസ്സഹായരും നിരാലംബരുമായി എന്റെ മുന്നിലിരിക്കുന്ന ശുദ്ധഹൃദയരായ ആ ദമ്പതികളെ നോക്കിയിരുന്നപ്പോൾ എങ്ങനെയാണ് ഇതിന് പരിഹാരം നിർദ്ദേശിക്കേണ്ടത് എന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ. ആരൂഢം മറഞ്ഞ പ്രശ്നക്കളം പോലെയായിരുന്നു എന്റെ മനസ്സ്.

ഹരി പത്തനാപുരത്തിന്റെ വിശ്വാസം അതല്ലേ എല്ലാം എന്ന പുസ്തകത്തിൽ നിന്ന്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.