Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുധനും ശുക്രനും വാഴുന്ന പാഴൂർ പ‌ടിപ്പുര

പാഴൂർ പ‌ടിപ്പുര പാഴൂർ പ‌ടിപ്പുര. ചിത്രം: ശ്യാം ബാബു

ഐതിഹ്യം പലപ്പോഴും യാഥാർഥ്യമായി തോന്നും ഈ പടിപ്പുരയിൽ നിൽക്കുമ്പോൾ. രാശിയുടെ രാജവീഥിയിലൂടെ സഞ്ചരിച്ച പത്തൊമ്പതു തലമുറ അനുഗ്രഹമായി ഇവിടെ നിറയുന്നു. ജ്യോതിഷത്തിന്റെ അവസാന വാക്കെന്നു കരുതുന്ന പാഴൂർ പടിപ്പുര കണ്ടു വരാം.

പാഴൂർ പുഴ നേരെ ഒഴുകാത്തതും പാഴൂർ പന തെങ്ങാകാത്തതും ഭാഗ്യം..... പാഴൂർ കണിയാൻ ഭട്ടേരിയാകാത്തതും പാഴൂർ ആശാരി നമ്പൂ‌രിയാകാത്തതും ഭാഗ്യം......പാഴൂർ പടിപ്പുര പൊന്നാകാത്തതും ഭാഗ്യം.... അങ്ങനങ്ങനെ പാഴൂരിനു പത്തു ഭാഗ്യങ്ങൾ.

സുരേന്ദ്രൻ ജ്യോത്സ്യർ സുരേന്ദ്രൻ ജ്യോത്സ്യർ. ചിത്രം: ശ്യാം ബാബു

പാഴൂർ പടിപ്പുരയുടെ പടിഞ്ഞാറ് കാക്ക കരഞ്ഞു!

സുരേന്ദ്രൻ ജ്യോത്സ്യർ കവിടിയിൽ കൈയമർത്തി. ഇടതു കൈ നെഞ്ചോടു ചേർത്ത് കണ്ണുകളടച്ചു. നിശബ്ദമായി പ്രാർഥിച്ചു. അദ്ദേഹത്തിനു മുന്നിൽ തൊഴുകൈകളോടെ ആ ദമ്പതികൾ. പ്രതീക്ഷയിൽ‌ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ കണ്ണുകളിലെ ആഗ്രഹങ്ങൾ എന്തായാലും അതെല്ലാം ഈ പടിപ്പുരയുടെ ഇത്തിരി സ്ഥലത്ത് ഇറക്കി വയ്ക്കാം. വരുന്നവർ ആശ്വാസവുമായാണ് മടങ്ങുന്നത്, ഉദ്ദേശിച്ച കാര്യം നടക്കുമെങ്കിലും ഇല്ലെങ്കിലും......

പടിഞ്ഞാറേ പടിപ്പുരയിൽ നിന്ന് സുരേന്ദ്രൻ ജ്യോത്സ്യർ എഴുന്നേറ്റു. പടിപ്പുരയിലും പരിസരങ്ങളിലും ഇനിയും ഒരു പാടു പേർ ഫലമറിയാൻ കാത്തു നിൽക്കുന്നുണ്ട്. ‘ഒമ്പതു നൂറ്റാണ്ടായി ഈ പടിപ്പുരയിലേക്ക് ആൾക്കാർ എത്താൻ തുടങ്ങിയിട്ട്. അവിശ്വസനീയം എന്നു തോന്നാം. പക്ഷേ, സത്യമാണ്. കഥകളും യാഥാർഥ്യവും കൂടിക്കുഴഞ്ഞ് കിടക്കുന്നുണ്ട് ഇവിടെ. പക്ഷേ, രണ്ടും വേർതിരിച്ചറിയാൻ കഴിയാത്തതുപോലെ .’ സുരേന്ദ്രൻ ജ്യോത്സ്യർ പറഞ്ഞു തുടങ്ങി. വിധിയുടെ അലംഘനീയമായ ഇടപെടൽ നടത്തുന്ന, ബുധനും ശുക്രനും കാവൽ നിൽക്കുന്ന പാഴൂർ പടിപ്പുരയെക്കുറിച്ച്.

പത്തു ഭാഗ്യങ്ങളുടെ നാടാണു പ‌ാഴൂർ. സത്യമറിയാൻ പാഴൂർ പടിപ്പുര വരെ പോകണമെന്നു പണ്ടു മുതലേ മലയാളികൾ പറഞ്ഞു കൊണ്ടിരിക്കുന്നു. ഐതിഹ്യം പലപ്പോഴും യാഥാർഥ്യമാകുന്നതായി തോന്നും ഈ പടിപ്പുരയിൽ നിൽക്കുമ്പോൾ. രാശിയുടെ രാജവീഥിയിലൂടെ സഞ്ചരിച്ച പത്തൊമ്പതു തലമുറ അനുഗ്രഹമായി ഇവിടെ നിറയുന്നു.

പാഴൂർപ്പുഴ ദിശ മാറി ഒഴുകുന്ന പാഴൂർപ്പുഴ. ചിത്രം: ശ്യാം ബാബു

കണക്കു പിഴച്ച രാത്രി

മൂന്നു പടിപ്പുരകൾ ചേർന്നതാണു പാഴൂർ പടിപ്പുര. കിഴക്കേ പടിപ്പുരയിൽ ബുധ–ശുക്രന്മാരുടെ പ്രതിഷ്ഠയാണ്. പടിഞ്ഞാറ്റ് തലക്കുളത്തൂർ ഭട്ടതിരിയുടെ സമാധി. മധ്യഭാഗത്തുളള പടിപ്പു രയിലാണ് യാഗവും മറ്റു കർമങ്ങളുമൊക്കെ നടക്കുന്നത്.

ജ്യോതിഷത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു മലബാറുകാരനായ തലക്കുളത്തൂർ ഗോവിന്ദൻ ഭട്ടതിരിക്ക്. സ്വന്തം ജാതകത്തിൽ ഭ്രഷ്ട് കണ്ട അദ്ദേഹം ദേശാടനത്തിനിറങ്ങി. അങ്ങനെ പ്രമുഖ തീർഥാടനകേന്ദ്രങ്ങൾ കയറിയിറങ്ങി അദ്ദേഹം പിറവത്തിന് അടുത്തുളള പാഴൂർ പെരും തൃക്കോവിലപ്പന്റെ തിരുനടയിലെത്തി. ഭ്രഷ്ട് കാലം കഴിയുന്നതു വരെ അവിടെ കഴിയുകയായിരുന്നു ലക്ഷ്യം. ഭ്രഷ്ട്നാൾ അദ്ദേഹം ഗണിച്ചറിഞ്ഞിരുന്നു. ആ ദിവസം മുഴുവൻ പാഴൂർ പുഴയിൽ ഒറ്റയ്ക്കു കഴിയാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അങ്ങനെ ഒരു വഞ്ചിയുമായി അദ്ദേഹം പുഴയിലേക്കിറങ്ങി. രാത്രിയായപ്പോൾ പേമാരി പെയ്തു. കൊടുങ്കാറ്റടിച്ചു. വളളം തകർന്ന് ഭട്ടതിരി ഒരു വിധം കരയ്ക്കണഞ്ഞു.

ക്ഷീണിച്ച് അവശനായ അദ്ദേഹം മിന്നൽ പ്രകാശത്തിൽ ഒരു കുളിപ്പുര കണ്ടു. ഒരു ബ്രാഹ്മണഗൃഹത്തിന്റെ സർവലക്ഷണങ്ങളും തികഞ്ഞ ആ സ്ഥലം കണ്ടതോടെ അവിടെ തനിക്ക് ഭ്രഷ്ട് സംഭവിക്കില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അവിടെ ഒരു പായ വിരിച്ചു കിടന്നുറങ്ങി. രാവേറെ ചെന്നപ്പോൾ പടിപ്പുരയിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു. കുളപ്പുരയിൽ ഉറങ്ങുന്നത് തന്റെ ഭർത്താവാണെന്നു കരുതി ഭട്ടതിരിപ്പാടിനോടൊപ്പം സഹശയനം നടത്തി.

വിധി പ്രകാരം സംഭവിക്കേണ്ടത് അതു പോലെ സംഭവിച്ച് ഭ്രഷ്ടനായ ഭട്ടതിരി, ആ സ്ത്രീയിൽ തനിക്കൊരു മകൻ ജനിക്കുമെന്ന് ദീർഘദർശനം നടത്തി. മുല്ലശ്ശേരി ഇല്ലത്ത് താമസിച്ചു വന്ന ഗണകന്റെ ഭാര്യയായിരുന്നു അവർ. വീണ്ടും ദേശാടനത്തിനിറങ്ങിയ ഭട്ടതിരി പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം താൻ തിരിച്ചു വരുമെന്ന് ആ സ്ത്രീക്ക് വാക്കു കൊടുത്തു.

ഭട്ടതിരി പ്രവചിച്ചതു പോലെ കണിയാട്ടിക്ക് ഒരു ആൺകുഞ്ഞു പിറന്നു. ഗണിതത്തിലും സംസ്കൃതത്തിലും ജ്യോതിഷത്തിലും അതി വിദഗ്ധനായിരുന്നു ആ കുട്ടി. പന്ത്രണ്ടു വർഷത്തിനു ശേഷം ഭട്ടതിരി തിരിച്ചു വന്ന് ആ കുട്ടിയെ ജ്യോതിഷവും ഗണിതവും പഠിപ്പിച്ചു. പാഴൂർ പടിപ്പുരയിലെ ആദ്യ ജ്യോത്സനായി മാറിയത് ആ കുട്ടിയാണ്....

ചിതാഭസ്മം പത്തൊമ്പതു തലമുറയുടെ ചിതാഭസ്മം അടക്കം ചെയ്ത മണ്ഡപം. ചിത്രം: ശ്യാം ബാബു

തലക്കുളത്തൂർ ഭട്ടതിരിയും മുല്ലശ്ശേരി ഇല്ലത്ത് മകനോടൊപ്പം തന്നെ താമസിച്ചു. വാർധക്യത്തിൽ തനിക്ക് വരിക്കപ്ലാവിന്റെ തടി കൊണ്ട് സമാധിയുണ്ടാക്കണമെന്നും തന്റെ സമാധിപ്പുരയുടെ തലയ്ക്കലിരുന്ന് ഫലം പറഞ്ഞാൽ അതു പോലെ സംഭവിക്കുമെന്നും മകനോടു പറഞ്ഞിരുന്നു. അങ്ങനെ ഭട്ടതിരി സമാധിയുടെ തലയ്ക്കലിരുന്നാണ് പാഴൂർ കണിയാന്മാർ തലമുറകളായി പ്രശ്നം വയ്ക്കുന്നത്. വാമൊഴിയിൽ പറഞ്ഞു പോകുന്ന സാങ്കൽപ്പിക കഥകൾ മാത്രമല്ല ഇവിടെ. ഓരോ മിത്തിനും ഉപോത്ബലകമായ തെളിവുകളുമുണ്ട്. പത്തൊമ്പതു തലമുറയുടെ ചിതാഭസ്മം അടുക്കിവച്ച് വിളക്കു തെളിക്കുന്നു. തലക്കുളത്തൂർ ഭട്ടതിരിയുടെ സമാധി, മൂന്നു പടിപ്പുരകൾ, പാഴൂർ പുഴയുടെ വളവ്, ബുധ–ശുക്രന്മാരുടെ സാമീപ്യം...... എല്ലാം.

അനുഗ്രഹമായി ബുധനും ശുക്രനും

കിഴക്കേ പടിപ്പുരയിലാണ് ബുധ–ശുക്രന്മാരുടെ വാസം. ഭട്ടതിരിയുടെ സമാധിയോടൊപ്പം തന്നെ ശക്തി ഗ്രഹമായി ബുധനും ഭാഗ്യഗ്രഹമായ ശുക്രനും പാഴൂർ പടിപ്പുരയിലുണ്ടെന്നാണു വിശ്വാസം. അതുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യമുണ്ട്. പടിപ്പുരയുടെ ജ്യോതിഷ മാഹാത്മ്യം കേട്ടറിഞ്ഞ ബുധ–ശുക്രന്മാർ ഒരിക്കൽ ബ്രാഹ്മണ വേഷം ധരിച്ച് പടിപ്പുരയിലെത്തി. തങ്ങളുടെ രാശി അറിഞ്ഞാൽ കൊളളാമെന്നായി ബ്രാഹ്മണർ. ജ്യോത്സ്യൻ അതു ഗണിച്ചു പറഞ്ഞെങ്കിലും ബുധ–ശുക്രന്മാർ ഇരുന്നിരുന്ന സ്ഥാനത്തു നിന്നു മാറിയിരുന്നതിനു ശേഷം ഗണിച്ചതു ശരിയല്ലെന്നും വീണ്ടും ഗണിച്ചു നോക്കാനും പറഞ്ഞു. ഇത്തവണ ജ്യോത്സ്യന് സ്ഥാന വ്യത്യാസം അനുഭവപ്പെട്ടു. ഈ പരീക്ഷണം രണ്ടു മൂന്നു വട്ടം ആവർത്തിച്ചപ്പോൾ ജ്യോത്സ്യന് ആരാണ് യഥാർഥത്തിൽ ഈ ബ്രാഹ്മണർ എന്നു മനസ്സിലായി.

ബ്രാഹ്മണരോട് അവിടെത്തന്നെ ഇരിക്കണമെന്നും ഒരു ഗ്രന്ഥം കൂടി നോക്കി വരാനുണ്ടന്നും അതുവരെ ഇരുന്നയിടത്തു നിന്നനങ്ങരുതെന്നും സത്യം ചെയ്യിപ്പിച്ചശേഷം അകത്തു പോയ ജ്യോത്സ്യൻ ആത്മഹത്യ ചെയ്തു. അതോടെ സത്യലംഘനം നടത്താൻ കഴിയാതെ ബുധ–ശുക്രന്മാർ ആ പടിപ്പുരയിൽ തന്നെ ഇരിപ്പുറച്ചു. ഇവരുടെ അനുഗ്രഹമാണ് ഇവിടുത്തെ പ്രശ്നവിധിയെ സ്വാധീനിക്കുന്നതെന്നു കരുതുന്നു. എന്തായാലും കിഴക്കേ പടിപ്പുരയിൽ ബുധ–ശുക്രന്മാരുടെ പ്രതിഷ്ഠയാണ് ഇന്നും.

ഗണപതിപ്പുരയുളള മന

സുരേന്ദ്രൻ‍ ജ്യോത്സ്യർക്കു മുമ്പു വരെ മുല്ലശ്ശേരി ഇല്ലത്തായിരുന്നു പടിപ്പുരയിലുളളവരുടെ താമസം. പടിപ്പുരയ്ക്കു പടിഞ്ഞാറാണ് തലക്കുളത്തൂർ ഭട്ടതിരി താമസിച്ചതെന്നു കരുതുന്ന മുല്ലശ്ശേരി ഇല്ലം. അതി പ്രാചീനമായ നാലുകെട്ടാണിത്. അറയും നിരയുമെല്ലാം ഉണ്ടെങ്കിലും ആദ്യകാലത്ത് പുല്ലു മേഞ്ഞതായിരുന്നു എന്നു കരുതപ്പെടുന്നു. സാധാരണ നാലുകെട്ടുകളുടെ മട്ടിലും അളവിലും വ്യത്യാസമുണ്ട്. മുല്ലശ്ശേരി ഇല്ലത്തിന്.

മുല്ലശ്ശേരി ഇല്ലത്തെ ഗണപതിപ്പുര മുല്ലശ്ശേരി ഇല്ലത്തെ ഗണപതിപ്പുര. ചിത്രം: ശ്യാം ബാബു

ഇവിടെ ഗണപത‌ിപ്പുരയിലാണു പ്രതിഷ്ഠയും പുജയും. ഉപാസനാമൂർത്തികളുടെ ബിംബങ്ങൾ സൂക്ഷിക്കുന്നതും ഈ ഗണപതിപ്പുരയിലുളള കാൽപ്പെട്ടിയിലാണ്. ഉപാസനാമൂർത്തിയായ ഗണപതി പ്രതിഷ്ഠയ്ക്കു മുമ്പിൽ സൂക്ഷിച്ചിരി ക്കുന്ന കാൽപ്പെട്ടിയിൽ മറ്റ് ഉപാസനാമൂർത്തികളായ ശ്രീചക്രം, മഹാമേരു, സന്താനഗോപാലപ്രതിമ, വ‌െണ്ണക്കണ്ണൻ, ഹനുമാൻ എന്നീ ബിംബങ്ങളുണ്ട്. എല്ലാ ദിവസവും ഈ ബിംബങ്ങൾ പുറത്തെടുത്ത് പ്രത്യേക പൂജ നടത്തും. അതിനുശേഷം ആറ്റിന്റെ കരയിലുളള കിണറിൽ നിന്ന് വെളളമെടുത്ത് അഭിഷേകം. ഈ അഭിഷേക ജലം തലക്കുളത്ത് ഭട്ടതിരിയുടെ സമാധിയിലും ബുധ–ശുക്ര സ്ഥാനങ്ങളിലും കവടി നിരത്തുന്ന പീഠത്തിലും തളിച്ച് പൂജ നടത്തി വിളക്കു വച്ചതിനുശേഷമാണ് പ്രശ്നം നോക്കൽ ആരംഭിക്കുന്നത്. ഇരുപതു തലമുറയായി ഇതാണ് ആചാരം.

സാക്ഷിയായി ഒരു പുഴയോരം‌

പാഴൂർപ്പുഴ ദിശ മാറി ഒഴുകുന്നത് ഇവിടെ പ്രത്യക്ഷത്തിൽ കാണുന്ന ഒരു അദ്ഭുതമാണ്. തെക്കോട്ട് ഒഴുകേണ്ടിയിരുന്ന പുഴയാണ് കിഴക്കോട്ടു മാറി പാഴൂർ പടിപ്പുര ചുറ്റി വീണ്ടും തെക്കോട്ട് ഒഴുകുന്നത്. പാഴൂരിന്റെ പത്തു ഭാഗ്യങ്ങളിൽ ഒന്നായിട്ടാണ് പുഴയുടെ ഈ ദിശാമാറ്റം കണക്കാക്കുന്നത്. പുഴ കുറുകേ കടന്നായിരുന്നു പണ്ട് പടിപ്പുരയിലെത്തേണ്ടിയിരുന്നത്. ചുറ്റും കാടായിരുന്നു. ഇപ്പോൾ റോഡുണ്ട്. ഇടുക്കി ഡാം വരും മുമ്പ് ആറ്റിന്റെ ഇരുകരകളിലും വിശാലമായ മണൽപ്പരപ്പുണ്ടായിരുന്നു. ഇപ്പോൾ കര നിറഞ്ഞ് ഒഴുകുകയാണ് പുഴ.

മണൽപ്പരപ്പുകൾ മറയുന്നതിനു മുമ്പ് പുഴയുടെ കരയിലായിരുന്നു ആഘോഷങ്ങൾ. വേനൽക്കാലത്ത് ഉത്സവങ്ങൾ കൊടിയേറി. പിണ്ടിവിളക്കുകൾ തെളിഞ്ഞു. പടിപ്പുരയിൽ നിന്ന് പെരും തൃക്കോവിലിലേക്ക് ഘോഷയാത്രകൾ പുറപ്പെട്ടു. പുഴയിൽ വെളളം നിറഞ്ഞതോടെ ആഘോഷങ്ങൾക്കും മാറ്റം സംഭവിച്ചു. ഇപ്പോൾ തൂക്കുപാലമുണ്ട്. എങ്കിലും കാലമൊരിക്കലും മാറ്റം വരുത്തിയിട്ടില്ല പടിപ്പുരയുടെെ ആചാരങ്ങൾക്ക്.

‘ഒരു ദിവസം പത്തു പേരിൽ കൂടുതൽ ആൾക്കാരെ ജ്യോത്സ്യർ കാണാറില്ല. മൂന്നുമാസം മുമ്പോ സമയം ചോദിക്കുന്നവർക്കു മാത്രമേ കാണാൻ അനുവാദമുളളൂ. ഇവിടെ പ്രശ്നവിധി ബിസിനസല്ല, ‌കർമമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിട്ട് ഒന്നിനും ഞങ്ങളില്ല.’’ സുരേന്ദ്രൻ ജ്യോത്സ്യർ.

അധികമാർക്കും അറിയില്ലെങ്കിലും പാഴൂർ പഠിപ്പുര ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ പഠന വിഷയമായി. ആൻഡ്രോപോളജിസ്റ്റ് ഡോ. ഹോഗ് ആണ് ആ പഠനത്തിന് നേതൃത്വം കൊടുത്തത്. വർഷങ്ങൾക്കു മുമ്പ് പാഴൂർ പടിപ്പുരയിൽ എത്തി മാസങ്ങളോളം അവിടെ താമസിച്ചാണ് പഠനം പൂർത്തിയാക്കിയത്.

‘ഡോക്ടർ രോഗം നിർണയിക്കുന്നതുപോലെയാണ് ഒരു ജ്യോത്സ്യൻ പ്രശ്നം വയ്ക്കുന്നത്. മുൻകൂട്ടി ഇന്നതു പറയാം എന്നു പറ‍ഞ്ഞല്ല രാശി നോക്കുന്നത്, രാശി നോക്കുമ്പോൾ ഒരു ഫലം തെളിഞ്ഞു വരും. ആ ഫലമാണു പറയുന്നത്. കുട്ടികളില്ലാത്ത ദമ്പതികളുടെ രാശിയാണു നോക്കുന്നതെന്നു കരുതുക. അപ്പോൾ എവിടെ നിന്നെങ്കിലും ഒരു കുട്ടിയുടെ ചിരി കേൾക്കുകയാണെങ്കിൽ ഉറപ്പായും അവർക്കു കുട്ടികളുണ്ടാവും. കുട്ടിയുടെ ചിരിക്കു പകരം കരച്ചിലാണെങ്കിൽ പകുതി സാധ്യതയേയുളളൂ. കുട്ടികളുടെ നിലവിള‌ിയാണെങ്കിൽ സന്താഭാഗ്യം തന്നെ ഉണ്ടാവണമെന്നില്ല. ചുരുക്കത്തിൽ നിമിത്തവും സ്ഥാനവും രാശിയുമെല്ലാം കൂടി ചേർന്ന ഒരു നിമിഷത്തിൽ നിന്നാണ് ഫലം പിറക്കുന്നത്.’ ജ്യോത്സർ തന്റെ വെളിപാടു വ്യക്തമാക്കുന്നു.

മുല്ലശ്ശേരി ഇല്ലം പ്രവചനങ്ങളുടെ വെയിലും മഞ്ഞുമേറ്റ് മുല്ലശ്ശേരി ഇല്ലം. ചിത്രം: ശ്യാം ബാബു

പാഴൂർ പടിപ്പുരയുടെ കാലഗണന നടത്തിയിട്ടുണ്ട്. ഗോവിന്ദൻ ഭട്ടതിരിയുടെ സമാധി കൊല്ലവർഷം 412–ാം ആണ്ടിലാണെന്നു ഗണിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ 779 വർഷം. മുൻചരിത്രങ്ങൾ നോക്കിയാൽ ഏറെക്കുറെ 900 വർഷത്തെ പഴക്കമെങ്കിലും ഇപ്പോഴുളള പടിപ്പുരയ്ക്ക് ഉണ്ട്.

പടിപ്പുരയിൽ നിന്നു പുറത്തുപോയി പ്രശ്നം വയ്ക്കുന്ന സമ്പ്രദായം ഇല്ല. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഒന്നോ രണ്ടോ ദിവസം ജ്യോത്സർ മാറി നിൽക്കാറുളളൂ. ‘ജ്യോതിഷം ആൾക്കാരെ പേടിപ്പിച്ച് ചൂഷണം ചെയ്യാനുളളതല്ല. അഷ്ടമത്തിൽ ഗുളികൻ നിൽക്കുകയാണെങ്കിൽ ആയുർഭാവം അപകടത്തിലാവാം. അതായത് മരണം വരെ സംഭവിക്കാം. എങ്കിലും നമ്മൾ‍ പറയും ; അപകടകാലമാണ്, സൂക്ഷിക്കണം. അങ്ങനെ പറയുമ്പോൾ കേൾക്കുന്ന ആളിന് കാര്യം മനസിലാവും. അല്ലാതെ നിങ്ങൾ മരിക്കാൻ പോകുന്നു ഇത്ര രൂപയുടെ പൂജ ചെയ്യണം എന്നു പറഞ്ഞു പേടിപ്പിക്കുകയല്ല വേണ്ടത്.’ സുരേന്ദ്രൻ ജ്യോത്സർ പറയുന്നു.

ജന്മം കൊണ്ടും കർമം കൊണ്ടും

ജന്മം കൊണ്ട് കണിയാരാണെങ്കിലും കർമം കൊണ്ട് ബ്രാഹ്മണ്യത്തിലേക്കു യർന്നുവന്നവരാണ് പാഴൂർ പടിപ്പുരയിലെ ജ്യോത്സ്യന്മാർ. പന്ത്രണ്ടു നമ്പൂതിരിമാർ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചടങ്ങിലൂടെ ഉപനയനം നടത്തി പൂണൂൽ ധരിപ്പിച്ച് പുതിയ പേരും സ്വീകരിച്ചതിനുശേഷമാണ് ജ്യോത്സ്യന്മാർ പ്രശ്നം നോക്കാനിരിക്കുന്നത്. ഇപ്പോഴുളള സുരേന്ദ്രൻ ജ്യോത്സരുടെ ഉപനയന നാമം രാമൻ സുരേന്ദ്രൻ എന്നാണ്.

മുത്തച്ഛൻ ശങ്കരൻ ജ്യോത്സർക്ക് ആൺമക്കൾ ഇല്ലാത്തതുകൊണ്ട് മകളുടെ മകനായ സുരേന്ദ്രനെ ദത്തെടുക്കുകയായിരുന്നു. ഇന്ദിരയാണു സുരേന്ദ്രൻ ജ്യോത്സരുടെ ഭാര്യ. രണ്ട് മക്കൾ. ആഷ സുജിതും അഞ്ജന ശ്രീനാഥും. ജ്യോത്സ്യന്മാർക്ക് ആൺ മക്കൾ ഉണ്ടാകില്ലെന്ന ഏതോ നമ്പൂതിരി ശാപം അഞ്ചു തലമുറകളായി തങ്ങൾ അനുഭവിക്കുകയാണെന്നു ജ്യോത്സ്യർ പറയുന്നു.

പഴമയുടെ പുഴ ചുറ്റി ഒരു യാത്ര വന്നതു പോലെ, ജ്യോത്സർ വീണ്ടും സമാധിക്കടുത്തേക്ക്. കൈയിൽ വീണ്ടും കവടികൾ വാരിയെടുത്തു. വീണ്ടുമൊരു കാക്ക കരയാം. കരയാതിരിക്കാം. എന്തായാലും ഒരു ഫലം കൂടി തെളിയുകയാണ്.

ആറിന്റെ കരയിൽ ഐതിഹ്യങ്ങളുടെ പ്രകാശവും പേറി ഒരു വിളക്കു മരം പോലെ നിൽക്കുകയാണ് പാഴൂർ പടിപ്പുര. പടിപ്പുരയുടെ പടിയിറങ്ങി വരുമ്പോൾ എതിരെ വന്ന ഒരാൾ ചോദിച്ചു; ഫലമെങ്ങനെ? രക്ഷപ്പെടുമോ? പാഴൂർ കണിയാന്മാർക്ക് പിഴയ്ക്കില്ല. ഉറപ്പാണ്.

ചില ഉറപ്പുകളാണല്ലോ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.