Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളിമൂങ്ങയും ഭാഗ്യവും...

vellimoonga Representational picture

വെള്ളിമൂങ്ങ ഒരു വന്യജീവിയാണ്. വളർത്തുപക്ഷിയോ നാട്ടുപക്ഷിയോ അല്ല. എന്നാൽ വനനശീകരണം മൂലം വലിയ പൊത്തുകൾ ഉള്ള മരങ്ങൾ ഇല്ലാതായതോടെ ഇവ നഗരങ്ങളിൽ വരെ ചേക്കേറാൻ തുടങ്ങി. അംബരചുംബികളായ ഫ്ളാറ്റുകളിലെ ഇടുങ്ങിയ മൂലകളിലും, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും ഇപ്പോൾ ഇവയെ കാണാം. വെള്ളിമൂങ്ങയെ കണ്ടാലും വളർത്തിയാലും വലിയ ഭാഗ്യാനുഭവങ്ങളും വൻ സാമ്പത്തികനേട്ടവും ഉണ്ടാകും എന്നു വിശ്വസിക്കുന്ന ആൾക്കാരും ഉണ്ട്. ദുർമന്ത്രവാദത്തിൽ കാര്യസാധ്യത്തിനായി നടത്തുന്ന ഹോമങ്ങളിൽ വെള്ളിമൂങ്ങയുടെ ചിറകും തൂവലും രക്തവും മാംസവും ഒക്കെ വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഉപയോഗിച്ചുവരുന്നു. വന്യജീവിക്കള്ളക്കടത്തിലെ പ്രധാന ഇനമാണു വെള്ളിമൂങ്ങ. വെള്ളിമൂങ്ങകൾക്ക് വന്നു താമസിക്കാനായി 18,19 നൂറ്റാണ്ടുകളിൽ ഉണ്ടാക്കിയ വിദേശത്തെ കെട്ടിടങ്ങളിൽ പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. ഇതിനെ ഔൾ ഹോൾ എന്നു വിളിച്ചിരുന്നു. ഇന്ത്യൻ കെട്ടുകഥകളിൽ വെള്ളിമൂങ്ങയ്ക്ക് വലിയ സ്ഥാനമുണ്ട്. വിചിത്രമായ കഥകളുണ്ട്‌. ധന ദേവതയായ മഹാലക്ഷ്മിക്കു മൂന്നു വാഹനങ്ങൾ ഉണ്ട്.

1) ഗജലക്ഷ്മി- ആനപ്പുറത്തു സഞ്ചരിക്കുന്ന മഹാലക്ഷ്മി, ഭരണാധികാരികൾ, നിയമജ്ഞൻമാർ, പൊലീസ് മേധാവികൾ, നികുതി പിരിവുകാർ, റവന്യൂ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൻമാർ എന്നിവരിലാണു ഗജലക്ഷ്മി വസിക്കുന്നതത്രേ. ഇവർ അധികാരം കൊണ്ട് സമ്പന്നരാകും. അധികാരപ്രയോഗത്തിലൂടെ ഇവർ സമ്പത്ത് കുന്നുകൂട്ടുന്നു.

2) ഹംസലക്ഷ്മി അരയന്നത്തിന്റെ പുറത്തു സഞ്ചരിക്കുന്ന ലക്ഷ്മി. ഗായകർ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപന ഉടമകൾ, സംഗീതഞ്ജൻമാർ, അഭിനേതാക്കൾ, നൃത്തക്കാർ, മതപ്രഭാഷകർ, പുരോഹിതന്മാർ വസ്ത്ര-സ്വർണ-പുസ്തക വ്യാപാരികൾ തുടങ്ങിയവർ‌ ഹംസലക്ഷ്മിയുടെ അനുഗ്രഹത്താൽ സമ്പന്നരായി മാറുന്നു. പൊതുജനത്തെ സന്തോഷിപ്പിച്ച് ഇവർ സമ്പന്നരാകുന്നു എന്നു പറയാം.

astro-barn-owl Representational picture

3)കുമലക്ഷ്മി വെള്ളിമൂങ്ങയുടെ പുറത്ത് രാത്രികാലത്തു സഞ്ചരിക്കുന്നു. കള്ളക്കടത്തുകാർ, മദ്യ മയക്കുമരുന്നു വ്യാപാരികൾ, പെൺവാണിഭ സംഘങ്ങൾ, ചൂതാട്ടക്കാർ, മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ധനം സമ്പാദിക്കുന്നവർ എന്നിവരിൽ മൂങ്ങാലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടെന്നു വിശ്വസിച്ചു പോരുന്നു. ഈ കഥയാണു വെള്ളിമൂങ്ങയെ രഹസ്യമായി വളർത്താനും മറ്റും ധനമോഹികളെ പ്രേരിപ്പിക്കുന്നത്. മന്ത്രവാദ ഗ്രന്ഥങ്ങളിൽ വെള്ളിമൂങ്ങയെ ഉപയോഗിച്ചു ചെയ്യാവുന്ന നിരവധി മന്ത്രപ്രയോഗങ്ങൾ ഉണ്ട്. വെള്ളിമൂങ്ങയുടെ തൂവൽ വാഹനത്തിൽ സൂക്ഷിച്ചാൽ അപകടം ഉണ്ടാകില്ല എന്നു വിശ്വസക്കുന്നവർ ധാരാളം. ലോട്ടറി, ഷെയർ മാർക്കറ്റ്, കമ്മോഡിറ്റി മാർക്കറ്റ്, സിനിമ എന്നീ ഊഹക്കച്ചവട രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും വെള്ളിമൂങ്ങയിൽ ആകൃഷ്ടരാണ്. വെള്ളിമൂങ്ങാ വ്യാപാരികളും അവരുടെ ഇന്റർനെറ്റ് സൈറ്റുകളും ഉണ്ട്.

വെള്ളിയിൽ തീർത്ത വെള്ളിമൂങ്ങയുടെ കവചങ്ങൾ (ലോക്കറ്റ്) ധരിച്ചാൽ ഭാഗ്യമുണ്ടാകുമെന്നു വിശ്വസിക്കുന്നവരും ഉണ്ട്. വെള്ളിമൂങ്ങയുടെ ലോക്കറ്റുകളും മാർക്കറ്റിൽ ലഭ്യമാണ്. പൊതുജനത്തിന്റെ ധനമോഹത്തെ ചൂഷണം ചെയ്ത് ഇവർ സമ്പന്നരാകുന്നു. പലപ്പോഴും വെള്ളിമൂങ്ങയെ സംഘടിപ്പിച്ചുതരാം എന്നു പറഞ്ഞ് അഡ്വാൻസ് വാങ്ങി മുങ്ങുകയാണു മൂങ്ങക്കച്ചവടക്കാരുടെ രീതി. ഇത്തരത്തിൽ ധനനഷ്ടം വന്നവരും ധാരാളം ഉണ്ട്. എന്നാൽ ഇതിലൊന്നും ഒരു ശാസ്ത്രീയസത്യവും ഇല്ലെന്നു മനസ്സിലാക്കിയാൽ ധനനഷ്ടവും മാനഹാനിയും നിയമപ്രശ്നങ്ങളും ഒഴിവാക്കാം.

barn-owl Representational picture

ഇന്ത്യയിൽ വനം വന്യജീവി നിയമപ്രകാരം സംരക്ഷിത പട്ടികയിൽപെട്ട പക്ഷിയാണു വെള്ളിമൂങ്ങ. ഇതിനെ വളർത്തുന്നതും കൊല്ലുന്നതും അവശിഷ്ടങ്ങൾ കൈവശം വയ്ക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. കൃത്യവും ബുദ്ധിപരവുമായ കഠിനാധ്വാനത്തിലൂടെയാണു സമ്പത്ത് ഉണ്ടാകുന്നത്. എളുപ്പവഴിയിൽ സമ്പന്നരായവർ പലരും അതുപോലെ ദരിദ്രരും ആയിട്ടുണ്ട് എന്നു മനസ്സിലാക്കിയാൽ നല്ലത്. വെള്ളിമൂങ്ങയ്ക്ക് ഉണ്ടെന്നു പറയപ്പെടുന്ന ദിവ്യത്വം മനുഷ്യന്റെ ഭാവനാസൃഷ്ടിയാണ്‌. മാംസഭുക്കായ ഈ പക്ഷിയുടെ ഭയപ്പെടുത്തുന്ന ശബ്ദവും പതുങ്ങിയിരുന്ന് ഇര തേടുന്ന കൗശലവും വിചിത്രമായ ഭയപ്പെടുത്തുന്ന സൗന്ദര്യവും ഒക്കെയാവാം വെള്ളിമൂങ്ങയ്ക്ക് ദിവ്യത്വ പരിവേഷം നൽകുന്നത്. വെള്ളിമൂങ്ങയിൽ ആകൃഷ്ടരായി ധനനഷ്ടവും മാനഹാനിയും നിയമപ്രശ്നങ്ങളും വരുത്തുന്നത് ഒഴിവാക്കുക. വെള്ളിമൂങ്ങയുടെ വന്യസൗന്ദര്യം ആവോളം ആസ്വദിക്കുക. വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങയ്ക്കു വംശനാശം വരുത്താതെ സൂക്ഷിക്കുക. വരുംതലമുറകളും അവയെ കണ്ട് ആസ്വദിക്കട്ടെ. പുതിയ കഥകൾ ഉണ്ടാകട്ടെ.

ലേഖകൻ

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Appartments, OppThycaud Police Ground

Trivandrum-14

Phone - 0471–2324553, 9447251087

email: jyothisgems@gmail.com

Your Rating: