Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകത്തിനപ്പുറം ഒരു ജീവിതമില്ലേ?

Astrology-Life

ജാതകത്തിൽ നൂറുശതമാനം വിശ്വസിക്കുന്ന ഒരു കൂട്ടരും ജാതകത്തിൽ ഒരു ശതമാനം പോലും വിശ്വാസമില്ലാത്ത മറ്റൊരു കൂട്ടരുമുണ്ട്. സാഹചര്യം പോലെ വിശ്വാസത്തേയും അവിശ്വാസത്തേയും മാറിമാറി പുൽകുന്നവരാണ് മൂന്നാമത്തേത്. സാഹചര്യത്തിൽ നാം എടുക്കേണ്ട സമീപനമെന്ത്?

ഒരു പ്രതിഫലമെന്നോണം പ്രപഞ്ചാത്മാവ് നമുക്കു തരുന്ന സമ്മാനമോ ഭാരമോ ആണ് ഈ ജന്മം. പ്രതിഫലം എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്താണന്നല്ലേ? പറയാം. കർമ്മമാണ് എല്ലാത്തിനും ആധാരം. ജന്മം കർമ്മജം. ഒരു ജീവാംശം മുൻശരീരത്തിലിരുന്നപ്പോൾ ചെയ്തുകൂട്ടിയ പ്രവർത്തികളുടെയും സുകൃത ദുഷ്കൃതങ്ങളുടെ ബാലൻസ് ഷീറ്റാണ് ഇപ്പോഴത്തെ ജന്മം. മുൻ ജന്മത്തിൽ ശരീരം ഒരു പൂമ്പാറ്റയുടെയോ സിംഹത്തിന്റേയോ കാളയുടേയോ ഒക്കെ ആകാം. എന്തായാലും അപ്പോൾ സുകൃതമാണ് കൂടുതൽ ചെയ്തതെങ്കിൽ ഈ ജന്മത്ത് ആ പുണ്യത്തിന്റെ ഫലമായി ജീവിതം സുഖകരമായിരിക്കും. നേരത്തെ ഏതെല്ലാം മേഖലകളിൽ കൂടുതൽ അഹങ്കരിച്ചുവോ, അഭിമാനിച്ചുവോ അതത് മേഖലകളിൽ ഈ ജന്മത്ത് തിരിച്ചടി സംഭവിക്കുന്നു. ശ്രീ ബുദ്ധന്റെ പ്രസിദ്ധമായ കൊടുത്തു സ്വീകരിക്കുക— കൊടുത്തത് സ്വീകരിക്കുന്നു— കൊടുത്താലേ സ്വീകരിക്കാനൊക്കൂ— കൊടുത്തതേ തിരിച്ചു കിട്ടൂ — എന്നത് തന്നെ ഇവിടെയും ആധാരം. ഉദാ. മുൻ ജന്മത്തിൽ ജീവിതപങ്കാളിയിൽ, പദവിയിൽ, പണത്തിൽ കൂടുതൽ അഭിമാനിച്ചവർ ഈ ജന്മം അതതു മേഖലകളിൽ പരിതപിക്കും. അങ്ങനെ കർമ്മങ്ങളുടെ സുകൃത ദുഷ്കൃതങ്ങൾ വിതച്ച പുണ്യ പാപങ്ങളുടെ ആക്കത്തൂക്കമനുസരിച്ച് ഗ്രഹങ്ങൾ പ്രത്യേക പാകത്തിൽ നില്ക്കുന്ന സമയം ജനനം സംഭവിക്കുന്നു.

അങ്ങനെ ജന്മനാൽ ചില ഭാവങ്ങൾ ദോഷപ്രദമായ മനുഷ്യർക്ക് വിധിച്ചത്. അങ്ങനെയാണെങ്കിൽ അതിൽനിന്നും മോചനമില്ലല്ലോ. അതു സംഭവിക്കുകതന്നെ ചെയ്യും. പിന്നെ ജാതകം നോക്കലും പരിഹാരവും പരമാബദ്ധമാണെന്ന് ആരെങ്കിലും നിരൂപിച്ചാൽ അത് പ്രദമദൃഷ്ട്യാ ശരിയാണു താനും. അവിടെ നാം ഒന്നോർക്കണം. നമ്മുടെ ഇടപെടലുകളിലൂടെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും അഴുക്കു പിടിക്കാറുണ്ടല്ലോ എന്നാൽ നാം തന്നെ പല ഉപായത്തിലൂടെ ഇത് വൃത്തിയാക്കാറുണ്ട്. വൃത്തിയാക്കികഴിയുമ്പോൾ നമ്മിൽ ബന്ധിതമായ അഴുക്ക് മാറുന്നു. ദിവസവും പല്ലുതേക്കുന്നതു പോലും ഇത്തരം അഴുക്ക് ചേരലും മാറ്റലും എന്ന പ്രക്രിയ അണല്ലോ.

അതുപോലെ ഒരു ജീവന്റെ സഞ്ചാര പഥത്തിൽ സംഭവിച്ച ദുഷ്കൃതങ്ങൾ, വിവേകിയായ മനുഷ്യൻ ശ്രദ്ധിക്കാൻ ശ്രമിച്ചാൽ മാറ്റിയെടുക്കാൻ കഴിയും. സ്വയം വിവേചന ശീലം

വകതിരിവ് വരുന്നതും മുതൽ ഇത്തരം സ്വയം പരിശുദ്ധീകരിക്കുന്ന പ്രക്രിയയിലേർപ്പെടുന്നവർക്ക് അത്ഭുതകരമായ മറ്റൊരു കാര്യം സംഭവിക്കുന്നു. ജാതകം തിരുത്തപ്പെടുന്നു. ഈ ജന്മം പിറന്ന മുഹൂർത്തത്തിലെ ഗുണഭോഷങ്ങൾക്ക് സാരമായ വ്യതിയാനം സംഭവിക്കുന്നു. അങ്ങനെ ജനിച്ചപ്പോഴുള്ള സ്വന്തം ജാതകാവസ്ഥ മാറ്റാൻ കഴിയുന്നു. ഇങ്ങനെ ജാതകാവസ്ഥ മാറ്റപ്പെടുമ്പോൾ ജാതകത്തിലുള്ള പാപവും പുണ്യവും മാറിമറയുന്നു. പാപം സ്വന്തം പ്രവൃത്തികൊണ്ടുതന്നെ പുണ്യമായി പരിവർത്തനപ്പെടുന്നു. അപ്പോൾ ജാതകം എഴുതിയ സമയത്ത് സൂചിപ്പിക്കപ്പെടുന്ന ദുരനുഭവങ്ങൾ പലതും ഈ ജന്മംകൊണ്ട് നേടിയ പുണ്യമൂലം ദൂരികരിക്കപ്പെടുന്നു. കർമ്മം തിരിച്ചാണെങ്കിൽ തിരിച്ചും സംഭവിക്കാം.

ജാതകം അവസാന വാക്കല്ല. ജീവിതമെന്ന വാക്യത്തിലെ ആരംഭവാക്കാണ് വാക്യം ജീവിത രീതി അനുസരിച്ച് മാറിമറിയാം. ഒരു കാര്യം സദാ ഓർമ്മിക്കുന്നതുകൊള്ളാം. ജാതകം ബാലൻസ് ഷീറ്റാണ്. ഇപ്പോഴത്തെ നിക്ഷേപം ആ ബാലൻസ് ഷീറ്റിൽ വ്യതിയാനം ഉണ്ടാക്കിക്കൊണ്ടിരിക്കും. അതിൽ സുകൃത്തിന്റേയോ ദുഷ്കൃതത്തിന്റേയോ ഏതു തരത്തിലുള്ള നിക്ഷേപം നടത്തണമെന്ന് നമുക്കേ തീരുമാനിക്കാനാവൂ.

ജാതകത്തിന്റെ സാംഗത്യം മനസ്സിലായല്ലോ അതിൽ അന്ധവിശ്വാസമായിട്ടും കാര്യമില്ല. കാരണം ജാതകം നാം തന്നെയാണ് നമ്മളുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ജനിച്ചതുവരെയുള്ള കർമ്മങ്ങളുടെ ആകെത്തുകയാണ്. എങ്കിലും ജാതകത്തിനപ്പുറം ഒരു ജീവിതമില്ലേ. ജാതകത്തിൽ കണ്ടെത്തിയതും അപ്പുറം ഒരു പരിധിയിലേക്ക് നമുക്ക് ജീവിതം കൊണ്ടെത്തിക്കാൻ കഴിയില്ലേ. തീർച്ചയായും സാധിക്കും. ജാതകം തികച്ചും ഒരു മാർഗ്ഗദർശിയാണ് വഴിവിളക്കാണ.് ഏതെങ്കിലും കാലം നമുക്ക് അത്ര ബലമുള്ളതല്ല എന്നും മറ്റു ചില ഗുണം തികഞ്ഞതാണെന്നും നമുക്ക് മുൻകൂർ മനസിലാക്കാൻ കഴിയും. അങ്ങനെ മനസ്സിലാക്കാൻ ചെളിയുള്ള വരമ്പിലൂടെ സഞ്ചരിക്കുമ്പോൾ പെരുവിരലൂന്നി ശ്രദ്ധയോടെ നടക്കാനാകും. ഇരുട്ടത്ത് ടോർച്ചും കൊണ്ടു പോയി വിപരീതാവസ്ഥകളെ നമ്മുടെ ശ്രദ്ധകൊണ്ട് തരണംചെയ്യാം. നമ്മുടെ കയ്യിൽ കുറേ മലക്കറി വിത്തുണ്ടെങ്കിൽ ഇത് എപ്പോൾ നട്ടാലാണോ കൂടുതൽ വിളവ് ലഭിക്കുക എന്നറിഞ്ഞ് കൃഷി ഇറക്കുന്നതുപോലെ സമയഗുണവും ഭാവഗുണവും അറിഞ്ഞ് നമ്മുടെ കർമ്മങ്ങളെ ദോഷം വരാത്ത വിധം പ്രയോജനപ്പെടുത്താൻ കഴിയും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.