Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷം പ്രവചനമല്ല; പിന്നെയോ?

astro-news

‘ജ്യോതിഷം എന്നത് പ്രവചനം’ ആണെന്നാണ് ഇപ്പോഴും പല ആളുകളുടെയും വിചാരം. അങ്ങനെയുള്ള പ്രചരണത്തിന് നേതൃത്വം കൊടുക്കാൻ പലപ്പോഴും പരസ്യങ്ങളിലൂടെ പല ജോത്സ്യന്മാരും ശ്രമിക്കാറുമുണ്ട്. അവരുടെ ഉദ്ദേശം മറ്റൊന്നാണെങ്കിലും ഈ പ്രചരണം പലപ്പോഴും ജോത്സ്യന്മാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മറ്റ് പല വീടുകളിലും സംഭവിക്കുന്നതുപോലെ എന്തെങ്കിലും മോശമായ കാര്യങ്ങൾ ജോത്സ്യന്റെ വീട്ടിൽ സംഭവിച്ചാൽ ആളുകൾ മൂക്കത്ത് വിരൽ വെയ്ക്കും...

‘പ്രവചനം’ നടത്താൻ കഴിയുന്ന ആൾക്ക് എന്തുകൊണ്ട് ഇത് നേരത്തെ മനസ്സിലാക്കാൻ സാധിച്ചില്ല എന്നാവും ആളുകളുടെ ചിന്ത ജ്യോതിഷത്തിലെ ഫല പ്രവചനത്തിന് അതിന്റേതായ മാർഗ്ഗങ്ങൾ ഉണ്ട്.

‘പ്രശ്നം’ വയ്ക്കുന്ന സമയത്ത് ലഭിക്കുന്ന എന്തെങ്കിലും വെളിപാടിന്റെ പശ്ചാത്തലത്തിലല്ല, ജ്യോത്സ്യൻ ഫലങ്ങൾ പറയുന്നത്. ഓരോ ഗ്രഹസ്ഥിതിയ്ക്കും ഇന്ന ഫലങ്ങൾ എന്ന് ഗ്രന്ഥങ്ങളിൽ എഴുതിയിരിക്കുന്നത്, പഠിച്ച ആൾ പറഞ്ഞു കൊടുക്കുന്നു എന്നു മാത്രം. അതിന് ഫലം അറിയേണ്ട ആളിന്‍റെ ജനനസമയവും വിവരങ്ങളും വച്ച് ഗ്രഹസ്ഥിതി തയ്യാറാക്കണം എന്നതാണ് പ്രാഥമിക കാര്യം. അതിനു ശേഷമേ ജ്യോതിഷപരമായ എന്തെങ്കിലും കാര്യങ്ങള്‍ പറയാൻ സാധിക്കൂ.

ഒരിക്കൽ ടെലിവിഷനിലെ ജ്യോതിഷപരിപാടിയുടെ ചിത്രീകരണത്തിനായി തലേ ദിവസമേ ഞാൻ എറണാകുളത്ത് എത്തി. സാധാരണ ആഹാരകാര്യത്തിൽ ഒരു ക്രമവും പുലർത്താത്ത ഞാൻ അന്നും വൈകുന്നതുവരെ ആഹാരം കഴിച്ചിരുന്നില്ല. സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലിൽ അന്നും അന്തിയുറങ്ങി. പിറ്റേ ദിവസം അതിരാവിലെ ഉണർന്ന് എഴുന്നേറ്റപ്പോള്‍ അതിഭയങ്കരമായ വയറുവേദന ഉണ്ടായി. ആദ്യം കുറേ നേരമൊക്കെ സഹിച്ചുനിന്നെങ്കിലും പിന്നീട് വല്ലാത്ത ഒരു അവസ്ഥയിലായി. മുൻപ് പറഞ്ഞതുപോലെ  ഭക്ഷണകാര്യത്തിൽ ക്രമമില്ലാത്തതിനാൽ മൂത്രത്തിൽ കല്ല് എന്ന അസുഖം വന്നതാണോ എന്ന സംശയം എനിക്കുണ്ടായി. എന്തായാലും രണ്ടും കല്പിച്ച് സ്വയം വാഹനം ഓടിച്ച് എറണാകുളത്തെ പ്രശസ്തമായ ഒരു ആശുപത്രിയിൽ എത്തി. വാഹനം  പാർക്കു ചെയ്തശേഷം നേരേ കാഷ്വാലിറ്റിയിലേക്ക് ചെന്നു. വേദന അസഹനീയമായതിനാൽ എന്റെ നടത്തംപോലും യാന്ത്രികമായിരുന്നു. ചെന്നപാടെ ഒരു ക്രമവും പാലിക്കാതെ ഡോക്ടറുടെ മുറിയിലേക്ക് കയറി ചെന്ന് വിവരം ധരിപ്പിച്ചു. പുറത്ത് ചെറിയ കിടക്ക കാട്ടി തന്ന് അവിടേയ്ക്ക് പോയി കിടന്നോളു എന്ന് ഡോക്ടർ പറഞ്ഞു. ജീവൻ പോകുമോ എന്ന തരത്തിൽ വേദന കൂടിക്കൂടിവന്നു.

ആ സമയത്താണ് പ്രഷർ അപ്പാരറ്റസുമായി ഒരു നഴ്സ് എന്റെ സമീപത്തേക്കു വന്നത്. കയ്യിൽ പ്രഷർ നോക്കാനുള്ള ഉപകരണം ചുറ്റുന്നതിനിടയിലാണ് കടുത്ത വേദന അനുഭവിക്കുന്ന എന്റെ മുഖം ആ നഴ്സ് ശ്രദ്ധിച്ചത്. താങ്കൾ  ടി. വിയിൽ പ്രോഗ്രാം ചെയ്യുന്നയാളല്ലേ എന്നവർ ചോദിച്ചു. വേദന കടിച്ചമര്‍ത്തി ‘അതേ’ എന്ന് ഞാൻ ഉത്തരം പറഞ്ഞു. അടുത്ത ചോദ്യം ഇതായിരുന്നു ‘സാർ എന്റെ നാള് ചോതിയാണ്. ചോതി നക്ഷത്രത്തിന് ഇപ്പോൾ എങ്ങിനെയുണ്ട് സമയം?’ ‘മരണവെപ്രാളം’ അനുഭവിക്കുന്ന എന്നോടാണ് ഈ ചോദ്യം.

‘ഞാൻ പറഞ്ഞു. ‘ചേച്ചീ ഞാൻ മരിക്കുമോ ജീവിക്കുമോ എന്നുപോലും എനിക്കറിയില്ല. ഒരു വേദന സംഹാര ഇഞ്ചക്ഷൻ എങ്കിലും തരൂ...’ പിന്നെ അവർ ഒന്നും മിണ്ടിയില്ല.

ജ്യോതിഷം പഠിച്ച ആള്‍ക്ക് ഒരാളേ കണ്ടാൽ തന്നെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ കഴിയും എന്നാണ് ഈ നഴ്സ് ചേച്ചിയുടെ അടക്കം പലരുടെയും ചിന്ത... ജ്യോതിഷം എന്നത് പ്രവചനമല്ല. സൂചനകൾ മാത്രമാണ്.... ആരുടെയും ജീവിതത്തിൽ ഇന്ന കാര്യങ്ങള്‍ സംഭവിക്കും എന്ന് ഒരു ജോത്സ്യനും പറയാൻ കഴിയില്ല. സാധ്യതയുണ്ട് എന്ന് മാത്രമേ പറയാൻ കഴിയൂ...

മുൻകരുതലുകൾ എടുത്താല്‍ അല്പസ്വല്പം മാറ്റാൻ കഴിയുന്ന സൂചനകൾ മാത്രമാണ് ജ്യോതിഷം. ഈ കാലയളവിൽ വാഹനാപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ജോത്സ്യൻ പറഞ്ഞാൽ താൽപര്യവും വിശ്വാസവും ഉണ്ടെങ്കിൽ പുതിയ വാഹനം ഓടിക്കാം... ഇല്ലെങ്കിൽ കൂടുതൽ വേഗതയിൽ പായാം. അത് നിങ്ങളുടെ ഇഷ്ടമാണ്.

മക്കളോ മറ്റുള്ളവരോ പ്രേമബന്ധത്തിൽ കുരുങ്ങാന്‍ സാധ്യതയുണ്ടെന്ന് ചില ഗ്രഹസ്ഥിതിയിൽ നിന്നും ജോത്സ്യന് മനസ്സിലാക്കാം. പ്രേമിക്കരുത് എന്ന് അവരോട് പറയാനല്ലേ പറ്റൂ... അത് അനുസരിക്കണോ വേണ്ടയോ എന്നത് കുട്ടികളുടെ വിവേചനമല്ലേ.

ജ്യോതിഷം പ്രവചനമാണ് എന്നത് ഇന്ന് നിലനിൽക്കുന്ന തെറ്റിദ്ധാരണയാണ്. ഇതിനെ മുതലെടുക്കുന്നവർ ധാരാളമുണ്ട്. ജ്യോതിഷം പ്രവചനമാണ് എന്നത് അവർ പ്രചരിപ്പിക്കുന്നതാണ്. കരുതിയിരുന്നാൽ നന്ന്.

ഹരി പത്തനാപുരത്തിന്റെ വിശ്വാസം അതല്ലേ എല്ലാം എന്ന പുസ്തകത്തിൽ നിന്ന്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.