Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ങമ്പുഴ എഴുതിയ ജ്യോതിഷ പുസ്തകം

Panchanga Ganitham

നഷ്ടജാതകംപോലെ ആയിരുന്നു ആ പുസ്തകം. എവിടെയാണെന്നോ എങ്ങനെയാണെന്നോ ഉണ്ടോ എന്നുതന്നെയോ അറിയാത്ത ദുരവസ്ഥ. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയെഴുതിയ ജ്യോതിഷപുസ്തകത്തിന്റെ നിർഭാഗ്യജാതകം തിരുത്തിയെഴുതിയത് കവിയുടെ ജൻമശതാബ്ദി വർഷത്തിൽ. അച്ചടിമഷി പുരളാൻ ഭാഗ്യമില്ലാതെപോയ ആ പാവം കയ്യെഴുത്തുപ്രതിയെ കാലത്തിന്റെ കൊലമരത്തിലേക്കു പറഞ്ഞുവിടാതെ ഒരാൾ ഭദ്രമായി കരുതൽതടങ്കലിൽ പാർപ്പിക്കുകയായിരുന്നു. ജ്യോതിഷപണ്ഡിതനും എഴുത്തുകാരനുമായ എടക്കാട്ട് നാരായണൻ.

ചങ്ങമ്പുഴയുടെ വടിവൊത്ത കൈപ്പടയിലെഴുതിയ ജ്യോതിഷം അതിലുണ്ട്, തുടിക്കുന്ന താളുകളുടെ വെയിൽമഞ്ഞയിൽ ഉരുകിയൊലിക്കുന്ന നീലയക്ഷരങ്ങൾ. കവിതപോലെ കണിശമായ കണക്കുകൾ. ‘‘ചങ്ങമ്പുഴ ജാതകവും എഴുതിയിരുന്നു. അദ്ദേഹം ജ്യോൽസ്യത്തെക്കുറിച്ച് എഴുതിയ ഒരു പുസ്തകം കണ്ണൂരിൽ ഒരാളുടെ കയ്യിൽ ഞാൻ കണ്ടിട്ടുണ്ട്. — എം.എൻ. വിജയൻ മാഷിന്റെ ഈ വാക്കുകളിൽനിന്നാണ് അത്യപൂർവമായ ജ്യോതിഷപുസ്തകത്തിനായുള്ള അന്വേഷണം തുടങ്ങിയത്. എം.എൻ. വിജയൻ അതു കാണുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അതാരുടെ കൈവശമാണെന്ന് അദ്ദേഹം എവിടെയും എഴുതിയിരുന്നില്ല. ഭൂമിമലയാളത്തിൽ എവിടെയെങ്കിലും അതുള്ളതിനു തെളിവുമില്ല. കവിതകളും നോവലും ആത്മകഥയും വിവർത്തനങ്ങളുമടക്കം ചങ്ങമ്പുഴയുടെ അൻപതിലേറെ പുസ്തകങ്ങളിൽ പലതിനും പുതിയ പതിപ്പുകളും വായനകളും ഉണ്ടാകുന്നു. അതേ കൈകൊണ്ടെഴുതിയ ജ്യോതിഷപുസ്തകം മാത്രം എവിടെയുമില്ല. ചങ്ങമ്പുഴയോടും വിജയൻ മാഷിനോടും അടുപ്പമുണ്ടായിരുന്ന ചിലരോട് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടുപേരെയും അറിയുന്ന ഒരു നിരൂപകൻ പറഞ്ഞു, ‘‘ഇല്ല, അങ്ങനെയൊരു പുസ്തകം ചങ്ങമ്പുഴ എഴുതിയിട്ടില്ല, വിജയൻ വെറുതെ നുണയടിച്ചുവിട്ടതാണ്.

