Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിത പരിഹാരവുമായി വ്യാജന്മാർ...

remedy

ഭാരതീയ സംസ്കാരം ശാസ്ത്രാധിഷ്ഠിതമാണ്. അതിൽ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടേണ്ട ശാസ്ത്രം ജ്യോതിഷമാണെന്ന് കരുതപ്പെടുന്നു. ജ്യോതിഷം വേദചക്ഷുസ്സും ആയുർവേദത്തിന്റെ ഉപാംഗവുമാണെന്നു പറയുമ്പോൾ ആ ശാസ്ത്രത്തിന്റെ പ്രാധാന്യം വ്യക്തമാണ്. എല്ലാ ശാസ്ത്രമേഖലകളിലും വ്യാപിച്ചു കിടക്കുന്ന ഒന്നാണ് ജ്യോതിഷം. നിർഭാഗ്യവശാൽ ഇന്ന് ഈ ശാസ്ത്രത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. തന്നെയുമല്ല ശാസ്ത്രീയ പഠനവും, പക്വതയും ഇല്ലാത്ത ഒട്ടനവധി ആൾക്കാർ ഈ ശാസ്ത്രവും അനുബന്ധ ശാസ്ത്രങ്ങളും കൈകാര്യം ചെയ്യുന്നു അനുബന്ധ ശാസ്ത്രമെന്നത് പൂജാ, താന്ത്രികമേഖലകളെ ഉദ്ദേശിച്ചാണ്.

ഒരു വിദഗ്ധ ഭിക്ഷഗ്വരനെക്കാൾ പഠനവും നിരീക്ഷണവും ആവശ്യമുള്ള ശാസ്ത്രശാഖകളാണ് ജ്യോതിഷവും ദോഷപരിഹാരക്രിയകളും. പ്രത്യക്ഷമായും പരോക്ഷമായും കാരണം കാണാത്ത ദുരിതത്തിൽ അകപ്പെടുമ്പോൾ അവസാനത്തെ അത്താണി ആയി മനുഷ്യൻ ആശ്രയിക്കുന്നത് ഈ ശാസ്ത്രങ്ങളെയാണ്. അതുകൊണ്ടുതന്നെ ഈ മേഖലകളിൽ നിന്നു വ്യാജന്മാരെ അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണ്. നിർഭാഗ്യവശാൽ ഈ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ശേഷി പരിശോധിച്ച് അംഗീകാരം നൽകാനുള്ള ഒരു മാനദണ്ഡവും നമ്മുടെ സമൂഹം ഇന്നുവരെ തീരുമാനിച്ചിട്ടില്ല.

ഈ പ്രപഞ്ചത്തിൽ സൃഷ്ടി സ്ഥിതി ലയ ധർമങ്ങൾ നടക്കുന്നത് ഗ്രഹങ്ങളിലൂടെയാണ്. പ്രാപഞ്ചിക ചലനങ്ങൾ സമയസഞ്ചാരങ്ങൾ ആകുമ്പോൾ ദിന, വാര, മാസ, ഋതു, കാല, അയന വർഷാദികൾ ഭവിക്കുന്നു. ഈ സമയങ്ങളിലുള്ള പരിണാമങ്ങൾ ഗ്രഹങ്ങളെ ആശ്രയിച്ചാണു നടക്കുന്നത്. ഉദാഹരണത്തിന് കാലവർഷത്തിന്റെ സമയം നമുക്കു നന്നായറിയാം. പക്ഷേ ചിലപ്പോൾ ആ കാലയളവിൽ വേണ്ടത്ര മഴ ലഭിക്കാറില്ല. ചില ഗ്രഹങ്ങളുടെ അശുഭസ്ഥിതിയാണതിനു കാരണം.

ഗ്രഹങ്ങൾക്കു തന്നെ നൈസർഗിക ശുഭനെന്നും അശുഭനെന്നും വ്യത്യാസം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ഇടയിൽ ശത്രുമിത്രത്വം ഉണ്ടെന്നാണ് ആചാര്യമതം. ഈ വിധത്തിലുള്ള സ്വഭാവ കൽപന ഫലദാനശേഷി മനസ്സിലാക്കാൻ വേണ്ടിയുള്ളതാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം ജനിച്ച സമയം അടിസ്ഥാനപ്പെടുത്തിയാണു ഫലചിന്തനം നടത്തുന്നത്. ജന്മനക്ഷത്രം, ജന്മസമയത്തെ ഗ്രഹങ്ങളുടെ സ്ഥിതി, ബലം ഇവയെല്ലാം നോക്കിവേണം ഫലം പറയുവാൻ. ഇങ്ങനെ നോക്കുമ്പോൾ ഗ്രഹങ്ങളുടെ നൈസർഗിക ശുഭാശുഭത്വത്തിനു വ്യത്യാസം വരാം. നൈസർഗിക ശുഭൻ ഒരു പക്ഷേ ദോഷ ഫലദാതാവും അശുഭൻ ശുഭഫല ദാതാവുമായി മാറാം. നക്ഷത്രം വച്ചു ഫലം പറയണമെങ്കിൽ നക്ഷത്രാധിപന്റെ സ്ഥിതിയും ബലവും മറ്റും നോക്കണം. ചിലർ നക്ഷത്രദശാകാലങ്ങൾ വച്ചു ഫലം പറയാറുണ്ട്. പലതരത്തിലുള്ള ദശാകാലങ്ങൾ ജ്യോതിശാസ്ത്രത്തിൽ പറയുന്നുണ്ട്. കാലചക്രദശ, ചാന്ദ്രദശ, വിശോത്തരി ദശ ഇവ അവയിൽ പ്രധാനങ്ങളാണ്. ജന്മസമയത്തെ ഗ്രഹനില അടിസ്ഥാനപ്പെടുത്തിയാണു ദശാരീതി തിരഞ്ഞെടുക്കേണ്ടത്. ഒരേ ഗ്രഹത്തിന്റെ ദശാകാലയളവ് ദശാരീതികളിൽ വ്യത്യസ്തമാണ്. ഇന്നു വിപണിയിൽ ലഭിക്കുന്ന ചില പുസ്തകങ്ങളിൽ ചാന്ദ്രദശാഫലങ്ങൾ പൊതുവായി രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. അതു പഠിച്ചും അതുപോലെ രേഖപ്പെടുത്തിയിട്ടുള്ള ചാരവശാലുള്ള ഫലങ്ങൾ പഠിച്ചും ഫലപ്രവചനം നടത്തുന്ന ധാരാളം ജ്യോതിഷികൾ നമ്മുടെ നാട്ടിലുണ്ട്. ദുരിത പരിഹാര മാർഗങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ തട്ടിപ്പുവേദി. ധാരാളം ആൾക്കാർ തട്ടിപ്പിനിരയാകുന്നുണ്ട്. ചെറിയ തുക മുതൽ ലക്ഷങ്ങൾ വരെ നഷ്ടമായി നിരാശയോടെ ശാസ്ത്രത്തെ പഴിക്കുന്നവരും പുച്ഛിക്കുന്നവരും ധാരാളം.

ദോഷങ്ങളെ ജ്യോതിഷ പരമായി ചിന്തിച്ചാൽ നിജം, ആഗന്തുകം എന്നിങ്ങനെ രണ്ടു വിധത്തിൽ ഉണ്ട്. ജനിച്ച സമയത്തെ ഗ്രഹനില കൊണ്ടു ചിന്തിക്കപ്പെടേണ്ട ദോഷമാണ് നിജം. ആഗന്തുകം എന്നത് ഈ ജന്മത്തിൽ വന്നു ഭവിച്ച ദോഷങ്ങളാണ്. അതു പ്രശ്നചിന്തനത്തിലൂടെ കണ്ടെത്തണം.

ഗ്രഹങ്ങളാണ് ഒരാളുടെ ജീവിത ഗതിവിഗതികൾ നിർണയിക്കുന്നത് എന്നു സൂചിപ്പിച്ചിരുന്നു. ആ ഗ്രഹങ്ങൾ തങ്ങളുടെ അദൃശ്യ രശ്മികൾ മനുഷ്യരിൽ ചെലുത്തിയാണു മനുഷ്യനെ സ്വാധീനിക്കുന്നത്. അതുകൊണ്ടുതന്നെ ദോഷഫലദാതാക്കളായ രശ്മികളെ തടയുന്നതിനും നമ്മളിൽ വന്നു ഭവിച്ചതിനെ നിർവീര്യമാക്കുന്നതിനുമുള്ള ശാസ്ത്രിയ ക്രിയകളാണു ദോഷ പരിഹാരക്രിയകൾ. ആഗന്തുകങ്ങളായ ദോഷങ്ങളും ഊർജരൂപത്തിൽ നില നിൽക്കുന്നതാണ്.

ദോഷം എന്തുതന്നെ ആയാലും പരിഹാരമാർഗങ്ങൾ ഉണ്ട്. നിജമായ ദോഷങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിഞ്ഞില്ല എങ്കിലും അതിജീവിക്കാൻ കഴിഞ്ഞേക്കാം. മഴസമയത്തു കുട ചൂടി സഞ്ചരിക്കുന്നതു പോലെ മഴയെ തടയാൻ കഴിയില്ലല്ലോ. ശാസ്ത്രജ്ഞാനവും കഴിവും ഉള്ള കർമികൾക്കു മാത്രമേ അതിനു കഴിയൂ. കഴിവ് എന്നു പറയുന്നതു പാരമ്പര്യമായോ വർഗാടിസ്ഥാനത്തിലോ ലഭിക്കുന്നതല്ല. അങ്ങനെ ഉള്ളവർക്ക് സാങ്കേതിക പരിജ്ഞാനം ഉണ്ടാകാം. കർമശേഷി നൈസർഗികമാണ്. ചിത്രകാരന്റെ മകനു ചിത്രരചനാ വാസന ഉണ്ടാവാം എന്നല്ലാതെ, ഉണ്ടാകും എന്നു തറപ്പിച്ചു പറയാൻ പറ്റില്ലല്ലോ.

പരിഹാരക്രിയകൾ എന്നു പറയുമ്പോൾ വൈദിക താന്ത്രിക രീതി (ഇന്നത്തെ പൊതുവായ ക്ഷേത്രാചാര രീതി) മാത്രമാണെന്നു ധരിച്ചിരിക്കുന്നവരാണ് അധികവും. മറ്റുള്ള കർമരീതികൾ അധമമാണെന്നോ ദോഷകർമങ്ങൾ ആണെന്നോ പരക്കെ പ്രചാരമുണ്ട്. അതു ശരിയല്ല.

ഔഷധ പ്രയോഗങ്ങളും ചില ക്രിയകളും വളരെ പ്രയോജനകരമാണ് ദോഷ പരിഹാരത്തിന്. ശാക്തേയ-കൗളമാർഗത്തിലുള്ള പൂജാക്രമങ്ങളും വളരെ അധികം ഫലപ്രദമാണ്. ചില ഗോത്രാചാരവിധികളും അത്യുത്തമമാണ്. ബുദ്ധിപൂർവവും യുക്തിപൂർവവും ദൈവജ്ഞരെ അറിഞ്ഞു പ്രവർത്തിച്ചാൽ മാനഹാനിയും ധനനഷ്ടവും ഒഴിവാകും.

വിലാസം:

ജയശങ്കർ മണക്കാട്,

തുരുത്തി പിഒ, ചങ്ങനാശേരി, കോട്ടയം- 686535

ഫോൺ: 09496946008

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.