Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം മന്ത്രവാദി പൊളിച്ചടുക്കി!

Black Magic

സുന്ദരിയും പഠിക്കാൻ മിടുക്കിയുമായിരുന്നു അവൾ. ഹോസ്റ്റലിൽ താമസിച്ചു കോളജിൽ പഠിക്കുന്ന കാലത്താണു സ്വഭാവത്തിൽ എന്തോ മാറ്റമുണ്ടായത്. വീട്ടുകാർ അവളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. കുട്ടിക്ക് ഏതോ ബാധയുടെ ഉപദ്രവമാണെന്ന നിഗമനത്തിലാണ് അവരെത്തിയത്. ബാധയൊഴിപ്പിക്കലിൽ ‘മ‍ിടുക്കനായ’ മന്ത്രവാദിയെ അവർ കണ്ടെത്തി. മന്ത്രവാദി വെള്ളം ജപിച്ചു നൽകുകയും മന്ത്രത്തകിടു കെട്ടുകയും ചെയ്തെങ്കിലും ബാധ പോയില്ല.

പെൺകുട്ടി ദിവസേന ക്ഷീണിച്ചു വരികയും ചെയ്തു. അവസാന പോംവഴിയായി ചൂരൽ പ്രയോഗം നടത്താൻ ത‍ീരുമാനിച്ചു. തല്ലുകൊണ്ടു പെൺകുട്ടി തളർന്നു വീണു. പെൺകുട്ടിക്കു ബാധയാണെന്നു കുടുംബക്കാരും നാട്ടുകാരും അറിയുന്നതിനു മുൻപു പ്രശ്നം ഒഴിവാക്കണമെന്നായി വീട്ടുകാർക്ക്. ഒടുവിൽ, മന്ത്രവാദിയുടെ സഹായിയായ യുവാവിനു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു നൽകാമെന്ന‍ു മന്ത്രവാദി നിർദേശിച്ചു. നല്ല വിദ്യാഭ്യാസമുള്ള പെൺകുട്ടിയെ വിദ്യാഭ്യാസവും ജോലിയുമില്ലാത്ത സഹായിക്കു വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമം നടക്കുകയാണ്.

ജില്ലയുടെ അതിർത്തിയിലാണ് ഈ സംഭവം നടന്നത്. മാനസികമായ വിഭ്രാന്തികളെ ബാധയായി തെറ്റിദ്ധരിപ്പിച്ചു ജീവിതം നശിപ്പിക്കുന്ന വിധത്തിലേക്കു മന്ത്രവാദം കുടുംബങ്ങളിലേക്കു ചേക്കേറുകയാണ്. മന്ത്രവാദം ഏറ്റവുമധികം ദുഷ്കരമാക്കുന്നതു പെൺ ജീവിതങ്ങളെയാണ്. സ്ത്രീകളാണു കപടമന്ത്രവാദികളുടെ ഇരയാകുന്നവരിൽ അധികവും. കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലുമുണ്ടാകുന്ന അരക്ഷിതാവസ്ഥയെ മന്ത്രവാദികൾ ചൂഷണം ചെയ്യുന്നു.

മന്ത്രവാദക്കളങ്ങൾ പെൺകുട്ടികളുടെ കൊലക്കളങ്ങളാകുന്ന സംഭവങ്ങൾ സമീപകാലത്തുപോലും മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വാർത്തകളായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാജ മന്ത്രവാദികളും സിദ്ധന്മാരും ഉണ്ടെങ്കിലും പൊതുവേ തെക്കൻ മേഖലയിലാണ് അക്രമകാരികളായവർ കളംവാഴുന്നത്. ക്രൂരമായ പീഡനങ്ങളാണു പലരും ഇരകൾക്കുമേൽ പ്രയോഗിക്കുന്നത്. മാനസികാസ്വാസ്ഥ്യമുള്ളവർക്കു ബാധയുടെ ഉപദ്രവമാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവർ സ്വന്തം പോക്കറ്റ് വീർപ്പിക്കുന്നത്.

കച്ചവടം പൊളിഞ്ഞു; ജീവിതം മന്ത്രവാദി പൊളിച്ചടുക്കി

ജില്ലയിൽ മാന്യമായി കച്ചവടം നടത്തി ജീവിച്ചിരുന്ന ഒരു തമിഴ് കുടുംബമുണ്ട്. വർഷങ്ങൾക്കു മുൻപേ ആലപ്പുഴയിൽ വന്നു താമസമാക്കിയതായിരുന്നു ഭർത്താവും ഭാര്യയും രണ്ടു കുട്ടികളുമുൾപ്പെട്ട കുടുംബം. വീട്ടിൽ പലഹാരങ്ങൾ നിർമിച്ചു കടകളിലും മറ്റുമെത്തിച്ചു വിറ്റാണു കുടുംബം കഴിഞ്ഞിരുന്നത്.

അങ്ങനെയിരിക്കേയാണു ഭാര്യയ്ക്കു മാനസികമായി അസ്വസ്ഥതക ളുണ്ടായിത്തുടങ്ങിയത്. ആയിടെ കച്ചവടം കുറഞ്ഞതും സാമ്പത്തികമായി അൽപം ഞെരുക്കമുണ്ടായതുമായി ബന്ധപ്പെട്ട മാനസിക പി‍രിമുറുക്കമായിരുന്നു അസ്വസ്ഥതകൾക്കു കാരണമെങ്കിലും കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും സമീപിച്ചിരുന്ന മന്ത്രവാദി പറഞ്ഞതു ബാധയാണ് എന്നായിരുന്നു. വീട്ടിൽ ബാധയുണ്ടെന്നും ശത്രുക്കൾ കൂടോത്രം ചെയ്തിട്ടതാണെന്നുമായിരുന്നു കണ്ടെത്തൽ.

ഇതിനിടെ, മകൾ ചില ദുരൂഹമായ സൂചനകൾ കണ്ടതായും കച്ചവടക്കാരൻ മന്ത്രവാദിയോടു പറഞ്ഞു. കുളിക്കുന്നതിനിടെ മുടി തനിയെ മുറിഞ്ഞു വീണതും രാത്രി ഞെട്ടിയുണർന്നു കരയുന്നതുമൊക്കെയായിരുന്നു ഇൗ ലക്ഷണങ്ങൾ. മന്ത്രവാദി വീട് ഏറ്റെടുത്തു പൂജ തുടങ്ങി. ഒടുവിൽ, ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടു കച്ചവടക്കാരൻ നേടിയ സമ്പാദ്യത്തിന്റെ നല്ലൊരുപങ്കു അടിച്ചെടുത്തു പൂജ അവസാനിപ്പിച്ചു. കച്ചവടക്കാരന്റെ ഭാര്യയെയും മകളെയും ഇപ്പോൾ ഒരു മാനസികരോഗ വിദഗ്ധൻ പരിശോധിക്കുകയാണ്. കുളിമുറിയിൽ മുടിമുറിച്ചിട്ടതു മകൾ തന്നെയാണെന്നും മനസിന്റെ ചില താളപ്പിഴകളാണു കാരണമെന്നും ഡോക്ടർ കണ്ടെത്തി.

ബാധയൊഴിപ്പിക്കൽ കൊലപാതകമായി

കരുനാഗപ്പള്ളി തഴവ സ്വദേശിനിയായ ഒരു പെൺകുട്ടി കൊല്ലപ്പെട്ടത് ഒന്നര വർഷം മുൻപാണ്. വീട്ടുകാരുൾപ്പെടെ സ്വാഭാവിക മരണമെന്നു പ്രചരിപ്പിച്ചു സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണു രഹസ്യ വിവരത്തെത്തുടർന്ന് എത്തിയ പൊലീസ് പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ മരണകാരണങ്ങൾ ഇവ: പെൺകുട്ടിയുടെ നട്ടെല്ല് ഒടിഞ്ഞതും മഹാധമനിക്കു മാരക പരുക്കേറ്റു രക്‌തം വാർന്നു വയറ്റിൽ നിറഞ്ഞതും.

ഇത്രയും മാരക പരുക്കേൽക്കാനിടയായ കാരണമാണു ഞെട്ടിപ്പിക്കുന്നത്: പതിനഞ്ചു വർഷമായി മാനസികാസ്വാസ്ഥ്യത്തിനു ചികിൽസ തേടുകയായിരുന്നു 27 വയസുള്ള ആ പെൺകുട്ടി. അറ്റകൈ പ്രയോഗമെന്ന നിലയിലാണു പിതാവിന്റെ സുഹൃത്തു പരിചയപ്പെടുത്തിയ ഒരു വ്യാജ സിദ്ധനെ കാണാൻ പെൺകുട്ടിയുടെ കുടുംബം എത്തിയത്. നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശിയായ ഈ സിദ്ധൻ ആറു മാസത്തോളം മന്ത്രവാദ ചികിൽസ നടത്തി.

ആഴ്‌ചയിൽ നാലു ദിവസമാണു ചികിൽസ. രാത്രി 12 മണിക്കു ശേഷം സിദ്ധന്റെ നേതൃത്വത്തിലുള്ള സംഘം എത്തും. പെൺകുട്ടിയുടെ ദേഹത്തു ജിന്ന് പ്രവേശിച്ചിരിക്കുകയാണെന്നു പറഞ്ഞായിരുന്നു ചികിൽസ. മന്ത്രങ്ങൾ ജപിക്കുന്നതിനൊപ്പം പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതോടൊപ്പം അവളെ തനിച്ചിരുത്തി കൂർത്ത കത്തിമുന നെറുകയിൽ ചൂണ്ടി കുത്തി നിർത്തി ഒരു മണിക്കൂറോളം മന്ത്രങ്ങൾ ഉരുവിടാറുണ്ടായിരുന്നത്രേ.

പെൺകുട്ടി മരിച്ച ദിവസം നടന്നത് : അവളെ സിദ്ധനും സഹായികളും ചേർന്നു കമിഴ്‌ത്തി കിടത്തി. പെൺകുട്ടിയുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു സിദ്ധൻ കാൽമുട്ടു മടക്കി നട്ടെല്ലിൽ അമർത്തിവച്ചു മുതുകിൽ ഇരുന്ന ശേഷം തലമുടിക്കു കുത്തിപ്പിടിച്ചു മുകളിലേക്കു തല വലിച്ച് ഉയർത്തി കുപ്പിയിൽ ഊതിച്ചു. ജിന്ന് ശ്വാസത്തിൽ കൂടി കുപ്പിയിൽ പ്രവേശിക്കുമെന്നു പറഞ്ഞായിരുന്നു ഇത്. സിദ്ധൻ നട്ടെല്ലിൽ കയറി ഇരുന്നതോടെ നട്ടെല്ല് ഒടിയുകയും തലമുടിയിൽ പിടിച്ചു തല പിന്നിലേക്കു വലിച്ചതോടെ മഹാധമനിയും ആന്തരാവയവങ്ങളും തകരുകയും ചെയ്തു.

സംസാരശേഷി കുറവായിരുന്ന പെൺകുട്ടിക്ക് ഈ പീഡനങ്ങൾ വിളിച്ചു പറയാൻ കഴിഞ്ഞില്ല. സിദ്ധൻ വിവിധ കേസുകളിലെ പ്രതിയും ജയിൽ ശിക്ഷ അനുഭവിച്ചയാളുമാണെന്നു പൊലീസ് പറയുന്നു. അസുഖം ഭേദമായാൽ അഞ്ചു ലക്ഷത്തോളം രൂപ പ്രതിഫലം പറഞ്ഞ് ഉറപ്പിച്ചാണു ചികിൽസ നടത്തിയത്.

വിഴുപ്പുവെള്ളം കുടിപ്പിച്ച സിദ്ധൻ

മന്ത്രവാദിയും സിദ്ധനും പറയുന്നതെന്തും വേദവാക്യമായി കണക്കാക്കുന്നവരാണു ഭൂരിഭാഗം വിശ്വാസികളും. പൊലീസ് പിടികൂടിയ ഒരു സിദ്ധൻ ബാധയൊഴിപ്പിക്കാൻ പോകുന്ന വീടുകളിൽ തൈലം പുരട്ടി കുളിച്ചു നനഞ്ഞ തോർത്തുടുത്തു വന്ന് ഈ തോർത്തു പിഴിഞ്ഞെടുക്കുന്ന വെള്ളം വീട്ടുകാരെ കുടിപ്പിക്കാറുണ്ടായിരുന്നത്രേ. മന്ത്രവാദ ചികിൽസയ്‌ക്കായി പറഞ്ഞുറപ്പിക്കുന്ന തുക വാങ്ങുന്നതോടൊപ്പം ആരാധനാലയങ്ങളിൽ നേർച്ചകളും ചോറും കൊടുക്കണമെന്നു പറഞ്ഞും പലരും വൻതുകകൾ തട്ടിയെടുക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു..

അക്രമത്തിനും ന്യായീകരണം

ബാധയേറ്റെന്നു പറഞ്ഞു വിശ്വസിപ്പിച്ചശേഷം ബാധ ഒഴിപ്പിക്കാൻ ചൂരൽ പ്രയോഗം പലരുടെയും പതിവാണ്.ചൂരൽ കൊണ്ടു തുടർച്ചയായി അടിയേറ്റ് ഇരകൾക്കു ബോധക്ഷയമുണ്ടാകുമ്പോൾ അതു ബാധ ശരീരത്തിൽ നിന്നു വിട്ടുപോകുന്നതിന്റെ തെളിവായാണു സിദ്ധന്മാരും മന്ത്രവാദികളും പ്രചരിപ്പിക്കുന്നത്. മന്ത്രവാദികളെ സമീപിക്കുന്നവരിൽ കൂടുതൽ സാധാരണക്കാരണെന്നാണു പലരുടെയും ധാരണ. എന്നാൽ, ചലച്ചിത്ര താരങ്ങളും ഉന്നതോദ്യോഗസ്ഥരും മുതൽ യുക്തിവാദികൾ വരെ ഇത്തരക്കാരുടെ വലയിൽ വന്ന് അകപ്പെട്ട സംഭവങ്ങളുമുണ്ട്.

Your Rating: