Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയോധ്യാകാണ്ഡം: മനുഷ്യവികാരങ്ങളുടെ വേലിയേറ്റം

ayodhya-kanda

ഏറ്റവും വലിയ യുദ്ധം നടക്കുന്നത് മനസ്സുകളിലാണെന്ന് പറയാറുണ്ട്. പ്രപഞ്ചത്തിലെ അൽപകാല സൃഷ്ടിമാത്രമാണു മനുഷ്യൻ. അവന്റെ മനസ്സിൽ നടക്കുന്നതെല്ലാം പ്രപഞ്ചവൃത്തത്തിൽ മുൻപെങ്ങോ നടന്നതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ സ്തോഭങ്ങളുടെ ഭൗതികാവതാരങ്ങളായിരിക്കാം. മനുഷ്യജീവിതത്തിലെ സ്നേഹവും സ്നേഹഭംഗവും സ്പർധകളും കാലുഷ്യവും നീരസവും കുടിലതയും അസഹിഷ്ണുതയും ആശങ്കയും മനുഷ്യനിൽ മാത്രമേയുള്ളൂ എന്നു ധരിക്കാവതല്ല. രാമായണം അയോധ്യാകാണ്ഡം മനുഷ്യവികാരങ്ങളുടെ മഹാവേലിയേറ്റം നടക്കുന്ന ഭാഗമാണ്. അധികാര പ്രതീക്ഷ, അധികാരലോഭം, കാമവും കാമദുഃഖവും വാഗ്ദാനവും അതിന്റെ ലംഘനവും സത്യം, ധർമ്മം, ഇവയെ സംബന്ധിച്ച പ്രശ്നസന്ധികൾ, വേർപാടുകൾ, മാതൃപിതൃദുഃഖങ്ങൾ, ത്യാഗങ്ങൾ, ലാഭങ്ങൾ, കുറ്റപ്പെടുത്തലുകൾ, വിലാപങ്ങൾ. ഇങ്ങനെ മനുഷ്യബന്ധങ്ങളും അധികാരവും പദവിയും മൂലം മനുഷ്യൻ പണ്ടേ ഉണ്ടാക്കി വളർത്തിയതും ഇപ്പോഴും ശതാധികശക്തിയോടെ കൊഴുത്തു വളരുന്നതുമായ മനോയുദ്ധങ്ങൾ അയോദ്ധ്യാകാണ്ഡത്തിൽ നടക്കുന്നു. രാമായണത്തിലെ വികാരങ്ങളുടെ യുദ്ധകാണ്ഡങ്ങളിൽ ആദ്യത്തേതാണിത്.

ലോകജീവിതത്തെ ഏറ്റവും വിലപ്പെട്ടതും ശാന്തികരവുമാക്കുന്നത് ബന്ധങ്ങളുടെ വിശുദ്ധിയും ദാർഢ്യവുമാണെന്ന രാമായണ പാഠം ഇവിടെയാരംഭിക്കുന്നു. മനസ്സുകളുടെ പവിത്രീകരണത്തിന് രാമായണം വേണ്ടിവരുന്നു, ഇന്നും. വനത്തിൽ പോകണമെന്ന് പിതാവായ ദശരഥൻ രാമനോടു നേരിട്ട് കൽപിച്ചില്ല; പോകരുതെന്നു മാതാവ് കൽപിച്ചു താനും. എന്നാലും പിതൃവചനം പാലിക്കുക എന്ന കർത്തവ്യം സ്വയമേറ്റെടുത്ത ധീരപുത്രനാവുകയാണ് രാമൻ. തന്നെ പുണരാൻ വരുന്ന രാജ്യാധികാരലക്ഷ്മിയെ സ്വീകരിക്കാനൊരുങ്ങവെ, കിരീടം തട്ടിയെറിഞ്ഞ് കാടേറ്റുന്ന ഇളയമ്മയോടുപോലും (പ്രത്യക്ഷമായെങ്കിലും) സ്നേഹം, ദാക്ഷിണ്യം, മാതാവിനോടും സോദരങ്ങളോടും സ്നേഹം, ബന്ധുക്കളോടും പരിജനങ്ങളോടും സ്നേഹം. നിഷാദനായ ഗുഹനോടും സമഭാവം, രാജഭോഗങ്ങൾ കൈവെടിയുമ്പോഴും മരച്ചുവട്ടിൽ കിടക്കുമ്പോഴും അനുദ്വിഗ്നമായ മനസ്സ്. പട്ടുടയാട മാറ്റി വൽക്കലം ചാർത്തുമ്പോഴും ചാഞ്ചല്യമില്ലാത്ത അവസ്ഥ. ഭോഗലാലസയിൽ മുങ്ങിമയങ്ങിയ ഇന്നത്തെ ലോകത്ത് ഇതെല്ലാം അവിശ്വസനീയമോ അയഥാർഥമോ ആദർശമോ മാത്രം. രാമന് ഇത് ജീവിതമായിരുന്നു. മാതൃപിതൃ ബന്ധങ്ങളും ഭാര്യപുത്രാദിബന്ധങ്ങളും സ്ഥാനമാനധനങ്ങൾ ചൊല്ലിച്ചിതറുന്ന പുതുകാലത്ത് മോക്ഷത്തിനു വേണ്ടിയോ വേദാന്തജ്ഞാനത്തിനു വേണ്ടിയോ അല്ല മനഃശാന്തിക്കും ആത്മശുദ്ധിക്കും കുടുംബശാന്തിക്കും വേണ്ടി രാമായണം വായിക്കണം. മനസ്ഥൈര്യത്തിനുവേണ്ടി രാമായണം വായിക്കണം. പൊതുജനങ്ങളെ കട്ടുതിന്നു ദുർമേദസ്സ് പിടിച്ച് കബന്ധന്മാരാകാതിരിക്കാൻ രാമായണം വായിക്കണം. രാമൻ വനത്തിലേക്കു പോകുമ്പോൾ വീടുപേക്ഷിച്ചു പിറകെ പോകുന്ന പൗരൻമാർ എന്തുകൊണ്ടതു ചെയ്തു? ഗൃഹനായികമാർ എന്തുകൊണ്ട് ഭക്ഷണം പാകം ചെയ്യാൻ മറന്നു? പശുക്കൾ പോലും കുട്ടികൾക്കു ചുരത്തിക്കൊടുക്കാനാവാതെ പോയതെന്ത്? കുട്ടികൾ അമ്മമാരെപ്പോലും മറന്നതെന്ത്? പക്ഷികൾക്കും പാടാനാവാത്തതെന്ത്? നാടു ഭരിക്കാതെ വയ്യെന്ന് ഓടി നടക്കുന്നവർ ഈ ഭാഗമൊരിക്കലെങ്കിലും നേർമനസ്സോടെ പഠിക്കുമാറാകണം. ഭോഗമല്ല ത്യാഗമാണ് ഭരണം. ‘ഇദം നമമ’ എന്ന ജീവിതചര്യയാണു പ്രപഞ്ച പുരുഷന്റെ ഭരണ യജ്ഞം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.