Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദശകൾ അറിഞ്ഞ് ദോഷമകറ്റാം

Astrology

മനുഷ്യനന്മയ്ക്കായി ഭാരതീയ ഋഷീശ്വരന്മാർ ഉണ്ടാക്കിയെടുത്ത ജ്യോതിശ്ശാസ്ത്രത്തിൽ വ്യത്യസ്തമായ വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജാതകത്തിൽ ദശാഫലം നോക്കൽ.

ദശാ എന്നാൽ അവസ്ഥ എന്നർഥം. ഒരാളുടെ ഓരോ കാലഘട്ടങ്ങളിലുള്ള അവസ്ഥയെ കുറിച്ചറിയുന്നതിനാണ് ദശാഫലം നോക്കുക എന്നു പറയുക. അതായത് ഇപ്പോൾ നടക്കുന്നത് നല്ലസമയമാണോ,  മോശപ്പെട്ട സമയമാണോ എന്ന് അറിയുവാനുള്ള മാർഗം. ജാതകത്തിൽ ദശാഫലം മനസ്സിലാക്കുകയാണെങ്കിൽ ഓരോ കാലഘട്ടത്തിലുള്ള ശുഭകാര്യങ്ങളെക്കുറിച്ചു മുൻകൂട്ടി മനസ്സിലാക്കുവാനും ദോഷഫലങ്ങളെ മനസ്സിലാക്കി അതിനെ മറികടക്കുവാനും സാധിക്കും. 

ഓരോ അവസരത്തിലും ഓരോ വ്യക്തികൾക്കുണ്ടാകുന്ന നല്ലതും മോശപ്പെട്ടതുമായ സംഭവങ്ങൾ നടക്കുമ്പോൾ നമ്മൾ വിചാരിക്കും അവരവരുടെ കഴിവു കൊണ്ടും അല്ലെങ്കിൽ കഴിവുകേടുകൊണ്ടുമാണെന്ന്. എന്നാൽ കാലത്തിന്റെ സ്വഭാവം ആ വ്യക്തികളിൽ ഏതു രൂപത്തിൽ ബാധിക്കുന്നു (ദശാഫലം) അതിനനുസരിച്ചാണ് എല്ലാം സംഭവിക്കുന്നത് എന്നാണു ജ്യോതിശ്ശാസ്ത്രം പറയുന്നത്. 

വിദ്യാഭ്യാസത്തിലായാലും ജോലിയിലായാലും കുടുംബജീവിതത്തിലായാലും ആളുകൾക്ക് ഓരോ ഘട്ടത്തിലും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൂടാതെ മാനസികമായിട്ടുണ്ടാകുന്ന ചിന്തയിലും പ്രവൃത്തിയിലും വ്യത്യാസം വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം ജാതകത്തിലെ ഗ്രഹങ്ങളുടെ ബലാബലത്തിനനുസരിച്ചുള്ള നല്ലതും മോശപ്പെട്ടതുമായ ദശാഫലത്തിനനുസരിച്ചാണു സംഭവിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കുന്നതിനു വിവിധ ജ്യോതിഷ ഗ്രന്ഥങ്ങളിൽ വ്യക്തമായ പ്രമാണങ്ങളിൽ കൂടി വിശദമായി പറയുന്നുണ്ട്. 

ഓരോ നക്ഷത്രക്കാർ ഏതു ദശയിൽ ജനിക്കുന്നുവെന്നും ഓരോ ദശയും എത്ര വർഷമുണ്ടെന്നും എങ്ങനെ ദശ കണക്കാക്കാമെന്നും ഓരോ ദശയിലും എന്തെല്ലാം സംഭവിക്കുന്നു എന്നുമുള്ള കാര്യങ്ങൾ പരിശോധിക്കാം. ആകെ ഒൻപതു ദശകളുണ്ട്. ഒൻപതു ദശകളുടെ വർഷങ്ങൾ കൂട്ടിയാൽ 120  എന്നു കിട്ടും- അതായത് ഒരു പുരുഷായുസ്സ്. താഴെപറയും പ്രകാരം ഓരോ നക്ഷത്രക്കാർ അതതു ദശകളിൽ ജനിക്കുന്നു. ജനിക്കുന്ന ദശയെ ഗർഭശിഷ്ടദശ എന്നു പറയും. ഈ ദശ ഗണിച്ച് തിട്ടപ്പെടുത്തുന്നു. ഗർഭശിഷ്ട ദശയുടെ കാലഘട്ടം മുതൽ ക്രമത്തിൽ അടുത്ത് അടുത്ത ഓരോ ദശകളും കൂട്ടി ഒരാളുടെ വയസ്സിന് അനുസരിച്ച് ഇപ്പോൾ ദശ ഏതാണെന്നു കണക്കാക്കുന്നു. 

ഒരു ദശയെ ഒൻപതാക്കി ഭാഗിച്ച ഒരു ഭാഗത്തിനെ അപഹാരമെന്നു പറയും. അപഹാരകാലത്തെ ഗുണദോഷങ്ങളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കേണ്ടതാണ്. ഇതിനെല്ലാം ജ്യോതിഷഗ്രന്ഥങ്ങളിൽ അനവധി പ്രമാണങ്ങളുമുണ്ട്. 

കാർത്തിക, ഉത്രം, ഉത്രാടം- സൂര്യദശ 6 വർഷം 

രോഹിണി, അത്തം, തിരുവോണം- ചന്ദ്രദശ 10 വർഷം 

മകയിരം, ചിത്തിര, അവിട്ടം- ചൊവ്വാദശ 7 വർഷം 

തിരുവാതിര, ചോതി, ചതയം- രാഹുദശ 18 വർഷം 

പുണർതം, വിശാഖം, പൂരുരുട്ടാതി- വ്യാഴദശ 16 വർഷം 

പൂയം, അനിഴം, ഉത്രട്ടാതി- ശനിദശ 19  വർഷം 

ആയില്യം, തൃക്കേട്ട, രേവതി- ബുധദശ 17 വർഷം 

അശ്വതി, മകം, മൂലം - കേതുദശ 7 വർഷം 

ഭരണി, പൂരം, പൂരാടം- ശുക്രദശ 20 വർഷം 

സൂര്യദശയിൽ എന്തെല്ലാം? 

ആദ്യമായി സൂര്യന്റെ സ്വഭാവത്തെ കുറിച്ചും സൂര്യദശയിൽ എന്തെല്ലാം സംഭവിക്കുന്നു എന്നതിനെ കുറിച്ചും സാമാന്യമായി നോക്കാം.

സാരാവലി എന്ന പ്രധാനപ്പെട്ട ജ്യോതിഷഗ്രന്ഥത്തിൽ സൂര്യന്റെ സ്വഭാവത്തെക്കുറിച്ചു പറയുന്നുണ്ട്. സൂര്യൻ ചുരുണ്ടിരിക്കുന്ന സ്വൽപമായ തലമുടിയോടു  കൂടിയവനും ബുദ്ധിസാമർഥ്യമുള്ളവനും സത്യ സ്വരൂപനും അധികം ഉയരമില്ലാത്തവനും തേൻ പോലെ പിംഗല വർണങ്ങളും മനോഹരങ്ങളായ വർണങ്ങളോടു കൂടിയവനും അത്യുൽക‌ൃഷ്ടനും സ്ഥിരതയുള്ളവനും തടിച്ചിക്കുന്ന കാലുകളുള്ളവനും പിത്തപ്രകൃതിയും അസ്ഥിബലം ഉള്ളവനും മഹത്വം, ഗാംഭീര്യം എന്നിവയോടു കൂടിയിരിക്കുന്നവും ചതുരശ്ര ശരീരനും നീണ്ടിരിക്കുന്ന കൈകളോടു കൂടിയവനും കുംസുംഭ പൂവിന്റെ നിറമുള്ള വസ്ത്രത്തെ ധരിക്കുന്നവനുമാകുന്നു. സൂര്യദശാകാലത്തിൽ യുക്ത്യാനുസരണം ഈ വക കാര്യങ്ങൾ ചേർത്തു യോജിപ്പിക്കാവുന്നതാണ്. 

ഗ്രഹങ്ങളെ ശുഭഗ്രഹങ്ങളെന്നും പാപഗ്രഹങ്ങളെന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. വാക്കിന്റെ അർഥം പോലെ തന്നെ ശുഭഗ്രഹങ്ങൾ ശുഭഫലത്തെയും പാപഗ്രഹങ്ങൾ പാപഫലത്തെയും ചെയ്യും. ഗ്രഹങ്ങളുടെ ബലാബലത്തിനനുസരിച്ച് മാറ്റങ്ങൾ വരുകയും ചെയ്യും. സൂര്യനെ പാപഗ്രഹമായിട്ടാണു കണക്കാക്കിയിട്ടുള്ളത്. എന്നാൽ പാപഗ്രഹങ്ങളിൽ ഏറ്റവും പാപത്വം കുറഞ്ഞ ഗ്രഹവുമാണ്. 

ദശാദ്ധ്യായി ഗ്രന്ഥത്തിൽ പറയുന്നു-

“രവികുജൗ തു വഹ്നിഭൂതസ്വരൂപൗ 

 

ക്ഷത്രകുലാധിപൗ ച 

 

തഥാപി രവേഃ സത്വഗുണമയത്വാദ് 

 

അത്യന്തം പാപത്വം ന വിദ്യതേ.” 

സൂര്യനും ചൊവ്വയും അഗ്നിഭൂത സ്വരൂപനും ക്ഷത്രിയ വർഗത്തിന്റെ അധിപന്മാരുമാണ്. എന്നാൽ സൂര്യൻ സത്വഗുണ പ്രധാനിയായതുകൊണ്ട് അത്ര അധികം പാപത്വമില്ല. സൂര്യന്റെ ഏറ്റവും ബലമുള്ള രാശി മേടവും (ഉച്ചം) ബലഹീനരാശി തുലാമുമാണ് (നീചം). ചിങ്ങം രാശിയിൽ മധ്യമബലമാണ് (സ്വക്ഷേത്രം). ബലനിർണയത്തിൽ പറയുന്ന സ്ഥാനബലം, ദിക്ബലം, ചേഷ്ടാബലം,  കാലബലം എന്നിവയിൽ സൂര്യനു ദിക്ബലം വിശേഷമാണ്. സാമാന്യമായി പറഞ്ഞാൽ ഒരു ഗ്രഹം വക്രത്തിലോ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ ബന്ധു ക്ഷേത്രത്തിലോ വന്ന് ഇഷ്ടഭാവത്തിൽ നിന്നാൽ ആ ഗ്രഹത്തിന്റെ ദശാകാലം നല്ല ഫലത്തെയും ശത്രുരാശിയിലും നീചരാശിയിലും മൗഢ്യത്തോടു കൂടിയും നിന്ന് ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളിൽ വന്നാൽ മോശഫലത്തെയും ചെയ്യും. 

ബലവാനും ഇഷ്ടഭാവത്തിൽ നിൽക്കുന്നതുമായ സൂര്യദശയിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ പറയുന്നുണ്ട്-

“ക്രൗര്യാധ്വഭൂപൈഃ കലഹൈർദ്ധനാപതിം 

വനാദിസഞ്ചാരമതിപ്രസിദ്ധിം 

കരോതി സുസ്ഥോ വിജയം ദിനേശ 

സ്തൈക്ഷ്ണ്യം സദോദ്യോഗകരീം സുഖം ച”   (ഫലദീപിക)

ക്രൂരത്വം കൊണ്ടും മാർഗസഞ്ചാരം കൊണ്ടും ഉയർന്ന പദവിയിൽ നിന്നും തർക്കങ്ങളിൽ വിജയിച്ചും ധനം വന്നു ചേരും. കാര്യങ്ങളിൽ വിജയം  നേടും. വലിയ പ്രസിദ്ധി, ആത്മശക്തി എന്നീ ഗുണങ്ങൾ ഉണ്ടാകും. എപ്പോഴും ഓരോ പ്രവ‌ൃത്തികളിൽ ഏർപ്പെടും. സുഖമുണ്ടാകും. 

അതുപോലെ ബലവായി ആറാം ഭാവത്തിൽ നിൽക്കുന്ന സൂര്യദശയിൽ ശത്രുവിജയമുണ്ടാകും. പത്താം ഭാവത്തിൽ നിൽക്കുന്ന സൂര്യദശയിൽ ഗവൺമെന്റ് ജോലിയോ തത്തുല്യമായിട്ടുള്ള ജോലിയോ കിട്ടും. പതിനൊന്നാം ഭാവത്തിൽ നിന്നാൽ നല്ല പോലെ ധനം ഉണ്ടാകുകയും ചെയ്യും. മൂന്ന് ആറ്,  പതിനൊന്ന് ഭാവങ്ങൾ സൂര്യന് ഇഷ്ടഭാവമാകുന്നു. 

അനിഷ്ട ഭാവത്തിൽ നിൽക്കുന്നതും ബലഹീനനുമായ സൂര്യന്റെ ദശയിൽ എന്തെല്ലാം സംഭവിക്കുമെന്നതിനെക്കുറിച്ചും പറയുന്നുണ്ട്-

“ഭാനുഃ കരോതി കലഹം ക്ഷിതിപാലകോപ- 

മാകസ്മികം സ്വജനരോഗപരിഭ്രമം ച 

അന്യോന്യവൈരമതിദുസ്സഹചിത്തകോപ 

ഗുപ്ത്യർത്ഥധാന്യ സുതദാരകൃശാനുപീഡാം” (ഫലദീപിക) 

ആളുകളുമായി കലഹമുണ്ടാകുകയും വിചാരിക്കാത്ത തർക്കങ്ങളിലേർപ്പെടേണ്ടിവരുകയും പൊലീസ് കോടതി മുതലായ വിഷയങ്ങളിൽ ബന്ധപ്പെടുകയും സ്വന്തം ആളുകൾക്ക് രോഗമുണ്ടാകുകയും പരിഭ്രമമുണ്ടാകുകയും ചെയ്യും. പരസ്പര വിരോധവും സഹിക്കാൻ പാടില്ലാത്ത വിധത്തിൽ മനസ്സിനു കോപവും ധനനാശവും ഭാര്യാ സന്താനങ്ങൾക്ക് ബുദ്ധിമുട്ടുകളും ഉണ്ടാകും. അഗ്നികൊണ്ട് ദോഷം വരുകയും ചെയ്യും. 

ഓരോ ദശാകാലവും വ്യക്തമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുകയും വഴിപാടുകൾ ചെയ്യുകയുമാണെങ്കിൽ ദോഷഫലങ്ങൾ അധികം വരാതെ നോക്കാവുന്നതാണ്. സൂര്യദശാകാലത്ത് ദോഷപരിഹാരമായി ശിവക്ഷേത്രത്തിൽ വഴിപാടുകൾ കഴിക്കുകയാണു വേണ്ടത്. മാണിക്യം എന്ന രത്നമാണ് ഈ കാലഘട്ടത്തിൽ ധരിക്കേണ്ടത്. ഏതു മതസ്ഥർക്കും സൂര്യദശാദോഷത്തിന്റെ പരിഹാരത്തിനായി അവരവരുടെ ആരാധനാലയങ്ങളിൽ അവരവരുടെ രീതിയിൽ പ്രാർഥിക്കാവുന്നതാണ്.

ലേഖകന്റെ വിലാസം:

A.S. REMESH PANICKER,

Astrologer, 

Kalarickel House, Chittanjoor (PO),

Kunnamkulam, Thrissur (Dist).

Phone:  04885 220886.

Mobile: 9847966177

Email:  remeshpanicker17@gmail.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.