Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷം പറയും രോഗവും പരിഹാരവും

astro-remedies

ജനനസമയത്തെ ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ ഒരാൾക്കു വരാൻ സാധ്യതയുള്ള രോഗങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നാണു ജ്യോതിഷമതം. പ്രശ്നചിന്തയിൽ രോഗപ്രശ്നം എന്ന ഒരു വിഭാഗം തന്നെയുണ്ട്. എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് രോഗങ്ങൾ ഉണ്ടായിട്ടുള്ളത്. അതു മാറുമോ ഇല്ലയോ, എത്ര കാലം രോഗപീഡയുണ്ടാകും എന്നിവ പ്രശ്നം വെച്ച് അറിയാം.

മുമ്പു വൈദ്യന്മാർ ആയുർവേദത്തിന് ഒപ്പം ജ്യോതിഷവും നിമിത്തവും പഠിച്ചിരുന്നു. അതിനാൽ രോഗി വന്നു സംസാരിച്ചു തുടങ്ങുമ്പോഴേ രോഗി വന്നത് എന്തിനാണെന്നു വൈദ്യൻ മനസിലാക്കും. ആധുനിക യന്ത്രസംവിധാനങ്ങൾ ഇല്ലാതിരുന്ന പഴയ കാലത്തു പാമ്പുകടിയേറ്റ ഒരാൾ വരുമെന്നു കാത്ത് അത്താഴം കഴിക്കാതെ ഇരുന്ന വൈദ്യന്മാർ ഉണ്ടായിരുന്നു. അത്താഴ ശേഷം വരുന്ന രോഗിയെ ചികിത്സിച്ചാൽ അതു ഭേദമാകില്ല എന്നും അയാൾ മരിച്ചു പോകും എന്നു വിഷവൈദ്യന്മാർ വിശ്വസിക്കുന്നു. ഹസ്ത രേഖാശാസ്ത്രമനുസരിച്ചും ഒരാൾക്കു വരാൻ പോകുന്ന രോഗങ്ങളെ മുൻകൂട്ടിമനസിലാക്കാൻ കഴിയും.

വ്യാഴനു ബലം കുറഞ്ഞാൽ

സന്താനകാരകനായ വ്യാഴഗ്രഹത്തിനു ബലക്കുറവ് ഉള്ള ജാതകമുള്ളവർക്കു സന്താനമുണ്ടാകാനുള്ള സാധ്യത കുറവാണ്. അവർക്കു ബീജസംഖ്യ കുറവായും കാണാറുണ്ട്. ശനിയും ചൊവ്വയും തമ്മിൽ ദൃഷ്ടി വരുന്നവർക്കും അവ ഒന്നിച്ചു നിൽക്കുന്നവർക്കും രക്തസമ്മർദം ഉണ്ടാകാൻ സാധ്യതയുണ്ട്. സൂര്യൻ ശനിയുടെ ദൃഷ്ടിയിൽ വന്നാൽ ഹൃദ്രോഗം വരാൻ ഇടയുണ്ട്. രോഗസ്ഥാനത്തു (ജാതകത്തിലെ ആറാം ഭാവം) നിൽക്കുന്നതോ അങ്ങോട്ടു ദൃഷ്ടിചെയ്യുന്നതോ ആയ ഗ്രഹങ്ങളുടെ അടിസ്ഥാനത്തിലാണു രോഗം മനസിലാക്കുക.

രോഗസ്ഥാനത്തു കേതു നിന്നാൽ കാരണം കണ്ടെത്താൻ കഴിയാത്ത (അലർജി പോലുള്ള) രോഗങ്ങൾ ഉണ്ടാകും. സന്താനഭാവത്തിൽ കേതു നിൽക്കുന്നവർക്ക് അബോർഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യാഴം സന്താനസ്ഥാനത്തു നിന്നാൽ ആൺകുട്ടി ഉണ്ടാകില്ല എന്നും പറയുന്നു.

ജന്മസംഖ്യ ഏഴ് ആയാൽ

സംഖ്യാശാസ്ത്രമനുസരിച്ചു ഭാര്യയ്ക്കും ഭർത്താവിനും സംയുക്ത ജന്മദിനസംഖ്യ ഏഴു വന്നാൽ ഒരേ ലിംഗത്തിലുള്ള കുട്ടികളാകും ഉണ്ടാവുകയെന്നും വിശ്വസിക്കപ്പെടുന്നു. ഗ്രഹങ്ങളുടെ സഞ്ചാരം (ചാരവശാൽ) അനുസരിച്ചു വ്യാഴം അഞ്ചിൽ നിൽക്കുമ്പോൾ സന്തതി ഉണ്ടാകും എന്നാണു ഫലം.

പരിഹാര നിർദ്ദേശങ്ങൾ

പ്രാർഥനയിലൂടെ രോഗം മാറിയതിന് എത്രയോ ഉദാഹരണങ്ങൾ നമുക്കു നിരത്താനുണ്ട്. അവയിൽ ഏറെ പ്രസിദ്ധമായതാണല്ലോ ഗുരുവായൂരപ്പന്റെ ഭക്തന്മാരായിരുന്ന നാരായണീയ കർത്താവ് ഭട്ടതിരിയുടെ വാതം മാറിയ കഥയും ചെമ്പൈ വാദ്യനാഥ ഭാഗവതരുടെ ശബ്ദം തിരിച്ചു കിട്ടിയ സംഭവവും.

സന്താനമില്ലാത്തവർ സർപ്പപ്രീതി വരുത്തിയാൽ കുട്ടികൾ ഉണ്ടാകുമെന്ന വിശ്വാസമുണ്ട്. സർപ്പവും സെക്സുമായി ബന്ധമുണ്ടെന്ന് ആധുനിക മനശാസ്ത്രജ്ഞരും ശരിവയ്ക്കുന്നു. ലൈംഗികബന്ധം ഇല്ലാത്ത സന്ദർഭങ്ങളിൽ ദമ്പതികൾ പാമ്പിനെ സ്വപ്നം കാണുക പതിവാണ്. കേതു ലഗ്നത്തിൽ നിന്നാൽ ലൈംഗിക ശേഷി കുറയുന്നതായി കണ്ടുവരാറുണ്ട്. രോഗത്തെക്കുറിച്ചു കവടി നിരത്തി പ്രശ്നം ചിന്തിച്ചും ഫലം പറയാൻ സാധിക്കും.

ബുദ്ധി തെളിയാൻ

ഒരു കുട്ടി പഠിക്കുന്നത് ഒന്നും ഓർമ നിൽക്കുന്നില്ല. ബുദ്ധിയില്ലാഞ്ഞിട്ടാണോ എന്നു സംശയവുമായി വരുന്ന സമയത്തു കുട്ടിയുടെ ജാതകത്തിൽ ബുധനു മൗഡ്യമുണ്ടെങ്കിൽ സാരസ്വതഘൃതം കഴിക്കാൻ പറയുകയും സരസ്വതിക്ഷേത്രത്തിൽ ദർശനം നടത്താൻ പറയുകയാണു പതിവ്. മരതകരത്നമോ ഒരു ഏലസോ ധരിക്കാൻ കൂടി നിർദേശിക്കുമ്പോൾ ഒരു രോഗത്തിനു ത്രിമാന രീതിയിലുള്ള പരിഹാരമായി. പോസിറ്റീവ് തിങ്കിങ്, ആത്മവിശ്വാസം വർധിപ്പിക്കുകയും ദൈവാധീനം കൊണ്ടു രോഗം മാറുമെന്നു ചിന്തയും നൽകുന്നു. സാരസ്വതഘൃതം പൂജിച്ചു കഴിക്കുമ്പോൾ വിശ്വാസം ഫലത്തിനു വേഗത വർധിപ്പിക്കും.

ഗ്രഹങ്ങളും രോഗങ്ങളും

സൂര്യനെക്കൊണ്ടാണു ഹൃദയസംബന്ധമായതും വലതു കണ്ണിനെ സംബന്ധിച്ചതുമായ കാര്യങ്ങൾ ചിന്തിക്കുന്നത്. ചന്ദ്രനെ കൊണ്ടു ഇടതു കണ്ണും മനസും ആണു കണക്കാക്കുന്നത്. ചന്ദ്രൻ രോഗസ്ഥാനത്തു വരുന്നവർക്കു മനോരോഗമോ മനക്ലേശമോ ഉണ്ടാവുക സ്വഭാവികമാണ്.

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് അനുസരിച്ചു പല രോഗങ്ങളും കൂടുകയും കുറയുകയും ചെയ്യുന്നു. വലിവ് (ആസ്മ), ഭ്രാന്ത് തുടങ്ങിയവ വാവ് ദിവസങ്ങളിൽ വർധിക്കുന്നതു കണ്ടിട്ടില്ലേ? സൂര്യൻ അസ്തമിച്ചു കഴിഞ്ഞാണല്ലോ മിക്ക രോഗങ്ങളും വർധിക്കുന്നത്. ചൊവ്വയുമായി ബന്ധപ്പെട്ടു രക്തസംബന്ധമായ രോഗങ്ങളാണു ചിന്തിക്കുന്നത്. ചൊവ്വയെ ശനിദൃഷ്ടി/യോഗം ചെയ്താൽ രക്തസമ്മർദം ഉണ്ടാകും. ചൊവ്വ രോഗസ്ഥാനത്തു നിൽക്കുന്ന സ്ത്രീകൾക്ക് ആർത്തവസംബന്ധമായ തകരാറുകൾ കൂടാൻ സാധ്യതയുണ്ട്.

ശനിയെ കൊണ്ടാണു വാതസംബന്ധമായതും വായു സംബന്ധമായതുമായ രോഗങ്ങൾ ചിന്തിക്കുന്നത്. ശനി സൂര്യനെ ദൃഷ്ടി ചെയ്താൽ ഹൃദ്രോഗം വരാൻ സാധ്യതയുണ്ട്. ബുധനെക്കൊണ്ടു ബുദ്ധിയും നാഡികളെക്കുറിച്ചും ചിന്തിക്കുന്നു. വ്യാഴത്തിനെ കൊണ്ടാണു സന്താനകാര്യങ്ങൾ ചിന്തിക്കുന്നത്. അതിനാൽ തന്നെ ബീജസംഖ്യയെക്കുറിച്ചും വ്യാഴത്തിന്റെ ബലത്തിനു സ്ഥിതിക്കും അനുസരിച്ചു ഫലങ്ങൾ പറയാം.

ശുക്രനെ കൊണ്ടു ലൈംഗികമായ കാര്യങ്ങളും സൗന്ദര്യത്തെക്കുറിച്ചും ചിന്തിക്കാം. ശുക്രൻ ബലമില്ലാത്തവർ സൗന്ദര്യം കുറവുള്ളവരും ശുക്രനു ബലമുള്ളവർ നല്ല സൗന്ദര്യം ഉള്ളവരും ആകും. രാഹുകേതുക്കളെകൊണ്ടു ഞരമ്പ്, കുടൽ എന്നിവയെക്കുറിച്ചു കണക്കാക്കുന്നു. ത്വക്ക് രോങ്ങളുണ്ടാകുന്നത് ഈ ഗ്രഹങ്ങളുടെ തകരാറുകൊണ്ടായിരിക്കും.

രത്നം കൊണ്ടും ചികിത്സ

ജ്യോതിഷത്തിനെ അടിസ്ഥാനമാക്കി രത്നചികിത്സ എന്നൊരു സമ്പ്രദായം ഉണ്ട് . നിലവിലുള്ള ഗ്രഹദോഷങ്ങൾക്കു പരിഹാരമായി രത്നങ്ങൾ നിർദേശിക്കുക. ഓരോ രോഗത്തിനും കാരണമാകുന്ന ഗ്രഹത്തിന്റെ രത്നമാണു ധരിക്കേണ്ടത്. ജെംതെറപി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുപോലെ നിറങ്ങൾ കൊണ്ടുള്ള ചികിത്സയെ കളർ തെറപി എന്നാണു പറയുന്നത്. വടക്കേ ഇന്ത്യയിൽ ചില ഹോമിയോ മരുന്നുകളിൽ രത്നം ഇട്ടുവച്ചു കഴിക്കാൻ പറയുന്ന സമ്പ്രദായം ഇപ്പോഴും നിലവിലുണ്ട്.

ലേഖകൻ

ഡോ പി ബി രാജേഷ്

ആസ്ട്രോളജർ ആൻഡ് ഡയറക്ടർ, ആസ്ട്രോപ്ലസ്,

രാമനിവാസ്, ഏലൂർ ഈസ്റ്റ് എറണാകുളം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.