Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസഗതി നോക്കി പ്രവചനം നടത്താം

breath

ദിവസവും ശ്വാസം പരിശോധിച്ച് അന്നന്നത്തെ ഗുണദോഷങ്ങൾ ഓരോ വ്യക്തിക്കും സ്വയം അറിയാവുന്നതാണ്. അതിപ്രധാനമായ ഒരു ശാസ്ത്രശാഖയാണ് ശ്വാസം കൊണ്ടുള്ള പ്രവചനരീതി. ദിവസവും രാവിലെ ശ്വാസം പരീക്ഷിച്ച് അന്നന്നത്തെ ഗുണദോഷങ്ങൾ ഓരോ വ്യക്തിക്കും സ്വയം അറിയാവുന്നതാണ്. അതിന് ആദ്യമായി ശ്വാസത്തിന്റെ അവസ്ഥകൾ മനസ്സിലാക്കണം.

എല്ലാവർക്കും മൂക്കിലെ രണ്ടു ദ്വാരത്തിലൂടെയും ഒരുപോലെ ശ്വാസസഞ്ചാരം ഉണ്ടാകുകയില്ല. ഒരു മൂക്ക് അടച്ച് പരീക്ഷിച്ചു നോക്കിയാൽ ഓരോ ദ്വാരത്തിൽകൂടി പരസ്പരം മാറി കനമുള്ളതും ലഘുവുമായ വായുസഞ്ചാരം അറിയാൻ കഴിയും. ഇഡ, പിംഗല, സുഷുമ്ന എന്നീ മൂന്നു നാഡികളിലൂടെയാണ് ശ്വാസഗതി. അതുതന്നെ പൃഥ്വി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളിൽ കൂടി സഞ്ചരിക്കുന്നു.

ശ്വാസപരീക്ഷണം നടത്തേണ്ട വിധം വിവരിക്കാം. വലതുകൈയുടെ പെരുവിരലും ചൂണ്ടാണിവിരലും കൂടി അർധചന്ദ്രാകൃതിയിൽ നിവർത്തി പിടിക്കുക. പെരുവിരലിന്റെ അഗ്രഭാഗം കീഴ്ത്താടിയെല്ലിന്റെ മധ്യഭാഗത്തും ചൂണ്ടാണിവിരലിന്റെ മധ്യഭാഗം മൂക്കിനു നടുവിലും വച്ചിട്ട് ശ്വാസം പുറത്തേക്കു വിടുക. ഇതിൽ ഏതു നാസാദ്വാരത്തിൽ കൂടിയാണ് പുറത്തേക്ക് വരുന്നത്. അതിനെ ശ്വാസം (ശരം) എന്നു വിളിക്കുന്നു. തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ആഴ്ചകളിൽ ശ്വാസം ഇടതുവശത്തുകൂടി പോകുന്നതും ചൊവ്വ, ഞായർ, ശനി എന്നീ ദിവസങ്ങളിൽ വലതുവശത്തു കൂടി പോകുന്നതും മനുഷ്യന് ഇഷ്ടഫലപ്രാപ്തിയുണ്ടാകും. ഇതിനു വിപരീതമായി ശ്വാസഗതി വരികയാണെങ്കിൽ അശുഭഫലങ്ങളായിരിക്കും ഉണ്ടാകുക. 

ശ്വാസഗതി അനുകൂലമാണെങ്കിൽ ശരീരസൗഖ്യം, ധനലാഭം, മൃഷ്ടാന്നഭോജനം എന്നിങ്ങനെയുള്ള ഇഷ്ടഫല അനുഭവങ്ങളുണ്ടാകുന്നതാണ്. ശ്വാസം തിരിച്ചായാൽ ഇവയ്ക്കെല്ലാം വിപരീതാനുഭവങ്ങൾ ഉണ്ടാകും. ധനനഷ്ടവും എല്ലാവരോടും വഴക്കും ശയനസുഖം ഇല്ലായ്മയും മലമൂത്ര വിസർജ്ജത്തിനു തടസ്സവും ഉണ്ടാകും. ഞായറാഴ്ച ശ്വാസം വിപരീതമാണെങ്കിൽ ശരീരത്തിനു വേദനയും തിങ്കളാഴ്ച വിപരീതമെങ്കിൽ കലഹവും ചൊവ്വാഴ്ച വിപരീതമെങ്കിൽ മരണം കേൾക്കലും ബുധനാഴ്ച വിപരീതമെങ്കിൽ ദൂരദേശഗമനവും വ്യാഴാഴ്ചയാണെങ്കിൽ ഗൃഹസംബന്ധമായ അസ്വസ്ഥതകളും ആപത്തുകളും വെള്ളിയാഴ്ചയായാൽ കാര്യതടസ്സവും ശനിയാഴ്ചയായാൽ ബിസിനസ്സ് പരാജയവും വസ്തുസംബന്ധമായ തർക്കങ്ങളും ഉണ്ടാകുന്നതാണ്. 

എട്ടു ഞായറാഴ്ച തുടർച്ചയായി ഇടത്തുകൂടി ശ്വാസം സഞ്ചരിച്ചാൽ ഗുരുവിനു മരണമോ രോഗമോ ഉണ്ടാകും. എട്ടു തിങ്കളാഴ്ച വലത് ശ്വാസം വന്നാൽ സന്തതിനാശത്തിനും ആപത്തിനും സാധ്യത. എട്ടു ചൊവ്വാഴ്ച ഇടതുവശം ശ്വാസം വന്നാൽ ശത്രുക്കള്‍ നിമിത്തം ബന്ധനവും കേസിൽ കുടുങ്ങാനും സാധ്യത. എട്ടു ബുധനാഴ്ച വലത് ശ്വാസം വന്നാല്‍ സ്വന്തം മരണത്തിനോ ആപത്തിനോ സാധ്യത. എട്ടു വ്യാഴാഴ്ച വലതുവശം വന്നാൽ ഗുരുവിന്റെ മരണം. പക്ഷേ നമ്മൾ ഗുരുവായി കരുതിയാലും ഗുരു ആത്മാർഥമായി നമ്മെ ശിഷ്യനായി കരുതിയില്ലങ്കിൽ ഫലം നിശ്ചയമല്ല. എട്ടു വെള്ളിയാഴ്ച വലതു ശ്വാസം വന്നാൽ ഭൂമി നിമിത്തം ധനനഷ്ടമുണ്ടാകും. എട്ടു ശനിയാഴ്ച ശ്വാസം ഇടത്തുവന്നാൽ ഇണയ്ക്കു നാശവും താമസിക്കുന്ന വീടിനു നാശവും ഉണ്ടാകും. ഇവിടെ ശ്വാസഗതി തുടർച്ചയായി സംഭവിക്കണം. എങ്കിലേ ഈ പറഞ്ഞ ഫലത്തിന് സാധ്യതയുള്ളു.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.