Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊങ്കാല ; ദേവീപ്രീതിയ്ക്കുള്ള സാമൂഹ്യ ആരാധന

attukal-ponkala

മകരക്കൊയ്ത്ത് കഴിഞ്ഞ് ഇല്ലവും വല്ലവും നിറയുമ്പോൾ കൊയ്ത്തു കഴിഞ്ഞ പാടത്ത് തീകൂട്ടി പൊങ്കാല നിവേദിച്ച് പ്രകൃതിക്ക് നന്ദി പറഞ്ഞ്, സമൃദ്ധമായ നാളയെ സ്വപ്നം കണ്ടു കാത്തിരുന്ന ഒരു ജനതയുടെ പിൻതലമുറക്കാരാണ് നമ്മൾ. പ്രകൃതീ പ്രീതിക്കെന്നപോലെ ദേവീപ്രീതിക്കും പിൽക്കാലത്ത് നാം പൊങ്കാല അർപ്പിച്ചു തുടങ്ങി.

തമിഴ്നാടിന്റെ ദേശീയോത്സവമായ പൊങ്കലിന്റെ മറ്റൊരു രൂപമാണ് മലയാളികളുടെ പൊങ്കാല. സൂര്യൻ മകരം രാശിയിലേക്ക് സംക്രമിക്കുന്ന ശുഭദിനത്തിലാണ് തമിഴരുടെ നാലുദിവസം നീണ്ടു നിൽക്കുന്ന പൊങ്കൽ മഹോത്സവം ആരംഭിക്കുന്നത്.

കർക്കടകമാസത്തിൽ ആരംഭിക്കുന്ന കൃഷിപ്പണി അവസാനിക്കുന്നത് മകരസംക്രമത്തോടുകൂടിയാണ്. അതിന്റെ പ്രതീകമായി ആദ്യ ദിവസം ബോധിപ്പൊങ്കൽ ആചരിക്കുന്നു. രണ്ടാം ദിവസം സൂര്യപ്പൊങ്കലാണ്. സൂര്യനെ ആരാധിക്കുന്നതിനുളള ദിവസമായി ഇതിനെ കണക്കാക്കുന്നു. അന്ന് പുത്തൻകലങ്ങളിൽ ആഹാരം പാകം ചെയ്യുന്നു. വനവാസക്കാലത്ത് പാണ്ഡവർക്ക് സൂര്യഭഗവാൻ സമ്മാനിക്കുന്ന അക്ഷയപാത്രത്തിന്റെ പ്രതീകം തന്നെയാണ് ഈ മൺകലം.

പൊങ്കാല പൊങ്കാല (ഫയൽ ചിത്രം)

മാട്ടുപൊങ്കലാണ് മൂന്നാം ദിവസം; മാടുകളുടെ– പശുക്കളുടെ–പൊങ്കൽ എന്നർത്ഥം. മാട്ടുപ്പൊങ്കൽ നാളിൽ ഗോമാതാവിനെ പൂജിക്കുന്നു. അന്ന് കന്നുകാലികളെ മഞ്ഞൾ വെളളത്തിൽ കുളിപ്പിക്കുന്നു. ചന്ദനം, മഞ്ഞൾ, വസ്ത്രം മുതലായവ കൊണ്ട് അവയെ അലങ്കരിക്കുന്നു; സമൃദ്ധമായി ഭക്ഷണം നൽകുന്നു. നാലാം ദിവസം കാണം പൊങ്കലാണ്. അന്ന് വിവിധ തരത്തിലുളള കലാപരിപാടികൾ അവതരിപ്പിക്കുന്നു. ഇതാണ് പൊങ്കലിന്റെ അനുഷ്ഠാനക്രമം.

വെളിച്ചവും ഊർജ്ജവും പ്രദാനം ചെയ്യുന്ന ആദിത്യനെയും മഴയുടെ ദേവനായ ഇന്ദ്രനെയും പാൽ നൽകുന്ന ഗോമാതാവിനെയും സമ്പൽ സമൃദ്ധി തരുന്ന ലക്ഷ്മീ ദേവിയേയും ആരാധിക്കുന്ന ഉത്സവമാണ് പൊങ്കൽ. പ്രകൃതി ശക്തികളെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ഒരുത്തമ ജനസമൂഹത്തിന്റെ ഉപാസനയായിരുന്ന പൊങ്കലാണ് മലയാളിക്ക് പൊങ്കാലയായി പരിണമിച്ചത്.

വേവിച്ച അരിക്കാണ് പൊങ്കൽ എന്ന് പറയുന്നത്. തുറന്ന സ്ഥലത്ത് സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാലയിടുന്നത്. സൂര്യോദയം നോക്കി നടത്തുന്ന പൊങ്കാലയ്ക്ക് സൂര്യപ്പൊങ്കല(പകൽപ്പൊങ്കാല) എന്നാണ് പറയുക. ചന്ദ്രാഭിമുഖമായി നടത്തുന്ന പൊങ്കാലയ്ക്ക് ചന്ദ്രപ്പൊങ്കാല (രാത്രിപ്പൊങ്കാല) എന്നും പറയുന്നു. പൗർണ്ണമിപ്പൊങ്കാല, വാവുപൊങ്കാല എന്നിങ്ങനെയും ചന്ദ്രപ്പൊങ്കാല അറിയപ്പെടുന്നു.

