Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദോഷപരിഹാരം എന്നാൽ എന്ത്?

jupiter-transit-remedies

പരിഹരിക്കുന്നത് പരിഹാരം. മനുഷ്യസംസ്കാരം തന്നെ പരിഹാരത്തിന്റെയും മുന്നോട്ടുപോക്കിന്റെയും ചരിത്രമാണ്. ശരീരത്തിൽ അഴുക്കു വരുമ്പോൾ പരിഹാരം നടത്തുന്നതാണു കുളി, പല്ലുതേയ്പ് മുതലായവ. വീടു വൃത്തികേടാവാതിരിക്കാനുള്ള പരിഹാരങ്ങളാണു തൂത്തുവാരൽ, മുറ്റമടി തുടങ്ങിയ ശുദ്ധീകരണക്രിയകൾ. മനസ്സു മലിനമാകുമ്പോൾ ശുദ്ധീകരിക്കുന്നതു പ്രാർഥനയിലൂടെ. കർമം പിശകുമ്പോൾ പശ്ചാത്താപവും പ്രായശ്ചിത്തവും. ഈശ്വരാധീനവും. ഗ്രഹാനുകൂല്യം കുറയുമ്പോൾ ഉപാസനകളും പൂജകളും തീർഥാടനങ്ങളും.

നാമിതെല്ലാം ചെയ്യുന്നതെന്തിന്? അതിജീവനത്തിനുള്ള അഭിവാഞ്ഛ ജീവസഹജമാണ്. അതുകൊണ്ടാണു മുങ്ങിത്താഴുന്നവൻ വയ്ക്കോൽ ത്തുരുമ്പിലും പിടിച്ചുപോകുന്നത്. മുന്നോട്ടു പോകണമെന്ന മനുഷ്യന്റെ ഇച്ഛയാണ് അവനിൽ അതിജീവനശേഷി നൽകിയത്. ഈ അതിജീവനസംസ്കാരം മനുഷ്യസംസ്കാരത്തിന്റെ നട്ടെല്ലായിരുന്നതുകൊണ്ടാണു മനുഷ്യൻ ഇത്രയും പുരോഗതി നേടിയത്. “മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്തുവാൻ”

സദാ വിജയിച്ചു മുന്നേറുന്ന മരണത്തിനു പോലും മനുഷ്യന്റെ മുന്നേറാനുള്ള ഇച്ഛാശക്തിയെ കീഴ്പ്പെടുത്താനാവില്ല.മൃത്യുവിനെപ്പോലും കീഴ്പ്പെടുത്താൻ മനുഷ്യൻ ശ്രമിക്കുന്നുണ്ട്. ഉപാസനാമേഖലയിലും അതുണ്ട്. മഹാമൃത്യു‍ഞ്ജയവും മറ്റും ഈ ശ്രമത്തിന്റെ ഭാഗമാണ്.

ജാതകദോഷപരിഹാരം മുന്നോട്ടുപോക്കിന്റെ താൽപര്യത്തിൽ നിന്നു രൂപം കൊണ്ടതാണ്. കഷ്ടകാലം മാറണം, ജീവിതം മുന്നോട്ടു പോകണം എന്ന ആഗ്രഹത്തിൽ നിന്നും. അങ്ങനെയൊരാഗ്രഹമില്ലാത്തവർക്കു മറ്റു പ്രവൃത്തികളിലെന്നപോലെ ജാതകത്തിലെ ദോഷപരിഹാരവും സ്വീകാര്യമല്ല. അതവരുടെ വീക്ഷണം.

ജീവിതം ഭദ്രമാക്കാൻ മനഃസ്ഥിതി, ധനസ്ഥിതി, പരിസ്ഥിതി, യോഗസ്ഥിതി, ഈശ്വരകാരുണ്യം ഇത്രയും കൂടിയേ കഴിയൂ. ഇതിൽ ആദ്യത്തെ മൂന്നു സ്ഥിതിയിൽ അവനവൻ ശ്രമിച്ചാൽ ശരിയാക്കിയെടുക്കാം. എന്നാൽ അവസാനത്തെ രണ്ടു സ്ഥിതികൾ പരമചൈതന്യത്തിൽ നിന്നു നമ്മിലേക്കു വന്നെത്തേണ്ടതാണ്.

യോഗവും-ദുര്യോഗവും, അഭിവൃദ്ധിയും-നാശവും ഇതു പൂർണമായും അവനവനെ മാത്രം ആശ്രയിച്ചുനിൽക്കുന്നതല്ല. ഇവിടെയാണ് സർവധനാൽ പ്രധാനമായ ഈശ്വരകാരുണ്യത്തിന്റെ അനിവാര്യത. ഈശ്വരപ്രേമം- കരുണ നമ്മിലേക്കു വന്നെത്തുന്നതിനു നാം ശുദ്ധമനസ്സോടെ ആ ദിവ്യതയിലേക്ക് ആദരപൂർവം സമർപ്പിക്കുന്ന ഹൃദയഭാവമാണ് എല്ലാ പൂജകളുടെയും ദോഷപരിഹാരത്തിന്റെയും ആണിക്കല്ല്. ഈ സന്ദർഭത്തിൽ നമ്മുടെ ഹൃദയത്തിലെ ഊർജം

പരമപ്രേമഹൃദയത്തിൽ സ്പന്ദനം ഉണ്ടാക്കുകയും ആ ബന്ധപ്പെടലോടെ നമുക്കു വരാൻ സാധ്യതയുണ്ടായിരുന്ന ദോഷം വഴിമാറിപ്പോകേണ്ട മറ്റൊരു നല്ല സാഹചര്യം രൂപപ്പെടുകയും ചെയ്യുന്നു. അപ്പോൾ ഓരോ പൂജയും ദോഷപരിഹാരവും പ്രാർഥനയും ജീവചൈതന്യത്തെ പരമചൈതന്യവുമായി ബന്ധിപ്പിക്കാനും ഏകീഭവിപ്പിക്കാനുമുള്ള ശ്രമമാണെന്നു തിരിച്ചറിയുമ്പോഴേ പ്രതിവിധികളുടെ പ്രസക്തി ബോധ്യപ്പെടൂ.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട്

തിരുവനന്തപുരം

കേരള

പിൻ 695541 ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.