Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുമാസത്തിലെ വിശേഷ ദിവസങ്ങൾ

thiruvathira

ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരൻ ജന്മനാളാണ് . അന്നേ ദിവസം മംഗല്യവതികളായ സ്ത്രീകൾ ഭർത്താവിന്റെ യശസ്സിനും നെടുമംഗല്യത്തിനു വേണ്ടിയും കന്യകമാർ ഉത്തമ ഭർത്താവിനെ ലഭിക്കാൻ വേണ്ടിയും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവ്വതീ ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാർവ്വതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം. മകയിരം, തിരുവാതിര എന്നീ രണ്ടു ദിനങ്ങളിലും വ്രതമാചരിക്കുന്നത് ഉത്തമമാണ്.

മകയിരം നോയമ്പ് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയാണ്. മകയിരദിനത്തിൽ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവു കാച്ചി, നാളികേരവും, പഴവും, വൻപയർ വേവിച്ചത്,കരിമ്പും മറ്റും ചേർത്താണ് എട്ടങ്ങാടി വിഭവം തയാറാക്കുന്നത്. ഗണപതിക്കും ശിവനും പാർവ്വതിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവർക്കും ഭക്ഷിക്കാം.

തിരുവാതിരനാൾ തുടങ്ങുന്നതു മുതൽ അവസാനിക്കുന്ന സമയം വരെയാണ് തിരുവാതിര നോയമ്പ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു. തിരുവാതിരദിനത്തിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് നന്ന്. അതിനുശേഷം വാലിട്ട് കണ്ണെഴുതുകയും മഞ്ഞളും ചന്ദനവും ചേർത്ത് കുറി തൊടുകയും, സീമന്തരേഖയിൽ പാർവ്വതീ ദേവിയെ സ്മരിച്ചുകൊണ്ട് സിന്ദൂരം അണിയുകയും ചെയ്യുക. അരിയാഹാരം ഒഴിവാക്കി, തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങൾ, കരിക്കിൻ വെളളം എന്നിവ കഴിക്കാം. പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ശിവപ്രീതിക്ക് എളുപ്പ മാർഗമാണത്രേ. അന്നേ ദിവസം ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നതും, കൂവളമാല സമർപ്പിക്കുന്നതും ഉത്തമം .തിരുവാതിരനാൾ തീരുന്ന സമയം വരെ ഉറക്കമിളക്കണം. തിരുവാതിര രാത്രിയിലാണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തു കൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടൽ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാനു സമർപ്പിക്കാൻ യാത്ര തിരിക്കുന്നു. ഏറ്റവും മുൻനിരയിൽ നിൽക്കുന്നവരാണ് കത്തിച്ച വിളക്ക്, ദശപുഷ്പങ്ങൾ, അഷ്ടമംഗല്യം, കിണ്ടിയിൽ ശുദ്ധ ജലം എന്നിവ പിടിക്കേണ്ടത് മറ്റുളളവർ‌ ഇവ‌രെ അനുഗമിച്ചുകൊണ്ട് ‘‘ഒന്നാകും മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി....’’ എന്നു തുടങ്ങുന്ന പാട്ട് കൈകൊട്ടി ഉച്ചത്തിൽ പാടും.

ദശപുഷ്പങ്ങൾ ഭഗവാന് നേദിച്ച ശേഷം പാലച്ചുവട്ടിൽ ചെന്ന് ‘‘ഒന്നാം കുന്നിൻമേൽ ഓരടി കുന്നിൽ മേൽ ഒന്നല്ലോ കന്യക പാല നട്ടു....’’ എന്നു തുടങ്ങുന്ന പാട്ട് പാടുന്നു. അതിനു ശേഷം നേദിച്ച ദശപുഷ്പവുമായി തിരിച്ചു പോരുമ്പോൾ ‘‘ഒന്നാം ചെത്തിക്കൽ ചെന്നാലോ പിന്നെ പൂവേലൊന്നു പറിച്ചാലോ... എന്ന പാട്ട് പാടി ആർപ്പും കുരവയുമിടുന്നു. തിരിച്ചെത്തി ആദികറുകയ്ക്കു ദേവദേവൻ....എന്ന് തുടങ്ങുന്ന തിരുവാതിരപ്പാട്ട് പാട്ട് പാടി പത്ത്പുഷ്പങ്ങളും അവയെ പ്രതിനിധികരിക്കുന്ന ദേവൻമാരെയും സ്തുതിക്കുന്നു. ഓരോ പുഷ്പങ്ങളെക്കുറിച്ച് പാടുമ്പോൾ ആ പുഷ്പങ്ങൾ കൈയിൽ എടുത്ത് - പാട്ട് അവസാനിപ്പിക്കുമ്പോൾ ദശപുഷ്പം ചൂടി മങ്കമാർ മംഗല ആതിര (മംഗല ആതിര നൽപുരാണം....) പാടിക്കളിക്കണം. ദശപുഷ്പത്തിലെ ഓരോ പൂവ് ചൂടുന്നതിനും ഓരോരോ ഫലങ്ങളാണ്. തിരുവാതിരനാൾ‌ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ, ശിവക്ഷേത്ര ദർശനം നടത്തി തീർത്ഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം.

നെടുമംഗല്യത്തിന്

ലളിതേ സുഭഗേ ദേവി

സുഖസൗഭാഗ്യദായിനി

അനന്തം ദേവി സൗഭാഗ്യം

മഹ്യം തുഭ്യം നമോ നമഃ

ഈ മന്ത്രം ചൊല്ലി നിത്യേന ദേവിയെ ധ്യാനിക്കുന്നതും ദീർഘമംഗല്യത്തിനും കുടുംബസൗഭാഗ്യത്തിനും ഉത്തമമാണ്.

ഭാര്യാഭർതൃഐക്യത്തിന്

'ഓം ശിവശക്‌തിയൈക്യരൂപിണിയേ നമഃ'

ഭാര്യാഭർതൃഐക്യം വർദ്ധിപ്പിക്കാൻ ഈ മന്ത്രം ഉരുവിടുക

ശപുഷ്പവും അതു ചൂടിയാലുളള ഫലവും

കറുക – ആധിവ്യാധി നാശം

പൂവാങ്കുരുന്നില – ദാരിദ്ര ദുഃഖശമനം

നിലപ്പന – പാപനാശം

കയ്യോന്നി – പഞ്ചപാപശമനം

മുക്കുറ്റി – ഭർത്തൃസുഖം, പുത്രസിദ്ധി

തിരുതാളി – സൗന്ദര്യ വർദ്ധനവ്

ഉഴിഞ്ഞ– അഭീഷ്ടസിദ്ധി

ചെറൂള – ദീർഘായുസ്സ്

മുയൽ ചെവിയൻ – മംഗല്യസിദ്ധി

കൃഷ്ണക്രാന്തി – വിഷ്ണു ഫലപ്രാപ്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.