Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദശാഫലം ജ്യോതിഷത്തിൽ

astro-nn

കലിയുഗത്തിൽ മനുഷ്യരുടെ പൂർണ്ണായുസ്സ് 120 വത്സരമാകുന്നു. ഈ കാലത്തിനുള്ളിൽ സൂര്യാദി ഒമ്പതു ഗ്രഹങ്ങൾക്കും ആധിപത്യമുണ്ട്. ഓരോ ഗ്രഹത്തിനുമുള്ള ഈ ആധിപത്യ കാലത്തെയാണ് ദശാകാലം എന്നു പറയുന്നത്. ഇതിൽ ഏതു ഗ്രഹത്തിന്റെ ദശയാണ് നടക്കുന്നതെന്ന് കണക്കാക്കുന്നത് ജനിച്ച നക്ഷത്രം കൊണ്ടാണ്. ഇതിൽ ജനിച്ച നക്ഷത്രം ഏതാണോ, അതിന്റെ അധിപന്റേതാണ് ആദ്യത്തെ ദശ അഥവാ  ജന്മദശ. ഇതിനെ ഗർഭശിഷ്ടദശ എന്നും പറയാറുണ്ട്. ഗർഭശിഷ്ടദശ എത്ര കാലമുണ്ടോ അത്രയും കാലം ജനിച്ച ശിശുവിന് അരിഷ്ടകാലമാകുന്നു.ആയുസ്സ് വര്‍ദ്ധിക്കാനുള്ള ഹോമങ്ങളെക്കൊണ്ടും ഔഷധങ്ങളെക്കൊണ്ടും ഇതിനെ മറികടക്കണം.

ഏത് ദശ തുടങ്ങുമ്പോഴും ആ ദശാനാഥന്റെ അപഹാരമാണ് ആദ്യമുണ്ടാവുക (ഒരു വിദഗ്ധ ജ്യോതിഷിയുടെ സഹായം കൂടാതെ ഫലം നിർദേശം ഉൾക്കൊള്ളരുത്) ഈ അപഹാരത്തെ അഥവാ സമയത്തെ സ്വാപഹാരമെന്ന് വിളിക്കുന്നു. ഈ സമയം, പൃച്ഛകന്റെ സ്വജനങ്ങൾക്കും അഥവാ തനിക്കു തന്നെയും നാശം നേരിടുകയും, ബന്ധുക്കളും ധനവും ഇല്ലാതാവുകയും കള്ളന്മാരിൽ നിന്നും ശത്രുക്കളിൽ നിന്നും ഭയം നേരിടുകയും അപസ്മാരം മുതലായ രോഗങ്ങൾ ഉണ്ടാവുകയും ദുഃഖിക്കാൻ ഇടവരുകയും ചെയ്യും. ചന്ദ്രൻ രാത്രി രാശിയിൽ ബലവാനായിരിക്കുമ്പോൾ രാത്രി സമയത്ത് രാത്രിരാശിയിൽ ജനിച്ചവർക്കു ഈ നക്ഷത്ര ദശയുടെ  ഫലം പൂർണ്ണമായും അനുഭവഗോചരമാകുമെന്ന് അനേകം പഠനത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

പാപന്റെ ദശയിൽ പാപന്റെ അപഹാരമുണ്ടാകുമ്പോൾ മരണ കാലമാണ്. ജനിച്ച നക്ഷത്രത്തിന്റെ 3–5–7 ഈ നക്ഷത്രാധിപന്മാരുടെ അവസാന കാലവും ദോഷപ്രദമാകുന്നു. രണ്ടും മൂന്നും ദശകൾ(ഇതറിയാൻ വിദഗ്ധ ജ്യോത്സ്യന്റെ സേവനം ആവശ്യമാണ്) ഒരേ സമയത്ത് അവസാനിക്കുന്നതായാൽ ആ സമയവും കഷ്ടം തന്നെ. പ്രായേണ എല്ലാ ദശകളുടേയും, പ്രത്യേകിച്ച് ദോഷഫല പ്രദന്മാരായവരുടേയും ദശയുടെ അവസാന സമയം  അശുഭ പ്രദമാകുന്നു. ദശാധിപന്റെ ശത്രുവും പാപനായ ശത്രു പ്രത്യേകിച്ചും തന്റെ അപഹാര കാലത്ത് മരണത്തെയും രോഗത്തെയും പ്രദാനം ചെയ്യുന്നു. ദശ, അപഹാരം മുതലായുള്ള കാലത്ത് അതാതിന്റെ അധിപന്മാർക്ക് ശത്രുക്കളുടേയും പാപന്മാരുടേയും ദൃഷ്ടി, യോഗം മുതലായതുണ്ടാകുന്നത് അനിഷ്ടം തന്നെയാകുന്നു. 

ഓരോ ദശയിലും വരുന്ന സാമാന്യ ഫലങ്ങളെ വിശദീകരിക്കാം. സ്വന്തം  ജാതകം വച്ച് ഈ ഫലങ്ങളെ വിലയിരുത്തരുത്. അതിന് വിദഗ്ധോപദേശം തേടണം. എന്നാലേ ഫലാനുഭവം ശരിയാകൂ.

1. സൂര്യദശാ (6 വർഷം)

ഇഷ്ടഭാവങ്ങളിൽ ബലവാനായി നിൽക്കുന്ന ആദിത്യന്റെ ദശാകാലത്ത് പുത്രഗുണം, ബുദ്ധിഗുണം, അധികാരബലം, അറിവ്, അർത്ഥലാഭം, കീർത്തി, പൗരുഷ ശക്തി, സുഖം, ഈശ്വരാനുഗ്രഹം ഈ ഫലങ്ങൾ സംഭവിക്കും. അനിഷ്ട ദശയാണെങ്കിൽ പ്രവൃത്തികൾക്കു നിഷ്ഫലതയും, ധനഹാനിയും, രോഗങ്ങളും, രാജകോപവും നാട്ടുകാരുടെ വിരോധവും പിതാവിന് രോഗവും അഗ്നിബാധയും സംഭവിക്കും.

2. ചന്ദ്രദശാ (10 വർഷം)  

ശുഭ ഫലദാതാവായി നിൽക്കുന്ന ചന്ദ്രന്റെ ദശാകാലത്ത് അമ്മക്ക് ഐശ്വര്യവും ജലാശയ നിർമ്മാണവും, ക്ഷേത്രം, പൂന്തോട്ടം, വീട് എന്നിവയുടെ സമ്പാദനവും, ബ്രാഹ്മണാനുഗ്രഹവും, രാ‍ജ്ഞിയുടെ ഇഷ്ടവും സമ്പാദിക്കും, അനിഷ്ടഫല ദാതാവായാൽ ഭക്ഷണ വൈകല്യം, അളവില്ലാത്ത ധന നാശം, രോഗം, ബുദ്ധിവിനാശം, മാതൃമരണം ശീതജ്വരവും ഉണ്ടാകും. 

3. കുജ ദശാ (7 വർഷം)

ശുഭഫലദാതാവായ ചൊവ്വയുടെ ദശാകാലത്ത് ഭൂമി ലാഭം, ധനസിദ്ധി, ബുദ്ധി ശക്തി, സന്മനസ്സ് പരാക്രമശീലം, സഹോദരാഭിവൃദ്ധി എന്നിവയും അനിഷ്ട ഫലദാതാവായാൽ രോഗദുഃഖവും, കലഹവും, ചോരഭയവും, അഗ്നിഭയവും, ബന്ധന പ്രാപ്തിയും, വ്രണം, നയനരോഗം എന്നിവയും രാജകോപവും ഉണ്ടാകും. 

4. രാഹു ദശ (18 വർഷം)

ഇഷ്ട ഫലദാതാവായ രാഹു ദശയിൽ എല്ലാവിധ ശ്രേയസ്സും മഹത്തായ ഭൂമീ ലാഭവും ധനം, ധർമ്മം, പരീക്ഷാ വിജയം, പുണ്യ തീർത്ഥ സ്നാനം എന്നിവയും അനിഷ്ടപ്രദനായ രാഹു ഭയം, വിഷഭീതി എല്ലാ അംഗങ്ങൾക്കും രോഗം, ആയുധം കൊണ്ട് മുറിവ്, വൃക്ഷത്തിൽ നിന്നുള്ള പതനം, ശത്രു പീഢ എന്നീ ഫലങ്ങൾ തരും.

5. വ്യാഴദശ (16 വർഷം)

ശുഭപ്രദനായ വ്യാഴത്തിന്റെ ദശാകാലത്ത് രാജാധികാരം, പുത്രഗുണം, സൗഭാഗ്യം, ഭൃത്യ ജനസഹായം അധികാര മുദ്രാ ലാഭം എന്നിവ ലഭിക്കുകയും അനിഷ്ടനായാൽ രാജ ഭയം, വ്യാധിയും, ധൈര്യ ഹാനിയും, ധാന്യനാശവും, ബ്രാഹ്മണ വിരോധവും, ഭക്ഷണത്തിൽ നിന്ന് ദുഃഖവും സംഭവിക്കും. 

6. ശനിദശാ (19 വർഷം)

ഇഷ്ട ഫലദാതാവായ ശനി തന്റെ ദശയിൽ ബുദ്ധി ശക്തി, നീതി ബോധം, കൃഷിഭൂമി, ഗ്രാമം, പുരം മുതലായവയുടെ ആധിപത്യം, വ്യാപാര വിജയം മുതലായവ സത്ഫലങ്ങളും അനിഷ്ട പ്രദനായാൽ നിന്ദ്യ കർമ്മങ്ങളിൽ നിന്ന് ധനസമ്പാദനവും, ഹൃദയത്തിനും വിശിഷ്യ ശരീരത്തിനും രോഗ ദുഃഖവും, കാര്യ തടസവും ജയിൽ വാസവും, അംഗഭംഗങ്ങളും നൽകും.

7. ബുധ ദശാ (17 വർഷം)

ശുഭഫല ദാതാവായ ബുധന്റെ ദശയിൽ ആദ്യാവസാനം വസ്ത്ര പുഷ്ടിയും, ധാന്യ സമൃദ്ധിയും ശ്രേയസ്സു, സുഖവും ഭവനലാഭവും ബന്ധു ഗുണവും വിജയവും ഇഷ്ട വസ്തുക്കളുടെ ലാഭവും നൽകും. അനിഷ്ട പ്രദനായാൽ പരദേശഗമനവും സ്ഥിരത ഇല്ലായ്മയുംബന്ധുനാശവും ബുദ്ധിഹാനിയും ധനനഷ്ടവും കൃഷി നാശവും മറ്റ് ആപത്തുകളും ഫലം.

8. കേതു ദശാ (7 വർഷം)

കേതു ഇഷ്ട ഫല കർത്താവായാൽ ജയവും ക്രൂരകർമ്മം നിമിത്തം ധനലാഭവും ശത്രുഹാനിയും സംഭവിക്കും കേതു അനിഷ്ട ഫല ദാതാവായാൽ വളരെ കഷ്ടാവസ്ഥയും അനർത്ഥങ്ങളും ഹൃദ്രോഗം, ശൂല രോഗം, അസ്ഥിരോഗം, ജ്വരം ഇവയും വിറയലും കേസിൽ പരാജയവും സംഭവിക്കും.

9. ശുക്രദശാ (20 വർഷം)

ശുഭഫലദാതാവായ ശുക്രന്റെ ദശയിൽ സുഖം, ഭാഗ്യാഭിവൃദ്ധി, രാജോചിത ചിഹ്നങ്ങൾ, ഐശ്വര്യം, ധർമ്മബുദ്ധി, സ്വർണ്ണ ലാഭം, ആഢംബര വാഹന ലാഭം, സംഗീത സാഹിത്യങ്ങളിൽ ശോഭിക്കുകയും വിശേഷ വസ്ത്രം ലഭിക്കുകയും ചെയ്യുന്നതാണ്.

അനിഷ്ടഫലദാതാവായാല്‍ ഭാര്യാ മരണം. സ്ത്രീകളിൽ നിന്ന് വിരോധവും ഗുഹ്യരോഗവും ഭയവും സ്ത്രീകള്‍ നിമിത്തം ധനക്ഷയം, പ്രേമനൈരാശ്യവും ഫലമാകുന്നു.

ഇങ്ങനെ ഗ്രഹങ്ങളെ ദശാകാലങ്ങളിലുള്ള ഇഷ്ടാനിഷ്ട സ്ഥിതിയിലാണ്. സകല ജനങ്ങൾക്കും ശുഭഫലങ്ങളും അശുഭ ഫലങ്ങളും ഉണ്ടാകുന്നത്. ഗ്രഹങ്ങളെ പൂജ, സ്തുതി, നമസ്കാരം മുതലായവ ചെയ്ത് പ്രസാദിപ്പിച്ചാൽ ഗ്രഹപ്പിഴയും ദശാവൈകല്യങ്ങളും ഉണ്ടെങ്കിലും ആ ദോഷങ്ങളെല്ലാം നശിച്ച് ശുഭഫലങ്ങൾ അനുഭവിക്കാൻ ഇടവരുകയും ചെയ്യും.

ലേഖകൻ

ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്

കുറ്റനാട് വഴി– പെരിങ്ങോട് പി.ഒ

പാലക്കാട് ജില്ല

ഫോൺ: 9846 309646

8547019646

whats app : 9846309646

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.