പേടിക്കണോ ചൊവ്വാദോഷം?

ചൊവ്വയിൽ ഇറങ്ങാൻ‌ മനുഷ്യൻ‌ ഒരുങ്ങുന്ന കാലമാണിത്. എന്നാൽ മക്കൾക്കു ചൊവ്വാദോഷമുണ്ടെന്നു കേട്ടാൽ രക്ഷിതാക്കൾക്ക് ഇന്നും ഭയമാണ്. ജ്യോതിഷം വിശ്വസിക്കുന്നവർ ഭയപ്പെടുന്നതും വിമർശിക്കുന്നവർ ആദ്യം അടിക്കാനുള്ള ആയുധം ആക്കുന്നതും ചൊവ്വയെയാണ്.

ചൊവ്വാദോഷത്തെ പരസ്യമായി തള്ളിപ്പറയുകയും രഹസ്യമായി അനുകൂലിക്കുകയും ചെയ്യുന്നവരാണു ജ്യോതിഷക്കാരിൽ ഏറെയും

എന്താണു ചൊവ്വാദോഷം?

ജനിക്കുമ്പോൾ ഉദിക്കുന്ന രാശിയായ ലഗ്നത്തിന്റെ 1, 4, 7, 8, 2, 12 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ചൊവ്വയെ ദോഷമായി കണക്കാക്കാം എന്നാണു ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നത്. ജ്യോതിഷത്തിൽ പ്രാഥമികമായ പഠനം നടത്തുന്നവർ ഇത്തരത്തിലുള്ള ഗ്രഹസ്ഥിതി മുഴുവൻ ചൊവ്വാദോഷമായി തന്നെയാണു പറയാറുള്ളത്. എന്നാൽ കുറച്ചുകൂടി ജ്യോതിഷത്തിന്റെ ആധികാരികമായ പഠനത്തിലേക്കു ചെന്നാൽ മേടം, കർക്കടകം, വൃശ്ചികം, മകരം എന്നീ രാശികളിൽ നിൽക്കുന്ന ചൊവ്വയെ  ദോഷമായി കണക്കാക്കേണ്ട എന്നും കാണാം. അൽപം കൂടി മുന്നോട്ടു പോയാൽ മേടം, വൃശ്ചികം എന്നീ ലഗ്നത്തിൽ ജനിച്ചവരും ദോഷസ്ഥാനത്തു ചൊവ്വ നിന്നാൽ ഭയപ്പെടേണ്ട കാര്യമില്ല എന്നും പഠിക്കാം. ചുരുക്കിപ്പറഞ്ഞാൽ ജ്യോതിഷഗ്രന്ഥങ്ങള്‍ പകുതിയോളം പഠിച്ചുകഴിയുമ്പോഴേക്കും ഈ ചൊവ്വ അത്ര അപകടകാരിയല്ല എന്നു മനസ്സിലാക്കാം.

പിന്നെ എന്തു കൊണ്ടാണ് ഇപ്പോഴും കുറെയേറെ ആളുകൾ ചൊവ്വാദോഷത്തെ ഭീകരമായി അവതരിപ്പിക്കുന്നത് എന്നൊരു ചോദ്യമുണ്ടല്ലോ.അതിനുള്ള ഉത്തരമാണ് പരിഹാരം എന്നത്.

സ്ത്രീജാതകത്തിൽ ലഗ്നത്തിൽ നിന്ന്‌ 7, 8 ഭാവങ്ങളിൽ നിൽക്കുന്ന ചൊവ്വയെ ആണു വലിയ ദോഷമായി കണക്കാക്കുന്നത്. അതിനു ജ്യോതിഷത്തിൽ പറയുന്ന പരിഹാരം ഏഴാം ഭാവത്തിൽ ചൊവ്വയോ ഒന്നിലധികം പാപഗ്രഹങ്ങളോ നിൽക്കുന്ന പുരുഷജാതകം ഒന്നിപ്പിക്കാം എന്നു മാത്രമാണ്.

എന്നാൽ ചൊവ്വാദോഷം ഉള്ളവർക്കു പൂജയും ഹോമവുമാണു പരിഹാരം എന്നു ചിലർ‌ പ്രചരിപ്പിക്കുന്നുണ്ട്. ആ കച്ചവടക്കാരാണു ചൊവ്വയെ ഇത്ര മാനം കെടുത്തുന്നത്. 

സൗരയൂഥത്തിലുള്ള ഗ്രഹങ്ങൾക്കു ഭൂമിയിൽ ഓരോ മനുഷ്യരിലും വ്യത്യസ്തമായി സ്വാധീനം ചെലുത്താൻ കഴിയില്ല എന്നതാണ് ആധുനികശാസ്ത്രം പഠിപ്പിക്കുന്നത്. ഇപ്പോൾ നമുക്ക് അതു തന്നെ വിശ്വസിക്കാം. എന്നു കരുതി തുടർ‌പഠനങ്ങളില്‍ ഇതിനു വിരുദ്ധമായ കാര്യങ്ങളിൽ‌ വന്നുകൂടാ എന്നില്ല. കാരണം നമ്മൾ പണ്ടു പഠിച്ച ശാസ്ത്രത്തിലെ ചില കണ്ടുപിടിത്തങ്ങൾ തന്നെ തെറ്റാണെന്നു ശാസ്ത്രജ്ഞർ തന്നെ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതു ശാസ്ത്രത്തിൽ തുടർ‌പഠനങ്ങൾ നടക്കുന്നതുകൊണ്ടാണ്. അതുകൊണ്ടു തന്നെ ഓരോ മനുഷ്യരിലും വ്യത്യസ്തമായി ഗ്രഹങ്ങൾ സ്വാധീനം ചെലുത്തില്ല എന്ന കാര്യം തന്നെ തുടർ പഠനത്തിൽ മാറിക്കൂടായ്കയില്ല. 

ജ്യോതിഷത്തിൽ തുടർ‌പഠനങ്ങൾ ഇല്ല എന്നതു ജ്യോതിഷത്തിന്റെ പോരായ്മ തന്നെയാണ്. നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപ്പെട്ട ശാസ്ത്രമാണു ജ്യോതിഷം. നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഗ്രഹങ്ങളുടെ സ്ഥാനം രേഖപ്പെടുത്തിയാണു ജ്യോതിഷത്തിലെ പ്രമാണങ്ങൾ രചിച്ചിട്ടുള്ളത്.

ജനനസമയത്തെ ഗ്രഹസ്ഥിതി മനസ്സിലാക്കി നമ്മുടെ പൂർ‌വികർ ആ വ്യക്തിയുടെ ബാല്യ, കൗമാര, യൗവന, വാർ‌ധക്യ അവസ്ഥകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകാം.  അതിൽ ശാരീരികഘടനയും സ്വഭാവവ്യതിയാനങ്ങളും തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ടാകും. അത്തരത്തിൽ ആയിരക്കണക്കിന് ആളുകളെ നിരീക്ഷിച്ച് നിരവധി വർഷങ്ങളിലായി പലരും രേഖപ്പെടുത്തി വച്ചിരുന്ന വിവരങ്ങൾ ക്രോഡീകരിച്ചു ഗ്രഹസ്ഥിതിയുടെ സ്വഭാവമായി രചിച്ചതാവാം  ഇന്നു കാണുന്ന ജ്യോതിഷം.

ഏഴിലും എട്ടിലും ചൊവ്വ നിൽക്കുന്നവരെ നിരീക്ഷിച്ചപ്പോൾ പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവം, താഴ്ന്നു കൊടുക്കാൻ മനസ്സില്ലാതെ വരിക, ലൈംഗികമായ വ്യത്യാസങ്ങൾ, തർക്കിക്കുന്നതിൽ മികവ് തുടങ്ങി ധാരാളം കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആ സ്വഭാവത്തെ തന്ത്രപൂർ‌വം അതിജീവിക്കുന്ന സ്വഭാവമുള്ളവർ ഏഴിൽ ചൊവ്വയോ പാപഗ്രഹങ്ങളോ ഉള്ളതാണെന്നു നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയതുകൊണ്ടാകാം ചൊവ്വാ ദോഷം എന്ന പ്രമാണം തന്നെ ഉണ്ടായത്. 

അതുകൊണ്ടുതന്നെ ഭർത്താവിനെയോ ഭാര്യയെയോ കൊല്ലുന്ന ഗ്രഹമല്ല ചൊവ്വ. വിശ്വസിക്കുന്നവർ മാത്രം ചൊവ്വാദോഷം നോക്കുക. അല്ലാത്തവർ തുടർ‌പഠനങ്ങൾ വരുന്നതു വരെ കാത്തിരിക്കുക.