Edakkad Narayanan എടക്കാട് നാരായണൻ (ഫയൽ ചിത്രം - ഫഹദ് മുനീർ)

പതിനേഴു വയസ്സുമുതൽ ചങ്ങമ്പുഴയിൽ ആണ്ടുമുങ്ങിയിട്ടുള്ള വിജയൻ മാഷ് വെറുതെ പറയുമോ? പല പ്രഭാഷണങ്ങളിലും വിജയൻ ചങ്ങമ്പുഴയുടെ ജ്യോതിഷഭ്രമത്തെക്കുറിച്ചു പറഞ്ഞിരുന്നു. വിജയൻ മാഷ് ഒരിക്കൽ എഴുതി: ‘‘ഒരേയൊരു ജ്യോൽസ്യഗ്രന്ഥം വായിച്ചാണ് അദ്ദേഹം ജ്യോൽസ്യം പഠിച്ചത്. പിന്നെ ജാതകം എഴുതാൻ തുടങ്ങി. കണ്ടുമുട്ടുന്നവരുടെയൊക്കെ ഫലം പറയും. ജാതകം എഴുതി നൽകും. ഇടപ്പള്ളിയിലെ വീടിന്റെ മുറ്റത്തുള്ള ഇടവഴിയിലൂടെ പോകുന്നവരെയൊക്കെ ജാതകമെഴുതാനായി ചങ്ങമ്പുഴ മാടിവിളിച്ചിരുന്നു. നിന്റെ ജാതകം ഞാൻ എഴുതുമെന്നു പറഞ്ഞ് പലരേയും ചങ്ങമ്പുഴ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

കവിതയിലെന്നപോലെ ജ്യോതിഷത്തിലും ചങ്ങമ്പുഴ അടിയുറച്ചുവിശ്വസിച്ചിരുന്നു. പഴയ ഗണിതമുപയോഗിച്ചാണ് അദ്ദേഹം ജ്യോതിഷപുസ്തകം എഴുതിയത്. അക്കാലത്ത് ജാതകം എഴുതാനുള്ള എല്ലാം ചങ്ങമ്പുഴയുടെ പുസ്തകത്തിലുണ്ടെന്ന് എടക്കാട്ട് നാരായണൻ പറയുന്നു. ആഴത്തിൽ ജ്യോതിഷം പഠിച്ചയാൾക്കേ ഇങ്ങനെയൊരു പുസ്തകമെഴുതാനാവൂ(പഞ്ചാംഗഗണിതം).

Changampuzha Astrological Chart

മറ്റുള്ളവരുടെ മാത്രമല്ല, സ്വന്തം ജാതകവും അദ്ദേഹം എഴുതിയിരുന്നു. അൽപ്പായുസ്സാണെന്ന ബോധം എന്നും അദ്ദേഹത്തെ അലട്ടുകയും ആനന്ദിപ്പിക്കുകയും ചെയ്തു. അൽപ്പായുസ്സാണെന്ന ബോധ്യമാവുമോ സൈഗളിനെപ്പോലെ അദ്ദേഹത്തെയും മദ്യപാനത്തിലേക്കു മുക്കിത്താഴ്ത്തിയിട്ടുണ്ടാവുക? അദ്ദേഹത്തിന്റെ ജാതകത്തിലെ ശീതരശ്മിയോഗത്തെക്കുറിച്ച് സഹപാഠികൂടിയായിരുന്ന എസ്. ഗുപ്തൻനായർ എഴുതിയിട്ടുണ്ട്. ചന്ദ്രനും രാഹുവും ശനിയും ചേർന്ന് ലഗ്നത്തിൽ നിൽക്കുന്ന ഈ അവസ്ഥ അൽപ്പായുസ്സിനെയാണ് സൂചിപ്പിക്കുന്നത്. സരസ്വതീയോഗവും നീചഭംഗരാജയോഗവും അദ്ദേഹത്തിന്റെ ജാതകത്തിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം കവിയും കീർത്തിമാനുമായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.