Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസം എങ്ങനെ തുടങ്ങാം?

ജ്യോതിഷം

ജീവിതയാത്രയിൽ നേർവഴിക്കു നയിക്കുന്നതിന് നവഗ്രഹങ്ങളെ ആശ്രയിക്കണം. താങ്ങും തണലും മാർഗനിർദേശവുമായി അവർ നമ്മോടൊപ്പം ഉണ്ടായിരിക്കും. അങ്ങനെ കിട്ടുന്ന സമാധാനവും സംതൃപ്തിയും കണക്കുകൂട്ടാൻ പറ്റാത്തതുതന്നെയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന ഓമനപ്പേരുള്ള ഭാരതത്തിൽ ജനിക്കാൻ കഴിഞ്ഞതും ഭാഗ്യം തന്നെയാണ്. 

ഒരു വ്യക്തിയുടെ ദിവസം ആരംഭിക്കുന്നത് ഉറക്കം ഉണരുമ്പോഴാണ്. എഴുന്നേൽക്കുന്നതു മുതൽ എന്തൊക്കെ കാര്യങ്ങളാണ് അനുഷ്ഠിക്കേണ്ടതെന്നു ചുവടെ ചേർക്കുന്നു. 

മനസ്സ് ഏറ്റവും ശാന്തവും ഏകാഗ്രവുമായിരിക്കുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. രാത്രിയുടെ നാലാം യാമത്തിൽതന്നെ നാം നിദ്ര വിട്ട് എഴുന്നേൽക്കണം. സൂര്യോദയത്തിനു മൂന്നു മണിക്കൂർ മുമ്പാണ് ബ്രാഹ്മമുഹൂർത്തം ആരംഭിക്കുന്നത്. സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പു വരെ ബ്രാഹ്മമുഹൂർത്തം ഉണ്ട്. ഈ സമയം ബ്രഹ്മാവ് ഉണർന്നിരിക്കുന്നതിനാൽ ധർമപത്നിയായ സരസ്വതീദേവിയും  ഉണർന്നിരിക്കും. അതിനാൽ ഈ സമയത്ത് ഉണരുന്നത് ഐശ്വര്യകരമാണ്. ഈ യാമത്തെ സരസ്വതിയാമം എന്നും പറയുന്നു. സരസ്വതി വിദ്യാദേവതയാണ്. ഈ സമയത്ത് എഴുന്നേറ്റു പഠിച്ചാൽ കാര്യങ്ങൾ വളരെ വേഗം മനസ്സിലാക്കാൻ കഴിയുമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നവഗ്രഹഭക്തിയുടെ മാനദണ്ഡം പാണ്ഡിത്യമോ ധനമോ അല്ല. അർപ്പണബുദ്ധിയോടെയുള്ള പ്രാർഥനയാണ്. ഉണർന്നാലുടൻ വലതുവശം തിരിഞ്ഞ് എഴുന്നേൽക്കണം. കിടക്കയിൽ ഒരു നിമിഷമിരുന്ന് കൂപ്പുകൈകളോടെ നവഗ്രഹങ്ങൾ, പിതൃക്കൾ, രക്ഷിതാക്കൾ, ഇഷ്ടദേവതകൾ എന്നിവരെ സ്മരിക്കണം. ഇരുകൈകളും നിവർത്തി അതിലേക്ക് നോക്കി അഗ്രത്തില്‍ ലക്ഷ്മീദേവിയെയും മധ്യത്തിൽ സരസ്വതീദേവിയെയും അടിഭാഗത്ത് മഹാവിഷ്ണുവിനെയും ഭൂമിദേവിയെയും സങ്കൽപ്പിച്ച് പ്രാർഥിക്കണം. ലോകത്തെ എല്ലാ ജീവികൾക്കും ശക്തി പകരുന്നത് ശക്തിസ്വരൂപിണിയായ ദേവിയാണ്. പ്രവൃത്തികൾ ആരംഭിക്കുന്നത് നമ്മുടെ കരങ്ങൾ കൊണ്ടാണ്. നല്ല പ്രവൃത്തികൾ ചെയ്യുവാൻ കരങ്ങൾക്കു ശക്തി പകരണേയെന്ന് അപേക്ഷിക്കുന്ന പ്രാർഥന ഇങ്ങനെയാണ്.

കരാഗ്രേ വസതേ ലക്ഷ്മീ

കരമധ്യേ സരസ്വത‌ീ

കരമൂലേ സ്ഥിതാഗൗരി

പ്രഭാതേ കരദര്‍ശനം 

എന്നു ജപിച്ച് വലതുവശം ചരിഞ്ഞ് എഴുന്നേറ്റ് കാലുകൾ നിലത്തുവച്ച് അൽപസമയം ഇരിക്കണം. അതിനുശേഷം പതുക്കെ കുനിഞ്ഞ് സർവചരാചരങ്ങളുടെയും മാതാവായ ഭൂമീദേവിയെ തൊട്ടുവന്ദിക്കണം. ഇരുകൈകളും കൊണ്ടു തറയിൽ തൊട്ടു ശിരസ്സിൽ വയ്ക്കുക. ആദ്യം മാതാവിനെ വന്ദിക്കുക എന്നതു വിധിയാണ്. ഭൂമിയിൽ തൊട്ടു തലയിൽ വയ്ക്കുമ്പോൾ നമ്മുടെ ശരീരത്തിലുള്ള അശുദ്ധമായ ഊർജ്ജം ഭൂമിയിലേക്കു പോകുകയും ശുദ്ധമായ ഭൗമോർജ്ജം നമ്മുടെ ശരീരത്തിലേക്കു പ്രവേശിക്കുകയും നമ്മിലെ അമൃതസ്വരൂപികൾ ഊർജ്ജസ്വലരാകുകയും ചെയ്യുന്നു.

സമുദ്രവസനേ ദേവീ

പർവതസ്തനമണ്ഡലേ

വിഷ്ണുപത്നീ നമസ്തുഭ്യം

പാദസ്പർശം ക്ഷമസ്വമേ എന്നു ജപിക്കണം.

ഭൂമീദേവിയെ നമ്മുടെ അമ്മയായി കരുതണം. എല്ലാ തെറ്റും പൊറുക്കുകയും നന്മയിലേക്കു നയിക്കുകയും നല്ലവഴി കാണിച്ചുതരികയും ചെയ്യുന്നത് അമ്മയാണ്. നമ്മുടെ പാദസ്പർശം അമ്മയുടെ മേലായതിനാൽ അതു മഹാപാപമാണ്. ആ പാപത്തിനു പരിഹാരമായാണ് വിഷ്ണുപത്നിയായ ഭൂമീദേവിയോടു ക്ഷമ ചോദിക്കുന്നത്. അതുകഴിഞ്ഞ് ഇഷ്ടമുള്ള ദൈവത്തിന്റെ പടം ദർശിക്കുകയും ഇന്നത്തെ പ്രവൃത്തികളെല്ലാം നല്ലതായി വരണേയെന്നു പ്രാർഥിക്കുകയും ചെയ്യണം. അതിനുശേഷം മൂധേവിയെ പ്രാർഥിച്ച് ‘ഈ വീട്ടിൽനിന്നും ശരീരത്തിൽനിന്നും വിട്ടു പോകണം’ എന്നു പറഞ്ഞ് പുറകുവശത്തെ വാതിൽ തുറന്ന് ‘മൂധേവി പോ, പോ’ എന്നു പറയേണ്ടതാണ്. എന്നിട്ട് ‘ലക്ഷ്മീദേവി വാ’ എന്നു മൂന്നു പ്രാവശ്യം പറഞ്ഞ് മുൻവശത്തെ വാതിൽ തുറക്കണം. അതിനുശേഷം പ്രഭാതകൃത്യങ്ങൾ കഴിഞ്ഞുവന്ന് വിളക്കു കൊളുത്തി മുറ്റത്തിറങ്ങി സൂര്യനെയും അഗ്നിദേവനെയും തൊഴുതശേഷം അടുപ്പു കത്തിക്കാം. അടുപ്പ് കത്തിക്കും മുമ്പ് മഹാലക്ഷ്മിയെ മനസ്സിൽ ധ്യാനിക്കണം. ജീവിതത്തിലെന്നും അടുപ്പു കത്തിക്കാനും ആഹാരം ലഭിക്കാനും ഭാഗ്യം ലഭിക്കണേ എന്നു പ്രാർഥിക്കണം. അതുപോലെ സന്ധ്യാവന്ദനവും മുടക്കാൻ പാടില്ല. മൂന്നു നേരവും വീട്ടിൽ നിലവിളക്കു കത്തിക്കണം. ഇഷ്ടമുള്ളത്ര തിരിയിട്ടു കത്തിക്കാം.

കരചരണകൃതം

വാക്കാ യജം

കർമജം വാ

ശ്രവണ നയനജം വാ

മാനസം വാപരാധം

വിഹിതമവിഹിതം വാ സർവ മേതത്

ക്ഷമസ്വ ശിവശിവ കരുണാബ്ധേ

ശ്രീമഹാദേവ ശംഭോ 

ഇതു കിടക്കാൻ നേരം ജപിക്കേണ്ടതാണ്. നമ്മുടെ പ്രവൃത്തിയാലോ വാക്കാലോ ഉള്ള ദോഷങ്ങൾക്കു ക്ഷമ ചോദിക്കുന്നതാണ്. കരുണാമയനായ മഹാദേവനും ഉമാദേവിയുമാണ് നമ്മൾ ദിവസവും ഇന്നതൊക്കെ ചെയ്യണമെന്നു തീരുമാനിക്കുന്നതും തെറ്റായ പ്രവൃത്തികൾക്കുള്ള ശിക്ഷ ഇളവു ചെയ്യുന്നതും.

കുളിക്കുമ്പോൾ ആദ്യം മുതുകാണ് തോർത്തേണ്ടത്. പിന്നെ മുഖം. അതുകഴിഞ്ഞ് ബാക്കി ഭാഗങ്ങൾ. ലക്ഷ്മിവാസമുള്ളത് നമ്മുടെ മുഖത്താണ്. ജ്യേഷ്ഠാഭഗവതിയുടെ വാസം പുറത്താണ്. രണ്ടുപേരും കുളിക്കുന്ന സമയത്ത് ശരീരത്തിൽനിന്നു മാറിനിൽക്കും. ആദ്യം എവിടെ തുടയ്ക്കുന്നുവോ അവിടെ മൂധേവി കയറും. അതൊഴിവാക്കാനാണ് ആദ്യം പുറം തുടയ്ക്കുന്നത്. മാത്രവുമല്ല മുതുകിലെ വെള്ളം നട്ടെല്ലിൽ ഇറങ്ങുന്നത് ഒഴിവാക്കാനുമാണ്. രണ്ടു ദേവിമാരെയും വന്ദിക്കണം. അഞ്ചു മിനിറ്റ് ഈറൻ വസ്ത്രം ഉടുക്കുന്നത് നല്ലതാണ്. വയറിനുള്ളിലെ ചൂട് ക്രമീകരിക്കാൻ സാധിക്കും. ഉഷ്ണം മാറി ദഹനക്രിയ നന്നായി നടക്കും. നമ്മുടെ ഭക്ഷണത്തിൽ അടിഞ്ഞു കൂടുന്ന കൊളസ്ട്രോൾ വയറിലാണെത്തുന്നത്. ദഹനം ശരിയാകുമ്പോൾ വിസർജ്ജനം ശരിയാകും, രോഗങ്ങളിൽനിന്നു മോചനവും ലഭിക്കും. ദിവസവും കുറെനേരം നഗ്നപാദരായി നടക്കുന്നത് നമ്മുടെ ശരീരത്തിലുള്ള കാന്തികവലയത്തിന്റെ പ്രവർത്തനവും രക്തചംക്രമണവും ശരിയായി നടക്കാൻ സഹായിക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.