Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവചനവും ജീവിതഗതിയും

ജ്യോതിഷം

നാളെയെക്കുറിച്ച് അറിയാൻ താൽപര്യമില്ലാത്തവരില്ല. ഈശ്വര വിശ്വാസിയും നിരീശ്വരവാദിയും സർവസംഗപരിത്യാഗിയായ സന്യാസിയും ഇതിൽ തൽപരരാണ്. അവർ അതു മനസിലാക്കാൻ ശ്രമിക്കുന്നത് ഓരോ രീതിയിലാണെന്നു മാത്രം.

എക്കാലത്തും ഭൂരിപക്ഷം പേർക്കും തങ്ങളുടെ ഭാവി അറിയാൻ താൽപര്യം കൂടുതലാണ്. ശുദ്ധ ശാസ്ത്രത്തിൽ ഭാവി അറിയാൻ ജ്യോതിഷം, നിമിത്തം, ഹസ്തരേഖ, ജനന ദിവസം, എന്നിവയൊക്കെ ഉപയോഗപ്പെടുത്താറുണ്ട്. ഭാവി പ്രവചിക്കുന്നവരെ ഈശ്വര ഭാവത്തിൽ കാണുന്നവർ പോലുമുണ്ട്. പ്രവചന ശാസ്ത്രത്തിലെ ഓരോന്നിനും അതിന്റേതായ പ്രാധാന്യവും ഒപ്പം അയഥാർഥ തലവുമുണ്ട്.

എന്നാൽ മനുഷ്യ സംസ്കാരത്തിൽ ഇന്നുവരെ നൂറു ശതമാനം ശരിയായി ഭാവി പ്രവചിക്കാൻ കഴിയുന്ന ഒരു ഫലപ്രവചന ശാഖയുമില്ലെന്നതാണു യാഥാർഥ്യം. കുറച്ചു ശരിയാകും, കുറെച്ചൊക്കെ ശരിയാകാതെയും പോകും.

അടുത്തകാലത്തായി ജനങ്ങൾക്ക് നാഡീജ്യോതിഷത്തിൽ വിശ്വാസം കൂടുന്നതായി കാണുന്നു. ഇത് യാഥാർഥ്യമറിയാതെയുള്ള പരക്കംപാച്ചിലാണ്. തമിഴ്നാട്ടിലെ ചിദംബരത്തിനടുത്തുളള ഒരുതരം നാടൻ ജ്യോത്സ്യമായിരുന്നു നാഡീജ്യോതിഷം. പണ്ട് ഈ തൊഴിൽ ചെയ്തിരുന്നവർ പനയോലഗ്രന്ഥക്കെട്ടുമായി ജന്മികളുടെയും പ്രഭുക്കളുടെയും പ്രധാനികളുടെയും ഭവനങ്ങളിൽ ചെല്ലുകയും  ഭാവി പ്രവചിക്കുകയും ചെയ്തുപോന്നു. പകരം അരി, ചക്ക, ധാന്യങ്ങൾ, കിഴങ്ങുകൾ മുതലായവ ദക്ഷിണയായി ലഭിച്ചിരുന്നു. അന്നന്നേക്കുള്ള വക മാത്രം സമ്പാദിച്ചാണ് അവർ ജീവിച്ചിരുന്നത്.

എന്നാൽ ഏകദേശം 65 വർഷം മുൻപ് പ്രായോഗിക ജ്ഞാനമുളള ഒരു വ്യക്തി ഇതിനെ ആ പ്രദേശത്തിനു പുറത്തേക്കു കൊണ്ടുപോയി. അന്നുമുതലാണ് നാഡീജ്യോതിഷത്തിന്റെ നല്ല കാലം തുടങ്ങുന്നത്. തുടർന്ന് ഇതിന്റെ പ്രശസ്തി ഇന്ത്യയിലും വിദേശത്തും പടർന്നു പിടിച്ചു.

ഇപ്പോൾ ലോകത്തിന്റെ നാനാഭാഗത്തും നാഡീജ്യോതിഷം സ്വീകാര്യമായിക്കഴിഞ്ഞിരിക്കുന്നു. അഗസ്ത്യനാഡി, ശുക്രനാഡി, വസിഷ്ഠനാഡി എന്നിങ്ങനെ പല പേരിൽ ഇത് അറിയപ്പെടുന്നു. ഇതിനെക്കുറിച്ച് അനേകം ഭാഷകളിൽ പുസ്തകങ്ങളും വന്നിട്ടുണ്ട്.

14 കാണ്ഡവും മരണകാണ്ഡവും പരിഹാരകാണ്ഡവും നോക്കിക്കഴിയുമ്പോള്‍ കയ്യിലെ പണത്തിന്റെ  ഭാരം കുറയും. പരിഹാരവും യാത്രയും നോട്ടവുമെല്ലാംകൂടി ഏകദേശം ഒരു ആറക്ക സംഖ്യ ചെലവാകും. ഇത്രയും ചെലവാക്കിയതിന്റെ ഗുണം കിട്ടിയോ എന്ന് ആരും വസ്തുനിഷ്ഠമായി വിലയിരുത്താറില്ല. പലരും ‘പറ്റിയതു പറ്റി, ഇനി പറഞ്ഞ് കുളമാക്കണ്ട’ എന്നുകരുതി മൗനം ഭജിക്കും. സ്ഥലം തമിഴ്നാടാണ്. അവിടെ പ്രവചനം നൂറു ശതമാനം ശരിയായിരുന്നെങ്കിൽ അവിടുത്തെ മുഖ്യഭരണാധികാരി വർഗം ജ്യോതിഷഫലമറിയാൻ മറ്റു ദേശങ്ങളിലേക്കു പോകുമായിരുന്നോ എന്നൊന്നും ആരും ചിന്തിക്കുന്നില്ല.

ഇത് നാഡിയെ അപ്രസക്തമാക്കാൻ വേണ്ടി എഴുതിയതല്ല. എല്ലാ നാഡികളും വ്യക്തിപരമായി ഏറെക്കുറെ മനസ്സിലാക്കാൻ ശ്രമിച്ച അനുഭവത്തിൽനിന്നുണ്ടായ അഭിപ്രായമിതാണ്- നാഡീജ്യോതിഷവും നൂറു ശതമാനം കൃത്യമല്ല. പ്രവചനം 50 ശതമാനമെങ്കിലും ശരിയായാൽ ആശ്വസിക്കാം.

ജനം മനസ്സിലാക്കേണ്ട ഒരു കാര്യം, പരമമായ രഹസ്യം– ജീവിത രഹസ്യം– പ്രപഞ്ച രഹസ്യം– പരമാത്മ രഹസ്യം- എപ്പോഴും ഈശ്വരന്റെ കയ്യിൽ മാത്രമാണ്. ഒരു ശാസ്ത്രത്തിനും പരമാവസ്ഥയിൽ ഉയരാൻ സാധ്യമല്ല. എന്നാൽ കഠിനാദ്ധ്വാനവും ഗുരുകൃപയും ഈശ്വരകൃപയും ജാതകഗുണവുമുണ്ടെങ്കിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നവർക്ക് അസാധാരണ നിലയിലേക്ക് ഉയരാനും അത്ഭുതകരമായ ചില പ്രവചനങ്ങൾ പോലും നടത്താനും കഴിയും. എന്നാൽ ഈ പ്രവചനത്തിനുമപ്പുറം ജീവിതമുണ്ട്. അത് ഈശ്വരന്റെ രഹസ്യ കലവറയിലാണ്. ഇതാണു സത്യമെന്നിരിക്കെ, ‘എല്ലാം ശരിയാക്കാം’ എന്ന മട്ടിലുളള ആഹ്വാനങ്ങളും പരസ്യങ്ങളും മാജിക്കും മന്ത്രവാദവുമൊക്കെ ഒരേസമയം മനുഷ്യനെയും ദൈവത്തെയും വഞ്ചിക്കലാണ്.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: