Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗനിർണയം പ്രശ്നമാർഗത്തിലൂടെയും...

jathakam-health

രോഗം എന്ന അവസ്ഥ ജീവസഹജമാണ്. ഒരു ജീവൻ ഉടലെടുക്കുന്നതോടെ അദൃശ്യരൂപത്തിൽ രോഗം അവന്റെ ശരീരത്തിൽ പ്രവേശിക്കുന്നു. പഞ്ചഭൂതാദികളാൽ നിർമിക്കപ്പെട്ട ഏതൊരു ജീവനും ഇന്നല്ലെങ്കിൽ നാളെ രോഗത്തിന് അടിമപ്പെടേണ്ടിവരും. ഇക്കാലത്ത് രോഗമില്ലാത്ത ഒന്നും തന്നെ (ജീവികളും സസ്യങ്ങളുമടക്കം) ഭൂലോകത്തിൽ ഉണ്ടോ എന്നു തന്നെ സംശയം. നമ്മൾ ഓരോ പ്രാണവായുവും അകത്തെടുക്കുമ്പോൾ കോടിക്കണക്കിന് അണുക്കളാണു ശരീരത്തിൽ പ്രവേശിക്കുന്നത്. ഇവ എപ്പോൾ വേണമെങ്കിലും ശരീരത്തെ ആക്രമിക്കാം എന്നു മോഡേൺ സയൻസ് വെളിപ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രം ഇത്ര പുരോഗമിക്കുന്നതിന് എത്രയോ നൂറ്റാണ്ടുകൾക്കു മുൻപു തന്നെ രോഗനിർണയവും ചികിത്സയും ശസ്ത്രക്രിയകളും നടത്തിയ പാരമ്പര്യം ഭാരതത്തിലെ ഋഷീശ്വരന്മാർക്കുണ്ട്. ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിലും ഇതിനുള്ള തെളിവുകൾ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നു. ഏതൊരു രോഗത്തിനും ഔഷധമായി ആദ്യം നൽകേണ്ടത് ശുദ്ധജലമാണെന്നു യജുർവേദം പറഞ്ഞിരിക്കുന്നു. പാപ്മാ, ജ്വരം , വ്യാധി, വികാരം, ദുഃഖം, ആമയം, യക്ഷ്മാ, ഗദം, ആതങ്കം എന്നീ ശബ്ദങ്ങൾ രോഗമെന്ന അർഥത്തിൽ ഉപയോഗിക്കാറുണ്ട്. നിദാനം, പൂർ‌വരൂപം, രൂപം, ഉപശയം, സംപ്രാപ്തി എന്നിങ്ങനെ രോഗങ്ങൾക്ക് അഞ്ച് അവസ്ഥാ വിശേഷങ്ങളുണ്ട്. നിമിത്തം, ഹേതു, അയതനം, കാരണം എന്നീ പദങ്ങൾ രോഗനിദാനമെന്ന അർഥത്തിൽ ഉപയോഗിക്കപ്പെടാറുണ്ട്.

പ്രാഗ്രൂപമെന്നു പറയുന്നതു ശരിയായ നിലയിൽ പ്രത്യക്ഷപ്പെടുന്നതിനു മുൻപുള്ള രോഗത്തിന്റെ അവസ്ഥാവിശേഷമാണ്. വാതാദി ദോഷങ്ങൾ ദുഷിച്ച് ആദ്യം നേരിയ രോഗലക്ഷണങ്ങൾ കാണുന്നു. അവ വ്യക്തമായി തീരുമ്പോൾ രൂപമെന്നു പറയുന്നു. സംസ്ഥാനം, വിജ്ഞാനം, ചിഹ്നം, ലിംഗം, ആകൃതി മുതലായ പദങ്ങൾ ഇതു സൂചിപ്പിക്കുന്നു. രോഗശമനത്തിന് അനുകൂലമായ ഔഷധം വിഹാരങ്ങളുടെ സുഖാവഹമായ ഉപയോഗം ഉപശയമാണ്. അതാണു രോഗശമനത്തിന് ഉപകരിക്കുക. അതിനു വിപരീതമായത് അനുപശയമാകുന്നു. ദോഷങ്ങൾ ദുഷിച്ചു രോഗത്തിനു പ്രത്യേക പരിണതി സംഭവിക്കുന്നു. വാതാദികളുടെ ഏറ്റക്കുറച്ചിൽ‌, രോഗിയുടെ ബലം, കാലാവസ്ഥ മുതലായവയെ ആശ്രയിച്ച് രോഗങ്ങൾക്ക് വ്യത്യാസം ഉണ്ടാകാം. ചുരുക്കിപ്പറഞ്ഞാൽ എല്ലാ രോഗങ്ങൾക്കും കാരണം വാതപിത്തകഫാദികളുടെ വ്യത്യസ്ത തോതിലുള്ള കൂടിച്ചേരലാണ്.

ഭാരതീയ ജ്യോതിഷത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിലൊന്നായ പ്രശ്നമാർഗത്തിന്റെ പൂർവാർധത്തിൽ‌ രോഗവിഷയം സമർഥമായി കൈകാര്യം ചെയ്യുന്നുണ്ട്. ഒരുവന്റെ പേരിൽ പ്രശ്നം വച്ച് അവൻ രോഗിയാണോ രോഗില്ലാത്തവനാണോ എന്നു പറയാൻ ജ്യോതിശ്ശാസ്ത്രത്തിനു കഴിയും. ഇവിടെ സ്കാനിങ്ങോ ബ്ലഡ് ടെസ്റ്റോ ഒന്നും ആവശ്യമില്ല.

ജ്യോതിശ്ശാസ്ത്രപ്രകാരം ആറ്, എട്ട് എന്നീ ഭാവങ്ങൾ രോഗചിന്തയ്ക്കുള്ളതാണ്. ഈ ഭാവങ്ങളിൽ പാപയോഗമോ പാപദൃഷ്ടി മുതലായവയോ ഭാവാധിപന്മാർ പാപന്മാരാവുകയോ മൗഢ്യം, നീചം, ദുഃസ്ഥിതി എന്നിവയാൽ വരുന്ന ബലക്ഷയമോ അല്ലെങ്കിൽ ഇവരുടെ ദശാകാലം അപഹാരം തുടങ്ങിയ സമയമോ ഉണ്ടെങ്കിൽ‌ രോഗം വരുന്നതിനു സാധ്യതയുണ്ട്‌.

രോഗങ്ങളും ഗ്രഹങ്ങളും

സൂര്യന് അതിയായ ജഠരാഗ്നി, വേദന, ഉള്ളിൽ പനി എന്നിവയും ചന്ദ്രനു ഛർദിയും മലമൂത്രാദി തടസ്സവും പ്രമേഹം, അതിസാരം എന്നിവയും കുജനു ചുട്ടുനീറ്റലും ദാഹവും രക്തദൂഷ്യം കൊണ്ടുണ്ടാകുന്ന വ്രണവും ബുധനു ബുദ്ധിഭ്രമവും ശീതജ്വരവും സന്നിപാതജ്വരവും വ്യാഴത്തിനു ബുദ്ധിനാശവും ശുക്രനു വിശപ്പില്ലായ്മയും മോഹാലസ്യവും നീരും ശനിക്കു ദാഹവും അരുചിയും ശരീരവേദനയും രാഹുവിനു വായുക്ഷോഭവും ഗുളികന് എക്കിട്ടവും ഞരമ്പുവലിയലും രോഗങ്ങളാകുന്നു.

ഇങ്ങനെ രോഗനിർണയം ചെയ്തു കഴിഞ്ഞാൽ രോഗി ജീവിക്കുമോ മരിക്കുമോ എന്നു ശാസ്ത്രവിധി പ്രകാരം തീർച്ചപ്പെടുത്തിയതിനു ശേഷം ജീവിക്കും എന്നു കണ്ടാൽ രോഗത്തിനു ഹേതുവായിട്ടുള്ള ഗ്രഹത്തിനെ പ്രത്യേക പൂജകളോ സ്തുതികളോ കൊണ്ടു പ്രസാദിപ്പിക്കുകയും രോഗകാരണമായ ഗ്രഹത്തിനു പറഞ്ഞ ദേവതയെ പൂജാദികളിലൂടെ പ്രസാദിപ്പിക്കേണ്ടതാകുന്നു. സൂര്യനു ശിവൻ‌, ചന്ദ്രനു ദുർഗാഭഗവതി, ധർമദൈവം, സർപ്പങ്ങൾ, കുജനു സുബ്രഹ്മണ്യൻ‌, ദേവി, ബുധനു ശ്രീരാമൻ, കൃഷ്ണൻ, വ്യാഴത്തിനു മഹാവിഷ്ണു, ശുക്രനു ഗണപതി, അന്നപൂർണേശ്വരി, യോഗിനി, ശനിക്കു ശാസ്താവ്‌, രാഹുവിനു സർപ്പങ്ങൾ‌, കേതുവിന് അധമദേവത എന്നിവയാണു ഗ്രഹദേവതമാർ.

സർവരോഗസംഹാരികളായ സഹസ്രനാമം, ശതരുദ്രീയം, രുദ്രസൂക്തം എന്നീ മന്ത്രങ്ങൾ കൊണ്ടു പ്രാർഥനകളും ശാസ്ത്രവിധി പ്രകാരം കർമവിപാകം എന്നു പേരുള്ള ദുരിതപ്രായശ്ചിത്തവും അനുഷ്ഠിക്കാവുന്നതാണ്. ആരോഗ്യത്തെ ആഗ്രഹിക്കുന്നവൻ അന്യന്റെ രോഗശമനത്തിനു സഹായിക്കുന്നത് ഒന്നാന്തരം പ്രായശ്ചിത്തമാണ്.

അശ്വതി, രോഹിണി, മകയിരം, തിരുവാതിര, പൂയം, ചിത്തിര, ചോതി, തിരുവോണം, ചതയം എന്നീ നക്ഷത്രങ്ങളും ഞായർ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ആഴ്ചകളും വേലിയിറക്കമുള്ള രാശികളും ലാടം, എകാർഗളം, ദഗ്ധയോഗം എന്നിവയും രിക്തകളും ചികിത്സയ്ക്ക് ശുഭങ്ങളാകുന്നു. പഞ്ചമി, ദശമി, വാവ് എന്നീ തിഥികളും ജന്മാനുജന്മ നക്ഷത്രങ്ങളും വർജ്ജിക്കുകയും വേണം.

കണ്ണു ചികിത്സയ്ക്ക് കണ്ണില്ലാത്ത നാളുകളും: ഞായർ, ചൊവ്വ, വെള്ളി, ശനി എന്നീ ആഴ്ചകളും വർജിക്കണം. കുഷ്ഠരോഗ ചികിത്സയ്ക്കു പാപഗ്രഹങ്ങളുടെ യോഗദൃഷ്ടി ഏറ്റവും ശുഭകരമാകുന്നു.

ജ്വരം മുതലായ രോഗങ്ങൾ ആരംഭിക്കുന്നതു മകയിരം, ഉത്രാടം നാളുകളിലാണെങ്കിൽ രോഗം സുഖപ്പെടാൻ ഒരു മാസവും അത്തം, വിശാഖം, തൃക്കേട്ട എന്നിവയ്ക്കു 15 ദിവസവും, ഭരണി, ചിത്ര, തിരുവോണം, ചതയം എന്നിവയ്ക്ക് 11 ദിവസവും മകയിരത്തിന് 20 ദിവസവും, രോഹിണി, പുണർതം, പൂരം, ഉത്രം, ഉത്തൃട്ടാതി എന്നിവയ്ക്ക് 16 ദിവസവും അശ്വതി, കാർത്തിക, മൂലം എന്നിവയ്ക്ക്‌ ഒൻപതു ദിവസവും വേണം. അനിഴം, രേവതി എന്നീ നക്ഷത്രങ്ങളിൽ രോഗാരംഭം ഉണ്ടായാൽ‌ വളരെ വേഗത്തിൽ‌ സുഖപ്പെടുമെന്നാണ്‌ ആചാര്യമതം.

ചതുർഥി, നവമി, അഷ്ടമി, ചതുർദശി, വാവ് എന്നീ തിഥികളിലും ഞായർ, ചൊവ്വ, ശനി എന്നീ ആഴ്ചകളിലും ജന്മാനുജന്മ നക്ഷത്രങ്ങൾ ജനിച്ച നാളിന്റെ 3, 5, 7 എന്നീ നക്ഷത്രങ്ങൾ, അഷ്ടമരാശിക്കൂറ് എന്നിവയിലും ആരംഭിക്കുന്ന രോഗങ്ങൾ ശക്തിയുള്ളതായിരിക്കും. അതുകൊണ്ടു ചികിത്സയിൽ പ്രത്യേകം ശ്രദ്ധവേണം. തൃക്കേട്ട, ചോതി, ആയില്യം, തിരുവാതിര, പൂരം, പൂരാടം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളിൽ രോഗം ആരംഭിക്കുന്നത് അതീവദോഷമാകുന്നു. അശ്വതി, രോഹിണി, മകയിരം. ഉത്രം, ചോതി, ഉത്രാടം, ഉത്തൃട്ടാതി എന്നീ നക്ഷത്രങ്ങളും തിങ്കൾ, വ്യാഴം, വെള്ളി എന്നീ ആഴ്ചകളും രോഗം സുഖപ്പെട്ടതിനുശേഷമുള്ള ആദ്യത്തെ കുളിക്ക് ഉത്തമമാകുന്നു.

Astrologer

O K Pramodpanicker

Orassanoor Kalarickal

Peringode - 679535

Palakkad

Kerala

Phone - 9846309646,8547019646

Email- pramodpanickerpgd87@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.