നിറ, പുത്തരി, പത്താമുദയം, വിഷു, തൃക്കാർത്തിക, മുതലായവ പോലെ പൊങ്കാലയും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ഒരനുഷ്ഠാനമായിരുന്നു. ഉത്സവാദി താന്ത്രിക ചടങ്ങുകൾക്ക് ‘മുള’യിടുന്നത് നമുക്ക് സുപരിചിതമാണല്ലോ. ഈ ആചാരങ്ങളിലെല്ലാം ഒരു കാർഷികസംസ്കാരത്തിന്റെ പീഠഭൂമി കണ്ടെത്താൻ കഴിയും. മെച്ചപ്പെട്ട വിളവിനുവേണ്ടി പൂർവ്വകാലങ്ങളിൽ ദേവീക്ഷേത്രങ്ങളിൽ മൃഗബലി നടത്തിയിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ബ്രഹ്മാനന്ദാബലിപ്രിയാ എന്ന് ലളിതസഹസ്രനാമം ഉദ്ഘോഷിക്കുന്ന മൃഗബലിയും നരബലിയുമൊക്കെ നിരോധിക്കപ്പെട്ടപ്പോൾ അതിന്റെ സ്ഥാനത്ത് ദിക്ബലി, ശ്രീഭൂതബലി, ശ്രീബലി മുതലായ ആചാരങ്ങൾ നിലവിൽ വന്നു. ഇത്തരത്തിലുളള മറ്റൊരു ബലിയായി പൊങ്കാലയെ കണക്കാക്കാം. അന്നത്തിനു മുട്ടു വരരുതെന്ന് പ്രാർത്ഥിച്ചുകൊണ്ടാണല്ലോ പൊങ്കാലയിടുന്നത്.

ചുടുകട്ടകൾക്കൊണ്ടുളള താൽക്കാലിക അടുപ്പിലാണ് പൊങ്കാലയിടേണ്ടത്. പുതിയ മൺകലത്തിൽ കൊതുമ്പും ചൂട്ടും ഉപയോഗിച്ച് അരി വേവിക്കുന്നു. പായസവും അടയും തിരളിയും മണ്ടപ്പുറ്റുമെല്ലാം പൊങ്കാലയുടെ ഭാഗമായി നിവേദിക്കുന്നു.

ക്ഷേത്രത്തിൽ നിത്യവും നിവേദ്യമുണ്ടാക്കി പൂജിക്കുന്നത് പൂജാരിയാണ്. എന്നാൽ പൊങ്കാല ദിവസം ഭക്തർക്ക് സ്വയം നിവേദ്യമുണ്ടാക്കി ദേവിക്ക് സമർപ്പിക്കുവാൻ അവസരം ലഭിക്കുന്നു. പൊങ്കാലയിടുന്നവർക്ക് വ്രതശുദ്ധിയും ശരീരശുദ്ധിയും നിർബന്ധമായും ഉണ്ടായിരിക്കണം.

പൊങ്കാലയിടാൻ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും ഓരോ പ്രതീകങ്ങളാണ്. പുത്തൻകലം, അരി, ശർക്കര, നാളികേരം, ജലം, അഗ്നി എന്നിവയാണ് പൊങ്കാലയ്ക്ക് ആവശ്യമുളള സാധനങ്ങൾ. കലം ഈ പ്രഞ്ചത്തിന്റെ പ്രതീകമാണ്. അരി അഹം ബോധം അഥവാ മനസ്സിന്റെ പ്രതീകമാണ്. അഖണ്ഡ ആനന്ദമാണ് ശർക്കര. നാളീകേരം പഞ്ചകോശനിർമ്മിതമായ ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു. അരിയും ശർക്കരയും നാളീകേരവും ചേർത്ത് ജലത്തിന്റെയും അഗ്നിയുടെയും സഹായത്തോടെ പായസം പാകപ്പെടുത്തുമ്പോൾ പഞ്ചകോശാത്മകമായ ശരീരത്തിൽ അഹംബോധം നശിച്ച ജീവാത്മാവ് അഖണ്ഡമായ സച്ചിദാനന്ദത്തിൽ ലയിക്കുന്നു എന്ന വേദാന്തതത്വത്തെ പ്രാവർത്തികമാക്കുകയാണ് ചെയ്യുന്നത്. ഈ പവിത്രമായ സങ്കൽപത്തിന്റെ പൊരുളറിഞ്ഞുകൊണ്ട് പൊങ്കാല സമർപ്പിച്ചാൽ നമ്മുടെ പ്രാർത്ഥനകൾ സഫലമാകും.

Your Rating: