Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമിക്കാൻ ഒരു മന്ത്രം, പ്രേമം തകർക്കാൻ മറുമന്ത്രം

മന്ത്രവാദം

യുക്തിവാദി സംഘം ഭാരവാഹിയായ തെക്കൻ കേരളത്തിലെ ഒരു അറിയപ്പെടുന്ന വ്യക്തിയുടെ ഭാര്യ ആലപ്പുഴയിലെ മന്ത്രവാദിയെ കാണാനെത്തിയതു ഭർത്താവ് അറിയാതെയാണ്. ബിരുദത്തിനു പഠിക്കുന്ന മകൾക്ക് ഒരു യുവാവുമായി പ്രണയം. അതു പൊളിക്കാനും മകളുടെ മനസ്സു മാറ്റാനും സഹായം തേടിയെത്തിയതാണ്. അടുത്ത ബന്ധുവാണു മന്ത്രവാദിയെ ശുപാർശ ചെയ്തത്. ആദ്യ ദിവസം തന്നെ പരിഹാരക്രിയ നടത്താൻ 5000 രൂപ വാങ്ങുകയും തുടർക്രിയകൾക്കു കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്തതോടെ അവർ വരവു നിർത്തി. ഭർത്താവറിയാതെ പണം കണ്ടെത്തുക പ്രയാസമായതിനാലാണു മന്ത്രവാദത്തിനു തൽക്കാലത്തേക്കു തിരശ്ശീല വീണത്.

ഈ മന്ത്രവാദി പ്രേമം സൃഷ്ടിപ്പിക്കാനും നശിപ്പിക്കാനും മിടുക്കനെന്നാണ് അറിയപ്പെടുന്നത്. അടുത്തിടെ ഇടുക്കി ജില്ലയിലെ ഒരു സിന‍ിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നു ജൂനിയർ ആർട്ടിസ്റ്റ് മന്ത്രവാദിയെ വിളിച്ചു. താൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ട്. പെൺകുട്ടിക്കു പാതി മനസ്സാണ്. പക്ഷേ, വീട്ടുകാർ സ്ഥിരജോലിയും വരുമാനവുമില്ലാത്ത യുവാവിനു പെൺകുട്ടിയെ വിവാഹം കഴിച്ചുകൊടുക്കാൻ സമ്മതിക്കുന്നില്ല.

വീട്ടുകാരുടെ മനസ്സു മാറ്റുകയോ വീട്ടുകാരെ ധിക്കരിച്ചു തന്റെ കൂടെ വരാൻ പെൺകുട്ടിയുടെ മനസ്സു മാറ്റുകയോ വേണമെന്നാണു ജൂനിയർ ആർട്ടിസ്റ്റിന്റെ ആവശ്യം. ചില പരിഹാരക്രിയകൾ മന്ത്രവാദി പറഞ്ഞു കൊടുത്തു. ഹോമം നടത്തുന്നതിനുള്ള തുക അൽപം കനത്തതായതിനാൽ പരിഹാരക്രിയയ്ക്കായി കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണു ജൂനിയർ ആർട്ടിസ്റ്റ്.

മന്ത്രവാദിയെത്തേടി തെന്നിന്ത്യൻ താരം

ഒരു വർഷം മുൻപാണു തമിഴിലെ പ്രമുഖ സംവിധായകനും നടനും നിർമാതാവുമായ വ്യക്തി കേരളത്തിലെ തന്റെ സഹായിയെ വിളിച്ചത്. ഷൊർണൂരിലെ ഒരു മന്ത്രവാദിയെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സംവിധായകന്റെ മകൾ കാമുകനായ ഡ്രൈവറോടൊപ്പം ഇറങ്ങിപ്പോയി. ഷൊർണൂരിലെ മന്ത്രവാദിയുടെ സഹായത്തോടെ ഡ്രൈവർ മകളുടെ മനസ്സു മാറ്റാൻ ദുർമന്ത്രവാദം ചെയ്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

മറുമന്ത്രം പ്രയോഗിച്ചു മകളുടെ മനസ്സു മാറ്റാൻ അതേയാളെ സമീപിക്കണമെന്നും പണം പ്രശ്നമല്ലെന്നുമായിരുന്നു സംവിധായകൻ പറഞ്ഞത്. സംവിധായകന്റെ ആളുകൾ മന്ത്രവാദിയെ സമീപിക്കുന്നതിനു മുൻപു തന്നെ തമിഴ് സിനിമാ സംഘടനകളും രാഷ്ട്രീയ നേതൃത്വങ്ങളും ഇടപെട്ടതിനെത്തുടർന്നു ഡ്രൈവർ മകളെ തിരികെ സംവിധായകന്റെ വീട്ടിലെത്തിച്ചു തലയൂരി. മന്ത്രവാദം ചെയ്യിച്ച ശേഷമായിരുന്നു മകൾ തിരികെയെത്തിയിരുന്നതെങ്കിലോ? അതു മറ്റൊരു അന്ധവിശ്വാസത്തിന്റെ വളർച്ചയായേനെ. മന്ത്രവാദിയുടെ വിജയയാത്രയുടെയും.

സ്ത്രീരോഗ പൂജയുംലഹരിമുക്ത നെയ്യും

ആലപ്പുഴ നഗരത്തിനു വടക്കു ഭാഗത്ത് ഒരു സിദ്ധനുണ്ട്. സ്ത്രീ രോഗങ്ങൾ മന്ത്രവാദത്തിലൂടെ മാറ്റുന്ന സിദ്ധനെന്നാണു പ്രചാരണം. കുട്ടികളുണ്ടാകാത്ത അവസ്ഥയ്ക്കും ചികിൽസ നടത്തും. ഇടയ്ക്കു ചിലർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ പേരിനൊപ്പം ഡോക്ടർ എന്നു ചേർത്താണ് അറിയപ്പെടുന്നത്. നാരീപൂജയാണു സ്പെഷൽ. സ്ത്രീകളെ മാത്രമായി മുറിയിലേക്കു കയറ്റിയാണത്രേ പൂജ. ആയിരത്തിന്റെ ഗുണ‍ിതങ്ങളാണു ഫീസ്. കബളിപ്പിക്കപ്പെടുന്നവർ പരാതി നൽകില്ലെന്ന ഉറപ്പാണ് ഇയാളുടെ രക്ഷ.

കുട്ടനാടിന്റെ കിഴക്കേയറ്റത്ത് ഒരു സ്വാമിയുണ്ട്. ലഹരി വിമുക്ത പ്രവർത്തനങ്ങളിലാണു സജീവം. മന്ത്രവാദത്തിലൂടെ ലഹരിയിൽ നിന്നു മോചിപ്പിക്കുമെന്ന് ഉറപ്പു നൽകിയാണ് ഇരകളെ പിടിക്കുന്നത്. ഇടക്കാലത്ത് സ്വാമിയുടെ വീട്ടിലേക്ക് അടുക്കാൻ കഴിയാത്തവിധം തിരക്കായിരുന്നെങ്കിലും കബളിപ്പിക്കപ്പെട്ട ചിലർ പരസ്യമായി രംഗത്തു വന്നതോടെ തിരക്കു കുറഞ്ഞ‍ു. ലഹരി വിമോചനത്തിനു മന്ത്രത്താൽ വിശുദ്ധമാക്കപ്പെട്ടത് എന്ന പേരിൽ ഒരു കുപ്പി നെയ്യ് ആണ് ഇയാൾ നൽകുക. നൂറു രൂപയിൽ താഴെ വില വരുന്ന നെയ്യ് നൽകിയുള്ള ചികിൽസയ്ക്കു മൂവായിരത്തിനു മേലായിരുന്നു ഫീസ്.

ഇരകളിലേറെ സ്ത്രീകൾ

വ്യാജ സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും ഇരകളിൽ ഭൂരിഭാഗം സ്ത്രീകളാണ്. കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ തുടങ്ങിയവ കാരണം മനഃസമാധാനമില്ലാതാകുന്നവരാണു സിദ്ധന്മാരിലും മന്ത്രവാദികളിലും അഭയം പ്രാപിക്കുന്നത്. കിട്ടുന്ന ഇരകളെ പരമാവധി ചൂഷണം ചെയ്യാൻ ഓരോ മന്ത്രവാദിയും പരമാവധി ശ്രമിക്കും.

ചിലർ പ്രശ്നങ്ങൾ വഷളാക്കി കുടുംബത്തിലേക്കു കയറിപ്പറ്റുകയും ചെയ്യും. പിണങ്ങി താമസിക്കുന്ന ഭർത്താവിനെ തിരികെ കൊണ്ടുവരാൻ, ഭർത്താവിന്റെ പരസ്ത്രീ ബന്ധവും മദ്യപാനവും നിർത്തിക്കാൻ, മകളുടെ പ്രേമം അവസാനിപ്പിക്കാൻ, അമ്മായിയമ്മപ്പോരിനും നാത്തൂൻപോരിനും പരിഹാരം കാണാൻ – സ്ത്രീകളുടെ വരവിന്റെ ലക്ഷ്യങ്ങൾ ഇവയൊക്കെയാണെന്ന് ഒരു മന്ത്രവാദി പറഞ്ഞു.

ഒരു സിദ്ധൻ പറയുന്ന സത്യങ്ങൾ

ആലപ്പുഴ നഗരത്തിനു തെക്കു മാറി ഒരു ഒഴിഞ്ഞ പ്രദേശത്തു ജീവിക്കുന്ന ഒരു പഴയ സിദ്ധനെ കണ്ടെത്തി. സജീവമായ മന്ത്രവാദത്തിന് ആരോഗ്യം സമ്മതിക്കാതായതോടെയാണു പണി നിർത്തിയത്. പേരു വെളിപ്പെടുത്തില്ലെന്നും ഒന്നും റിക്കോർഡ് ചെയ്യില്ലെന്നും ഉറപ്പു നൽകിയതോടെ മന്ത്രവാദത്തിലെ കള്ളക്കളികളെക്കുറിച്ചു ചില കാര്യങ്ങൾ പറയാമെന്നു സമ്മതിച്ചു.

‘പത്തു നാൽപതു വർഷം മന്ത്രവാദം നടത്തിയിട്ടുണ്ട്. സത്യം പറഞ്ഞാൽ തൊണ്ണൂറു ശതമാനവും തട്ടിപ്പു തന്നെയാണ്. പലരുടെയും കർമങ്ങൾ ഏതാണ്ട് ഒരുപോലെയാണ്. വശംവദരാക്കാനും നിർവീര്യരാക്കാനും സാധാരണയായി ഹോമമാണു നടത്തുക. പൂച്ചരോമം, എലിയുടെ മീശ, പാമ്പിൻതോൽ, വലംപിരി ഇടംപിരി, പീനാറി, കടുക്, എള്ള് തുടങ്ങിയവയാണു ഹോമത്തിന് ഉപയോഗിക്കുക. എല്ലാം ഒരു കൈവഴക്കമാണ്. മാജിക് കണ്ടിട്ടില്ലേ? മാജിക് ചെയ്യുന്നതുപോലെ കൈവഴക്കമുള്ളവർക്കേ നന്നായി മന്ത്രക്രിയകൾ ചെയ്യാൻ കഴിയൂ’ – സിദ്ധൻ വെളിപ്പെടുത്തി.

‘എന്റെ കൂടെ നിന്നു പണി പഠിച്ചിട്ട് ഇപ്പോൾ സ്വന്തമായി മന്ത്രവാദം ചെയ്യുന്നൊരാൾ ഉണ്ട്. ഇപ്പോഴും ഒരുപാടു കസ്റ്റമേഴ്സ് ഉണ്ട്. ദുർന്നടപ്പുകാരായ ഭർത്താക്കന്മാരെ ഒഴിവാക്കാനും അവരുടെ ഉപദ്രവം മാറ്റാനുമാണു പല സ്ത്രീകളും അയാളെ കാണാനെത്തുക. അങ്ങനെ വന്ന നാലു യുവതികളെ അയാൾ ഭാര്യമാരാക്കിയിട്ടുണ്ട്. അതിലേറെപ്പേരുമായി ഇപ്പോഴും വഴിവിട്ട ബന്ധമുണ്ടെന്നൊക്കെയാണു പറയുന്നത്. അങ്ങനെയുള്ളവരും ഈ കൂട്ടത്തിലുണ്ട്.

എന്നെക്കാണാൻ സ്ഥിരമായി ചില ലൈംഗികത്തൊഴിലാളികൾ വരുമായിരുന്നു. അനാശാസ്യത്തിനൊന്നുമല്ല. ഇവർ ലോഡ്ജിൽ ജോലിക്കു പോകുമ്പോൾ പൊലീസ് പിടിക്കരുത്. അത്രേയുള്ളൂ ആവശ്യം. ഞാൻ ജപിച്ച് പത്തുപന്ത്രണ്ടു ചെറിയ പേപ്പർ കഷണങ്ങളെടുത്ത് മന്ത്രങ്ങളെഴുതി ചുരുട്ടി നൽകും. ഓരോ തവണ ലോ‍ഡ്ജിൽ പോകുന്നതിനു മുൻപ് ഒരു പേപ്പർചുരുൾ എടുത്ത് ബ്ലൗസിനടിയിൽ വയ്ക്കണം. പിന്നെ പൊലീസ് പിടിക്കില്ലെന്ന് ഉറപ്പും നൽകും.’

‘മന്ത്രത്തിന് അത്രയും ശക്തിയുണ്ടോ?’

‘പിന്നേ ശക്തി! പൊല‍ീസു പിടിക്കാതിരിക്കാൻ അവളുമാരെന്താ പട്ടാളക്കാരാണോ? അവളുമാര് ലോഡ്ജിലേക്കു കയറുന്നതു കണ്ടാൽത്തന്നെ അറിയാം പന്തികേടാണെന്ന്. മുഖത്തു പരിഭ്രമവും പേടിയുമെല്ലാം കാണും. ഞാൻ ജപിച്ചു നൽകുന്ന പേപ്പർ കഷണം കൈയിലുള്ളപ്പോൾ അവർക്കു സ്വയം ഒരു ധൈര്യം വരും. അപ്പോൾ ലോഡ്ജിൽ കയറുമ്പോൾ പരിഭ്രമമൊന്നുമുണ്ടാകില്ല. ആർക്കും സംശയവും തോന്നില്ല. പൊലീസ് പിടികൂടുകയുമില്ല. അവള് പത്തു ദിവസം കഴിയുമ്പോൾ വീണ്ടും മന്ത്രവാദിയെത്തേടി വരും. അതാണു കച്ചവടം – സിദ്ധന്റെ വെളിപ്പെടുത്തൽ.

‘അതുപോലെ സ്ഥിരമായി എന്നെ കാണാൻ വരുമായിരുന്ന മറ്റൊരു കൂട്ടരാണു മീൻപിടിത്തക്കാർ. മീൻ കിട്ടുന്നില്ല, മന്ത്രം പ്രയോഗിക്കണമെന്നാണ് ആവശ്യം. ഇല്ലാത്ത മീനിനെ ഉണ്ടാക്കാൻ മന്ത്രം പ്രയോഗിക്കണമത്രേ. അവരെയും ഇതേപോലെയാണു കൈകാര്യം ചെയ്യുന്നത്. മന്ത്രത്തകിട് ജപിച്ചു നൽകിയിട്ട്, അതു വലയിൽ കെട്ടി ധൈര്യമായി കടലിലിറങ്ങാൻ പറയും.

മുൻപൊക്കെ തീരക്കടലിൽ മാത്രം വലയെറിഞ്ഞു നിരാശരായി മടങ്ങുന്ന മീൻ പിടിത്തക്കാർ മന്ത്രത്തിന‍ു ശക്തിയുണ്ടെന്നു കരുതി ആഞ്ഞു തുഴഞ്ഞ് ഉൾക്കടലിലേക്കു പോകും. ആവശ്യത്തിനു മീനും കിട്ടും. ഇതൊക്കെ മന്ത്രത്തിന്റെ ശക്തിയാണെന്നാണ് അവരുടെ ഒരു വിശ്വാസം. ഇതൊക്കെ ഒരു സൈക്കോളജിയാണ് – പ്രായത്തിന്റെ തളർച്ച ചുമയായി വന്നു ശല്യപ്പെടുത്താൻ തുടങ്ങിയതോടെ സംസാരം മതിയെന്നായി സിദ്ധന്റെ മകൻ.

കുട്ടനാട്ടിൽ സാമ്പത്തികമായി പിന്നാക്കമായിരുന്ന ഒരു കുടുംബത്തിലെ യുവാവ് ഇപ്പോൾ കോടീശ്വരനാണ്. ഇയാളുടെ തൊഴിൽ മന്ത്രവാദം. മന്ത്രവാദികൾ കോടികൾ കൊയ്യുമ്പോൾ ഇരകൾ കുത്തുപാളയെടുക്കുന്ന അവസ്ഥയാണ്. അതേപ്പറ്റി തുടരും.

Your Rating: