Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രക്കളങ്ങളിൽ സമ്പത്തിന്റെ കൊയ്ത്ത്

astro-g-1

കുട്ടനാട്ടിൽ കാര്യമായ ജോലിയൊന്നുമില്ലാതെ നടന്ന ജ്യോത്സ്യൻ കൂടിയായ മാന്ത്രികൻ ഇപ്പോൾ വലിയ സൗകര്യങ്ങളുള്ള കോടീശ്വരനാണ്. എല്ലാം മന്ത്രവാദക്കളങ്ങളിൽ നിന്നു കൊയ്തെടുത്തത്. കാണാൻ വരുന്നയാളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള മന്ത്രവാദങ്ങളാണ് ഇയാൾ നിർദേശിക്കുക. ആദ്യകാലങ്ങളിൽ വീട്ടിൽത്തന്നെയായിരുന്നു മന്ത്രവാദം. പിന്നീട് ‘ഭക്തരുടെ’ വീടുകളിലേക്കു മന്ത്രവാദി സ്വാമി നേരിട്ടെത്തി പൂജ ചെയ്തു തുടങ്ങി. ഇടയ്ക്കു സംസ്ഥാന വ്യാപകമായി വ്യാജ മന്ത്രവാദികളെ പൊലീസ് പിടികൂടിയപ്പോൾ ഇയാളും പെട്ടു. പുറത്തിറങ്ങിയശേഷം പുതിയ തന്ത്രങ്ങൾ പ്രകാരമാണു പ്രവർത്തനം. ഭക്തരുടെ വീട്ടിലെത്തിയുള്ള പൂജയ്ക്ക് ഒരു സിറ്റിങ്ങിന് മന്ത്രവാദിയുടെ ഫീസ് മാത്രം ഏകദേശം 10,000 രൂപയ്ക്കുമേൽ ആണെന്നാണു വിവരം. മറ്റു ചെലവുകളെല്ലാംകൂടി ഒരു പൂജയ്ക്ക് 25000–50,000 രൂപയാകും.മന്ത്രവാദികൾ സമ്പന്നരാകുന്നതു പോലെയാണ് അവരെ വിശ്വസിച്ചുകുടുങ്ങുന്ന പാവങ്ങൾ കർമങ്ങൾക്കായി പണം ചെലവഴിച്ചു കൂടുതൽ കടക്കാരാകുന്നതും–രണ്ടിനും അധിക കാലം വേണ്ട

കാൽക്കൽ വീഴാൻ വമ്പൻമാരും

ഉന്നതവിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ളവർ പോലും മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം മന്ത്രവാദികൾക്കരികിലേക്ക് ഓടിയെത്തുന്നതാണു പതിവെന്ന് ഒരു മന്ത്രവാദി വെളിപ്പെടുത്തുന്നു. തന്നെത്തേടിയെത്തുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ഇയാൾ പറയുന്നതു വീമ്പിളക്കാൻ മാത്രമല്ലെങ്കിൽ അതു സാക്ഷര കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഭാര്യമാരും മന്ത്രവാദികളെ കാണാൻ എത്രനേരം വേണമെങ്കിലും ക്യൂ നിൽക്കാൻ തയാറാണ്.

കാര്യം പറയുന്നത് ‘അശരീരി’

ആലപ്പുഴ നഗരത്തിനു വടക്കുള്ള ഒരു മന്ത്രവാദിയെ കാണാൻ നേരത്തെ വിളിച്ച് അപ്പോയ്ൻമെന്റ് എടുത്തു. തിങ്കളാഴ്ച കാണണമെങ്കിൽ ഞായറാഴ്ച രാവിലെ എട്ടിനും ഒൻപതിനും ഇടയിൽ വിളിക്കണം. വളരെ നേരം നമ്പർ ബിസിയായിരുന്നു. ഒടുവിൽ ഫോണിൽ കിട്ടി. സമയം ബുക്ക് ചെയ്തു. ആഴ്ചയിൽ മൂന്നു ദിവസം മാത്രമെ മന്ത്രവാദിയുടെ സിറ്റിങ് ഉള്ളൂ. ഭാര്യയ്ക്കു സംശയ രോഗമെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. മന്ത്രവാദിയുടെ ഓഫിസിലെത്തിയപ്പോൾ നീണ്ട നിരയുണ്ട്. നേരത്തെ സമയംബുക്ക് ചെയ്തിരുന്നതിനാൽ കൃത്യസമയത്ത് അകത്തേക്കു കയറാൻ കഴിഞ്ഞു. ഉള്ളിൽ മന്ത്രവാദിയെ നേരിൽക്കാണാൻ കഴിയില്ല. ഒരു ഇരുണ്ട മുറിയിൽ ഇരുന്നു കാര്യങ്ങൾ പറയണം. അപ്പോൾ അശരീരി പോലെ പരിഹാരനിർദേശമുണ്ടാകും. പോകുമ്പോൾ നൽകേണ്ട ഫീസിനെക്കുറിച്ചും ‘അശരീരി’ പറയും.

തട്ടിപ്പിനു െഹെടെക്കും

പല മന്ത്രവാദികളുടെയും ഓഫിസു‍കളും സാങ്കേതികമായി പുരോഗമിച്ചു കഴിഞ്ഞു. വീടിനു പുറത്തു തിരിച്ചറിയാനാകാത്തവിധം പല ദിശകളിലായി തിരിഞ്ഞിരിക്കുന്ന രഹസ്യ ക്യാമറയിൽക്കൂടി പുറത്തിരിക്കുന്നവരുടെ ചേഷ്ടകൾ തിരിച്ചറിയാൻ ഉള്ളിലിരിക്കുന്ന മന്ത്രവാദികൾക്കു കഴിയും. മന്ത്രവാദികളുടെ സഹായികൾ മന്ത്രവാദിയെ കാണാനെത്തിയവരെന്ന മട്ടിൽ പുറത്തിരിക്കുന്നവരുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി ഉള്ളിലിരിക്കുന്ന ‘സ്വാമി’യെയോ ‘സിദ്ധനെ’യോ അറിയിക്കുന്ന ഏർപ്പാടുമുണ്ട്. ചില സിദ്ധന്മാരുടെ കാത്തിരിപ്പു മുറികളിൽ ശബ്ദം പിടിച്ചെടുത്ത് ഉള്ളിൽ കേൾക്കാനുള്ള സംവിധാനം വരെയുണ്ടത്രേ. ഈ തുക്കടാ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവർ പറ്റിക്കുന്നവരിൽ ഐടി മേഖലയിലെ വിദഗ്ധരായ എൻജിനീയർമാർ പോലുമുണ്ടെന്നതാണു കൗതുകം. മന്ത്രവാദികളിൽ പലർക്കും കാര്യമായ വിദ്യാഭ്യാസം ഇല്ല. ഏതാനും പ്രാർഥനകളോ ശ്ലോകങ്ങളോ കാണാതെ പഠിച്ച് ഇവർ നടത്തുന്ന വാചകക്കസർത്തുകളിലാണു സാധാരണക്കാർ മുതൽ ഉന്നതർ വരെയുള്ളവർ പെട്ടുപോകുന്നത്.

ശരീരം നിറയെ സിദ്ധൻമാർ

ഒൻപതോളം സിദ്ധൻമാർ മന്ത്രവാദ സമയത്തു തന്റെ ദേഹത്തു കടന്നുകൂടുമെന്നാണു പൊലീസ് അടുത്തകാലത്തു പിടികൂടിയ ഒരു വ്യാജ സിദ്ധൻ തന്റെ വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. സിദ്ധൻമാർ കടന്നുകൂടിയെന്നു പറയുന്ന സമയം ഈ സിദ്ധൻ ഉച്ചത്തിൽ അലറും. ഇതു പുറത്തു കേൾക്കാതിരിക്കാൻ പുറത്തുനിൽക്കുന്ന സഹായികൾ ഉച്ചത്തിൽ പ്രാർഥന ചൊല്ലും.

എന്തിനും തയാറായി സംഘങ്ങൾ

മന്ത്രവാദികളെ സഹായിക്കാൻ വലിയ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്നവരുള്ള കുടുംബങ്ങളെ കണ്ടെത്താനും സിദ്ധന്റെയും മന്ത്രവാദിയുടെയും സിദ്ധിവിശേഷങ്ങൾ അവരെ പറഞ്ഞു മനസിലാക്കിക്കാനുമായി പ്രത്യേക ഏജന്റുമാരുണ്ട്. മാനസികപ്രശ്‌നങ്ങളും ബാധകളും മാറാരോഗങ്ങളുമൊക്കെ മാറ്റിയെന്ന് ഏജന്റുമാർ പ്രചരിപ്പിച്ചാണ് ഈ വ്യാജന്മാർക്കു വിശ്വാസത്തിന്റെ പരിവേഷം നൽകുന്നത്. സമൂഹത്തിലെ ഉന്നതരുമായും ക്രിമിനൽ പശ്‌ചാത്തലമുള്ളവരുമായും ഇവരിൽപ്പലർക്കും ബന്ധമുണ്ട്. മിക്കവരും രഹസ്യമായാണു മന്ത്രവാദ ചികിൽസകൾ നടത്താറുള്ളതെന്നതിനാൽ തട്ടിപ്പിനിരയാകുന്നവർ പരാതികൾ നൽകാറില്ല. മന്ത്രവാദ പ്രയോഗങ്ങൾ അർധരാത്രിയിൽ നടത്തുന്നതിനാൽ പലപ്പോഴും അയൽവാസികൾക്കും ഇതിനെക്കുറിച്ച് അറിവു ലഭിക്കില്ല. പല മന്ത്രവാദികളോടൊപ്പവുമെത്തുന്നവർ ക്വട്ടേഷൻ സംഘങ്ങളെപ്പോലെയാണ്. പ്രശ്നങ്ങളുണ്ടായാൽ പുറംലോകം അറിയാതെ തീർക്കാൻ ഇവരെയാണ് ഉപയോഗിക്കുന്നത്.

മന്ത്രവാദത്തിന്റെ മേഖലകൾ

ബാധയൊഴിപ്പിക്കലും മന്ത്രവാദവും നടത്തി കബളിപ്പിക്കുന്നവരുടെ എണ്ണം കൂടുതൽ മധ്യതിര‍ുവിതാംകൂറിലാണ്. ആട്ടിൻകുട്ടികളെയും കോഴികളെയും ബലി നൽകിയുള്ള ദുർമന്ത്രവാദങ്ങൾ ഉൾപ്പെടെ ഇവർ നടത്തിവരുന്നു. മാവേലിക്കര, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലാണു വ്യാജസിദ്ധന്മാരും ദുർമന്ത്രവാദികളും കൂടുതലെന്നാണു പൊലീസ് കണക്ക് . സംസ്‌ഥാനത്തിന്റെ വടക്കൻ മേഖലകളിൽ നിന്നുമുള്ളവരും ഈ ഭാഗങ്ങളിൽ തമ്പടിച്ചു പ്രവർത്തിക്കുന്നു. മാവേലിക്കര താലൂക്കിലെ ആദിക്കാട്ടുകുളങ്ങര, വള്ളികുന്നം, താമരക്കുളം പ്രദേശങ്ങളിൽ അൻപതോളം മന്ത്രവാദികൾ ഉള്ളതായാണു പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച കണക്കുകൾ. തിരക്കു കാരണം പലരും ടോക്കൺ ഉപയോഗിച്ചാണ് ആളുകളെ വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഫീസ് ഇനത്തിൽ ആയിരംമുതൽ പതിനായിരം രൂപ വരെ ഓരോരുത്തരിൽ നിന്നു ദിനം പ്രതി വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ സൂചിപ്പിച്ചതും പരാമർശിച്ചതും മന്ത്രവാദികളുടെയും സിദ്ധന്മാരുടെയും ചെറിയൊരു വിഭാഗത്തെ മാത്രമാണ്. ഇതിലും വലിയ വ്യാജന്മാർ ഇനിയുമുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും ഇത്രയേറെ വളർന്ന ഈ കാലഘട്ടത്തിൽ, തട്ടിപ്പുകൾ ഇത്രയേറെ നടന്നിട്ടും അവയെക്കുറിച്ചു ബോധവൽക്കരണങ്ങളുണ്ടായിട്ടും മന്ത്രവാദികളുടെയും സിദ്ധന്മാരുടെയും തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുന്നു. പ്രശ്നങ്ങളുണ്ടാകുമ്പോൾ സുഹൃത്തുക്കളോടും വീട്ടുകാരോടും അതതു മേഖലകളിലെ വിദഗ്ധരോടും സംസാരിച്ചു പരിഹാരം കണ്ടെത്തുന്നതിനു പകരം മന്ത്രവാദികളെത്തേടിയെത്തുന്നു. ഡോക്ടറെ കണ്ടു ചികിൽസ തേടേണ്ട രോഗങ്ങൾക്കു സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും ഉപദേശം തേടി മന്ത്രവാദക്കളങ്ങളിൽ ജീവിതം ഹോമിക്കുന്നു. മന്ത്രവാദം നിയന്ത്രിക്കുന്നതിനു നിയമനിർമാണം നടത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ നടപടി എങ്ങുമെത്തിയിട്ടില്ല. മന്ത്രവാദികളുടെയും സിദ്ധന്മാരുടെയും കെണികളിൽ അകപ്പെടാതിരിക്കാനുള്ള മുൻകരുതൽ ഓരോരുത്തരും സ്വയം സ്വീകരിക്കേണ്ടതാണ്.

Your Rating: